കഥ:ബാലകന്റെ വിശ്വാസം | കുഞ്ഞുമോൻ ആൻ്റണി

അതിരാവിലെ തന്നെ അഛനും അമ്മയും ഞാനും വീടുപൂട്ടി ഇറങ്ങി സൂര്യൻ ഉദിച്ചു വരുന്നതേ ഉള്ളു നല്ല തണുപ്പുണ്ട് ആഞ്ഞു നടന്നെങ്കിലെ വെയിലുദിക്കും മുൻപ് പട്ടണത്തിലെത്താൻ കഴിയു. തണുപ്പുകാലം ആയതിനാൽ അധികം ക്ഷീണം ഇല്ലാതെ നടക്കാം അമ്മ ഏല്പിച്ച ഭക്ഷണപ്പൊതിയും പിടിച്ച് ഞാൻ അഛനും അമ്മയ്കൂം ഒപ്പം എത്താൻ പണിപ്പെട്ടുകൊണ്ട് വേഗത്തിൽ നടന്നു, എന്റെ പ്രയാസം കണ്ടിട്ടാവണം അമ്മ തിരിഞ്ഞ് നിന്ന് ഭക്ഷണ സഞ്ചി എന്റെ കയ്യിൽ നിന്നും വാങ്ങാൻ ശ്രമിച്ചു. ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായിരൂന്നില്ല, ഒടുവിൽ എന്റെ ശാഠ്യത്തിന് വഴങ്ങി മുൻപോട്ടു നടന്നു. പെസഹാപ്പെരുന്നാൾ അടുത്തു വരികയാണ് അത്യാവശ്യ സാധനങ്ങൾ പട്ടണത്തിൽ നിന്നു വാങ്ങണം അതിനുള്ള യാത്ര ആണ്.

പട്ടണത്തിലേക്കുള്ള വഴിയിൽ പതിവിൽ കവിഞ്ഞ ആൾക്കൂട്ടം കാണുന്നുണ്ടായിരുന്നു, അടുത്തെത്തിയപ്പൊൾ വലിയൊരു പുരുഷാരം മലയുടെ ഭാഗത്തേക്ക് നീങ്ങുന്നത് കണ്ടു. എന്താണ് സംഭവം അഛൻ ആരോടോ ചോദിച്ചു. ഗുരു അവിടെ വന്നിട്ടുണ്ട് ആദ്ദേഹത്തേ കാണാൻ പോകുന്നു എന്ന് അയാൾ പറഞ്ഞിട്ട് വേഗം നടന്നു. എനിക്ക് ഒന്നും മനസിലായില്ല, എന്തു ഗുരു; ഏതു ഗുരു, എനിക്ക് ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല. അമ്മേ നമുക്ക് ഒന്നു നോക്കിയാലൊ അതാരാണ് എന്ന്…. പട്ടണത്തിലെത്തേണ്ട ആവശ്യം ഉണ്ട് എങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി ഒന്ന് കണ്ടിട്ട് വരാം എന്ന് സമ്മതിച്ചു. ഞങ്ങള്‍ വേഗം ആൾക്കൂട്ടം കണ്ട ഭാഗത്തേക്ക് നടന്നു. ഒരു വലിയ പാറയ്ക് മുകളിൽ പുരുഷാരത്തിന് അഭിമുഖമായി നിന്നുകൊണ്ട് സംസാരിക്കുന്ന ഒരു മനുഷ്യനെ ഞാൻ ദൂരെ നിന്നെ കണ്ടു. അടുത്തെത്തിയപ്പൊൾ കുറച്ച് കൂടി വ്യക്തമായി, ഹൊ..!! എന്തൊരു തേജസ്സാണ് ആ മുഖത്ത് ഒരു ദൈവദൂതനെപ്പോലെ തോന്നുന്നു. എന്താണ് അദ്ദേഹം പറയുന്നത് ആളുകൾ എല്ലാം ശ്രദ്ധയോടെ കേട്ടിരിക്കുകയാണല്ലൊ. ഇടക്ക് ഏതൊക്കെയോ രോഗികൾ ചെല്ലുന്നുണ്ട്, ചെല്ലുന്നവർ പൂർണ്ണ സൌഖ്യത്തോടെ മടങ്ങിവരുന്നതു കണ്ട് എനിക്ക് അത്ഭുതം അടക്കാൻ കഴിഞ്ഞില്ല. ഞാൻ അവിശ്വസനീയമായ കണ്ണുകളോടെ എന്റെ മാതാപിതാക്കളെ നോക്കി. അവർ പരിസരം മറന്ന് ശ്രദ്ധയോടെ അദ്ദേഹത്തിന്റെ മൊഴികൾക്ക് ചെവിയോർക്കുകയാണ്. ഞാനും പതിയെ ആ മനുഷ്യൻ പറയുന്നത് എന്ത് എന്ന് ശ്രദ്ധിക്കുവാൻ തുടങ്ങി. ഇടയനില്ലാത്ത ആടുകളെപ്പോലെ ചിതറിക്കിടക്കുന്ന മനസ്സുകൾക്ക് ആവശ്യമായ ഉപദേശങ്ങൾ അദ്ദേഹത്തിൽ നിന്നും വരുംമ്പോൾ അത് എന്റെയും ഹൃദയത്തിന്റെ ഉള്ളറകളിൽ എന്തോ ഒരു വ്യതിയാനം വരുത്തുന്നതുപോലെ തോന്നുന്നു. ദൈവരാജ്യത്തെ കുറിച്ചും അദ്ദേഹം ഇടമുറിയാതെ സംസാരിച്ചുകൊണ്ടിരുന്നു. സമയം പോയത് അറിഞ്ഞതേയില്ല, യേശു ഉപദേശങ്ങൾ അവസാനിപ്പിച്ചപ്പോഴാണ് ഞാൻ ചുറ്റും നോക്കുന്നത് നേരം സന്ധ്യ ആയിരിക്കുന്നു , ഉച്ചക്ക് കഴിക്കൂവാൻ പോലും കഴിഞ്ഞില്ല. യഥാർത്ഥത്തിൽ ആ മൊഴികളിൽ ലയിച്ചിരുന്നുപോയി, ഞാൻ മാത്രമല്ല അവിടെ കൂടിയ എല്ലാവരുടെയും അവസ്ഥ അതുതന്നെ ആയിരുന്നു. എന്റെ കയ്യിൽ ഇരിക്കുന്ന ഭക്ഷണ സഞ്ചിയിലേക്ക് നോക്കി അഞ്ചപ്പവും രണ്ടു മിനും ഉണ്ട് . ഞങ്ങൾക്ക് സുഭിഷമായി കഴിക്കാനുള്ളത് ഉണ്ട് . ഞാൻ അമ്മയെയും അഛനെയും നോക്കി, അതുമനസിലാക്കിയ അവർ കഴിക്കൂവാൻ വട്ടം കൂട്ടി. അപ്പോഴാണ് എന്റെ കണ്ണുകൾ അതു ശ്രദ്ധിച്ചത് ഗുരുവും ശിഷ്യന്മാരും വട്ടം കൂടി എന്തോ പറയുന്നു. ഞാൻ ഒന്നുകൂടി അടുത്തു നിന്നു. ചെന്നു നോക്കുവിൻ എന്ന് ഗുരു പറയുന്നത് കേട്ടു. അതുകേട്ട ശിഷൃൻ ജനക്കൂട്ടത്തിന് നേരെ തിരിഞ്ഞ് ഭക്ഷണം കൊള്ളേണ്ടതിന് വല്ലതും ഉണ്ടൊ എന്ന് ഗുരു ചോദിക്കുന്നു എന്ന് വിളിച്ചു പറഞ്ഞു. ഞാൻ ജനക്കൂട്ടത്തെ നോക്കി ആരും മിണ്ടുന്നില്ല. എന്താണിത് ചില ആളുകളുടെ കയ്യിൽ ഭക്ഷണ സഞ്ചി കണ്ടതാണ് എന്താണ് അവരാരും കൊടുക്കാത്തത്………….. ഇത്രയും നേരം ഞങ്ങള്‍ക്ക് നല്ല ഉപദേശങ്ങൾ തന്ന, അനേക രോഗികളെ സുഖമാക്കിയ ഗുരുവിന് എന്താണ് ഇത്തിരി ഭക്ഷണം ആരും കൊടുക്കാത്തത് !! സഹോദരനെ നിന്നെപ്പോലെ സ്നേഹിക്കേണം എന്ന് ഇപ്പൊ പറഞ്ഞതല്ലെ ഉള്ളു, അങ്ങനെ പല ചിന്തകൾ എന്റെ മനസിലൂടെ കടന്നുപോയി. “ഗുരുവിന് കൊടുക്കുന്നത് അനുഗ്രഹമാണ്” ഇങ്ങനെ ആരോ എന്റെ ഹൃദയത്തോട് മന്ത്രിക്കുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല അമ്മയുടെ കയ്യിൽ നിന്നും ഭക്ഷണ സഞ്ചി വാങ്ങി വേഗം മുന്നിലെത്തി; ആ ശിഷ്യനെ കൈകാട്ടി വിളിച്ചു. അന്ത്രയോസ് എന്നോമറ്റൊ ആണ് ആ ശിഷ്യന്റെ പേര്, അദ്ദേഹം അതു മേടിച്ച് ഗുരുവിന്റെ അടുത്തേക്ക് പോയി. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോൾ ശിഷ്യന്മാർ ജനക്കൂട്ടത്തോട് പന്തി പന്തിയായി പുൽപുറത്ത് ഇരിക്കാൻ പറഞ്ഞു. കാര്യം ആറിയാതേ ഞങ്ങള്‍ എല്ലാവരും ഇരുന്നു. ഞാൻ കൊടുത്ത അപ്പവും മീനും ഗുരു എടുത്ത് ആശിർവദിച്ച് നുറുക്കി ശിഷ്യന്മാർക്ക് കൊടുത്തു. അവർ അത് എല്ലാവർക്കും കൊടുക്കുവാൻ തുടങ്ങി . ജനക്കൂട്ടം മുഴുവന്‍ തിന്നു തൃപ്തരായി. അതിശയം കൊണ്ട് എന്റെ കണ്ണു തള്ളി “ഞാൻ കൊടുത്തതാ എന്റെ കർത്താവിന് ഞാൻ കൊടുത്തതാ ” എന്ന് ഉറക്കെ വിളിച്ചുകൂവാൻ തോന്നി. എന്നാൽ അത്യത്ഭുതം നിമിത്തം ശബ്ദം പുറത്തു വരുന്നില്ല. അതാ പന്ത്രണ്ട് വട്ടി അധികം വന്നിരിക്കുന്നു എന്റെ കണ്ണു നിറഞ്ഞു നിസാരനായ എനിക്ക് ഇതിൽപരം എന്തുവേണം. ഒന്നു തുള്ളിച്ചാടാൻ തോന്നി.

ഞങ്ങള്‍ വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ ഉള്ളം തുടിച്ചു കൊണ്ടിരുന്നു. എത്രയും വേഗം ഗ്രാമത്തിൽ എത്തണം ‘ഞാൻ ലോക രക്ഷകനായ യേശുകൃസ്തുവിനെ, വാഗ്ദത്ത മശിഹായെ കണ്ടു…….ആ കർത്താവിൽ വിശ്വസിച്ച് നമുക്കുള്ളതൊക്കേയും സമർപ്പിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം…’ എന്ന് എല്ലാവരോടും വിളിച്ചു പറയണം. എന്റെ ഹൃദയം ആനന്ദത്താൽ തുടിച്ചുകൊണ്ടിരുന്നു; നിത്യമായ ആനന്ദത്താൽ…….!!!
ഇരുട്ടു വീണ വഴിത്താരയിലൂടെ തണുപ്പിനെ വകവയ്കാതെ ഗ്രാമത്തെ ലക്ഷ്യമാക്കി ഞാൻ വേഗം നടന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.