ചിരിയിലെ ചിന്ത: ആണാകാം പെണ്ണാകാം | ജസ്റ്റിൻ കായംകുളം

മറിയാമ്മ ചേട്ടത്തിക്ക് പ്രസവ വേദന ആരംഭിച്ചപ്പോൾ തന്നെ ചാക്കോച്ചായൻ കണിയാന്റെ അടുക്കലേക്കു ഓടി. വിളിച്ചു വീട്ടിൽ കൊണ്ടു വന്നു സൽക്കരിച്ചു ശേഷം പ്രശ്നം വെപ്പിച്ചു. നാട്ടിലെ പ്രധാന കണിയാനാണ്. വീട്ടുകാർ ആകാംഷയോടെ അദ്ദേഹത്തോട് ചോദിച്ചു “എന്തായി കണിയാരെ പ്രശ്നഫലം” പുള്ളി ദീർഘ ശ്വാസം വിട്ടു ഉത്തരം പറഞ്ഞു “ഇന്നോ, നാളെയോ, മറ്റെന്നാളോ, ആണോ, പെണ്ണോ ആയിരിക്കും”. എന്ത് നല്ല പ്രവചനം!

ചിരിക്കാനുള്ള വകയുണ്ടെങ്കിലും വളരെ ചിന്തയുള്ള ഒരു കഥയാണ്. ഈ കാലഘട്ടത്തിൽ പ്രവാചകൻമാർക്കു വളരെ പ്രാധാന്യത കൊടുക്കുന്ന ഒരു കൂട്ടർ ഉണ്ട്. എന്തിനും ഏതിനും പ്രവാചകന്റെ അടുത്തേക്കോടും. വലിയൊരു വിപത്തിലേക്കാണ് ഈ ഓട്ടം. കള്ളപ്രവാചകന്മാർ വർധിച്ചിരിക്കുന്നു. പ്രവാചകന്മാരുടെ ആരാധകരാണ് പലരും. ചക്ക വീണു മുയല് ചത്തത് പോലെ ഏതെങ്കിലും ഒരെണ്ണം വിജയിച്ചാൽ പ്രവാചകന് വൻ ഡിമാൻഡ് ആണ്. പല കുടുംബങ്ങളും തകർക്കുന്നതിന് ഇവർ കാരണക്കാരാകുന്നു. കുഞ്ഞു ആണോ പെണ്ണോ അതുറപ്പാണ്,  പ്രസവിക്കും. കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് പോലെ മഴ പെയ്യാനും, പെയ്യാതിരിക്കാനും സാധ്യതയുണ്ട്. ഇതാണ് ഇന്നത്തെ പല പ്രവചനങ്ങളും..

പ്രിയപ്പെട്ടവരേ പ്രവാചകന്മാർ ഉണ്ട്, പ്രവചനം ഉണ്ട്, പക്ഷെ ആത്മാക്കളെ വിവേചിച്ചു അറിഞ്ഞു വിവേകത്തോടെയാകണം പ്രവചനങ്ങൾ സ്വീകരിക്കേണ്ടത്. തിരിച്ചറിവോടെ പ്രവർത്തിച്ചില്ലെങ്കിൽ  ജീവിതം നാശത്തിലേക്കാകും. ഈ അന്ത്യകാലത്തു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിക്കുവാനായി കള്ളപ്രവാചകന്മാർ എഴുന്നേൽക്കും എന്നു വചനം പറയുന്നു. ആകയാൽ വിശേഷ വിവേചനാധികാരത്തോടെ ദൈവമക്കൾ ഉണർന്നെഴുന്നേൽക്കണം എന്നതാണ് എന്റെ ആഗ്രഹം.

– ജസ്റ്റിൻ കായംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.