ഭാവന : ‘അവൾ’ | റോജി ഇലന്തൂർ

‘അവൾ’ടെ പേരെനിക്ക്‌ ഇന്നും ഓർമ്മയില്ല. അല്ല, ശരിക്കു പറഞ്ഞാൽ എനിക്ക്‌ അവളുടെ പേരറിയില്ല, അതാണു വാസ്തവം. എനിക്ക്‌ അറിയാവുന്നതല്ലേ പങ്കുവയ്‌ക്കാൻ ആകൂ. അല്ലെങ്കിൽ തന്നെ ‘അവൾ’ടെ പേരറിഞ്ഞിട്ട്‌ എന്താ ഇപ്പോൾ കാര്യം..? ഫേസ്ബുക്കിൽ പോയി പരതാനോ.? അല്ലപിന്നെ..! അതുമല്ല, ഇപ്പോൾ ചില നാളുകളായി പേരു പറയാതെ ‘പ്രമുഖ’ എന്നൊക്കെ എഴുതുന്നതാണല്ലൊ അതിന്റെ ഒരു രീതി‌! ഞാനായിട്ട്‌ ഇനി അതിനൊരു മാറ്റം വരുത്തി എന്ന് ഇനി വേണ്ട.! പക്ഷേ ‘അവൾ’ ഒരു സാധാരണ സ്ത്രീ ആയിരുന്നു. അത്ര പ്രമുഖ ഒന്നുമല്ലായിരുന്നു.

‘അവൾ’ക്ക്‌ വീട്ടിൽ ആരൊക്കെയുണ്ട്‌ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. അല്ല, ഇപ്പോൾ ആരൊക്കെ ഉണ്ടായിട്ടെന്താ കാര്യം.? ആരെല്ലാം ഉണ്ടായാലും ചിലപ്പോൾ ആർക്കും പ്രവർത്തിപ്പാൻ കഴിഞ്ഞില്ലെങ്കിലോ ‘നമ്മെ’പോലെ..? പറയുമ്പോൾ എല്ലാം പറയണമല്ലൊ, അല്ലേ.. അതല്ലേ അതിന്റെ ഒരു ശരി..? തനിക്കുള്ളതെല്ലാം തന്നെ അവർക്ക്‌ കൊടുക്കാൻ ‘അവൾ’ക്ക്‌ മനസ്സായിരുന്നു. പക്ഷേ, ‘അവൾ’ടെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താകുകയായിരുന്നു എന്ന് ‘അവൾ’ക്ക്‌ മനസ്സിലായപ്പോൾ കാലം കുറെ മുന്നോട്ടായി‌. അപ്പോഴേക്കും ‘അവൾ’ക്ക്‌ എല്ലാം തന്നെ.. ഒന്നൂടെ കേറ്റി പറഞ്ഞാൽ.. എല്ലാവരും തന്നെ നഷ്ടം ആയിരുന്നു.. ഹാ ഇനിയിപ്പൊ നഷ്ടങ്ങളും ലാഭങ്ങളും തമ്മിൽ കൂട്ടിക്കിഴിച്ചിട്ടു എന്താ കാര്യം.? എല്ലാം കഴിയാറായില്ലെ.? പിന്നെന്താ.. അതെ, നിങ്ങൾ ചിന്തിച്ചതുപോലെ തന്നെ.. ‘അവൾ’ ഇന്ന് നിരാശയിലാണ്.. കടുത്ത നിരാശയിൽ.. ആധുനിക വൈദ്യശാസ്ത്രശാഖ അതിനെ ‘ഡിപ്രഷൻ’ എന്നൊക്കെ പറയുന്നു. അതെ, എന്തായാലും കൊള്ളാം.. അവൾ ഇന്ന് പുറത്തേക്ക്‌ ഇറങ്ങാറില്ല.. പുറം ലോകം കാണാറില്ല!!

‘അവൾ’ടെ നിരാശയുടെ കാരണം എന്താണെന്നല്ലേ..? ഞാൻ പറയില്ല. അതൊരുപക്ഷേ, ‘അവൾ’ക്ക്‌ ഇഷ്ടപ്പെട്ടില്ലെങ്കിലൊ..? വർഷങ്ങൾ ഒന്നും രണ്ടും ഒന്നുമല്ല ആയത്‌.. ഹാ അതൊക്കെ പറഞ്ഞിട്ടെന്തിനാ ഞാൻ നിങ്ങളെ ബോറടിപ്പിക്കുന്നത്‌, ശരിയല്ലേ..? അതിലും വലുത്‌ നമുക്ക്‌ പറയാനുള്ളപ്പോൾ..

‘അവൾ’ കൊച്ചുന്നാളിൽ പട്ടുപാവാടയും ബ്ലൗസും ഒക്കെയിട്ട്‌ അണിഞ്ഞൊരുങ്ങി ഇറങ്ങിയാൽ ആരും ഒന്നു നോക്കുമായിരുന്നു.. അതായിരുന്നു ‘അവൾ’. അന്ന് ‘ചുള്ളൻ പയ്യന്മാർ’ പലരും സൈക്കിളിൽ വന്നു ‘അവൾ’ടെ ഗെയിറ്റിൽ വന്നു മണിയടിക്കുന്നത്‌ ‘അവൾ’ ഒന്നു വന്നെങ്കിൽ എന്നാശിച്ചായിരുന്നു. (അവരെയും തെറ്റ്‌ പറയാൻ പറ്റില്ല. അവറ്റകളുടെ പ്രായവും അതേലാണല്ലൊ..)

‘അവൾ’ ഇന്ന് ചിന്താവിഷ്ടയാണ്. വർഷങ്ങൾ എത്ര വേഗമാണ് താളുകൾ മറിഞ്ഞത്‌..? എല്ലാം ഇന്നലെ എന്നപോലെ ‘അവൾ’ ഓർത്തെടുത്തു. ഒന്നും ‘അവൾ’ മറന്നിട്ടില്ല. ഇന്ന് പ്രതീക്ഷിക്കാൻ ഒന്നും തന്നെയില്ല. ഇന്ന് ശാരീരികമായും മാനസികമായും ‘അവൾ’ തീർത്തും അവശയാണ്.. എല്ലാനിലകളിലും.. ഒരുകാലത്ത്‌ ‘അവൾ’ക്ക്‌ എല്ലാരും ഉണ്ടായിരുന്നു. ഇന്നിപ്പോൾ ആരെയും ഒരു അന്തിക്കൂട്ടിനു വിളിച്ചാൽ പോലും കിട്ടില്ല. കാലം പോയ പോക്കേ.. (ഇത്‌ ‘അവൾ’ടെ മാത്രം കഥയല്ല, നമ്മുടെതും കൂടി ആകാം..)

‘അവൾ’ നിരാശയിൽ മുഴുകി ആ ഇരുണ്ട ഇടനാഴിയിൽ തലയും കുനിച്ച്‌ അങ്ങനെ ഇരിക്കുമ്പോൾ ആരോ ആ വഴി വന്നവർ ‘അവനെ’ കുറിച്ച്‌ പറഞ്ഞു. അതു നിങ്ങളാണോ..? എനിക്കറിയില്ല! എന്നാൽ എനിക്കൊന്നറിയാം ‘അവൾ’ ‘അവനെ’പറ്റി കേട്ടതും.. ‘അവൾ’ക്ക്‌ അവനെ കാണണമെന്നായി.. തൊടണമെന്നായി.. പിന്നെ.. എനിക്കൊന്നും പറയാൻ വയ്യേ.. (‘അവൾ’ക്ക്‌ വട്ടാണല്ലേ? എന്നു ചിന്തിക്കാൻ വരട്ടെ!)

‘അവൾ’ക്ക്‌ എവിടൊക്കെയോ ജീവൻ വയ്ക്കുകയായിരുന്നുവോ..? എനിക്കൊന്നും മനസ്സിലായിരുന്നില്ല. പൊടുന്നനവെ ആയിരിന്നു ‘അവൾ’ക്ക്‌ മാറ്റം ഭവിച്ചത്‌. പ്രതീക്ഷയുടെ തീനാമ്പുകൾ എവിടൊക്കെയോ സ്ഫുരിക്കുകയായിരുന്നുവോ ‘അവളിൽ’? പണ്ട്‌ വിശ്വസിച്ചവർ ഒക്കെയും പലപ്പോഴും പറഞ്ഞു പറ്റിച്ചപ്പോഴും ‘ഇവൻ’ അങ്ങനെ ചെയില്ല എന്നൊരു ഉറച്ച വിശ്വാസം. അത്‌ ‘അവൾ’ടെ വിശ്വാസം, അതല്ലെ എല്ലാം.?

‘അവൾ’ ആ ഇരുണ്ട ഇടനാഴിയിൽ നിന്നും പുറത്തേക്ക്‌ ഇറങ്ങി.. ചാടി എന്നു പറയുന്നതാകും ഒന്നൂടെ ശരി.. അതേ, ‘അവൾ’ടെ ചലനമറ്റ കാലുകൾ ഇതാ ചലിക്കുന്നു. പുറമെ ‘അവൾ’ ക്ഷയിച്ചവൾ തന്നെ, എന്നാൽ അകത്തെ ‘വിശ്വാസം’ അതൊന്നു വേറെ തന്നെ ആയിരുന്നു. അത്‌, പറയാതെ വയ്യ. ‘അവൻ’ മാത്രം ആയിരുന്നു ‘അവൾ’ടെ ലക്ഷ്യം.. ‘അവൻ’, അതെ അവനെപറ്റി ഒരുപാട്‌ ‘അവൾ’ കേട്ടിരിക്കുന്നു.. ‘അവൾ’ക്ക്‌ മരണത്തിനു മുൻപ്‌ ‘അവനെ’ ഒന്നു കാണണം എന്നൊരൊറ്റ ആശയേ ഇനി ഉള്ളൂ. അതെ, ‘അവൾ’ക്ക്‌ ‘അവൻ’ ആണ് ഇപ്പോൾ എല്ലാം എല്ലാം.. ‘അവൻ’ ഇല്ലാതെ ‘അവൾ’ ഇല്ലെന്നായി..

‘അവൾ’ ആ നട്ടുച്ചവെയിലത്തും നടക്കുകയാണ് വെയിലിന്റെ കാഠിന്യത അറിയാതെ.. പ്രതീക്ഷകളാണ് ‘അവളെ’ ‘അവനി’ലേക്ക്‌ ആനയിച്ചത്‌. അവനൊപ്പം ഒരായിരം പേർ അവിടെ ഉണ്ടായിരുന്നു.. ഹേയ്‌, എന്താ അവിടെയൊരു ആൾക്കൂട്ടം.? അതൊന്നും ‘അവൾ’ക്ക്‌ ഒരു പ്രശ്നമായിരുന്നില്ല. ‘അവൾ’ക്ക്‌ സാഹചര്യങ്ങളോ.. ജനക്കൂട്ടമോ.. ഒന്നും കാണാൻ കഴിഞ്ഞില്ല. ‘അവൾ’ ഒന്നു മാത്രമെ ശ്രദ്ധിച്ചുള്ളൂ.. അതെ, അവനെ മാത്രം.. ‘അവൾ’ അവനോട്‌ ഏറ്റവും അടുത്തു..

‘അവൾ’ അതിനിടയിലൂടെ ഊഴ്‌ന്നിറങ്ങി ആരും അറിയാതെ.. ആരാലും ശ്രദ്ധിക്കപ്പെടാതെ.. ഇടതുമാറി വലതുതിരിഞ്ഞ്‌ പിന്നിൽകൂടി.. അതെ, ‘അവൾ’ അവനെ തൊടുകയായിരുന്നു.. ഹൊ.. എന്തായിരുന്നു അത്‌..? ‘അവൾ’ക്കറിയില്ല.. പൊടുന്നനവെ ഒരു മഹാശക്തി ‘അവൾ’ലേക്ക്‌ പ്രവഹിക്കയായിരുന്നു.. അവനെ സ്പർശിക്കും മുൻപുള്ള ‘അവൾ’ അല്ല, സ്പർശിച്ചതിനു ശേഷമുള്ള ‘അവൾ’. ‘അവൾ’ ആകെ മാറിയിരിക്കുന്നു.. അതെ, അവളിൽ ആ സ്പർശനത്തിനു ശേഷം അവളിൽ വ്യാപരിച്ച മരണം വഴി മാറുകയായിരുന്നോ..? അതെ, ‘അവൾ’ ജീവനിൽ ആയിരുന്നു സ്പർശിച്ചത്‌.. അതെ അതൊരു അനുഗ്രഹത്തിന്രെ.. വിടുതലിന്റെ.. സൗഖ്യത്തിന്റെ.. മഹാശക്തിയായിരുന്നു. എല്ലാം ഒരു നൊടിയിടയിൽ സംഭവിച്ചു..! അതായിരുന്നു ‘അവൻ’.

വിശ്വാസം കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല.. അതെ, വിശ്വാസം, അതല്ലേ എല്ലാം.. ‘അവൾ’ വിശ്വസിച്ചതു പോലെ നമുക്കും ‘അവനെ’ ഒന്നു വിശ്വസിക്കാം.. അങ്ങനെയെങ്കിൽ നിങ്ങൾ പറയൂ, ‘അവൻ’ ആർ..?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.