വാർത്തയും ചിന്തയും: ആദ്യം വസിച്ചവന്റെ നാട്‌! | റോജി ഇലന്തൂർ

മധു എന്ന ഇരുപത്തിയേഴ്‌‌ വയസ്സ്‌ മാത്രം പ്രായമുള്ള മുടിവളർത്തിയ താടി ട്രിം ചെയ്യാൻ അറിയാത്ത ഒരു മനുഷ്യൻ ഇവിടെ ഒരിക്കൽ ജീവിച്ചിരുന്നു! അവന് വാട്ട്‌സാപ്പും ഫേസ്ബുക്കും മൊബൈൽ ഫോണും സെൽഫിയും ഒന്നും ഇല്ലായിരുന്നു. അവനും ഇവിടെ ഒരു മനുഷ്യനായിരുന്നു. എന്നാൽ ഇന്ന് അവൻ നമ്മോടൊപ്പമില്ല. കാടായിരുന്നു അവനെന്നും പ്രമോദം. നാടിന്റെയും നാട്ടുകാരുടെയും സ്വഭാവം മനസ്സിലാക്കിയിട്ടോ, തനിക്ക്‌ ആ കാട്ടുമൃഗങ്ങളോട്‌ കൂടെ വസിക്കാനായിരുന്നു ഏറെ താത്പര്യം‌. തന്നെക്കാൾ കൈക്കരുത്തും മെയ്‌ക്കരുത്തുമുള്ള മനുഷ്യമൃഗങ്ങൾ വേട്ടയാടുന്ന നാട്ടിലേക്ക്‌ ഇറങ്ങുന്നത്‌‌ അവനെന്നും ഭീതിയായിരുന്നു. വിശപ്പടക്കാൻ ഒരിക്കൽ അവൻ നാട്ടിൽ ഇറങ്ങിയതും ‘മനുഷ്യമൃഗങ്ങൾ’ അവനെ കടിച്ചുകീറി ഒരിക്കലും അടങ്ങാത്ത തങ്ങളുടെ വിശപ്പും ദാഹവും അടക്കി! ഒരിക്കൽ കാട്‌ അറിഞ്ഞവനെ, ഇന്ന് നാട്‌ അറിഞ്ഞു. എന്നാൽ താൻ ജീവനോടിരുന്നപ്പോഴല്ല എന്നു മാത്രം. കാട്‌ ഇന്ന് മധുവിനെ അന്വേഷിക്കയാകാം. ഒരിക്കലും മടങ്ങിവരാത്ത വിദൂരതയിലേക്ക്‌ മധുവിനെ അവർ കൂട്ടിക്കൊണ്ട്‌ പോയി. തെരുവു‌നായുടെ വിലപോലും കൽപ്പിക്കപ്പെടാതെ നരാധമന്മാർ അവനെ മോഷണക്കുറ്റം ചുമത്തി മർദ്ദിച്ച് ജനകീയപോലീസ് മോഡൽ‌ ശിക്ഷ വിധിച്ചപ്പോൾ കുനിഞ്ഞത്‌ കേരളത്തിന്റെ ശിരസ്സാണ്.

എവിടെ ഒക്കെയോ നാം കണ്ടുമറന്ന, ഏറെ പരിചിതവും നിഷ്കളങ്കവുമായ ആ മുഖം ഇന്ന് സമൂഹമാധ്യമത്തിലും പത്രവാർത്താമാധ്യമങ്ങളിലും ഏറെ വൈറലായിരിക്കുന്നു! നിരാലംബനായ മധുവിനെ കൈകൾ‌ പിണച്ചുകെട്ടി, ബലിഷ്ഠഹസ്തങ്ങളാൽ‌ പിടിച്ചിരിക്കുന്ന ഒരു ചിത്രവും നാം കണ്ടുകഴിഞ്ഞു! ഇനിയെന്തു പറയേണ്ടൂ, ചിത്രത്തിലും സെൽഫിയിലും വീഡിയോയിലും ഇല്ലാത്ത തെളിവുകൾ മധുവിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ നിന്നും വാരിയെല്ലുകൾ തകർക്കപ്പെട്ടിരുന്നു, മാത്രമല്ല തലയ്‌ക്ക്‌ ഇടിച്ചപ്പോൾ ഉണ്ടായ ആന്തരികരക്തസ്രവം മൂലമാണ് മരണം സംഭവിച്ചതെന്നും വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു‌.

ഒരുനേരത്തെ അന്നത്തിനുവേണ്ടി ഭക്ഷണസാമഗ്രികൾ മോഷ്ടിച്ച അട്ടപ്പാടിയിലുള്ള ഒരു പാവം മധുവിനെ സാക്ഷരകേരളം, അല്ല നമ്മുടെ പ്രബുദ്ധകേരളം തല്ലിക്കൊന്നു!! ലോകജനതയുടെ മുൻപിൽ കേരളം തലകുനിക്കപ്പെട്ട നിമിഷം. ഇതിന് ശിക്ഷ തീർപ്പാക്കിയില്ലെങ്കിൽ നാളെ അനേകം ‘മധു’മാർക്ക്‌ നാം വില നൽകേണ്ടി വരും. അതുണ്ടാകരുത്‌!

മധു എന്ന ഇരുപത്തേഴുകാരനാണ് ഇന്ന് സമൂഹമാധ്യമത്തിൽ എല്ലാവരുടെയും പ്രധാന ചർച്ചാവിഷയം!! രാഷ്ട്രീയനേതാക്കന്മാരും മന്ത്രിപുങ്കവന്മാരും മതപണ്ഡിതന്മാരും ബുദ്ധിരാക്ഷസന്മാരും സാമൂഹ്യപ്രവർത്തകരും സിനിമാനടന്മാരും ചാനലുകളും പത്രക്കാരും എല്ലാം എന്ന് വേണ്ട എല്ലാവരുടെയും ചർച്ച മധു എന്ന ചെറുപ്പക്കാരൻ മാത്രം! അതിനു കാരണമുണ്ട്‌, സാക്ഷരകേരളം എന്ന് പേരുകേട്ട ‘ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ’ മനസ്സാക്ഷി‌ മരവിച്ചിരിക്കുന്നു! എന്തേ, നമ്മുടെ നാടിന് സംഭവിച്ചത്‌? ഇന്ന്, മനുഷ്യനെ മനുഷ്യനായി കാണാതെ പ്രത്യുത മത-രാഷ്ട്രീയ വൈരം പൂണ്ട്‌, സവർണ്ണ-അവർണ്ണ നിലപാടുകളിൽ മനുഷ്യരെ കാണുന്ന ചില കാപാലികന്മാർ!! ഉത്തരാധുനികത തലയ്‌ക്കുപിടിച്ചതോ അതോ അന്ത്യകാലത്ത്‌ അനേകരുടെ സ്നേഹം തണുത്ത്‌, അധർമ്മം പെരുകുന്നതോ ഇതിനു കാരണം?

വിശപ്പടക്കാനാകാതെ കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി വന്ന മധുവിനെ കള്ളൻ എന്നാരോപിച്ചു തല്ലിക്കൊന്നവന്റെ കൈസഞ്ചിയിൽ നിന്നും സദാചാരവാദികൾ കണ്ടെടുത്ത തൊണ്ടി മുതലുകളാണിവ..
“ഒരുകിലോ അരി.. നൂറുഗ്രാം മല്ലിപ്പൊടി.. നൂറുഗ്രാം മുളക്പൊടി.. രണ്ട്‌ സവാള.. രണ്ട്‌ കോഴിമുട്ട.. രണ്ട്‌ കെട്ട് ബീഡി.. ഒരു ടോർച്ച്..” മരണവിധി കൽപ്പിക്കപ്പെട്ട കുറ്റം!

ഇവയൊക്കെ മോഷ്ടിക്കപ്പെട്ടതെങ്കിൽ തന്നെ നാളിതുവരെ ആ മനുഷ്യൻ അനുഭവിച്ച പട്ടിണിയുടെ ആഴം എത്രയാകുമെന്ന് ചിന്തിക്കാൻ പോലും തലച്ചോർ വളർന്നിട്ടില്ലാത്തവർ ആയിരുന്നില്ല മധുവിനെ കൈവച്ചവർ.. അവർ കള്ളനെ പിടിച്ചെന്ന്‌ ലാഘവത്തോടെ പറഞ്ഞു സെൽഫിയും വീഡിയോയുമെടുത്ത് നാടുമുഴുവൻ കൈമാറിയ ഇരുകാലിമൃഗങ്ങളിൽ ആർക്കും തന്നെ തനിക്ക്‌ ഒരല്പം ഭക്ഷണം നൽകാനുള്ള കരുണ തോന്നിയില്ലല്ലോ കേരളമേ..

കൊന്നുകളഞ്ഞില്ലേ ആ പാവത്തിനെ അവർ എല്ലാവരും കൂടി, അല്ല നമ്മൾ എല്ലാവരും കൂടിയല്ലേ അത്‌ ചെയ്തത്‌.? അതെ, നമ്മുടെ സഹോദരൻ മധുവിനെ നാം എല്ലാവരും ചേർന്ന് കൊന്നുതള്ളി മണ്ണിനടിയിലേക്ക്‌..
ഒരുപക്ഷേ നാട്ടുകാർ പറയുന്നതുപോലെ മധു ഒരു മഹാകള്ളനോ ദുഷ്ടനോ മാവോയിസ്റ്റ്‌ ബന്ധമോ ഉള്ളവൻ എങ്കിൽ പോലും നിയമം കൈയിൽ എടുക്കാൻ നാട്ടുകാർക്കോ ദേശനിവാസികൾക്കോ അധികാര കൈമാറ്റം ചെയ്തത്‌ ആരാണ്? നമ്മുടെ നാട്ടിൽ നീതിന്യായ വ്യവസ്ഥിതികൾ ഉണ്ട്‌. ആ നീതിപീഠം അല്ലേ മധു അത്തരത്തിൽ ഒരു കുറ്റം ചെയ്തു എങ്കിൽ പോലും ശിക്ഷിക്കുവാൻ അധികാരമുള്ളു?
സ്വന്തം ധാർമ്മികതയെ തമസ്കരിച്ചുകൊണ്ട്‌ സദാചാരപോലീസ്‌ ചമയുന്ന കേരളജനതയുടെ പ്രവർത്തിയുടെ ഫലമായി ‘മധു’ എന്നൊരുവൻ അട്ടപ്പാടിയിൽ പുതിയൊരു രക്തസാക്ഷിയായി മാറ്റപ്പെടുമ്പോൾ സമൂഹത്തിന്റെ വക്താവ്‌ എന്ന നിലയിൽ ഇടപെടുന്നവർ നിയമത്തിന്റെ കുരുക്കിലേക്ക്‌ പോകുന്നു, അവരുടെയും ജീവിതങ്ങൾ അവിടെ ഹോമിക്കപ്പെടുകയാണ്. നിയമം കരങ്ങളിൽ എടുത്ത്‌ സമൂഹത്തിൽ ഇടപെടുന്നവരെ നിയമക്കുരുക്കിൽ പെടുത്താനും നിയമമുണ്ട്‌ എന്ന കാര്യം നാം മറന്നുപോകരുത്‌. കാരണം, സമൂഹത്തിന്റെ വക്താവ്‌ എന്ന നിലയിൽ ‘സദാചാരപോലീസ്‌’ ആയി ഒരുവൻ ഇടപെടുമ്പോൾ സമൂഹത്തിൽ കുറ്റവാളി എന്ന് ആരോപിക്കപ്പെടുന്നവരും അതിൽ ഇടപെടുന്നവരും ഒരുപോലെ അനുഭവിക്കേണ്ടി വരുന്നു എന്നുള്ളത്‌ നാം വിസ്മരിച്ചുകൂടാ. നിയമത്തിന്റെ വഴിയിലേക്ക്‌ ഒരുവൻ അതിക്രമിച്ച്‌ കടക്കുമ്പോൾ അതിക്രമിക്കുന്നവൻ ‘അക്രമി’ ആയി മാറുന്നു. ഇവിടെ മധുവിനു ജീവനും മധുവിന്റെ മരണത്തിനു കാരണക്കാരായവരുടെ ജീവിതവും ഹോമിക്കപ്പെടുന്നു. അത്‌ സമൂഹത്തിന് എന്നും തീരാനഷ്ടമാണ്.

‘മധു’ എന്ന എല്ലും തോലും അണിഞ്ഞ കാടിന്റെ മകനു തിരിച്ചുതല്ലാൻ കഴിവും പ്രാപ്തിയും ഇല്ല എന്നുള്ള തിരിച്ചറിവിൽ അല്ലേ ഒരു ദേശത്തെ മുഴുവൻ നരാധമന്മാർ ഒരു അർത്ഥപ്രാണന്റെ മേൽ തേർവ്വാഴ്ച നടത്തിയത്‌? തിരിച്ചു തല്ലാൻ ത്രാണിയുള്ളവനു നേരെ കൈ ഉയർത്തുവാനും ശബ്ദം ഉയർത്തുവാനും ഇവിടെ എത്ര പേർക്ക്‌ ചുണയുണ്ട്‌? ഈ ഇന്ത്യാ മഹാരാജ്യം കണ്ടതിൽ വച്ച്‌ ഏറ്റവും വലിയ അപരാധമാണോ മധു ചെയ്‌തത്‌? അതും കൊല്ലപ്പെടേണ്ട ഗോവിന്ദച്ചാമിയും ബണ്ടിചോറും അമിറുലും അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത കള്ളൻമാർ ഒരുപാട്‌ സസുഖം വാഴുന്ന സുന്ദര സാക്ഷരകേരളത്തിൽ!

വിശപ്പടക്കാൻ അർത്ഥം ഇല്ലാത്തവന്റെ മേൽ ചുമത്തപ്പെട്ട കുറ്റം മോഷണക്കുറ്റം ആയിരുന്നു. കോർപ്പറേറ്റുകൾ കോടികൾ കട്ടുമുടിച്ചപ്പോൾ എവിടെ പോയി ഈ ചുണക്കുട്ടന്മാർ? അവരെ തൊട്ടാൽ കൈ പൊള്ളും എന്നവർക്കറിയാം. അതിനാൽ തന്നെ അനേകരും നമ്മുടെ മധ്യേ താരത്തിളക്കത്തോടെ വിലസുന്നു. ആൾബലവും പിൻബലവും കൈയ്യൂക്കും ഇല്ലാത്തവനു നേരെ ഉയരുന്ന കരങ്ങൾ ഇനി നമ്മുടെ സമൂഹത്തിൽ ഉയരരുത്‌. ഉയർത്തണമെങ്കിൽ ഭാരതത്തിന്റെ പൊതുമുതൽ കട്ടുമുടിക്കുന്ന മന്ത്രിപുങ്കവന്മാർക്കെതിരെ ഉയർത്താൻ ചുണ കാണിക്ക്‌. അവിടം വരെ ഉയർന്നാൽ പിന്നെ ആ കൈ അവിടെ കാണില്ലെന്ന് ഉയർത്തുന്നവർക്ക്‌ അറിയാം. അതാണ് ഉയരാത്തതിന് കാരണം. തല്ലിയാൽ തിരിച്ച്‌ തല്ലില്ല എന്നുള്ളിടത്ത്‌ തല്ലാൻ കരങ്ങളുയരുക സ്വാഭാവികം മാത്രം. എങ്കിലും മാനുഷികത എന്നൊന്ന് നമുക്കില്ലേ?

ഇതാ, നമുക്ക്‌ ഒരു പുനർചിന്തനത്തിന് സമയമായി. ആത്മീയവും സാമൂഹികവുമായ മൂല്യച്യുതി സംഭവിച്ച ഈ കാലഘട്ടത്തിൽ മുല്യമുള്ള ഒരു ജനതതിയാണ് ഇനി നമുക്ക്‌ വേണ്ടത്‌. മാനുഷിക മൂല്യങ്ങൾ ചേർത്ത്‌ പിടിക്കുന്ന ഒരു തലമുറ എന്നതാകട്ടെ നമ്മുടെ ലക്ഷ്യം. യുവതലമുറക്ക് അനുകരിക്കാൻ തക്കവണ്ണം ഒരു ഉത്തമമാതൃകകൾ, അത്‌ നമ്മിൽ നിന്നും ആരംഭിക്കട്ടെ. മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ദൈവാവബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഒരു നവതലമുറയെ നമുക്ക്‌ വാർത്തെടുക്കാം. ഭവനങ്ങളിൽ നിന്നും ആരംഭിച്ച്‌ വിദ്യാലയങ്ങളിലേക്കും പിന്നീട്‌ കലാലയങ്ങളിലേക്കും‌ അത്‌ വ്യാപരിക്കട്ടെ. നല്ലൊരു നാളിനായ്‌ കാത്തിരിപ്പൂ നാം!

വാൽകഷണം: ലോകത്തിന്റെ ഒരു കോണിൽ ഒരുനേരത്തെ അന്നത്തിനും വെള്ളത്തിനും വേണ്ടി ഒരുകൂട്ടർ കേഴുമ്പോൾ, മറുഭാഗത്ത്‌‌ ഒരുകൂട്ടർക്ക്‌ വിശപ്പെന്തെന്ന് അറിയാത്തതിന്റെ തീൻപുളപ്പ്! ‌വിശപ്പിനു‌ കട്ടവനെ അവർ മോഷ്ടാവ്‌ എന്ന് വിളിക്കുന്നു.. തല്ലുന്നു, കൊല്ലുന്നു, ചിലർ അതിന്റെ ലൈവും സെൽഫിയും സമൂഹമാധ്യമത്തിൽ വിടുന്നു!
മനസ്സാക്ഷി മരവിച്ച ചില മനുഷ്യക്കോലങ്ങൾ! ഇതെന്തൊരു കാലം, ഇതെന്തൊരു ലോകം!!

യാത്രാമൊഴി:
മധു, നിനക്ക്‌ മാപ്പ്‌!
പ്രബുദ്ധകേരളത്തിന്റെ മാപ്പ്‌!!
ഇനി ഞങ്ങളുടെ ഇടയിൽ മധുമാർ ഉണ്ടാകാതെ ഇരിക്കട്ടെ!!!

വചനത്തിൽ നിന്ന്: “വിശപ്പുള്ളവന് ‌നിന്റെ അപ്പം നുറുക്കി കൊടുക്കുന്നതും, അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും, നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും, നിന്റെ മാംസരക്തങ്ങൾ ആയിരിക്കുന്നവർക്ക്‌ നിന്നെ തന്നെ മറയ്‌ക്കാതെ ഇരിക്കുന്നതും അല്ലയോ?” (യെശയ്യാവ്‌ 58: 7)

– റോജി ഇലന്തൂർ 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.