ഭാവന: കുമ്പനാട്ടെ കല്യാണ മാവ് | ജസ്റ്റിൻ ജോർജ് കായംകുളം

“കല്യാണ മാവ്” കുമ്പനാട്ട് വരുന്ന ഐപിസിക്കാർക്ക് ഒരു വികാരമാണ്… കൺവൻഷൻ പന്തലിന്റെ ഒത്ത പുറകിൽ തലയെടുപ്പോടെ ചരിത്രത്തിന്റെ അവശേഷമായി അനേകം അനുഭവങ്ങളുമായി ആ മാവ് നിലകൊള്ളുന്നു… ഇന്നു പാരമ്പര്യം പറയുന്ന വല്യ പെന്തകോസ്ത്കാരെക്കാളും പെന്തകൊസ്തിന്റെ ഉയർച്ചയും താഴ്ചയും കഷ്ടതയും അനുഗ്രഹങ്ങളും തലമുറകളുടെ വൈവിധ്യങ്ങളും നിശബ്ദ സാക്ഷിയായി കണ്ട മാവിന് വയസ്സായിരിക്കുന്നു… 94-മത്തെ കൺവൻഷനിൽ ആ കല്യാണമാവ് അതിന്റെ  അനുഭവങ്ങൾ നമ്മോട് സംസാരിക്കുന്നു.

ആദ്യമായി ഒരു മുള പൊട്ടി ഇല വന്നു ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത് നീളൻ ജുബ്ബയും കറുത്ത ചട്ടയുള്ള ഒരു പുസ്തകവും പിടിച്ചു കൊണ്ട് ഒരു അപ്പച്ചൻ ഹല്ലേലുയ പറയുന്നു.. ഞാൻ കേട്ട ആദ്യ ശബ്ദം… ശക്തമായ ഭാഷയിൽ ആ അപ്പച്ചനും അമ്മച്ചിയും കൈ കോർത്തിരുന്നു പ്രാർത്ഥിക്കുകയാണ്… എന്റെ ആദ്യാനുഭവം… പിന്നീടങ്ങോട്ട് ഞാൻ വളരുകയാണ്… എല്ലാ ദിവസവും എന്റെ ചുവട്ടിൽ വന്നിരുന്നു പാട്ടും, പ്രാർത്ഥനയും, അഭിഷേകത്തിന്റെ ആരാധനയും… സ്വർഗത്തിൽ നിന്നു അഗ്നി ഇറങ്ങി നിൽക്കുന്ന പ്രഭാവലയം… പലപ്പോളും സർവശക്തനായ ദൈവം പ്രത്യക്ഷപ്പെട്ടു അവരോടു ചുറ്റും തീ മതിലായി നിൽക്കുന്നത് കണ്ടു ഞാൻ ഭയന്നിട്ടുണ്ട്…

അതൊക്കെ ഒരു കാലം മക്കളേ ! കാലങ്ങൾ എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്… വിരലിലെണ്ണാവുന്ന ആളുകളിൽ നിന്നു ജനങ്ങൾ എന്റെ ചുറ്റും ഓരോ വർഷവും വന്നു കൂടിക്കൊണ്ടിരുന്നു… എന്റെ കണ്ണുകൾക്ക്‌ എത്തിപ്പിടിക്കാൻ പറ്റാത്തടത്തോളം ആളുകൾ…… 90കൾ ആയപ്പൊളേക്കും എന്റെ ചുറ്റിലും പ്രാർത്ഥനയുടെ ശബ്ദം ദൂരേക്ക്‌ പോയി ആളുകൾ വട്ടം കൂടാൻ തുടങ്ങി… നല്ല സുമുഖന്മാരും സുന്ദരികളുമായ ചെറുപ്പക്കാരും അവരുടെ മാതാ പിതാക്കളും കുശുകുശുക്കുന്ന ശബ്ദമാണിപ്പോൾ കേൾക്കുന്നത്… ഞാൻ ചെവി വട്ടം പിടിച്ചു, അവർ കല്യാണക്കാര്യം ആണ് പറയുന്നത്… എന്നെ അടയാളമാക്കിയതാണത്രേ, ആലപ്പുഴയിൽ നിന്നുമുള്ള ചെറുക്കന് അങ്ങു ഇടുക്കിയിൽ നിന്നൊരു ആലോചന… കുമ്പനാട്ട് കണ്ടുമുട്ടാമെന്നു പറഞ്ഞു, അടയാളം പുറകിലെ മാവ്… അതായത് ഈ ഞാൻ…

പല ബ്രോക്കര്മാരെയും കണ്ടു, വെള്ള ഷർട്ടും കറുത്ത പാന്റും ക്ലീൻ ഷേവ് മുഖവും, അതെ പാസ്റ്റർമാർ തന്നെ…. അവരായിരുന്നു കൂടുതലും… എന്റെ പേര് അങ്ങനെ പെന്തകോസ്ത് ചരിത്രത്തിൽ ഇടം തേടുകയായിരുന്നു..
ഏതോ രസികൻ അച്ചായൻ വിളിച്ചു പറഞ്ഞു ‘കല്യാണമാവു’ അന്ന് മുതൽ എന്നെ എല്ലാവരും അങ്ങനെ വിളിക്കാൻ തുടങ്ങി…
എത്രയെത്ര കല്യാണത്തിന്, സന്തോഷത്തിനു, പാവപ്പെട്ട വിശ്വാസികളുടെ കണ്ണുനീരിനു ഞാൻ സാക്ഷ്യം വഹിച്ചു…
കല്യാണപ്രായമായ പയ്യന്മാർ നാണം കലർന്ന മുഖത്തോടെ ചുണ്ടിൽ കൃത്രിമ ചിരിയുമായി എന്റെ ചുവട്ടിൽ നിൽക്കുമായിരുന്നു… ആരെങ്കിലും കണ്ടു ഇഷ്ട്ടപ്പെട്ടെങ്കിലോ എന്നോർത്ത്…. ഇന്നു ഐ.പി.സിയിലെ വല്യ വിരുതന്മാരെയൊക്കെ ഞാൻ പറയുന്നില്ല ഒന്നും… ഹഹഹ.. ഇവന്മാരൊക്കെ ഇവിടെ കിടന്നു താളം ചവിട്ടിയതൊക്കെ ഞാൻ ചിരിച്ചു മരിച്ചിട്ടുണ്ട്…
കാലചക്രം അതിവേഗം പാഞ്ഞു… ഫേസ്ബുക്കും ഇന്റർനെറ്റും ഗുഡ്‌ന്യൂസ്‌മൊക്കെ വന്നതോടെ നമ്മളുടെ കാലം കഴിഞ്ഞു…. ഇപ്പോൾ കണ്ടു സംസാരിക്കാനും, വളയ്ക്കാനും, ആലോചിക്കാനുമൊക്കെ സൗകര്യങ്ങൾ കൂടി… ഇപ്പോളത്തെ പിള്ളേരും തന്തയും തള്ളയുമൊന്നും കല്യാണക്കാര്യം പറഞ്ഞു എന്റെ ചോട്ടിലേക്കു വരാറില്ല… വല്ലപ്പോളും ആരെങ്കിലും വന്നാലായി…

എന്നാലിന്ന് കളം മാറി…. ഐപിസിയിലെ രാഷ്ട്രീയം തലയ്ക്കു പിടിച്ചവർ എന്റെ ചുറ്റും കൂടി…. അധികാരം ഉറപ്പിക്കാനുള്ള ഗൂഡ തന്ത്രങ്ങൾ എന്റെ ചുവട്ടിൽ ഉണ്ടാക്കപ്പെട്ടു… കാലുവാരലും പരദൂഷണവും ഒതുക്കലും വെട്ടലും ഒക്കെ ചർച്ചയിൽ ഉരുത്തിരിഞ്ഞു…. അപ്പുറത്ത് സ്തോത്രവും ഹല്ലേലുയ്യായും മുറുകുമ്പോൾ ഇവിടെ വെള്ളയിട്ടവർ കൂട്ടു സഹോദരനെ കരി തേയ്ക്കാനുള്ള ഗൂഢാലോചനയിലാണ്… എനിക്ക് വല്ലാത്ത സങ്കടം വന്നിട്ടുണ്ട്….. ഇതിൽ വല്യ പുള്ളികൾ കുറച്ചു കഴിയുമ്പോൾ ആ സ്റ്റേജിൽ കയറി അന്യഭാഷ പറയുന്നതും, ദൈവസ്നേഹം പറയുന്നതുമൊക്കെ കേൾക്കുമ്പോൾ പുശ്ചമാ തോന്നിയിട്ടുള്ളത് കുഞ്ഞുങ്ങളെ… നിങ്ങളെക്കാൾ ഒക്കെ വേർപാടും  വിശുദ്ധിയും സുവിശേഷവുമൊക്കെ ഞാൻ കേട്ടിട്ടുണ്ട്… ജീവിതത്തിൽ പ്രയോഗികമാക്കിയ പിതാക്കന്മാരെ കണ്ടിട്ടുമുണ്ട്…

ഇന്നു 94മത് കൺവൻഷന് കാണുവാനും എനിക്ക് ദൈവം ഭാഗ്യവും ആയുസ്സും നൽകി… എല്ലാം വ്യത്യസ്തമായി… പന്തലും ശബ്ദവും ആളുകളും പ്രസംഗവും പാട്ടും എല്ലാം മാറ്റം… ഇപ്പോൾ കുറെ ചെറുപ്പക്കാർ എന്റെ ചുറ്റും വരാറുണ്ട്… അവർക്കു കൗതുകം, കല്യാണമാവിനെ കാണുമ്പോൾ,..
ഒരു കൂട്ടർ കയ്യിൽ തോണ്ടുന്ന എന്തോ സാധനം കൊണ്ട് വരും… അവരും ഭയങ്കര ചർച്ചയാണ്…. അന്തി ചർച്ച… നേതാക്കന്മാരെ കുറ്റം പറയുകയാണ്… കുമ്പനാട്ട് ആത്മീയം ഇല്ല പോലും… ഈ പുള്ളികൾ ഒറ്റ ദിവസം പോലും പന്തലിനകത്തു കയറിയിട്ടില്ല… പ്രസംഗം കേട്ടില്ല… ഇങ്ങനെ കടലയും കൊറിച്ചു കൊണ്ട് സ്റ്റാളുകൾ തോറും കയറിയിറങ്ങി അവസാനം എന്റെ ചുവട്ടിൽ വരും… ഫേസ്ബുക്കിൽ ലൈക്ക് കിട്ടിയെന്നോ കമന്റ് കിട്ടിയെന്നോ ഒക്കെ പറഞ്ഞു വീരവാദം മുഴക്കുന്നുമുണ്ട്…. ഇന്നും എന്തെങ്കിലും കുറ്റം കിട്ടാതിരിക്കില്ല… പിതാക്കന്മാരുടെ കാലത്തെ ആത്മീയത ഇല്ലെന്നു തട്ടിയാൽ ലൈക്‌ കൂടുമത്രേ… ഞാൻ മനസ്സിൽ ചിരിച്ചു, പിതാക്കന്മാർ ഉണ്ടായിരുന്നെങ്കിൽ ഇവന്മാരെ ആദ്യം ഓടിച്ചിട്ട്‌ തല്ലിയേനെ, ചാട്ടവാറിന് അടിച്ചു പുറം പൊട്ടിച്ചേനെ… കഷ്ടം ! സദാസമയവും ഫോണിൽ കളിച്ചിട്ട് ലൈക്കിനും കമന്റിനും കപട ആത്മീയത പറയുന്ന അവിശുദ്ധന്മാർ… ഒരു സെഷനിലെങ്കിലും അകത്തു കയറി പാട്ട് പാടി ആരാധിച്ചിരുന്നെങ്കിൽ, പ്രസംഗം കേട്ടിട്ട് ആരോഗ്യപരമായ വിമർശനങ്ങൾ നടത്തിയെങ്കിൽ നല്ലതായിരുന്നു…
എന്റെ അത്രയും പോലും പാരമ്പര്യം പറയാനില്ലാത്തവന്മാരാണ് പിതാക്കന്മാരുടെ ആത്മീയത പറയുന്നത്…

ങ്ങാ പോകട്ടെ…. അങ്ങനെ നിരവധി അനുഭവങ്ങളുമായി, നേതാക്കന്മാരുടെ കനിവിൽ ഞാൻ ഇങ്ങനെ ഒരുങ്ങി നിൽക്കുന്നു.. ഏത് സമയത്തും കോടാലി ചുംബിച്ചെക്കാം… പെന്തക്കോസ്ത് ദൈവത്താൽ സ്ഥാപിതമാണെന്നു എനിക്ക് നന്നായറിയാം… അതു തകരുകയില്ല അനീതി ചെയ്യുന്നവരോട് ദൈവം ചോദിക്കും.. തീക്ഷണതയോടെ നിങ്ങൾ ജീവിക്കുക… നമുക്ക് നല്ല മാതൃക വെച്ചിട്ട് പോയ പിതാക്കന്മാരെ സ്മരിച്ചു കൊണ്ട് നന്നായി ജീവിതത്തിൽ പ്രയോഗികമാകുക. ആദ്യ കാലങ്ങളിലെപ്പോലെ ഒരു കൺവൻഷനും കൂടി കണ്ടിട്ട് കണ്ണടച്ചാൽ മതിയായിരുന്നു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.