കഥ | ‘രിസ്പ’ എന്ന വെപ്പാട്ടി | ആഷേർ

‘Rispah’ by Lord Tennyson.
രിസ്പ? അതും ഒരു വെപ്പാട്ടി? അങ്ങനെയൊരു കഥാപാത്രം ബൈബിളിലുണ്ടോ? ആ കഥാപാത്രത്തെപ്പറ്റി ലോർഡ് ടെന്നിസൺ കവിതയും എഴുതിയിട്ടുണ്ടെന്നു വിശ്വസിക്കാനേ സാധിക്കുന്നില്ല .
“അതെ ഫിലിപ്പ്. അങ്ങനെയും ഒരു കഥാപാത്രം ബൈബിളിലുണ്ട്..” റോയ് പുഞ്ചിരിയോടെ പറഞ്ഞു” ബൈബിളിലെ എല്ലാ കഥാപാത്രങ്ങളെയും നമ്മൾ അറിയണമെന്ന് നിർബന്ധമില്ല. പക്ഷെ, ഈ രിസ്പ, ഇത്രയും ശക്തമായൊരു കഥാപാത്രത്തെ ഇത് വരെ ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞാൽ …” ഫിലിപ്പ് വളരെ ഗൗരവത്തിലായിരുന്നു.

“അതെ ഫിലിപ്പ്, ‘രിസ്പ’ എന്ന സ്ത്രീക്ക് അർഹിച്ച പരിഗണ നാം കൊടുത്തിട്ടില്ല. ഈ ബൈബിൾ പ്രസംഗകർ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. “ഫെമിനിസം” എന്നൊക്കെ പറഞ്ഞു നടക്കുന്ന നമ്മൾ ‘സ്കോളേഴ്സ്’ ഉണ്ടല്ലോ… നമ്മളും പരിഗണന നൽകിയിട്ടില്ല..” റോയ് അഭിപ്രായപ്പെട്ടു.

“ദാവീദിന്റെയും പൗലോസിന്റെയുമൊക്കെ ഇടയ്ക്കു രിസ്പയെപ്പറ്റി എന്ത് പ്രസംഗിക്കാനാണ് സുവിശേഷപ്രസംഗങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങൾ ചുരുക്കമല്ലേ..? മറിയ,രൂത്ത്‌, ഹന്നാ, എസ്ഥേർ… അങ്ങനെ ചില സ്ഥിരം കഥാപാത്രങ്ങൾ… അതിനിടയിൽ രിസ്പെക്ക് എന്ത് സ്ഥാനം?” ഫിലിപ് പറഞ്ഞു നിർത്തി..
“മഹാനായ ഇംഗ്ലീഷ് കവി ലോർഡ് ടെന്നിസൺ ഒരു കവിത തന്നെ എഴുതിയിട്ടുണ്ട്, ‘രിസ്പ’ എന്ന പേരിൽ.. അതേപ്പറ്റി പിന്നെപ്പറയാം ..” റോയ് തൻറെ അറിവുകൾ ഓരോന്നായി ഫിലിപ്പിനോട് പങ്കു വെച്ചുകൊണ്ടിരുന്നു.

ആ ലൈബ്രറിയുടെ അകം നിശബ്ദമായിരുന്നു .ബൈബിളിലെ ചില സ്ത്രീപക്ഷ ചിന്തകളെപ്പറ്റി പഠനം നടത്തുന്ന ഒരു റിസർച്ച് സ്കോളറാണ് ഫിലിപ്. ഫിലിപ്പിനെ സഹായിക്കാൻ വേണ്ടി വന്നതാണ് സുഹൃത്തായ റോയ്.
അന്നത്തെ ചർച്ചയും പഠനവും കഴിഞ്ഞു റൂമിലെത്തിയ ഫിലിപ് ആദ്യം ചെയ്തത് ബൈബിൾ തുറന്നു ശമുവേലിന്റെ രണ്ടാം പുസ്തകം തുറക്കുകയായിരുന്നു.
ദൈവമേ!! ഇത്രയും ശക്തമായൊരു കഥാപാത്രമോ???
ശൗൽ രാജാവിന്റെ വെപ്പാട്ടി!!
അയ്യാവിന്റെ മകൾ!!
മെഫീബോശെത്തിന്റെ ‘അമ്മ!!
തൂക്കിലേറ്റപ്പെട്ട മക്കളുടെ ‘അമ്മ!!
അതെ, അവളാണ് ‘രിസ്പ’.

ഒരു രാജാവിന്റെ വെപ്പാട്ടിയായിരുന്നവൾ എന്തായാലും നിസ്സരക്കാരിയല്ല.. തീർച്ചയായും മിടുക്കും സാമർത്ഥ്യവും ഉള്ളവൾ തന്നെ. പക്ഷെ, നിയമപരമായ അംഗീകാരമോ, ആനുകൂല്യങ്ങളോ ഒന്നും തന്നെ ലഭിക്കുവാൻ സാധ്യതയില്ലാത്തവൾ.

അവളുടെ കഥ ഇങ്ങനെ പോകുന്നു . രാജാവിൽ അവൾക്കുണ്ടായത് രണ്ടു ആൺമക്കൾ.. യൗവനരുക്തരായ രണ്ടു ചെറുപ്പക്കാർ. പക്ഷെ, രാജവംശങ്ങൾ തമ്മിലുള്ള അധികാര വടംവലികളുടെയും, യുദ്ധങ്ങളുടെയും ഫലമായി രിസ്പയുടെ രണ്ടു ആൺമക്കളും തൂക്കിലേറ്റപ്പെടുകയാണ്..

തൂക്കിലേറ്റപ്പെട്ട രണ്ടു ആണ്മക്കളുടെയും മൃതശരീരം അനാഥമായി തൂക്കുമരത്തിൽ കിടക്കുകയാണ്…
രിസ്പയുടെ മാതൃസ്നേഹം അവിടെ ഉണരുകയാണ്… പോരാട്ടവീര്യമുള്ള മാതൃസ്നേഹം.. നിശ്ചയദാർഢ്യമുള്ള മാതൃസ്നേഹം…

അവൾ വിട്ടുകൊടുത്തില്ല. തൻറെ മക്കളുടെ ശരീരം ആ തൂക്കുമരത്തിൽ കിടന്ന് അഴുകുവാനോ കഴുകാൻ കൊത്തിപ്പറിക്കുവാനോ അവൾ അനുവദിച്ചില്ല.
ചാക്കുശീല എടുത്ത് പാറമേൽ വിരിച്ച് അഞ്ചു മാസം രിസ്പ തൻറെ മക്കളുടെ ശവശരീരം കാത്തു. തൻറെ പൊന്നോമനകൾക്കു മാന്യമായ ഒരു ശവസംസ്ക്കാരം ലഭിക്കും വരെ.

അവസാനം, ദാവീദ് രാജാവ് ഈ വാർത്ത അറിയുന്നത് വരെ , അവർക്കു കല്ലറയിൽ അടക്കം ലഭിക്കുന്നത് വരെ , അവൾ തൻറെ പോരാട്ടം തുടർന്നു.
ആ രാജ്യം മുഴുവൻ ധീരയായ ആ അമ്മയുടെ സമരമുറ അറിഞ്ഞു ..
സമാനമായ ഒരു പോരാട്ടവീര്യം വേറെ ഏതു സ്ത്രീയയാണ് കാഴ്ച വെച്ചിട്ടുള്ളത്? ലോകചരിത്രത്തിൽ തന്നെ??

“വെപ്പാട്ടി” എന്ന വിശേഷണം മാത്രം സമൂഹത്തിൽ നിന്ന് ലഭിച്ചിട്ടുള്ളവൾ… അവൾ എങ്ങനെയാണു വ്യത്യസ്തയായതു?
മാതൃത്വത്തെ വാനോളം ഉയർത്തിയവൾ…
മരണത്തെ ധീരമായി നേരിട്ടവൾ…
രാജാവിന്റെ ഇടപെടൽ ഉണ്ടാകുംവരെ പൊരുതിയവൾ.

തൻറെ പഠനത്തിലെ ചില ഭാഗങ്ങൾ ഫിലിപ് ‘രിസ്പക്കായി’ മാത്രം മാറ്റിവച്ചിരുന്നു .

“flesh of my flesh was gone
But bone of my bone was left –
I stole them all from the lawyer –
and will you call it a theft”

എത്ര തീവ്രമായാണ് ലോർഡ് ടെന്നിസൺ രിസ്പയുടെ അനുഭവത്തെ വർണ്ണിച്ചിരിക്കുന്നത് !!

അമ്മത്തൊട്ടിലിൽ അനാഥരായി പോകുന്ന കുഞ്ഞുങ്ങൾ , ജനകനാൽ പീഡനമേൽക്കുന്ന കുഞ്ഞുങ്ങൾ , മാതാപിതാക്കളുടെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമർന്നു മരിക്കുന്ന പിഞ്ചോമനകൾ , വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങൾ …
മനുഷ്യത്വം നഷ്ടപെടുന്ന ഈ ലോകത്തോട് ‘രിസ്പ’ എന്ന ‘അമ്മ ‘ വിളിച്ചു പറയുകയാണ് …
“കുഞ്ഞുങ്ങളെ സംരക്ഷിക്കൂ. ധീരമായ നിലപാടുകളെടുക്കു..”

എഴുതിത് അവസാനിപ്പിച്ച ശേഷം , ഫിലിപ് തൻറെ ബാൽകണിയിലിരുന്ന് മാനത്തേക്ക് നോക്കിയിരുന്നു . അങ്ങ് ദൂരെ, ആ കാണുന്ന നക്ഷത്രങ്ങളിലൊന്ന് രിസ്പായാവണം!!!
പൂത്തുലയുന്ന മാതൃത്വം!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.