ഭാവന: എന്റെ വേദപുസ്തകത്തിലെ അടിവരകൾ

ഷൈല മാത്യു

പണ്ട് ഞങ്ങളുടെ വീട്ടിൽ പഴയനിയമവും പുതിയനിയമവും അടങ്ങിയ ആകെ ഒരൊറ്റ വേദപുസ്തകമേ ഉണ്ടായിരുന്നുള്ളൂ . (നീല പുറംചട്ടയുള്ള പുതിയനിയമമായിരുന്നു ഞങ്ങൾ കുട്ടികൾക്ക് നല്കപ്പെട്ടിരുന്നത് .) സന്ഡ്യാപ്രാർത്ഥനകളിൽ ഞങ്ങൾ അഞ്ചുപേർ മാറി മാറി വായിക്കുന്ന ആ ”സമ്പൂർണ്ണ വേദപുസ്തക”ത്തിലെ ‘സങ്കീർത്തനപുസ്തകം ‘ മാത്രം പുറത്തേക്കു തള്ളി നിന്നിരുന്നു .വേദപുസ്തകത്തിലെ മറ്റു പുസ്തകങ്ങളൊന്നും ഞങ്ങളിൽ ആർക്കും ഒരിക്കൽ പോലും തുറന്നു നോക്കാൻ തോന്നിയിട്ടേയില്ലായിരുന്നു . ഒരിക്കൽ ഏതോ ഒരു വേർപാട് ഉപദേശിയുടെ കവലപ്രസംഗം ജനാല അഴികൾക്കിടയിലൂടെ കേൾക്കാനിടയായ എന്റെ അമ്മയാണ് ആദ്യമായി ഞങ്ങളുടെ വേദപുസ്തകത്തിൽ യെശയ്യാ : 48 : 17 വാക്യത്തിന് അടിയിൽ ആദ്യമായി വരച്ചത് . വേദപുസ്തകത്തിലെ മറ്റു പുസ്തകങ്ങളും ആത്മീക വർധനക്ക് ഉതകുന്നതാണെന്നു മനസ്സിലാക്കിയ അമ്മയുടെ വേദപുസ്തകത്തിലെ നല്ലൊരു ശതമാനം വാക്യങ്ങൾക്കുംപിന്നീട് അടിവരയുണ്ടായി . അഞ്ചാം ക്ലാസ്സിൽ എത്തിയപ്പോൾ എനിക്കും കിട്ടി സ്വന്തമായി ഒരു പുതിയ വേദപുസ്തകം ..പാസ്റ്റർ ” സങ്കീർത്തനപ്രസംഗ”മാരംഭിക്കുമ്പോൾ ബോറടി മാറ്റാനായി ഞങ്ങൾ കുട്ടികൾ വേദപുസ്തകം തുറന്നു വെച്ച് അവിടേം ഇവിടേം വരച്ചു തുടങ്ങും .അവസാന പേജിലെ ഭൂപടത്തിൽ പൗലോസ് യേശുക്രിസ്തുവിന്റെ സുവിശേഷവുമായി ചുറ്റിസഞ്ചരിച്ച സ്ഥലങ്ങളിലൂടെ ചുറ്റിക്കറങ്ങി ഞങ്ങളുടെ പേനത്തുമ്പുകൾ അന്ത്യോക്യയിൽ തിരിച്ചെത്തുമ്പോഴേക്കും സഭയിൽ എല്ലാരും സാക്ഷ്യം പറഞ്ഞു കഴിഞ്ഞിട്ടുണ്ടാകും . വീണ്ടും ഞങ്ങൾവളർന്നു…..വളർച്ചക്കനുസൃതമായി ”ഞങ്ങൾക്കിഷ്ടപ്പെട്ട” വേദഭാഗങ്ങൾ മാത്രം വരക്കാൻ പിന്നീട് ഞങ്ങൾ ശ്രദ്ധിച്ചു തുടങ്ങി .”യൂദാ കെട്ടി ഞാന്നു ചത്തു ,” ,”നീയും അങ്ങിനെ തന്നെ ചെയ്ക” …നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത് ” മുതലായ വചനങ്ങൾ അടിവരകൾക്കു മേലെയായി..സൺ‌ഡേ സ്‌കൂൾ ൽ സമ്മാനം കിട്ടുന്ന ബൈബിളുകളിൽ ചുവപ്പും നീലയും കറുപ്പുമൊക്കെ നിറങ്ങളിൽ കലാപരമായി അടിവരകളിട്ടു ഞങ്ങൾ സംതൃപ്തരായി …… . വീണ്ടും ഞങ്ങൾ വളർന്നു.ഏതൊക്കെയോ ചില വചനങ്ങൾ മനസ്സിൽ തട്ടിത്തുടങ്ങി.അടിവര ഉൾപ്പടെ അവയിൽ പലതും ഞങ്ങളുടെ ഹൃദയത്തിന്റെ പലകയിൽ കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു ……. കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു .ഏഴു വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ബൈബിളും അടിവരകളാൽ സമ്പുഷ്ടം …” വരച്ചു തുടങ്ങിയാൽ പുസ്തകം മുഴുവൻ വരക്കേണ്ടി വരും .അത്രമാത്രമാണ് അതിലെ ഓരോ വാക്കുകളുടെയും അർഥവ്യാപ്‌തി . വീണ്ടുമൊരു പുതിയ ബൈബിൾ വാങ്ങണം …. ‘മനസ്സിൽ മാത്രം’ അടിവരയിട്ട് വീണ്ടും വീണ്ടും വീണ്ടും അത് വായിക്കണം …..തേനിലും തേൻകട്ടയിലും മധുരമുള്ള ഈ വചനങ്ങളുടെ മാധുര്യവും…. , തളർച്ചകളിൽ മാറോടു ചേർക്കുന്ന പെറ്റമ്മയേക്കാൾ ഊഷ്മളമായ ഈ വചനങ്ങൾക്കുള്ളിലെ ആശ്വാസവും …,ലോകത്തിൽ മറ്റാർക്കും തരാൻ കഴിയാത്ത നിർമ്മല സ്നേഹത്തിന്റെ കരസ്പർശവും…… , ഏതൊരു വാളിനേക്കാളും മൂർച്ചയുള്ള ഈ വചനങ്ങളാകുന്ന വാൾ കൊണ്ട് ഹൃദയത്തിന്റെ ഉള്ളറകളെ കീറിമുറിച്ച് ചെയ്യാവുന്ന സ്വയംശോധകങ്ങളും….. , കർത്താവിന്റെ കരുണയുടെ കരം കൊണ്ടുള്ള മുറിവുണക്കലും…… ഈ ദൈവ നിശ്വാസീയ വചനങ്ങളെ വർണിക്കുവാൻ വാക്കുകൾ പോരാ …ഒന്നേ പറയാനുള്ളൂ …..അനുഭവിച്ചല്ലാതെ ഇത് മനസ്സിലാക്കുവാൻ ആർക്കുമാവില്ല .

So please read Bible with the help of Holy Spirit and experience The Beauty of The Word of God …….

God bless you all

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.