ശ്രദ്ധിക്കൂ, ആത്മഹത്യയിലേക്കു പോകുന്നവരെ തിരിച്ചറിയാം

ഒരാൾ ആത്മഹത്യ ചെയ്തുവെന്ന് കേൾക്കുമ്പോൾ എന്തെല്ലാം ചോദ്യങ്ങളാണ് നമ്മുടെ മനസ്സിലുയരുന്നത്. എന്തായിരുന്നു കാരണം? ആരോടെങ്കിലും ഇതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നോ? ജീവിതത്തിനു പൂർണ വിരാമമിടാൻ എന്താവും ആ വ്യക്തിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക? മരിച്ചത് നമുക്ക് അടുപ്പമുള്ള ആരെങ്കിലുമാണെങ്കിൽ ഇൗ ചോദ്യങ്ങൾ കുറച്ചു നാൾ നമ്മുടെ മനസ്സമാധാനം കവരും. കാലക്രമേണ നാം അവ മറന്നു തുടങ്ങുകയും ചെയ്യും. കടുത്ത മാനസിക സംഘർഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ

പെരുമാറ്റത്തിലെയോ സംസാരത്തിലെയോ താളപ്പിഴ ഒന്നു ശ്രദ്ധിച്ചാൽ, അവരുടെ പ്രശ്നങ്ങൾക്കും സങ്കടങ്ങൾക്കും ഒന്നു കാതു കൊടുത്താൽ, ‘സാരമില്ല, ഒപ്പമുണ്ട്’ എന്നൊന്നു ചേർത്തു പിടിച്ചാൽ, പ്രിയപ്പെട്ട ചിലരെയെങ്കിലും ആത്മഹത്യയിൽ നിന്നു പിൻതിരിപ്പിച്ച് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കഴിയും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഓരോ മിനിറ്റിലും രണ്ടു പേർ ആത്മഹത്യ ചെയ്യുകയും ഇരുപതു പേർ ആത്മഹത്യാശ്രമം നടത്തുകയും ചെയ്യുന്നു. ആത്മഹത്യയുടെ കണക്കിൽ ഒരു കാലത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇന്ന് എട്ടാം സ്ഥാനത്താണ്. ആത്മഹത്യാ നിരക്ക് കഴിഞ്ഞ വർഷത്തിനെക്കാൾ കുറഞ്ഞിട്ടുണ്ടെന്നു കണക്കുകൾ പറയുന്നത് തെല്ല് ആശ്വാസം നൽകുന്നതാണെങ്കിലും പതിനഞ്ചു വയസ്സിനും നാൽപ്പത്തഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും ആത്മഹത്യ ചെയ്യുന്നതെന്നത് ഗൗരവമായി കാണേണ്ടതാണ്. കുടുംബ പ്രശ്നങ്ങളാണ് കേരളത്തിലെ ആത്മഹത്യകളുടെ മുഖ്യ കാരണമായി ഇപ്പോൾ പറയുന്നത്.

മാനസിക സംഘർഷങ്ങൾ താങ്ങാൻ കഴിയാതെ, തന്റെ മരണത്തോടെ എല്ലാം പ്രശ്നങ്ങളും അവസാനിക്കുമെന്നു കരുതുന്നവർ ആത്മഹത്യയ്ക്കു മുതിരുന്നു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന തോന്നലും പ്രതികൂലമായ സാഹര്യങ്ങളും ഒത്തു വരുമ്പോൾ അവർ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ നിത്യ ദുഃഖത്തിലാഴ്ത്തി മരണത്തെ പുൽകുന്നു.

ശ്രദ്ധിക്കുക, പത്ത് അപകട സൂചനകൾ

ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തി എന്തെങ്കിലും സൂചന മുൻകൂട്ടി നൽകുമോ? താഴെപ്പറയുന്ന പത്ത് അപകട സൂചനകൾ ആത്മഹത്യയുടെ മുന്നറിയിപ്പായി ഒരു പരിധിവരെ കണക്കാവുന്നതാണ്.

∙ മരണത്തെക്കുറിച്ച് സദാ സമയം സംസാരിക്കുക

∙ അപകടം വിളിച്ചു വരുത്തുന്ന രീതിയിലൂള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക / ആത്മഹത്യയ്ക്ക് ശ്രമിക്കുക

∙ കടുത്തനിരാശയും ഒന്നിനോടും താൽപര്യമില്ലാത്ത അവസ്ഥയും പ്രകടിപ്പിക്കുക.

∙ എന്നെ സഹായിക്കാൻ ആരുമില്ല, ഞാൻ ജീവിച്ചിട് കാര്യമില്ല, മുന്നോട്ട് ജീവിച്ചിരിക്കാനുള്ള ഒരു പ്രതീക്ഷയും കാണുന്നില്ല എന്നിങ്ങനെയൊക്ക സംസാരത്തിനിടയിൽ സൂചിപ്പിക്കുക

∙ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരിൽ നിന്നൊക്കെ ക്രമാതീതമായി അകലം പാലിക്കുക

∙ അമിതമായി ദേഷ്യപ്പെടുകയും നിരാശയും കുറ്റബോധവുമൊക്കെ ചേർന്ന മാനസികാവസ്ഥ പ്രകടിപ്പിക്കുക.

∙ സ്വകാര്യ സ്വത്തുക്കളും വസ്തുക്കളും മറ്റുള്ളവരെ ഏൽപ്പിക്കുകയും ഇതന്റെ ഓർമയ്ക്കായി സൂക്ഷിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്യുക.

∙ വളരെ അടുപ്പമുള്ളവരെ നേരിൽക്കണ്ടു സംസാരിക്കുകയും അകൽച്ചയുള്ളവരോടു രമ്യതയിലെത്താൻ ശ്രമിക്കുകയും ചെയ്യുക

∙ മദ്യം, മയക്കുമരുന്ന് എന്നിവ പതിവിലേറെ ഉപയോഗിക്കുക .

∙ വിഷാദാവസ്ഥയിൽ നിന്നും മാറി പെട്ടെന്ന് ഒരു ദിവസം കൂടുതൽ ശാന്തനും സന്തോഷവാനുമായി കാണപ്പെടുക.

ബോബൻ ഇറാനിമോസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.