ലേഖനം: ഞങ്ങൾ (ക്രൈസ്തവർ) രാജ്യത്തിന് ഭീഷണിയോ? | ബേസിൽ ജോസ്

ബേസിൽ ജോസ് എഴുതുന്നു...

ഇന്ത്യയിലെ ക്രൈസ്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടന്ന് തുടങ്ങിയിട്ട് നാളുകളായി അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബി.ജെ.പി. എം.പി ഭരത് സിംഗിന്റെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ക്രൈസ്തവ മിഷനറിമാർ ഭീഷണിയാണ് എന്ന പ്രസ്താവന.

ജർമ്മനിയുടെ എകാതിപതിയായിരുന്നഹിറ്റ്ലർ യഹൂദ ജാതി മുഴുവൻ വെറുക്കപ്പെടേണ്ടവർ ആണെന്ന് പ്രചരിപ്പിച്ച് അവരെ കൊന്നൊടുക്കിയ ചരിത്രം ആരും മറന്ന് കാണില്ല. ഒളിഞ്ഞും തെളിഞ്ഞും ഹിറ്റ്ലറെ ആരാധിക്കുകയും തന്റെ പ്രത്യയ ശാസ്ത്രങ്ങളെ പിൻതുടരാൻ ശ്രമിക്കുകയും ചെയ്യുന്നവർ ആണ് ഇന്ന് ക്രൈസ്തവർ വെറുക്കപ്പെടേണ്ടവരാണെന്ന് പ്രചരിപ്പിക്കുന്നതെന്ന വസ്തുത നമുക്ക് കാണാതിരിക്കാനാവില്ല. വിദ്യാസമ്പന്നരായ ഇന്ത്യൻ ജനത ഈ തന്ത്രം മനസിലാക്കുമെന്ന് കരുതുന്നു.

ഭാരതം ഇന്ന് കാണുന്ന ഈ വളർച്ചക്ക് വ്യക്തമായ സംഭാവനകൾ നൽകിയവരാണ് ഭാരതത്തിലെ ക്രൈസ്തവർ പ്രത്യേകിച്ചും ക്രൈസ്തവ മിഷനറിമാർ. ഇരുട്ടിന്റെ കോട്ടക്കുള്ളിൽ അടിച്ചമർത്തപ്പെട്ടവരായിരുന്നു ഭാരതീയരിൽ ഭൂരിപക്ഷവും. സവർണ മേധാവിത്വത്തിന് കീഴെ അവർ അനുഭവിച്ച വേദനകൾ അക്ഷരങ്ങളിൽ ഒതുക്കാൻ കഴിയുന്നതല്ല. അയിത്തജാതിക്കാരൻ 30 അടി മുതൽ 64 അടി വരെ സവർണ്ണന്റെ അടുക്കൽ നിന്ന് അകന്ന് നിൽക്കേണ്ട ഒരു കാലം ഇന്ത്യക്കുണ്ടായിരുന്നു. ഈ നിയമം ലംഘിക്കുന്നവർക്ക് അടിശിഷമുതൽ ഗളഛേദം വരെയായിരുന്നു ശിക്ഷ. എന്നാൽ എത്ര വലിയ തെറ്റ് ചെയ്താലും അവർണന് ചെറിയ ശിക്ഷ കൂടിയാൽ തല മൊട്ടയടിക്കും അതായിരുന്നു ഇന്ത്യ. എന്നാൽ അവർണൻ എല്ലാ വിധ ചൂക്ഷണത്തിനും വിധേയനായിരുന്നു. രാപ്പകൽ അധ്വാനിച്ച് മണ്ണിൽ പൊന്നുവിളയിച്ചാലും വിശന്നൊട്ടിയ വയറുമായ് ഉറങ്ങേണ്ടി വന്നിരുന്നവർ. അസഖ്യം വിലക്കുകളുടേയും അരുതുകളുടേയും ലോകത്ത് ജീവിച്ചിരുന്നവർ. തൊട്ടുകൂടാ, തീണ്ടിക്കൂടാ, പൊതുവഴിയിൽ നടന്നു കൂടാ, കിണറ്റിൽ നിന്നും വെള്ളം എടുക്കരുത്, കുളങ്ങളിൽ കുളിക്കരുത്, വിദ്യ അഭ്യസിക്കരുത്, മാറ് മറക്കരുത്, ആഭരണം ധരിക്കരുത്, വീട്ഓല മേയരുത്, ചെരിപ്പിടരുത്, കുട ചൂടരുത് തുടങ്ങി അനവധി അരുതുകൾ. അരുതുകളുടെ ചെറിയ ലംഘനത്തിന് പോലും വിധിച്ചിരുന്നത് കഴുവേറ്റൽ പോലെയുള്ള അതിക്രൂരമായ ശിക്ഷ. മുതുകിന്റെ അടിമുതൽ കഴുത്തറ്റം വരെ കൂർത്ത ഇരുമ്പ് കമ്പി അടിച്ച് കയറ്റി അതിന്റെ താഴത്തെ അറ്റം ഒരു തൂണിൽ ഉറപ്പിക്കുന്നതാണ് കഴുവേറ്റൽ. ഏറ്റവും ക്രൂരമായ ഈ ശിക്ഷയിൽ മൂന്ന് ദിവസം കൊണ്ടെ ആൾ മരിക്കുകയുള്ളൂ. ഇങ്ങനെ ഇന്ത്യക്കാരെ പീഡിപ്പിച്ച് ജാതിയുടെ പേരിൽ അവരെ വിഭജിച്ചവരുടെ പിൻമുറക്കാരാണ് ഇന്ന് ക്രൈസ്തവർ അഖണ്ഡതക്ക് ഭീഷിണിയെന്ന് പറയുന്നത്.

ഈ കൊടിയ പീഢനങ്ങൾക്കെതിരെ മനുഷത്വരഹിതമായ ഈ സാമൂഹിക വ്യവസ്ഥകൾക്കെതിരെ പ്രവർത്തിച്ച് അവർണന് അക്ഷരം പകർന്ന് നൽകി അവരെ സാമൂഹിക ധാരയിലേക്ക് കൈപിടിച്ചുയർത്തിയത് ക്രൈസ്തവ മിഷനറിമാരാണ്. അവർ കടന്ന് ചെന്നിടത്തെല്ലാം അനവധി സ്കൂളുകൾ സ്ഥാപിക്കുകയും വിദ്യയുടെ, സ്വാതന്ത്രത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറന്നിടുകയും ചെയ്തു. പല ഇന്ത്യൻ ഭാഷകൾക്കും ലിപിയും വ്യാകരണവും ഡിക്ഷണറിയും ഉണ്ടാക്കിയതും അവർ തന്നെ. അവർ അനവധി അച്ചടി ശാലകൾ സ്ഥാപിക്കുകയും ആനുകാലികങ്ങളും പത്രങ്ങളും പ്രസിദ്ധീകരിച്ച് നവോത്ഥാനത്തിന് തിരി തെളിയിക്കുകയും ചെയ്തു.

പിറന്ന് വീഴുന്ന കുഞ്ഞിനെ ഗംഗയിലെറിഞ്ഞ് കൊല്ലുന്ന, സ്വന്തം കുഞ്ഞിനെ ബലി കൊടുക്കുന്ന, ഭർത്താവിന്റെ ചിതയിൽ ചാടി മരിക്കേണ്ട ഭാര്യമാർ ഉള്ള, സ്വന്തം ശരീരവും ആത്മാവും സമൂഹത്തിലെ ഉന്നതർക്ക് വേണ്ടി പങ്കുവെക്കാൻ നിർബന്ധിക്കുന്ന ദേവദാസി സമ്പ്രദായം ഒക്കെ ഉണ്ടായിരുന്ന നാടായിരുന്നു ഇന്ത്യ. ഇതിനൊക്കെയെതിരെ ആദ്യ ശബ്ദം ഉയർത്തിയത് ക്രൈസ്തവ മഷണറിമാരാണെന്നുള്ള വസ്തുത മറക്കാൻ ശ്രമിക്കുന്നതെന്തിന്? അവരുടേയും അവരുടെ സഹായത്താൽ വിദ്യ അഭ്യസിക്കാൻ കഴിഞ്ഞ അനേകരുടെയും പരിശ്രമത്താലല്ലെ ഇന്ത്യയിൽ നിന്നും ഈ അനാചാരങ്ങൾ എല്ലാം തൂത്തെറിയപ്പെട്ടത്.

മറ്റൊരു ഗോത്രത്തിൽ പെട്ടവനെ കണ്ടാൽ തല വെട്ടിയെടുത്ത് സൂക്ഷിക്കുന്നവരുടെ നാടായിരുന്നു ഇന്ത്യ. സ്വന്തം ജീവൻ പോലും അവഗണിച്ച് അവരുടെ ഇടയിൽ കടന്ന് ചെന്ന് അവരെ മാനവ സ്നേഹത്തിന്റെ വക്താക്കളാക്കി മാറ്റിയതും ഈ ക്രൈസ്തവ മിഷണനറിമാർ തന്നെയാണ്.

ശരിയാണ് ഞങ്ങൾ ഒരു ഭീക്ഷണിയാണ്. അക്രമത്തിന്, അഴിമതിക്ക്, അസമത്വത്തിന്, അനാചാരങ്ങൾക്ക്, ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്നതിനൊക്കെ അവർ ഭീക്ഷണി തന്നെയാണ്. എത്രയൊക്കെ മൂടിവെച്ചാലും ഇന്ത്യയുടെ വികാസത്തിന് ഞങ്ങൾ നൽകിയ പങ്ക് വിസ്മരിക്കാനാവില്ല. എത്രയൊക്കെ മായിച്ചാലും ചരിത്രത്തിന്റെ ഏടുകളിൽ അത് എക്കാലവും മായാത്ത മുദ്രയായി നിലകൊള്ളും.

നിങ്ങൾ എത്രയൊക്കെ ഞങ്ങളെ വെറുത്താലും ഞങ്ങൾക്ക് നിങ്ങളെ സ്നേഹിക്കാനെ കഴിയൂ. ഞങ്ങളുടെ പൂർവ്വികരുടെ ചോര വീണ ഇപ്പോഴും വീണു കൊണ്ടിരിക്കുന്ന ഈ മണ്ണിൽ സ്നേഹത്തിന്റെ വക്താക്കളായി സഹനത്തിന്റെ പ്രതീകമായ് സേവനത്തിന്റെ മാത്രകകളായി ഞങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. കാരണം ഞങ്ങളുടെ നായകനായ ക്രിസ്തു പഠിപ്പിച്ചത് സ്നേഹിക്കുവാനാണ് സഹിക്കുവാനാണ് ക്ഷമിക്കുവാനാണ്. ഞങ്ങൾ ഇന്ത്യക്കാരാണ്. ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു ഇന്ത്യക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

– ബേസിൽ ജോസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.