ലേഖനം: തുറന്ന പാണ്ടികശാലകൾ | ജിജോ തോമസ്

തുറന്ന പാണ്ടികശാലകൾ
ഉല്പത്തി 41:56,57.

യോസേഫ് പാണ്ടികശാലകൾ ഒക്കെയും തുറന്നു… സകലദേശക്കാരും ധാന്യം കൊള്ളുവാൻ യോസേഫിന്റെ അടുക്കൽ വന്നു…

മണിക്കൂറുകൾക്കു മുൻപ് മറക്കാൻ ആഗ്രഹിച്ച / വാക്കുകൾ കൊണ്ട് സന്തോഷം പറഞ്ഞു വർണ്ണിക്കാൻ കഴിയാത്ത ഒരു വർഷം കഴിഞ്ഞു…
നേട്ടങ്ങൾ, കോട്ടങ്ങൾ, വീഴ്ചകൾ, ഉയർച്ചകൾ… അങ്ങനെ പോകുന്നു നാഴികക്കല്ലുകൾ പോലെ…
എന്നാൽ ഒരു ദൈവപൈതലിനു “ദൈവം നല്ലവൻ ” എന്നു പറയാൻ സാധിച്ചു.

പുതിയ സംവത്സരത്തിലേക്കു പ്രവേശിച്ചിരിക്കുന്ന നാം പുതിയ തീരുമാനങ്ങൾ ഉൾപ്പെടെയുള്ള പല കാര്യങ്ങൾക്കു ശ്രദ്ധ ചെലുത്തുവാൻ മനസ്സ് ഉറപ്പിച്ചു. ദൈവത്തിന് മഹത്വം.
ആ തീരുമാനങ്ങൾക്കു മുതൽക്കൂട്ടായി ക്രിസ്തുവിൽ ദൈവ വചനത്തിൽ ക്ഷാമം നേരിടുന്ന ഈ കാലത്തു നാം ഓരോരുത്തരും പാണ്ടികശാലകൾ ആകുവാൻ കർത്താവിൽ ഉത്‌ബോധിപ്പിക്കുന്നു
അർഹത ഇല്ലാത്ത സ്ഥാനത്തു ദൈവം യോസേഫിനെ മാനിച്ചു, അനുഗ്രഹിച്ചു. ആ കാലത്തു ഭൂമിയിൽ എങ്ങും പട്ടിണി വ്യാപിച്ചിരുന്നു,
എന്നാൽ ക്ഷാമം പിടിച്ച ആ കാലത്തു യോസേഫ് ചെയ്തത് പാണ്ടികശാലകൾ തുറന്നു കൊടുത്തുകൊണ്ട് അവരുടെ ക്ഷാമം ശമിപ്പിക്കുകയായിരുന്നു. ഇന്നും ലോകം ക്ഷാമം നേരിടുന്നു, സമാധാനത്തിന്റെ ക്ഷാമം, പരസ്പര സ്നേഹത്തിന്റെ, പരോപകാരത്തിന്റെ അങ്ങിനെ പലവിധ ക്ഷാമങ്ങൾ. ഒരു ക്ഷാമം ഉണ്ടാകുമ്പോൾ ജനം കഷ്ട്ടത്തിൽ, കഠിനവേദനയിൽ, വിദ്വെഷത്തിൽ ആകുന്നു. മുൻപിൽ കാണുന്നത് മരണം, മരണം മാത്രം. അങ്ങനെ ഉള്ള ലോകത്തിൽ ദൈവം ചില പാണ്ടികശാലകൾ ഉണ്ടാക്കുന്നു. യോസേഫിന്റെ കാലത്തു പാണ്ടികശാലകൾ ധാന്യം കൊണ്ട് നിറഞ്ഞതായിരുന്നു. അങ്ങനെതന്നെ ആകണം നമ്മുടെ ഹൃദയവും. ഹൃദയം മുഴുവൻ ധാന്യം കൊണ്ട് നിറഞ്ഞതു…. ഒരു പാണ്ടികശാലയിൽ ധാന്യങ്ങൾ വിവിധ തരത്തിൽ ഉള്ളതാണ്, വ്യത്യസ്ത തരത്തിലുള്ള ധാന്യങ്ങൾ ഉണ്ട് എങ്കിലും എല്ലാറ്റിന്റെയും ഉദ്ദേശം ക്ഷാമം മാറ്റുക എന്നുള്ളതാണ്. കൃപ, അനുഗ്രഹങ്ങൾ, ദയ, മനസ്സലിവ്, സമാധാനം മുതലായ ധാന്യങ്ങൾ ഈ ലോകത്തിൽ മനുഷ്യൻ ആഗ്രഹിക്കുന്നതാണ്. അതുകൊണ്ട് നമ്മുടെ ഹൃദയം മറ്റൊരുവന്റെ വിശപ്പ്‌ അടക്കാൻ കഴിയുന്നതാകണം
ഇന്ന് ലോകത്തിൽ സമാധാനം, സന്തോഷം എന്നിവ ആഗ്രഹിക്കുന്നവർ, അനവധിയാണ്, അവർ അടുത്തുവന്നു ഞങ്ങൾക്ക് യാതൊരു സമാധാനം ഇല്ല, നിങ്ങളെ കണ്ടാൽ സമാധാനം നിറഞ്ഞവരെ പോലെ തോന്നുന്നു, ദയവായി സമാധാനത്തിനുള്ള മാർഗം ഞങ്ങൾക്കും കാണിച്ചു തരുമോ എന്ന് ചോദിക്കുമ്പോൾ നമ്മുടെ ഹൃദയം ആകുന്ന പാണ്ടികശാല തുറന്നു കൊടുക്കാൻ നാം തയ്യാറാകണം.

ഈ ലോകം യഥാർത്ഥസമാധാനത്തിനായി വിശക്കുന്നു. ലോകസ്നേഹം മോഹത്തിൽ അധിഷ്ഠിതം. ആ മോഹം പാപത്തിൽ കൊണ്ട് എത്തിക്കുന്നു.
ഒരു ദൈവപൈതലിനു മാത്രമേ നിരുപാധികമായ, അമാനുഷികമായ, ക്ഷമിക്കുന്ന, തോൽക്കാത്ത അഗാപ്പെ സ്നേഹം എന്താണെന്നു തിരിച്ചറിയാൻ കഴിയുള്ളു. അതു നാം കൊടുക്കാൻ ബാധ്യസ്ഥരാണ്. അതെ യേശു പറഞ്ഞു എന്റെ സമാധാനം നിങ്ങൾക്കു തന്നേച്ചു പോകുന്നു.
ആത്മീയലോകത്തിലും ക്ഷാമം ഉണ്ടാകുന്നു- ഉപദേശത്തിൽ, അടിസ്ഥാനത്തിൽ. ഉപദേശത്തിൽ ക്ഷാമം ഉണ്ടായാൽ അന്ധത പിടിക്കുന്നു, അതു നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത് അടിസ്ഥാനം ഇല്ലാതെ ശരിയേത് /തെറ്റേത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യത്തിലേക്കാണ്. അന്ധത പിടിച്ച ലാവോദിക്യ സഭ പറയുന്നു.
*ഞാൻ ധനവാൻ,
*സമ്പന്നനായിരിക്കുന്നു
*എനിക്കു ഒന്നിനും മുട്ടില്ല എന്നു പറയുന്നു.
ഈ സ്വയം പ്രശംസയിൽ ആനന്ദം കാണുന്ന സഭയോട് ദൈവ സൃഷ്ടിയുടെ ആരംഭം ആയവൻ പറയുന്നത് :-
*നിർഭാഗ്യവാൻ
*അരിഷ്ടൻ
*ദരിദ്രൻ
*കുരുടൻ
*നഗ്‌നൻ.
ആത്മീയതയുടെ പുറമോടിയിൽ സ്വയം തിരിച്ചറിയാൻ കഴിയാതെ പോകുമ്പോൾ ആത്മീയ ദാരിദ്ര്യം നമ്മെ കൊണ്ടെത്തിക്കുന്നത് ആത്മീയ മരണത്തിലേക്ക് ആണ് അതു കാരണം നാം നിത്യതയുടെ അവകാശത്തിൽ നിന്നും തള്ളപ്പെടുന്നു.
പ്രിയരേ, നാം എവിടെ ആണ് നിൽക്കുന്നത് ???
ആത്മീയലോകത്തിൽ/ക്രൈസ്തവ ലോകത്തിൽ ദൈവം ആഗ്രഹിക്കുന്ന പാണ്ടികശാലകൾ ആകാൻ കഴിയുമോ??? ഒരു പാണ്ടികശാല ഉപകാരപ്രദം ആകണമെങ്കിൽ നേരത്തെ തന്നെ അതിൽ ധാന്യം നിറഞ്ഞിരിക്കണം. നിങ്ങളിൽ ആ നിറവ് ഉണ്ടാകണം എന്നു ഞാനും കർത്താവിൽ ആഗ്രഹിക്കുന്നു. ഓബദ്യാവു 21 ൽ നമ്മൾ രക്ഷകന്മാർ എന്നു വിളിക്കപ്പെടുന്നു.
മുഴുലോകവും ക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്നു, അതെ പത്യോപദേശത്തിന്റെ ക്ഷാമം (ആമോസ് 8:11). അതുകൊണ്ട് പുതിയനിയമ യോസേഫുമാരാണ്‌ ഈ കാലത്തു ഏറ്റവും അത്യാവശ്യം.
ഒരു സ്വപ്നകാരൻ, സ്വപ്നം കാരണം സഹോദരന്മാരുടെ ശത്രു. ലോകത്തിന്റെ ഇംഗിതത്തിനു വഴങ്ങാത്ത വിശുദ്ധിയുടെ പ്രമാണം മുറുകെപ്പിടിച്ചു, പോത്തിഫറിന്റെ മടയ കോപത്തിൽ കാരാഗൃഹവാസം. അങ്ങനെ വ്യത്യസ്തങ്ങളാകുന്ന വസ്ത്രത്തിനു ധരിക്കാൻ വിധിക്കപെട്ടവൻ… അവിടെയെല്ലാം ജയിച്ച യോസേഫ് സുഭിക്ഷതയുള്ള സംവത്സരത്തിൽ ലഭിച്ച /ശേഖരിച്ച ധാന്യം ക്ഷാമ കാലത്തു ഉപയോഗിച്ച് മരണം ഒഴിവാക്കിയപോലെ…. ഈ കൃപയുഗത്തിൽ ഒരു യോസേഫ് ആകാൻ കർത്താവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു. ക്ഷാമകാലത്തു നാം മറ്റുള്ളവർക്ക് ദൈവീക സ്നേഹവും ആഴമേറിയ ഉപദേശ സത്യങ്ങളും നൽകുവാൻ നമ്മുടെ പാണ്ടികശാലകൾ തുറക്കാം. അതിനായി നമ്മെ തന്നെ ഒരുക്കാം.

കർത്താവായ യേശുക്രിസ്തുവിന്റെ കൃപ എല്ലാരോടും കൂടെയിരുന്നു തന്റെ ഹിതം നിറവേറുവാൻ വീഴാതവണ്ണം സൂക്ഷിച്ചു തന്റെ നിത്യ തേജസ്സിനായി വിളിച്ചിരിക്കുന്നതിനാൽ പരിശുദ്ധത്മാവിന്റെ കൂട്ടായ്മയിലും ദൈവത്തിന്റെ സ്നേഹത്തിലും നടത്തുമാറാകട്ടെ. ആമേൻ

– ജിജോ തോമസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.