ചെറുചിന്ത :അപ്പുപ്പൻ താടി | സാജൻ ബോവാസ്

ഒന്നും മനസിലായില്ല അല്ലേ. മനസിലാക്കാൻ കുറെ പിന്നിലേക്ക് പോകണം. നമ്മുടെ ചെറിയ പ്രായത്തിലേക്കു. കുട്ടി കാലം. കാറ്റത്തു പറന്നു നടക്കുന്ന തൂവെള്ള നിറത്തിൽ പഞ്ഞി പോലെ ഉള്ള അപ്പുപ്പൻ താടിയെ ഇപ്പോൾ ഓർമ വരുന്നില്ലേ. അതിനെ പിടിക്കുവാൻ അതിന്റെ പുറകെ ഓടാത്തവർ കുറവായിരിക്കും അല്ലേ. അതിനെ പിടിച്ചു കയ്യിൽ വച്ചു അതിന്റെ ഭംഗി ആസ്വദിച്ചു കുറച്ചു കഴിഞ്ഞു ഊതി വീണ്ടും പറപ്പിച്ചു വിട്ടു നോക്കി നിൽക്കുന്ന നമ്മുടെ ചെറിയ പ്രായം. കായയിൽ നിന്നു പൊട്ടി അപ്പുപ്പൻ താടി പറക്കാൻ തുടങ്ങുന്നു. കാറ്റത്തു പറന്നു തുടങ്ങുന്ന അപ്പുപ്പൻ താടിയിൽ വിത്തിന്റെ ഒരു ഭാഗം നമ്മുക്ക് കാണുവാൻ കഴിയും. കാറ്റത്തു പറക്കുന്നു എങ്കിലും ഈ ചെറിയ ഭാഗത്തിന്റെ ഭാരം അപ്പുപ്പൻ താടിയെ ഭൂമിയിലേക്ക്‌ വലിക്കുന്നു. കാറ്റിന്റെ ശക്തിയിൽ പറക്കുന്നു എന്നാലും ഭൂമിയിലേക്കു ഒരു ആകർഷണം. എന്നാൽ കുറച്ചു കഴിയുമ്പോൾ ആ വിത്തിന്റ ഭാഗം പൊട്ടിപോകുന്നു. പിന്നീട് അപ്പുപ്പൻ താടി കാറ്റിന്റെ പൂർണ നിയന്ത്രണത്തിൽ പറക്കുന്നു. ഉയരത്തിൽ ദൂരത്തിൽ കാറ്റിന്റെ ദിശയിൽ കാറ്റു വീശുന്ന പോലെ അപ്പുപ്പൻ താടി പറക്കുന്നു.

ഇനി കാര്യത്തിലേക്കു വരാം;

നമ്മുടെ ആത്മീയ ജീവിത നിയന്ത്രണം നാം സ്വയം എടുക്കരുത്. എടുത്താൽ അപ്പുപ്പൻ താടിയെ പോലെ ഭൂമിയിലേക്കു ജഡത്തിന്റെ ഒരു ആകർഷണം ഉണ്ടാകുന്നു. ജഡപ്രകാരം ജീവിക്കുന്നവർ ലോകത്തിനുള്ളത് ചിന്തിക്കുന്നു. ആത്മാവിൽ ജീവിക്കുന്നവർ ഉയരത്തിൽ ഉള്ളത് ചിന്തിക്കുന്നു. നാം പൂർണമായി പരിശുദ്ധാത്മാവിന് ഏൽപ്പിച്ചാൽ നമ്മുടെ ആത്‌മീയജീവിതം നമ്മെ നിത്യതയിൽ എത്തിക്കുന്നു. വേദപുസ്തകം പറയുന്നു ജഡത്തെ അനുസരിച്ചു ജീവിച്ചാൽ മരണം. ആത്മാവിനെ അനുസരിച്ചാലോ നിത്യ ജീവൻ. നമ്മെ പരിശുദ്ധാത്മാവിന് പൂർണമായി ഏൽപ്പിച്ചാൽ നമ്മുടെ ജീവിതം തന്നെ മാറുന്നു. പാന പാത്രത്തിന്റെ അനുഭവം മാറി ഉറവയിൽ എത്തുന്നു, പിന്നീട് നദി, പിന്നെ സമുദ്രത്തിന്റെ അനുഭവത്തിൽ എത്തിക്കുന്നു. അപ്പോൾ നമ്മെ നടത്തുന്നത് നാം അല്ല നാം ഒരു അപ്പൂപ്പൻ താടി പോലെ പരിശുദ്ധാത്മാവിൽ പറന്ന് നടക്കുന്നു. അതാണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്. നമ്മുക്ക് ഏല്പിച്ചു കൊടുക്കുവാൻ സാധിക്കുമോ നമ്മുടെ ജീവിതം പൂർണമായി അവന്? അങ്ങനെ സാധിക്കും എങ്കിൽ നമ്മുക്ക് വിജയപരമായ ക്രിസ്തീയ ജീവിതം കാഴ്ചവയ്ക്കാൻ സാധിക്കും. ദൈവം അതിനു നിങ്ങളെ സഹായിക്കട്ടെ. നമുക്കും നമ്മുടെ ജീവിതം അതിനായി ഒരുക്കാം…

-സാജൻ ബോവാസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like