ചെറുചിന്ത :ഇനിയും ദൂരം പിന്നിടുവാനുണ്ട് | ലിജു എബ്രഹാം നെല്ലിക്കാപ്പള്ളി

“ജീവിതം മടുത്തു സഹോദര”. ക്രിസ്തിയ ജീവിതയാത്രയുടെ വഴിത്താരകളിൽവെച്ച് നാം ഓരോരുത്തരും അറിഞ്ഞോ അറിയാതയോ പറഞ്ഞുപോകുന്ന വരികളാണിത്. തികച്ചും ഒരു ജീവിത യാഥാർഥ്യമാണിത്. എത്ര ശക്തനും എത്ര ജ്ഞാനിയും എത്രവലിയ ശുശ്രുഷകനും തളർന്നുപോകുന്ന സാഹചര്യങ്ങൾ ഒരു ജീവിത യാഥാർഥ്യമാണ്.

ജന്മദിവസത്തെ ശപിച്ച ഒരു നീതിമാനായ മനുഷ്യനെ എനിക്ക് അറിയാം. പേര് ഇയോബ്. ദൈവം പോലും സാക്ഷ്യം പറഞ്ഞ വ്യക്തി. അപ്രദിക്ഷിതമായി അടിച്ച പ്രതികൂല കാറ്റിൽ താൻ ഒന്നുലഞ്ഞുപോയി. എങ്കിലും താൻ ദൈവത്തിലുള്ള തന്റെ വിശ്വാസം ത്യജിച്ചില്ല. പക്ഷെ താൻ ജീവിതം നന്നേ മടുത്തു.

അതാ ചൂരച്ചെടിയുടെ ചുവട്ടിൽ മതി യഹോവേ എന്റെ ജീവനെ എടുത്തുകൊള്ളേണമേ എന്നുപറഞ്ഞു മരണം കാത്തുകിടക്കുന്ന മറ്റൊരു വ്യക്തി. പേര് ഏലിയാവ്. ആഹാബിന്റെ കൊട്ടാരത്തെ വിറപ്പിച്ചവൻ. ആരുടെ മുൻപിലും തലകുനിച്ചിട്ടില്ലാത്ത ശക്തനായ പ്രവാചകൻ. ഒരു സ്ത്രീയുടെ വാക്കിന്റെ മുന്നിൽ താൻ പതറിപ്പോയി. താനും ജീവിതം മടുത്ത വ്യക്തി ആയിരുന്നു.

post watermark60x60

ലോകം കണ്ടതിൽവെച്ച് എറ്റവും ശക്തനായ നേതാവായിരുന്നു ആ മനുഷ്യൻ. പേര് മോശ. ദൈവത്തെ കണ്ട വ്യക്തി . ദൈവ സാനിധ്യത്തിൽ നടന്ന മനുഷ്യൻ. ഇസ്രായേൽ ജനത്തിന്റെ അനുസരണക്കേടും കുറ്റപ്പെടുത്തലും കൊണ്ട് താനും ജീവിതം മടുത്തു.
അങ്ങനെ ജീവിതം മടുത്തവരുടെ പട്ടിക വചനത്തിൽ ഒരുപാടുണ്ട്.

നാം ഓരോരുത്തരുടെ ജീവിതത്തിലും ‘മതി യേശുവേ ഇനി വയ്യ’ എന്നുപറഞ്ഞ അനേക സന്ദര്ഭങ്ങളില്ലേ സഹോദരങ്ങളെ?

ജന്മദിവസത്തെ ശപിച്ച ഭക്തന്റെ അവസാനം ദൈവം തന്നെ മുന്കാലത്തെക്കാൾ അധികം അനുഗ്രഹിച്ചു.
മരിക്കാൻ കിടന്നവന് മരണം കൂടാതെയുള്ള ഒരു യാത്ര ലഭിച്ചു.
ജീവിതം മടുത്ത ആ നേതാവ് നിത്യ കനാനിലും എത്തി.
വിളിച്ചവൻ വിശ്വസ്തൻ. അന്ധ്യംവരെ വഴുതാതെ താങ്ങി നടത്താൻ ശക്തനാണ്.
“മതി” എന്ന് പറയുന്ന നിന്നോട് യേശുവിനു പറയാനുള്ളത് “എന്റെ കൃപ നിനക്ക് മതി” എന്നാണ്.
ഒരുകാര്യം നാം മറന്നുപോകരുത് സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. അതുകൊണ്ട് നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.

✍? ലിജു എബ്രഹാം നെല്ലിക്കപ്പള്ളി

-ADVERTISEMENT-

-ADVERTISEMENT-

You might also like