എഡിറ്റോറിയൽ: അന്യമത വിശ്വാസങ്ങളെ വില കുറച്ച് കാണിച്ചല്ല സുവിശേഷം അറിയിക്കണ്ടത് | ഫിന്നി കാഞ്ഞങ്ങാട്

സാമൂഹ്യ മാധ്യമങ്ങളിൽ ട്രാക്റ്റ് വിതരണം ചെയ്യാൻ പോയവരെ നാട്ടുകാർ ചോദ്യം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിൽ ചോദ്യം ചെയ്യുന്നവർ ചോദിക്കുന്ന ചോദ്യമുണ്ട് നിങ്ങൾ മറ്റ് ദൈവങ്ങളെ കുറ്റം പറഞ്ഞുകൊണ്ട് എന്തിന് വീടുകൾ കയറി ഇറങ്ങുന്നു? ഈ നാട്ടിൽ വ്യത്യസ്ത മതക്കാർ ജീവിക്കുന്നുണ്ട്. ആരും മറ്റ് ദൈവങ്ങളെ കുറ്റം പറയാറില്ല. പിന്നെ നിങ്ങൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?

സുവിശേഷം അറിയിക്കേണ്ടത് മറ്റ് മതങ്ങളെ തേജോവധം ചെയ്തുകൊണ്ടാകരുത്. സത്യ സുവിശേഷം മാത്രം പങ്കുവെയ്ക്കുക. ബാക്കി ദൈവം പ്രവർത്തിച്ചു കൊള്ളും. മറിച്ച് അടുത്തിരിക്കുന്നവന്റെ മീൻ മോശമാണ്. ഇത് നല്ല മീനാണ് എന്ന് പറഞ്ഞ് മത്സ്യ കച്ചവടം നടത്തുന്നതു പോലെ മറ്റുള്ള മതസ്ഥരുടെ വിശ്വാസങ്ങളെയോ അവർ പിന്തുടരുന്ന വിശ്വാസങ്ങളെയോ ദൈവങ്ങളെയോ കുറ്റപ്പെടുത്തി അറിയിക്കുന്ന സുവിശേഷം യഥാർത്ഥ സുവിശേഷമല്ല.

സുവിശേഷീകരണത്തിന് യഥാർത്ഥ മാതൃക അപ്പസ്തോലനായ പൗലോസാണ്. അരയോപക കുന്നിൽ ഇതര മത വിശ്വാസങ്ങളെ ബഹുമാനിച്ചുകൊണ്ടാണ് പൗലോസ് സുവിശേഷം പങ്കുവെയ്ക്കുന്നത്. അവർ ആരാധിക്കുന്ന അജ്ഞാത ദേവനിലൂടെ യഥാർത്ഥ ദൈവത്തെ അവർക്ക് വിവരിച്ച് കൊടുക്കുകയാണ് താൻ ചെയ്യുന്നത്.

സുവിശേഷീകരണത്തിന്റെ വാതിൽ കൊട്ടിയടക്കുവാനെ ഇത്തരത്തിലുള്ള പ്രവർത്തികൾ കൊണ്ട് കഴികയുള്ളു. മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ സുവിശേഷീകരണത്തിന്റെ വക്താക്കളാകുന്നത്. അപക്വമായ ഇത്തരം പ്രവർത്തികൾ ചെയ്ത് കൂട്ടിയിട്ട് ക്രിസ്തുവിന് വേണ്ടി അടികൊണ്ടു എന്ന് പറയുന്നത് ത്യാഗമല്ല.. സുവിശേഷീകരണത്തിന് വേണ്ടുന്ന പക്വതയാർന്ന പരിശീലനം സണ്ടേസ്ക്കൂളിലും സഭകകളിലും ബൈബിൾ കോളേജുകളിലും നൽകപ്പെടണം.

വാൽ കഷ്ണം:

വായിൽ തോന്നുന്നത് വിളിച്ചു പറയുന്നതല്ല സുവിശേഷം. ദൈവവചനമാണ് പങ്കുവെയ്ക്കേണ്ടത്. അത് ഹൃദങ്ങളിൽ പ്രവർത്തിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.