ലേഖനം:മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? | റോജി ഇലന്തൂർ

ഒരു നാൽപതു നാൽപത്തഞ്ചു വർഷങ്ങൾക്കു മുൻപ്‌…

ഒന്നുകൂടെ കൃത്യമായി പറഞ്ഞാൽ ക്രിസ്തുവർഷം ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയഞ്ച്‌. നാട്ടുകാർ അതിനെ കൊല്ലവർഷം എന്നു വിളിച്ചുപോന്നു. എവിടെയും പട്ടിണിയും പരിവട്ടവുമുള്ള കൊയ്ത്തും മെതിയും ഒക്കെയുള്ള ഒരു കാലം. പകലന്തിയോളം മണ്ണിനോടു മല്ലടിച്ച്‌‌ ആടിനെയും കോഴിയെയും പശുവിനെയും ഒക്കെ മേയിച്ച്‌ വളർത്തി അദ്ധ്വാനിച്ച്,‌ കാളവണ്ടിയിലും വള്ളത്തിലും ഒക്കെ ചന്തയിലും മറ്റും പോയും കുടുംബം പോറ്റി പോന്നിരുന്ന ഒരു നല്ലകാലം. അന്നൊക്കെ കൂട്ടുകുടുംബങ്ങൾ ധാരാളം‌ ഉണ്ടായിരുന്നു. സമത്വവും സാഹോദര്യവും സമന്വയിച്ചിരുന്ന നല്ലനാളുകൾ.
അന്ന്, ദൈവമക്കൾ എന്നു പറഞ്ഞാൽ.. അവർ വലിയ കരുതലും ദൈവസ്നേഹവും നിറഞ്ഞവരായിരുന്നു. അവർ പരസ്പരം കാണുമ്പോൾ പുറമെ ചുക്കിചുളുങ്ങിയെങ്കിലും മുഖം അകത്തെ പ്രത്യാശയുടെ പൊൻകിരണങ്ങളാൽ ഉദിച്ചുയർന്നപോലെയുള്ള ശോഭയും ആ സാഹോദര്യവും.. പരസ്പരം കാണുമ്പോൾ സ്നേഹചുംബനങ്ങൾ കൈമാറി “മാറാനാഥാ, നമ്മുടെ കർത്താവ്‌ വേഗം വരുന്നു!” എന്നും പറഞ്ഞിരുന്നു. ആരാധനയ്‌ക്കു പോകുന്നതും കൂട്ടായ്മ കൂടുന്നതും വണ്ടിയും വള്ളവും ഇല്ലെങ്കിലും ഏതു പാതിരാത്രിയിലും ചൂട്ടുംകെട്ടി കത്തിച്ച്‌പിടിച്ച്‌ വീശി വീശി പോയിരുന്ന അപ്പച്ചന്മാരുടെ കാലഘട്ടം. എത്ര മനോഹരമായിരുന്നു സത്യസുവിശേഷം പ്രഘോഷിച്ചും വിശുദ്ധിയെ തികച്ചും കർത്താവിന്റെ വരവിനെ കാത്തിരുന്നും പോയ ആ പഴയകാലം.

ഒരുപാട്‌ ഉദയങ്ങളും അസ്ത്മയങ്ങളും എല്ലാം‌ വേഗത്തിൽ കഴിഞ്ഞുപോയി. അതെ കാലങ്ങൾ മാറി, കാലാവസ്ഥകൾക്ക്‌ വ്യതിയാനം സംഭവിച്ചു. മഴയും ഹിമവും ഹിമയാവിയും.. പിന്നെ കാലങ്ങൾ തെറ്റി വരുവാൻ തുടങ്ങി.. കൊയ്ത്തുകാരെ പിന്നെ കാണാണ്ടായി.. വിതയും കൊയ്ത്തും ഇല്ലാണ്ടായി. ആണ്ടുകളും മാസങ്ങളും ഒരു വൃക്ഷത്തിന്റെ ശിഖരത്തിൽ നിന്ന് ശിശിരരാവിൽ ഇല കൊഴിയുമ്പോലെ വേഗത്തിൽ കൊഴിഞ്ഞുവീണു‌..

അതിനിടയിൽ അത്മീയമേഖലയിലും വ്യതിയാനങ്ങൾ സംഭവിച്ചു.

****************************************************************************************************

ഇന്ന്, ക്രിസ്തുവർഷം രണ്ടാരിയരിത്തിപ്പതിനെട്ട്‌ പടിക്കൽ എത്തി നിൽക്കിന്നു‌.. ഇന്നിന്റെ ഭാഷയിൽ പറഞ്ഞാൽ കാളവണ്ടിയുഗമൊക്കെ മാറി പഴയ അദ്ധ്വാനിച്ചും ബുദ്ധിമുട്ടിയും കർത്താവിനെ പാടിയും ആരാധിച്ചും കഴിഞ്ഞിരുന്ന അപ്പച്ചന്മാരുടെ കൊച്ചുമക്കളുടെ കാലം. അവർ ഇപ്പോൾ ‘ബ്ലൂവെയിൽ ഗെയിം’ കളിച്ചും, ‘സോംമ്പി ഡ്രഗ്‌’ കയറ്റിയും വാട്‌സാപ്പും ഫേസ്ബുക്കും തോണ്ടിയുമൊക്കെ ഇരിക്കുന്ന ചുള്ളൻ പയ്യന്മാരുടെ കാലം. മനുഷ്യനിന്ന് മനുഷ്യനോട്‌ ഇടപഴകുവാൻ ശാസ്‌ത്രസാങ്കേതിക വിദ്യകളും ആപ്പുകളും ഇല്ലാതെ ആവില്ലെന്നായി. അതൊക്കെ ഇന്ന് ശരീരത്തിലെ അവയവങ്ങൾ പോലെയായി മാറിക്കഴിഞ്ഞിരിക്കുന്നു. ‘മാറാനാഥാ’ പറഞ്ഞിരുന്നവരുടെ തലമുറകളും അവരുടെ കൊച്ചുമക്കൾക്കും ഇന്ന് അത്‌ പറയുന്നത്‌ പോയിട്ട്‌ കേൾക്കുന്നത്‌ അരോചകമായിരിക്കുന്ന ഇരുപത്തൊന്നാംനൂറ്റാണ്ട്‌. ദൈവമക്കളെയും ദൈവദാസന്മാരെയും കണ്ടാൽ കണ്ട ഭാവം നടിക്കാതെ മാറി നടന്നകന്നു പോകുന്ന ഒരു ദുഷ്‌കാലം. അരികിൽ ഇരിക്കുന്നവരെ പോലും ഇന്ന് കാണാൻ കണ്ണില്ലാത്തവരായി. പണ്ടത്തെ ആ സ്നേഹവും സാഹോദര്യവും ആത്മാർത്ഥതയും ഉള്ള അസൂയയും കുശുമ്പും കുന്നായ്മയും ഒന്നുമിലാത്ത പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും ഒരു നല്ലകാലം അതെവിടെയോ നമുക്ക്‌.. അതെ, നമ്മുടെ തലമുറകൾക്ക്‌ കൈമോശം വന്നിരിക്കിന്നു‌. സ്നേഹം ഇന്ന് തണുത്തുറഞ്ഞ്‌ കട്ടപിടിച്ചിരിക്കുന്നു. ഇന്നു നാം എവിടെ നോക്കിയാലും രണ്ട്‌ ദൈവമക്കൾ കൂടി വരുമ്പോൾ ആ പഴയ ‘മാറാനാഥാ’ കേൾപ്പാനില്ല. പ്രത്യുത, നാം ഇന്ന് സംസാരിക്കുമ്പോൾ ചിലർ ഒരു ‘പ്രയ്സ്‌ ദ്‌ ലോഡ്‌’ പറഞ്ഞാലായി പറഞ്ഞില്ലേലായി. ഇപ്പോൾ ‘പ്രയ്സ്‌ ദ്‌ ലോഡ്’ പറയുന്നതൊക്കെ ഒരു ‘ഔട്ട്‌ ഓഫ്‌ ഫാഷനായി’ മാറ്റപ്പെട്ടു. ഇന്ന് ‘ചങ്ക്സും.. ബ്രോസും’ അടക്കിവാഴുന്ന കാലം. ഇപ്പോൾ സമൂഹത്തിൽ എവിടെ നോക്കിയാലും മറ്റൊരുവന്റെ കുറ്റവും കുറവും പറയുന്നത്‌ മാന്യതപോലെ കണക്കാക്കുന്ന ഒരു കാലത്തിൽ ഞാനും നിങ്ങളും എത്തി നിൽക്കുന്നു‌! ‘വിധിക്കുക’ അല്ലെങ്കിൽ ‘വിമർശിക്കുക’ എന്നത്‌‌ ഇന്നിന്റെ ഒരു സ്റ്റൈലോ ഫാഷനോ ഒക്കെയായി മാറി കഴിഞ്ഞിരിക്കുന്നു. ആർക്കും അതിൽ അൽപമ്പോലും ദൈവഭയം തൊട്ടുതീണ്ടിയിട്ടുമില്ല.

ഇന്ന്, ആത്മീയഗോളത്തെ തന്നെ അർബുദം പോലെ കാർന്നുതിന്നുന്ന അനേകരുടെ ആത്മീയശോഷണത്തിനും ചിലരുടെയെങ്കിലും പതനത്തിനും പിന്മാറ്റത്തിനും, അത്മമണ്ഡലത്തിൽ നിന്നു തന്നെ ചില ഒറ്റപ്പെട്ട തിരോധാനത്തിനു പോലും ചിലതിനു‌ വഴിവെട്ടുന്ന കാഴ്ച‌ നാം അധികം ആകും മുൻപേ കണ്ടതുമാണല്ലൊ. പ്രത്യേകിച്ച്‌ ഒന്നും തന്നെ ചെയാതെ ആരെങ്കിലും എന്തെങ്കിലും ചെയ്തതിനെയും പറഞ്ഞതിനെയും ഒക്കെയിരുന്ന് വിമർശിക്കാനും വിമർശിച്ച്‌ ശൂന്യമാക്കാനും സമൂഹമാധ്യമത്തിൽ കൊടുക്കാനും ഒരു ലജ്ജയുമില്ലാത്ത കാലം. അതുപോലെ ഏറ്റവും എളുപ്പത്തിൽ ‘പേരു വലുതാക്കാനും’ ഇന്നിന്റെ വിമർശകർക്കുള്ള അസാധ്യ കഴിവ്‌ അതൊന്നു വേറെ തന്നെ! അത്‌ എടുത്തു പറയാതെ വയ്യ.. ചിലതിനെയൊക്കെ അടച്ചാക്ഷേപിക്കുക.. എന്തിനും ഏതിനും ഒരു വിധിയെഴുത്ത്‌ കൽപ്പിക്കുക.. ഞാനാണിവിടെ അറിവുള്ളവൻ.. അർത്ഥമുള്ളവൻ.. അധികാരമുള്ളവൻ.. ഞാൻ മാത്രമേ ചിലതൊക്കെ അറിയാവൂ.. അറിയാൻ പാടുള്ളൂ.. ഞാൻ മാത്രമെ അതു ലോകത്തോടു പറയാവൂ.. എന്നൊക്കെയുള്ള മട്ടിൽ കണ്ട്‌ മറ്റുള്ളവരെ വെറും താറടിച്ച്‌ വെറും‌ നിസ്സാരന്മാരാക്കി കാണിക്കുക.. മറ്റുള്ളവന്റെ ശിരസ്സിൽ പാദങ്ങൾ അമർത്തി ചവിട്ടി ഉയരങ്ങൾ കീഴടക്കുന്നവർ! ഇതൊക്കെ ആണ് ഇന്നിന്റെ ഒരു ശരാശരി മലയാളിയുടെ വക്രഗതിയുള്ള ചിന്താഗതി എന്നു വേണമെങ്കിൽ പറയാം. ടെക്നോപാർക്കും ഇൻഫോപാർക്കും മെട്രോയും ഒക്കെ വന്ന് യാന്ത്രികമായി പോയ ജീവതവും യന്ത്രങ്ങളുമായി മല്ല് പിടിക്കുകയും ചെയുന്ന കാലത്ത്‌ മനുഷ്യമനസ്സു കല്ല് പോലെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളു?

ലോകസ്ഥാപനത്തിനും മുൻപെ ‘അരുണോദയപുത്രനായ ശുക്രൻ’ ഉയരത്തിൽ നിന്നും അഹങ്കരിച്ചു നിപതിച്ചതുപോലെ ‌ രണ്ടായിരത്തിനോടടുത്ത്‌ കാലത്ത്‌ ഒരു ‘മഞ്ഞപത്രത്തിന്റെ’ ചുവടുപിടിച്ച്‌‌ കുറ്റങ്ങളും കുറവുകളും കിണഞ്ഞു കണ്ടെത്തി ചിലതിന്റെയൊക്കെ ചിറകരിഞ്ഞ് ലോകരോടു വിളിച്ചോതുവാൻ പിശാച്‌ ഒരുവനെ ദൈവകരങ്ങളിൽ നിന്നും അടർത്തി എടുത്തുവെങ്കിൽ, ഇന്നിന്റെ ഈ നവീന ശാസ്ത്രസാങ്കേതിക യുഗത്തിൽ മഞ്ഞപത്രങ്ങളുടെ സ്ഥാനം സമൂഹമാധ്യമങ്ങളും ചില ക്രൈസ്തവ ജനതയും കൈയടക്കിയിരിക്കുന്നു. അവരുടെ തൂലികകൾക്ക് ‘ലൈക്കും കമന്റും ഷെയറും’ ഒക്കെ കൊടുത്ത്‌ പ്രോത്സാഹിപ്പിക്കുന്ന ചിലർ.. അന്ന്, യേശുദേവൻ തിന്മയെ വിട്ട്‌ നന്മയെ കൊള്ളാൻ അരുളിച്ചെയ്തെങ്കിൽ, ഇന്ന് ‘സ്വന്തജനം’ എന്നവകാശപ്പെടുന്നവർ നന്മയെ വിട്ട്‌ തിന്മയെ ഇരുകരവും നീട്ടി സ്വീകരിച്ചിരിക്കുന്നു.. ഇന്ന് നാം വചനപ്രകാരമോ, അതോ അതിനും അതീതരോ..? നാം ഇതു ചിന്തിക്കണ്ട സമയങ്ങൾ എന്നേ അതിക്രമിച്ചിരിക്കുന്നു. ഇനിയും വൈകിക്കൂടാ.

കാലങ്ങൾ മാറി.. യുഗങ്ങൾ കൊഴിഞ്ഞു, എന്നാൽ പിതാക്കന്മാർ വച്ചിട്ടുപോയതിൽ ഇത്ര മാത്രമേ ക്രൈസ്തവകൈരളിക്കു മാറ്റം സംഭവിച്ചിട്ടുള്ളു.. എന്നോർക്കുമ്പോൾ തികച്ചും ദു:ഖമുണ്ട്‌..

‘സമൂഹമാധ്യമം’ എന്നു പേർ പറയപ്പെടുന്ന ഫേസ്ബുക്കിലൂടെയും വാട്സ്‌ ആപ്പിലൂടെയും തലനാരിഴ കീറി നിശിതമായി വിമർശിക്കുന്ന ഒരു വല്ലാത്ത കാലം! ‌വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ശുശ്രൂഷകനെന്നോ അതിന് ഇന്നു വേർതിരിവുകളില്ല. എഴുതാൻ കഴിവില്ലെങ്കിൽ ‘കാശെറിഞ്ഞ്‌ എഴുതിച്ചും’ അതുമല്ലെങ്കിൽ ചിലതൊക്കെ ‘ലൈവായി’ പറഞ്ഞും പറഞ്ഞുപിടിപ്പിച്ചും കോറിയിട്ടും ഒരുവനെ തേജോവധം ചെയ്‌വാനും മടി കാണിക്കാത്ത നവീനയുഗത്തിലെ ഒരു പൊതു മാധ്യമസ്വാതന്ത്ര്യം! ‘വാളെടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട്‌’ എന്ന രീതിയിൽ ഉള്ള മാധ്യമപ്രവർത്തനം. അതിനു നാം ന്യായീകരണം കൊടുക്കുന്ന പരിവേഷത്തിന്റെ പേരാണ് ‘സാമൂഹികപ്രതിബദ്ധത!’ ആവശ്യത്തിനും അനാവശ്യത്തിനും ആരെന്നൊ എന്തെന്നോ എന്തിനെന്നോ ചിന്തയില്ലാതെ അഭിപ്രായം പറയുന്ന ഒരു ‘വിശുദ്ധ’ അന്ത്യകാലം!!

വിമർശനം നല്ലതാണ്. എന്നാൽ അത്‌ ആരോഗ്യപരമായിരിക്കണം എന്നു മാത്രം. വിമർശകർ വിമർശിക്കുന്ന വിഷയത്തിൽ അഗ്രഗണ്യന്മാരായിരിക്കണം എന്തിലും ഏതിലും. അങ്ങനെയുണ്ടെങ്കിൽ വിമർശിക്കാം.. ആർക്കും തെറ്റു പറയാനാകില്ല. എന്നാൽ നമ്മിൽ ആരും തന്നെ പൗലോസിനെ പോലെ ജ്ഞാനനിപുണതയോടെ ഗമാലിയേലിന്റെ പാദപീഠത്തിൽ ഇരുന്ന് പഠിച്ചറിവു നേടിയ ചരിത്രമേതുമില്ല.

‘നിങ്ങൾ വിധിക്കരുത്’‌ (യേശു; മത്തായി 7:1); ‘സഹോദരനെ വിധിക്കുന്നതെന്ത്‌?’ (അപ്പൊസ്തലനായ പൗലോസ്‌; റോമർ 14:10); ‘അന്യോന്യം ദുഷിക്കരുത്‌,.. വിധിക്കരുത്‌’ (യാക്കോബ്‌; യാക്കോബ്‌ 4:12) എന്നും തിരുവെഴുത്ത്‌ നമ്മോടു പറയുന്നു. യേശുവും അപ്പൊസ്തലന്മാരും അരുളിച്ചെയ്ത ഉപദേശത്തിന്റെ അടിസ്ഥാനത്തിലും അനീതിയോടെയും ബാഹ്യമായത്‌ ചിലത്‌ നോക്കിയും കണ്ടും തെറ്റിദ്ധാരണയൊടു കൂടെ പക്ഷംപിടിച്ചും സ്വാർത്ഥമനോഭാവത്തോടെ സ്നേഹമില്ലായ്മയിലൂടെ വിധിക്കുന്നതിനെ കുറിച്ചാണ് യേശുദേവന്റെ ‘വിധിക്കരുത്‌’ എന്ന പദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌. ‘നിങ്ങൾ അന്യോന്യം കടിക്കുകയും തിന്നുകളയുകയും ചെയ്താലോ, ഒരുവനാൽ ഒരുവൻ ഒടുങ്ങിപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവീൻ’ (അപ്പൊസ്തലനായ പൗലോസ്‌; ഗലാത്യർ 5:15) എന്നു നമ്മെ ഓർപ്പിക്കുന്നു. സ്നേഹത്താൽ അന്യോന്യം സേവിപ്പാനും നമ്മെ അതിനു തൊട്ടുമുൻപ്‌ പ്രബോധിപ്പിക്കുന്നു. അതെ അധ്യായത്തിൽ തന്നെ ‘നാം അന്യോന്യം പോരിനു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുത്‌’ എന്നും കൂടെ ഓർപ്പിക്കാൻ മറന്നില്ല.

‘ന്യായപ്രമാണത്തിൽ ഏത്‌ കൽപന വലിയത്?’‌ എന്ന് ചോദ്യം ഉയർന്നപ്പൊഴും ‘നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കണമെന്നും അതിനോടു സമമായ മറ്റൊരു കൽപന ‘കൂട്ടുകാരനെ നിന്നെപോലെ തന്നെ സ്നേഹിക്കണം’ എന്നതായിരുന്നു. ‘സ്നേഹം’ എന്നൊരൊറ്റ പദത്തിലേക്ക്‌ ന്യായപ്രമാണത്തെ ചുരുക്കി കാണിച്ച ഗുരുനാഥൻ. അതേ സ്നേഹത്തിൽ തന്നെ ഒരുവനെ മറ്റൊരുവനെക്കാൾ ശ്രേഷ്ഠനായി എണ്ണാനുള്ള കണ്ണ് ക്രിസ്തുവിന്റെ അനുയായികൾക്ക്‌ ഇല്ലാത്തപക്ഷം നാം പേരുകൊണ്ടും വാക്കുകൾ കൊണ്ടും‌ ക്രിസ്ത്യാനികളത്രെ. എന്നാൽ പ്രവർത്തികൾകൊണ്ട്‌ നാം ക്രിസ്ത്യാനിയുടെ ഗുണനിലവാരത്തിൽ നിന്നും എത്രയോ കാതം അകലെയാണ് എന്ന ചിന്ത വായനക്കാരനു വിട്ടുതരുന്നു.

നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന അധികാരം നാം പലപ്പോഴും ഉപയുക്തമാക്കാതെ നമ്മെ ഭരമേൽപ്പിക്കാത്ത പലതിനു പിന്നാലെയും നാം പായുന്നു എന്നത്‌ നാം ഒരുപക്ഷെ അംഗീകരിക്കപ്പെടാത്ത ഒരു സത്യമാകാം. അനാവശ്യമായി ഒരുവനെ വിധിക്കുന്നതു കൊണ്ടോ വിമർശിക്കുന്നതു കൊണ്ടൊ നമുക്കുണ്ടാകുന്ന ഒരുതരം സുഖം.. അതു വെറും ഭ്രാന്താണ്.. ഭ്രാന്തമാണ്, എന്തിനോടോ ഉള്ള അവേശമാണ്. അല്ലെങ്കിൽ കുപ്രസിദ്ധി നേടാനുള്ള കുറുക്കുവഴികളിൽ ഏറ്റവും താഴേക്കിടയിൽ ഉള്ളതിൽ ചിലത്‌ മാത്രം. മറ്റുള്ളവരെ നശിപ്പിക്കുകയും താറടിക്കുകയും ചെയുമ്പോൾ നാം മറന്നുപോകുന്ന ഒരു സത്യമുണ്ട്‌ – ‘വാൾ എടുക്കുന്നവൻ വാളാൽ’ എന്നുള്ളത്‌. കഴിഞ്ഞ കാലങ്ങളിൽ പ്രകാശം പരത്തിക്കൊണ്ട്‌ ഉദിച്ചുയർന്ന നക്ഷത്രങ്ങൾ പലതും പിന്നത്തേതിൽ കുറ്റം പറഞ്ഞുകൊണ്ട്‌ അന്ധകാരനിശീഥിനിയിൽ പോയ്‌ മറഞ്ഞത്‌ നാം കണ്ടിട്ടും എന്തേ നാം ഇങ്ങനെ? നമ്മെ കർത്താവ്‌ വിളിച്ചിരിക്കുന്നത്‌ ‘അവന്റെ സദ്ഗുണങ്ങളെ ഘോഷിക്കാനാണ്’, എന്നാൽ നാം ഇന്ന് ചെയുന്നതോ ‘മറ്റുള്ളവരുടെ ദുർഗ്ഗുണങ്ങളെ വിളിച്ചോതുവാനും’. നാം എവിടെ നിന്നൊക്കെയോ മടങ്ങിവരേണ്ടി ഇരിക്കുന്നു. ശരിയല്ലേ..?

കർത്താവ്‌ ന്യായാധിപതി ആകയാൽ ആരെയും വിധിപ്പാനുള്ള അധികാരം മനുഷ്യർക്കില്ല. മറ്റൊരുവനെ വിധിപ്പാനും വിമർശിപ്പാനും നമുക്കാരാണ് അധികാരം കൈമാറിയത്‌? അനാവശ്യമായി വിധിക്കുവാനോ വിമർശിക്കുവാനോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്ക കൊണ്ട്‌ നമുക്കുണ്ടാകുന്ന നേട്ടം ഒരുപക്ഷെ നൈമിഷീകമാകാം. അതൊരുവന്റെ ജീവിതത്തെയും ശുശ്രൂഷയെയും തകർക്കുമെന്നുള്ള ദുരന്തപൂർണ്ണമായ വസ്തുത നാം എന്തേ മനസ്സിലാക്കാതെ പോകുന്നു? നാം ഓരോരുത്തരും കർത്തൃസന്നിധിയിൽ ഓരോന്നിനും എണ്ണിയെണ്ണി കണക്കുബോധിപ്പിക്കേണ്ടി വരും എന്നുള്ളത്‌ വളരെ ഗൗരവപൂർവം നാം ചിന്തിക്കേണ്ടതത്രെ. അപരനെ വിരൽ ചൂണ്ടുവാനാണ് ഇന്നിന്റെ ആധുനികസംഹിതകൾ നമ്മെ പഠിപ്പിക്കുന്നതെങ്കിലും എല്ലാം കാണുന്ന.. എല്ലാം അറിയുന്ന.. എല്ലാം കേൾക്കുന്ന.. എല്ലാം ഒരു നാളിൽ വെളിച്ചത്തു കൊണ്ടുവരുന്ന.. ആ നാളുകൾ അടുത്തിരിക്കുന്നു എന്ന യാഥാർത്ഥ്യം നാം വിസ്മരിച്ചുകൂടാ.

വാൽകഷണം:

വിശുദ്ധ തിരുവെഴുത്ത്‌ ഇന്നിന്റെ വിമർശകരോട്‌ ചോദിക്കുന്നൊരു ചോദ്യമിതാ.. “മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നിൽക്കുന്നതോ വീഴുന്നതോ സ്വന്തയജമാനനത്രെ; അവൻ നിൽക്കും താനും; അവനെ നിൽക്കുമാറാക്കുവാൻ കർത്താവിനു കഴിയുമല്ലോ..” (അപ്പൊസ്തലനായ പൗലോസ്‌, റോമർ 14:4)

അതെ, തെറ്റുകളില്ലാത്ത.. കുറ്റങ്ങളില്ലാത്ത.. കുറവുകളില്ലാത്ത.. മനുഷ്യരില്ല. ഒരുപക്ഷെ, ഒരുവന്റെ മേൽ ആരോപിക്കപ്പെടുന്നത്‌ ശരിയുമാകാം.. തെറ്റുമാകാം.. അല്ലെങ്കിൽ വെറും ഒരു ആരോപണവും ആകാം.. ഏതുമാകട്ടെ, എന്തുമാകട്ടെ.. ആരുടെയും തെറ്റുകൾ തിരുത്തപ്പടേണ്ടതാണ്.. ആരും തിരുത്തലുകൾക്ക് അതീതരല്ല. തെറ്റുകൾ ചെയുന്നവരെ മടക്കിവരുത്തേണ്ടതുമാണ്.. തിരുത്തേണ്ടതുമാണ്, എന്നാൽ അത്‌ വ്യക്തമായും വ്യക്തിപരമായും ആകണം എന്ന് മാത്രം. പൊതുസമൂഹത്തിലോ സമൂഹമാധ്യമത്തിലോ നാം അനേകർ കേൾക്കെ ദൂഷണം പറയുന്നത്‌ ആത്മലോകത്തിനു ഭൂഷണമല്ല. അങ്ങനെ ചെയുന്നപക്ഷം നാം അപരനെ വിധിച്ച്‌ അപരന്റെ അപരാധത്തിൽ കുറ്റക്കാരാവുകയാണ്.. കൂട്ടുചേരുകയാണ്.. നിത്യത നഷ്ടപ്പെടുംവണ്ണം അതു ദൈവമുൻപാകെ പാപമാണ് ദൈവപൈതലേ.. എന്ന് ഓർപ്പിച്ചുകൊണ്ട്‌.. കുറിച്ചുകൊണ്ട്‌ തൂലിക വിടുന്നു…

(ഈ ലേഖനത്തിലൂടെ ഒരു അനുവാചകനു മാറ്റം ഭവിച്ചാൽ സ്വർഗ്ഗം സന്തോഷിക്കുന്നതാണ്.)

ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ,

റോജി ഇലന്തൂർ ✍?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.