ഭാവന:ഏദൻ തോട്ടത്തിൽ നിന്നും ആദം, ഒപ്പു | ജസ്റ്റിൻ കായംകുളം

ആഴമേറിയ ഒരു നിദ്രയിൽ നിന്നും ഉണർന്നു വന്ന പ്രതീതി… കണ്ണുകൾ തുറക്കുമ്പോൾ തേജോമയമായ ഒരു പ്രകാശം ആണ് കണ്ടത്….. ഞാൻ ചുറ്റും നോക്കി എങ്ങും സസ്യലതാതികൾ, കളകളാരവം മുഴക്കി ഒഴുകുന്ന പുഴ, പക്ഷികളുടെ കളകൂജനം, എല്ലാം സർവശക്തനായ ദൈവത്തെ സ്തുതിക്കുന്നു…. അപ്പോൾ ആ  ദിവ്യ പ്രകാശം എന്നോട് സംസാരിക്കാൻ തുടങ്ങി….. ഞാൻ യഹോവയായ ദൈവം… ഈ കാണുന്നതെല്ലാം ഞാൻ ഉളവാക്കിയതാണ്.. നിലത്തെ പൊടി കൊണ്ട് നിന്നെയും ഉണ്ടാക്കി…. എന്റെ ശ്വാസം നിന്റെ മൂക്കിൽ ഊതി നിന്നെ ജീവിപ്പിച്ചിരിക്കുകയാണ്….. നീ മനുഷ്യൻ എന്ന വർഗ്ഗത്തിൽ ഇന്നു മുതൽ ആകും എന്നു പറഞ്ഞു….. സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല…. എനിക്ക് ആദം എന്നു പേരുമിട്ടു… ഞാൻ അവിടെയൊക്കെ ചുറ്റി നടന്നു… എത്ര മനോഹരമായ സൃഷ്ടി.. പക്ഷി-മൃഗജാലങ്ങൾ, പ്രകൃതിയുമൊക്കെ ചന്തമുള്ള നിലയിൽ തന്നെയാണ് ശ്രിഷ്ടിച്ചാക്കിയിരിക്കുന്നത്.. ഇന്നു വരെ ഭൂമിയിൽ ഉണ്ടായിട്ടുള്ളതിലും മേത്തരമായ ഏദൻ തോട്ടം എനിക്കായി  ദൈവം നിർമിച്ചു തന്നു.. നാലു ശാഖയായി പിരിഞ്ഞു വിവിധ സ്ഥലങ്ങളിൽ സമൃദ്ധി നൽകുന്ന ഒരു നദി ഏദനിൽ നിന്നും പുറപ്പെട്ടു… ഞാൻ അതൊക്കെ കണ്ടാസ്വദിച്ചും സകല സൃഷ്ടികൾക്കും നായകനായി അവിടെ ഇങ്ങനെ സന്തോഷത്തോടെ പാർത്തു വരികയായിരുന്നു… ഏതാണ്ട് ഒറ്റാംത്തടി മൂച്ചം വയറു എന്ന നിലയിൽ….
അന്നായിരുന്നു എന്റെ ഒറ്റയ്ക്കുള്ള ജീവിതം മതിയെന്നും ഇനി ഒരു തുണ വേണമെന്നും ദൈവം എന്നോട് പറഞ്ഞത്… ഞാൻ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.. അവിടെയുള്ള സകല മൃഗങ്ങളെയും പറവകളെയും എന്റെ മുന്നിൽ കൊണ്ട് വന്നു… എല്ലാറ്റിനും ഓരോ കുറ്റവും കണ്ടു പിടിച്ചു പേരുമിട്ടു ഞാൻ രക്ഷപ്പെട്ടു…. ദൈവം വിടുമോ, കൊള്ളാം എന്നെ നിർമിച്ചവൻ എന്റെ മനസ്സ് അറിയാതെ പോകുമോ ? ഞാൻ ശെരിക്കും പെട്ടു…. വല്ലാത്ത ഒരു ക്ഷീണം തോന്നി ഞാനൊന്നു കിടന്നതേ ഓര്മയുള്ളു, മണിക്കൂറുകൾ കഴിഞ്ഞിട്ടാണ് ഒന്നുണർന്നത്, ഞാൻ സ്തബ്ധനായിപ്പോയി ദൈവത്തിന്റെ കൂടെ അതാ ഒരു സുന്ദരിയായ പെൺകൊച്ചു… ആദ്യ കാഴ്ചയിൽ തന്നെ എനിക്കവളെ പെരുത്തിഷ്ടമായി…love at first sight.. എന്നെ ഉറക്കിക്കിടത്തിയിട്ടു ദൈവം ചെയ്ത പരിപാടിയാ എന്റെ വാരിയെല്ല് വലിച്ചെടുത്തു പെങ്കൊച്ചിനെ ഉണ്ടാക്കിക്കളഞ്ഞു… ഞങ്ങളുടെ കല്യാണം അന്നത്തെ ശുഭ മുഹൂർത്തത്തിൽ കെങ്കേമമായി നടന്നു…. വല്യ ആഡംബരം ഒന്നുമില്ലാരുന്നു… 2000 പേരുടെ മൃഷ്ടാന്നവും, സെന്റർ പാസ്റ്റര്മാരുടെ സാന്നിധ്യവും, താളമേളക്കൊഴുപ്പും, വർണ വൈവിധ്യമായ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനവും, കൈ മടക്കു കവറുമൊന്നുമില്ല്ലാത്ത കല്യാണം…. ഇതൊന്നുമില്ലെങ്കിലും ദൈവ സാന്നിധ്യം ഉണ്ടായിരുന്നു… അത് കൊണ്ടാണ് കെങ്കേമമെന്നു ഞാൻ പറഞ്ഞത് കേട്ടോ…..

എന്റെ ജീവിതം തന്നെ വഴി തിരിച്ചു വിട്ട അനുഭവമായിരുന്നു കല്യാണം…. മധുവിധു നാളുകൾ മധുരമായി തന്നെ മുന്നോട്ടു പോയി.. ഞങ്ങൾ ഏദൻ തോട്ടം മുഴുവൻ കറങ്ങി, കായ് കനികൾ പറിച്ചു കഴിച്ചു… പ്രേമാർദ്ര സുന്ദര സുരഭില സ്വപ്‌നങ്ങൾ കണ്ടു ഞങ്ങൾ പീശോൻ നദിയുടെ ഓളങ്ങളിൽ കല്ലുകൾ പെറുക്കി എറിഞ്ഞു….. അങ്ങനെ ഞങ്ങളുടെ ജീവിതം സന്തോഷവും സമാധാനവും ആയി മുൻപോട്ടു പോകുന്ന അവസരം.. ഞാൻ തോട്ടം ചുറ്റാൻ പോയ തക്കം നോക്കി ഒരുത്തൻ വാചകമടിച്ചു എന്റെ പ്രിയപ്പെട്ട ഭാര്യയെ വീഴ്ത്തിക്കളഞ്ഞു…. സൗജന്യങ്ങളുടെ പെരുമഴ തീർത്തു പെണ്ണുങ്ങളെ വലയിലാക്കുന്ന ഇൻസ്റ്റാൾമെന്റ് പയ്യന്മാരെപ്പോലെ….. വീടുകളിൽ തോറും കയറി ഇറങ്ങി പരദൂഷണം പറഞ്ഞു വഴക്കുണ്ടാക്കുന്ന ചില അമ്മാമ്മമാരെപ്പോലെ, പിശാചു പാമ്പിന്റെ രൂപം പൂണ്ടു വന്നു ഹവ്വയെ പറ്റിച്ചു… ദൈവം ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾക്കു വിരുദ്ധമായി പറഞ്ഞു… കഴിക്കരുതെന്ന് പറഞ്ഞു ഞങ്ങളെ വിലക്കിയ ഫലം പറിച്ചു കഴിക്കാൻ അവൻ അവളെ പ്രലോഭിപ്പിച്ചു… പാവം അവൾ ആ ദുഷ്ടന്റെ ചക്കരവാക്കിൽ വീണു പോയി….. നിന്നേം കൊല്ലും ഞാനും ചാവും എന്ന പോലെ എനിക്കിട്ടു അവൾ പണിഞ്ഞു, എന്നെക്കൊണ്ട് തീറ്റിച്ചു…. അവസാനം പണി കിട്ടിയപ്പോൾ മൊത്തത്തിൽ ഇങ്ങു കിട്ടി…. ആരുടെ മേലെ പഴി പറയാനാ…. ദൈവം പറഞ്ഞത് അങ്ങനെ തന്നെയാണ്, അത് അനുസരിക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്… ആർക്കും ആരെയും തെറ്റിൽ വീഴിക്കാൻ ശ്രമിക്കാം… യഥാർത്ഥ ദൈവ പൈതൽ വീഴാതെ സൂക്ഷിക്കും…. അവസാനം ഞങ്ങൾ ശപിക്കപ്പെട്ടു, തോട്ടത്തിൽ നിന്നും പുറത്തുമായി.. ഉള്ള കഷ്ടവും വേദനയും സങ്കടവും എല്ലാം കിട്ടി.. അൽപ സമയത്തെ ഒരു അബദ്ധം, ദൈവത്തിൽ നിന്നും അനുസരണക്കേടിലേക്കുള്ള വീഴ്ച, അനുവദിച്ചട്ടില്ലാത്തത് അനുഭവിക്കുവാനുള്ള വ്യഗ്രത ഞങ്ങളെ നാശത്തിലാണ് കൊണ്ടെത്തിച്ചത്.. ഒരു വഴിക്കായി എന്നു പറയാം..

ദൈവം വെച്ചിരിക്കുന്ന ലക്ഷ്യത്തിൽ നിന്നും തെറ്റിപ്പോകുന്നതാണ് പാപം… പാപം ചെയ്തു ദൈവ തേജസ്സു നഷ്ടപ്പെടുത്തിയ ആദാമും ഹവ്വയും തോട്ടത്തിൽ നിന്നും പുറത്തായെങ്കിലും ദൈവം അവർക്കു വസ്ത്രം ഉണ്ടാക്കി കൊടുത്തു…. ഒരു കുഞ്ഞാട് അറുക്കപ്പെട്ടു…

മാനവജാതിയുടെ പാപത്തിന്റെ പരിഹാരത്തിനായി കാൽവരിയിൽ തന്റെ ഏകജാതനായ പുത്രനെ ദൈവം ബലിയാക്കി മനുഷ്യനെ പാപത്തിൽ നിന്നും വീണ്ടെടുത്തു.. ആദ്യ ആദമിന്റെ ലംഘനത്താൽ മരണം ലോകത്തിൽ കടന്നു. അവസാനത്തെ ആദാമിനാൽ ജീവൻ മനുഷ്യർക്കു ലഭിച്ചു…. യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ നിത്യജീവൻ പ്രാപിക്കും.,,,,,

-Advertisement-

You might also like
Comments
Loading...