ലേഖനം: നാം ചിലതു മനപ്പൂർവം മറക്കുന്നുവോ? | ഡോ. അജു തോമസ്‌

ക്രിസ്തു ലോകത്തിനു കാണിച്ചു കൊടുത്ത മാർഗത്തിൽ കൂടി സഞ്ചരിക്കുവാൻ തീരുമാനമെടുത്തവരാണ് ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്നത്. തന്റെ പരസ്യ ശുശ്രൂഷ കാലത്തു ഈ ലോകത്തിനു വേണ്ട ദൂതുകൾ തന്നെ കേൾക്കുവാൻ കൂടിവന്നവരോട് അരുളിച്ചെയ്തതു വിശുദ്ധ തിരുവെഴുത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. തനിക്കു ശേഷം സഭയെ മുൻപോട്ട് നയിച്ച അപ്പോസ്തോലന്മാരിലൂടെയും ദൈവം സഭയ്ക്കും സമൂഹത്തിമുള്ള ഉത്ബോധനങ്ങൾ നൽകിയിരുന്നു. ഈ ലോകത്തിൽ എങ്ങനെ ആയിരിക്കണം ഒരു ക്രിസ്തു ഭക്തൻ തന്റെ ജീവിതം നയിക്കേണ്ടതെന്നും സമൂഹത്തിൽ എങ്ങനെയായിരിക്കണം പെരുമാറേണ്ടുന്നതെന്നും എന്തൊക്കെ കടമകളും ഉത്തരവാദിത്തങ്ങളുമാണ് ഒരു വിശ്വാസിക്ക് ഉള്ളതെന്നും വിശുദ്ധ വേദപുസ്തകം വെളിപ്പെടുത്തുന്നുണ്ട്. ആ നിലകളിൽ ഉള്ള ജീവിതം നയിക്കേണ്ടുന്ന ബാധ്യത ക്രിസ്തുവിനെ പിൻപറ്റുന്ന നാം ഏവർക്കുമുള്ളതാണ്.

post watermark60x60

സഭയും സമൂഹവും തമ്മിലുള്ള ബന്ധത്തിൽ നാം അവശ്യം ചെയ്യേണ്ടതായ ചില കടമകളും ഉത്തരവാദിത്തങ്ങളും വചനം വ്യക്തമാക്കുന്നുണ്ട്. എന്നാൽ പലപ്പോഴും വിശുദ്ധിയും വേർപാടും അനുഷ്ഠിച്ചു പ്രാർത്ഥന ജീവിതം നയിച്ച് മുന്നോട്ട് പോകുന്ന ഒരു രീതിയാണ് ക്രിസ്തുഭക്തർ സ്വീകരിച്ചു വരുന്നത്. സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ ക്രിസ്തീയ ആദർശത്തിൽ നിന്നുകൊണ്ട് നടത്താനുള്ള കാഴ്ചപ്പാട് തിരുവെഴുത്തു മുന്നോട്ടു വെയ്ക്കുമ്പോഴും അതിൽ അധികം ശ്രദ്ധ കേന്ദ്രീകരിക്കാതെ മനപ്പൂർവം മറന്നു കളയുന്ന നിലപാട് പലപ്പോഴും ദൈവമക്കൾ എടുക്കുന്നത് അങ്ങേയറ്റം ദുഖകരമാണ്.

സഭയ്ക്ക് ഒരു സാമൂഹിക പ്രതിബദ്ധതയുണ്ട്. ഓരോ വിശ്വാസിക്കും ക്രിസ്തുവിന്റെ കൽപ്പനകളും ഉപദേശങ്ങളും അനുസരിക്കാനുള്ള ബാധ്യതയുണ്ട്. അശരണരുടെയും ആലംബഹീനരുടെയും കണ്ണുനീർ ഒപ്പാൻ ദൈവമക്കൾക്കു ഒരു വിളി ലഭിച്ചിട്ടുണ്ട്. ആ ദൈവീക വിളിയിലെ കണ്ടില്ലെന്നു നടിക്കുന്നത് ഖേദകരമാണ്. “എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു: ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും. ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”(മത്തായി 25 :42 -46 ).ആലംബഹീനരോടും അശരണരോടുമുള്ള ദൈവമക്കളുടെ സമീപനം എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഒരു രൂപരേഖ ചുരുങ്ങിയ വാക്കുകളിൽ യേശു അവതരിപ്പിച്ചിരിക്കുന്ന ഭാഗമാണ് മത്തായി സുവിശേഷത്തിലെ മേൽ പ്രസ്താവിച്ച വാക്യങ്ങൾ.എന്നാൽ യേശു നാഥൻ മുൻപോട്ടു വെക്കുന്ന ദർശനത്തിനു അനുസരിച്ചാണോ നാം നമ്മുടെ ജീവിതം നയിക്കുന്നത് ?

Download Our Android App | iOS App

പ്രിയ ദൈവമക്കളെ, ഈ സമൂഹത്തിലുള്ള എല്ലാ അശരണർക്കും ആശ്വാസം നല്കാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. എന്നാൽ ഒരാൾക്കെങ്കിലും ആശ്വസത്തിന്റെ കരം നീട്ടാൻ നമുക്ക് കഴിയും. അനേകർ കഷ്ടതയിലും പട്ടിണിയിലും മരിക്കുമ്പോഴും സ്വയം ജീവിതം അവസാനിപ്പിക്കുമ്പോഴും നാം കുറ്റക്കാരായി മാറുകയാണ്. നമ്മുടെ ഉത്തരവാദിത്തം നിറവേറ്റിയിരുന്നെങ്കിൽ അവർക്കു ആ ഗതി വരികയില്ലായിരുന്നു. ഇത് വായിക്കുന്ന നിമിഷം നമ്മെ തന്നെ ശോധന ചെയ്യാൻ സമയം വേർതിരിക്കുമോ ? മനപ്പൂർവ്വം നാം മറന്ന ചില കടമകളും ഉത്തരവാദിത്തങ്ങളുമില്ലേ ? വിശുദ്ധ ജീവിതവും വേർപെട്ട ജീവിതവും പ്രാർത്ഥന ജീവിതവും ദൈവ സന്നിധിയിൽ വിലയുള്ളതാണ്. എന്നാൽ അതെ പോലെ തന്നെ മറ്റുള്ളവർക്ക് കൈത്താങ്ങൽ നൽകുന്ന പ്രവർത്തിയും ദൈവസന്നിധിയിൽ വിലയേറിയതാണ്.
മാറിചിന്തിക്കുവാൻ നമുക്ക് ഇനിയും സമയമുണ്ട്. കർത്താവിന്റെ കല്പനപ്രകാരം സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ ഇനിയും നമുക്ക് കഴിയും. നമ്മുടെ വാക്കുകളും പ്രവർത്തികളും ആത്മഹത്യയുടെ മുനമ്പിൽ നിന്ന് സ്വർഗ്ഗീയ സന്തോഷത്തിലേക്കു ഒരു വ്യക്തിയെ കൂട്ടിക്കൊണ്ടു വരുവാൻ പര്യാപ്തമാണ്. ഈ ദിവസങ്ങളിൽ അനേകർക്ക്‌ ഒരു ആശ്വസമാകുവാൻ നമുക്ക് പരിശ്രമിക്കാം. നമ്മുടെ നല്ല ആഗ്രഹങ്ങളെ ദൈവം മാനിച്ചു അനുഗ്രഹിക്കട്ടെ.

– ഡോ. അജു തോമസ്‌, സലാല

-ADVERTISEMENT-

You might also like