ഡോ. ബില്ലി ഗ്രഹാമിന്‍റെ ശവസംസ്കാര ശുശ്രൂഷയും ചില സത്യങ്ങളും | ടൈറ്റസ് ജോണ്‍സന്‍

ഡോ. ബില്ലി ഗ്രഹാം താന്‍ പറഞ്ഞതുപോലെ, ഈ ലോകത്തിലൂടെ കടന്നുപോയി. തന്‍റെ യഥാര്‍ത്ഥ മേല്‍വിലാസത്തില്‍ മടങ്ങിയെത്തി. മഹത്തരമായ ഒരു ശുശ്രൂഷാ ജീവിതം ഭൂമിയില്‍ പൂര്‍ത്തിയാക്കി. ഈ തലമുറയില്‍ ലോകം കണ്ട ഏറ്റവും വലിയ സുവിശേഷകന്‍റെ ഭൌതിക ശരീരം ഇന്നലെ മണ്ണിനു മടക്കിനല്‍കി. ഫെബ്രുവരി 21ന് വിടവാങ്ങിയ അദ്ദേഹത്തിന്‍റെ ശവസംസ്കാര ശുശ്രൂഷകള്‍ ഇന്നലെ (02-03-2018) ഇന്ത്യന്‍ സമയം രാത്രി 10 മണി മുതല്‍ 12.30 വരെ ഫേസ്ബുക്ക് ലൈവില്‍ കാണുവാന്‍ ഇടയായി. അതിനു മുന്‍പ്‌ അമേരിക്കയുടെ പ്രധാന സ്ഥലത്ത് ഔദ്യോഗിക ആദരവുകളോടെ വ്യൂവിങ്ങ് നടന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ അവസാന ശുശ്രൂഷയില്‍ ഞാന്‍ ദര്‍ശിച്ച ചില കാര്യങ്ങളാണ് ഈ കുറിപ്പുകള്‍ക്ക് ആധാരം.

1) ജനങ്ങളുടെ അച്ചടക്കം
ആയിരങ്ങള്‍ പങ്കെടുത്ത ആ മീറ്റിംഗില്‍ എല്ലാവരും നിശ്ശബ്ദരായി, ആ ശുശ്രൂഷ നടക്കുന്ന പന്തലിനുള്ളില്‍, തുടങ്ങുന്നതിനു മുന്‍പേ, അവരവരുടെ ഇരിപ്പിടത്തില്‍ സന്നിഹിതര്‍ ആയിരുന്നു. പിന്നീടാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. താമസിച്ചും തോന്നിയതുപോലെയും വന്ന ആരെയും അവിടെ കണ്ടില്ല. ഇടയ്ക്ക് അവരവരുടെ കടമ നിവര്‍ത്തിച്ചിട്ടു തിരക്ക്കാണിച്ചു ‘അടുത്ത ശുശ്രൂഷയ്ക്കായി’ ഓടുന്നവരെയും അവിടെ കണ്ടില്ല. കൂടാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ‘നടത്തിപ്പുകാരും സദാചാര-ക്രമസമാധാന പാലകരും’ ആരുംതന്നെ പന്തലിനു പുറത്ത് ഇല്ലായിരുന്നു.

2) ബഹളം വയ്ക്കുന്ന നടത്തിപ്പുകാര്‍ (ലീഡ് ചെയ്യുന്നവര്‍) ഇല്ലായിരുന്നു
എല്ലാം ചിട്ടയായി മുന്നമേ ക്രമീകരിച്ചിരുന്നതിനാല്‍, ആരും അവിടെ ശബ്ദമലിനീകരണം സൃഷ്ടിച്ചില്ല.. ആരും ആരെയും അവിടെ ക്ഷണിക്കുന്നില്ലായിരുന്നു. ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ട ശുശ്രൂഷകളില്‍ നേരത്തെ നിയമിക്കപ്പെട്ട ശുശ്രൂഷകര്‍, ഗായകര്‍, കുടുംബാംഗങ്ങള്‍ അവരവരുടെഭാഗം (ഇടയ്ക്ക് ആരും ക്ഷണിക്കാതെ) കൃത്യമായി നിവര്‍ത്തിച്ചു. ക്രമസമാധാനപാലനം ഓരോരുത്തരും സ്വയം നിവര്‍ത്തിച്ചു. ആരും ആരുടേയും വലിപ്പച്ചെറുപ്പം അവിടെ വിളമ്പി കേട്ടില്ല. നമ്മുടെ ശുശ്രൂഷകളില്‍ വന്നിരിക്കുന്ന ഓരോ വ്യക്തിയുടെയും സ്ഥാനമാന പദവികള്‍ വാനോളം ഉയര്‍ത്തി എത്ര തവണ ആവര്‍ത്തിക്കുന്നു. മൈക്കിലൂടെ തങ്ങളുടെ പേരുകള്‍ ആവര്‍ത്തിച്ചു വിളിക്കുന്നതുവരെ കാത്തുനിന്നു ആസ്വദിച്ചശേഷം ജനമദ്ധ്യത്തിലൂടെ മുന്‍പിലേക്ക് വരുന്ന സ്വയാരാധകരും നമ്മുടെയിടയില്‍ ഇന്ന് കുറവല്ല.

3) ഇന്ന് ലോകം കാണുന്ന ഏറ്റവും വലിയ രാഷ്ട്രീയ നേതാവിന്‍റെ സാന്നിദ്ധ്യം
അമേരിക്കന്‍ പ്രസിഡണ്ട്‌ ബഹുമാന്യനായ ട്രംപ് ആദിയോടന്തം ആ ശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വീഡിയോ ചിത്രങ്ങളില്‍ നാം അദ്ദേഹത്തെ കാണുന്നു എന്നതിലുപരി അദ്ദേഹത്തിന്‍റെ പേരുപോലും അവിടെ കേട്ടില്ല. ആരും അദ്ദേഹത്തെ അവിടെ വാഴ്ത്തി പാടുന്നില്ലായിരുന്നു. അദ്ദേഹം മുന്‍പ് നടന്ന വ്യൂവിങ്ങിന് വന്നു അനുസ്മരണ സന്ദേശം കുടുംബാഗങ്ങള്‍ക്ക് കൈമാറിയെങ്കിലും വീണ്ടും അവസാന ശുശ്രൂഷകള്‍ക്കും (ഒരു പ്രോഗ്രാമും ഇല്ലെങ്കിലും) സന്നിഹിതനായി. അദ്ദേഹം ആ ശുശ്രൂഷകള്‍ അവസാനിക്കുന്നതുവരെ ശാന്തനായി ജനങ്ങളില്‍ ഒരുവനായി കുടുംബസമേതം അവിടെ ഇരുന്നു. കഴിഞ്ഞപ്പോള്‍ ശാന്തനായി എഴുന്നേറ്റ് തന്‍റെ വഴിക്ക് പോയി. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രശക്തിയായ അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ ഒരു തിരക്കും ഭാവവും അദ്ദേഹം കാണിച്ചില്ല. പ്രത്യേക കസേരയും അദ്ദേഹത്തിനില്ലായിരുന്നു. ലോക്കല്‍ പാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ തുടങ്ങി ഓരോരുത്തരും ഇത്തരം ശുശ്രൂഷകളില്‍ നമ്മുടെ ഇടയില്‍ കാണിക്കുന്ന തിരക്കിന്‍റെ ഭാവവും അല്പത്വവും ഓര്‍ത്തു അത്ഭുതപ്പെട്ടുപോയി. കൂടാതെ ചില രാഷ്ട്രീയ നേതാക്കള്‍ വരുമ്പോള്‍ നമ്മുടെ ആളുകളുടെ ഇടയില്‍ ഉണ്ടാകുന്ന ഭാവവ്യതിയാനങ്ങളും അസ്വസ്ഥതകളും കൃത്രിമമായി സൃഷ്ടിക്കുന്ന ആരവാരവും കണ്ടിട്ടുള്ളത് ഓര്‍ത്തുപോകുന്നു!

4) വലിയവനും ചെറിയവനുമെല്ലാം ഒരേ ഇരിപ്പിടം
അവിടെ സന്നിഹിതരായിരുന്ന ട്രംപ് മുതല്‍ എല്ലാവര്‍ക്കും ഒരേ ഇരിപ്പിടം ആയിരുന്നു. താല്‍ക്കാലികമായി, ഈ ശുശ്രൂഷകള്‍ക്ക് വേണ്ടി മാത്രം ക്രമീകരിച്ച പന്തലിലാണ് ശുശ്രൂഷകള്‍ നടന്നത്. എന്നാല്‍ അവിടെ വേര്‍തിരിവുകള്‍ എടുത്തുകാട്ടുന്ന ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടില്ലായിരുന്നു. പ്രധാനികള്‍ക്കുള്ള മുഖ്യാസനങ്ങള്‍ അവിടെയെങ്ങും കണ്ടില്ല. സ്റ്റേജിന് മുകളില്‍ കസേരകള്‍ ഇല്ലാതിരുന്നതുകൊണ്ട് ഒരു പ്രോഗ്രാമും നടക്കാതെ പോയില്ല. എനിക്ക് സ്റ്റേജില്‍ കസേര ഇട്ടിരുന്നില്ല എന്നതിന്‍റെ പേരില്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാതെ പോയവര്‍ക്കും, സ്ഥാനത്യാഗം ചെയ്തവര്‍ക്കും, പിന്നീട് പുകിലുണ്ടാക്കിയവര്‍ക്കുമായി ഈ രചന സമര്‍പ്പിക്കുന്നു.

5) മുന്‍കൂട്ടിയുള്ള സമയ ക്ലിപ്തത
ഇടയ്ക്ക് മുന്നറിയിപ്പില്ലാതെ വരുന്നവരെ തിരുകികയറ്റുകയോ, അവസരം ലഭിക്കാതെ പോകുന്നവരുടെ കയ്യാങ്കളിയോ ഒന്നും അവിടെ കണ്ടില്ല. അന്ന് ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ മുന്‍കൂട്ടി നിയമിക്കപ്പെട്ടവര്‍ മാത്രം വീണ്ടും പേരെടുത്തുപറഞ്ഞു ക്ഷണംനല്‍കാതെതന്നെ, അപ്പോഴപ്പോള്‍, പ്രോഗ്രാം ഷീറ്റിലെ ക്രമം അനുസരിച്ച് സ്റ്റേജിലെത്തി അവരവരുടെ ഭാഗം നിവര്‍ത്തിച്ചു. കൃത്യസമയത്ത് തന്നെ ശുശ്രൂഷകള്‍ അവസാനിച്ചു. സമയം കഴിഞ്ഞുപോയതിന്‍റെ യാതൊരു വിഭ്രാന്തികളും അവിടെ കണ്ടില്ല. വന്നവരെല്ലാം ശാന്തരായി അവസാനംവരെ അവിടെ ഇരുന്നശേഷം ഓരോരുത്തരായി വന്നു കുടുംബാംഗങ്ങളോട് അവരുടെ അനുശോചനവും അനുസ്മരണവും വ്യക്തിപരമായി അറിയിക്കുന്ന ദൃശ്യങ്ങള്‍ എത്ര മനോഹരം ആയിരുന്നു. നമ്മുടെ നാടിന്‍റെ സാഹചര്യങ്ങളുടെ പരിമിതികള്‍ നന്നായി ഞാന്‍ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ സകലതും ഉചിതമായും ക്രമമായും നടക്കട്ടെയെന്ന കൊരിന്ത്യരോടുള്ള പൌലോസിന്‍റെ നിര്‍ദ്ദേശം നമുക്ക് കുറച്ചെങ്കിലും അനുവര്‍ത്തിക്കുവാന്‍ പരിശ്രമിച്ചുകൂടേ? പാശ്ചാത്യരുടെ ജീവിത ശൈലിയിലെ എല്ലാ വികൃതികളും, ശുശ്രൂഷകള്‍ എന്ന പേരിലുള്ള വികലതകളും അപ്പാടെ പകര്‍ത്തുന്ന നമുക്ക് എന്തുകൊണ്ട് മുകളില്‍ പറഞ്ഞ അവരുടെ നല്ല കാര്യങ്ങള്‍ അനുകരിച്ചുകൂടാ? ലോകം ഒന്നടങ്കം ബഹുമാനത്തോടെ ദര്‍ശിച്ച കര്‍ത്തൃഭൃത്യന്‍ ബില്ലി ഗ്രഹാം വിട പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവിതം പോലെ മരണാനന്തര ശുശ്രൂഷകളും എത്ര മഹത്തരം ആയിരുന്നു!

ലോകത്തെവിടെയും ഏതു സാഹചര്യത്തിലും വിശുദ്ധ ജീവിതം സാദ്ധ്യമാണെന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചു. സുവിശേഷം നിര്‍മ്മലതയോടെ കൈകാര്യം ചെയ്‌താല്‍ അതിനു ലഭിക്കുന്ന മാന്യത ലോകോത്തരമെന്നു തെളിയിച്ചു. സത്യവചനത്തെ യഥാര്‍ത്ഥമായി പ്രസംഗിക്കുന്നതിന് ദൈവം നല്‍കുന്ന അംഗീകാരം എത്ര വലിയതെന്നു ജീവിതംകൊണ്ട് അദ്ദേഹം വരെച്ചുകാട്ടി. എബ്രായ ലേഖകന്‍ ഇങ്ങനെ എഴുതി: “നിങ്ങളോട് ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്ളുവിന്‍; അവരുടെ ജീവാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിപ്പിന്‍” (എബ്രായര്‍13:7)

– ടൈറ്റസ് ജോണ്‍സന്‍, ബീഹാർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.