അയക്കപെട്ടവൾ

ബിജു ബെന്നി മോറിയ

മെറിന് പതിവിലും നേരത്തെ വിശന്നു. വിശപ്പിന്റെ ആധിക്യം വയറിനെ വേദനിപ്പിച്ചതിനാൽ വയറു പൊത്തിയവൾ ഉറക്കെ കരഞ്ഞു.

“എന്താടീ നാശമേ.. പതിവില്ലാത്ത ആക്രാന്തം. നിനക്കൊക്കെ ഉറങ്ങിക്കൂടെ. മനുഷ്യനെ മെനക്കെടുത്താതെ.”

വളർത്തമ്മയുടെ ശാപഗ്രസ്തമാർന്ന വാക്കുകൾ മെറിനെ നിശ്ശബ്ദയാക്കി. ഭയ ചകിതയായവൾ വായ്കൾ അടക്കി പിടിച്ചു ഇരുട്ടിനു കൂട്ടായി കിടന്നു. വിശപ്പിന്റെ ആധിക്യത്തിന് മുകളിൽ ഭീതിയുടെ മേൽക്കോയ്മ താണ്ഡവ നൃത്തം ചവിട്ടിയതിനാൽ പെതുക്കെ മയക്കമവളെ തലോടി.

രാവേറെ പോയതിനാലാകണം അലാറത്തിന്റെ ശബ്ദം മുറുകെയടിച്ചു ഞെട്ടി എഴുന്നേൽക്കും മുന്നേ, തലയിലെന്തോ പതിക്കുന്നതായി തോന്നി. വളർത്തച്ഛന്റെ കൈവിരലുകളായിരുന്നവ.

“കുറച്ചൂടെ ഉറങ്ങിയങ്ങു ആറുമാദിക്കെടി നീ…
നീ ഞങ്ങൾക്കൊരു തീരാ ശല്യമാണ്… “

ചെവിയോളം വെട്ടിയൊതുക്കിയ മുടിയിഴയിൽ പിടിച്ചയാൾ അവളെ വായുവിലുയർത്തി. ബലിഷ്ടമായ കൈത്തണ്ടയിൽ കിടന്നവൾ രണ്ടുവട്ടം കറങ്ങി.ശരീരം മുഴുവനിളകി. കീഴ്ത്താടിക്കേറ്റ ശക്തമായ പ്രഹരം അമർത്തി തടവി അവൾ ഭയവിഹ്വലയായി മുറിയുടെ മൂലയിലേക്കിരുന്നു. കൈകാലുകൾ നന്നേ വിറയാർന്നു. പേടിച്ചരണ്ടതിനാലാകണം നാവ് വറ്റി തുടങ്ങി. തൊണ്ടയുണങ്ങി വർധിച്ചതിനാൽ സ്വരം പോലുമുയർത്താൻ കഴിയാതായി. കൈയെത്തും ദൂരെത്തിരിക്കുന്ന നിറഗ്ലാസ് കൈപ്പിടിയിലൊതുക്കണമെന്നാഗ്രഹമുണ്ടെങ്കിലും ദേഹത്തേക്ക് പതിക്കുന്ന ദുഷ്ടതയുടെ പ്രഹരമോർത്തവൾ ഭയന്നു പിന്മാറി.

“ഇവളെ ഒഴിവാക്കാനെന്താണൊരു വഴി…
ഇവൾ വളർന്നുവന്നാൽ നമുക്കൊരു ശാപമായ് മാറും…”

അടക്കിപ്പിടിച്ച വർത്തമാനങ്ങൾ അവളെ കൂടുതൽ ഭീതിയിലാഴ്ത്തി.

ദൈനംദിനം പീഡനമുറകൾ ആണെങ്കിലും ഇന്നു കേൾക്കുന്ന വാക്കുകളിൽ എന്തോ അപസ്വരത്തിന്റെ മുഴക്കം പോലെ .

“ന്റെ അമ്മയുണ്ടായിരുന്നെങ്കിൽ…?

അവൾ വെറുതെ കൊതിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച അമ്മയോടവൾക്കു വെറുപ്പ് തോന്നി.കണ്ണുനീരിന്റെ വാക്കുകൾ ഉപേക്ഷിച്ചവർക്കു ശാപമായ് തീരുമെന്നു ഭയന്നവൾ മിഴിനീർ തുടച്ചു .എന്നുമവർ നന്നായിരുന്നാൽ മതി. സ്വന്തം കുടുംബത്തിന്റെ ഓർമ്മകളവൾ ബലികഴിച്ചു.

” ആദ്യമൊക്കെ എന്തു സ്നേഹമായിരുന്നിവർക്ക്. മഠത്തിൽ നിന്നും മാറോടുകോരിയെടുക്കുമ്പോൾ നിറഞ്ഞനയനങ്ങളിൽ നനവിന്റെ തുടിപ്പുകളുണ്ടായിരുന്നു. പിന്നെപ്പോഴാണവ മാഞ്ഞു പോയത്.?
എന്താണ് ഞാൻ ചെയ്ത തെറ്റ്…?
പ്രതീക്ഷകൾക്ക് എപ്പോഴാണ് ഞാൻ ഭാരമായി തുടങ്ങിയത്. ? തന്റെ വൈകല്യങ്ങളായിരിക്കുമോ കുറവുകൾ..?

“മോളെ… നീ അങ്ങുപോയി മിടുക്കിയായി തിരിച്ചു വരുമ്പോൾ ഈ അമ്മ ഉണ്ടാവുമോടി…? “

നിറകണ്ണുകളോടെ ഒക്കത്തിരുത്തി മഠം ‘അമ്മ യാത്രയയക്കുമ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു. മുലപ്പാൽ നുകരാത്ത അവൾക്കെന്നും നെഞ്ചിന്റെ ചൂട് പകർന്നു നൽകിയത് അവരായിരുന്നല്ലോ. മറ്റൊരു കൈകളിൽ വിശ്വസ്തതയോടെ ഏൽപ്പിക്കുമ്പോൾ പ്രതീക്ഷകളുടെഭാണ്ഡം മുറുകുകയായിരുന്നു.

ഓർമ്മകൾ വേരോടിയതറിഞ്ഞില്ല. സുഖമുള്ള ഓർമ്മകൾ അറിയാതെ ഒലിച്ചിറങ്ങിയപ്പോൾ നിറനയനങ്ങൾക്ക് അവ്യക്തതകൂടി. നേരത്തിന്റെ ആരകാലുകൾക്കു വേഗതകൂടിയതിനാലാകണം ജോലിയുടെ വ്യാപൃതി കഴിഞ്ഞു വളർത്തു മാതാപിതാക്കളെത്തി.

കണ്ടപാടെ വെറുപ്പാർന്ന മുഖത്തോടെ കാർക്കിച്ചു തുപ്പിയവർ മുറികൾക്കുള്ളിലേക്ക് കടന്നു പോയി. മുന്തിയ ബർഗറിന്റെയും
മനംകൊതിപ്പിക്കുന്ന ഭക്ഷണത്തിന്റെയും വശ്യമായ സുഗന്ധം മൂക്കിലേക്ക് അരിച്ചു കയറിയെങ്കിലും എന്തെങ്കിലും വേണോന്നു ചോദിക്കാതായവർ നിശക്ക് കൂട്ടൊരുക്കാൻ മുറിക്കകത്തേക്കു കയറി.

ബലഹീന കൈകാലുകൾക്ക് എഴുന്നേൽക്കാൻ കഴിവില്ലാത്തതിനാൽ അവരുറങ്ങിയെന്നു ഉറപ്പാക്കിയ ശേഷംപതുക്കെ നിരങ്ങി അടുക്കളയിലേക്കു ചെന്നു.
രാവേറെയായിട്ടും ഭക്ഷണപാനീയമില്ലാത്തതിനാൽ ശരീരം വല്ലാതെ നിർജ്ജലീകരണമായി. തൊട്ടടുത്തിരുന്ന ജലഭരണി വിറയാർന്ന കൈ ഉയർത്തി ചുണ്ടോടടുപ്പിച്ചതും വഴുതിയതു നിലംപതിച്ചു നാലുപാടും ചിതറി.ഭയവിഹ്വലതയാൽ പിഞ്ചു ഹൃദയം പിടഞ്ഞു കരഞ്ഞു നിലവിളിച്ചു.

രതിയുടെ വേഗതക്കു അപസ്വരം തടസ്സമായപ്പോൾ കോപാക്രാന്തരായി അവൾക്കു നേരേയവർ ചീറിയടുത്തു. പതിവുപോലെ ചെവിയോളം പാറിപ്പറക്കുന്ന മുടിയിലുയർത്തി വട്ടംച്ചുഴട്ടി രാത്രിയുടെ മറവിലേക്കെറിഞ്ഞു വാതിൽ വലിയൊരു ശബ്ദത്തോടെ വലിച്ചടച്ചു. ചെന്നുവീണ ആക്കത്താൽ തലയടിച്ചു മയങ്ങിയ ബാലിക വിധിയുടെ ബലിമൃഗമായി മാറി.
പെറ്റമ്മയുടെ നോവെന്തെന്നറിയാത്ത നരാധമയും സ്വന്തരക്തമല്ലാതിരുന്നിട്ടുകൂടി കൊല്ലാനായി വളർത്തിയെടുത്ത നീചനും പിറ്റേന്നെഴുന്നേറ്റു പ്രഭാതപത്രം ചുരുൾ നിവർത്തി നീട്ടി വായിച്ചു …

“പിഞ്ചു കുഞ്ഞിന്റെ ശവശരീരം ചെളിക്കുണ്ടിൽ നിന്നും കണ്ടെടുത്തു…”

മന്ദഹസിക്കുന്ന ചുണ്ടുകളിൽ യാതൊരു കുറ്റബോധവുമില്ലാതെയവർ പിറുപിറുത്തു…

“വേറൊരു അനാഥയെ ദത്തെടുക്കണം…” .

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.