പ്രണയവും സെക്സും പിന്നെ കൗമാരവും

പ്രണയവും സെക്സും ഇന്ന് പുതുമയുള്ള വാക്കുകളല്ല. പ്രണയിക്കാത്തവരും അറിഞ്ഞോ അറിയാതയോ സെക്സിൽ അകപ്പെടാത്തവരും തുലോം ചുരുക്കമായി മാറിക്കഴിഞ്ഞു. ഇതിൽ വശംവദരാകുന്നത് ഏറെയും കൗമാരക്കാരാണ്

വിവിധ സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്നവർ വൈകാരിക തലങ്ങളിൽ അടുക്കുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്യുന്നു. പ്രണയത്തിനു കണ്ണില്ല എന്ന് സാധാരണ പറയാറുണ്ടല്ലോ? തെറ്റോ ശരിയോ എന്നതല്ല ഇവിടുത്തെ കാര്യം, മനസ്സിൽ തീരുമാനിച്ചു ഉറപ്പിക്കുന്ന കാര്യം സാധിച്ചെടുക്കുക എന്നതാണ്. ഇവിടെ പ്രണയിക്കുന്ന വ്യക്തിക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ല. ഒരുകാലത്ത് എതിർലിംഗത്തോട് മാത്രം ഉണ്ടായിരുന്ന പ്രണയം ഇന്ന് സ്വവർഗാനുരാഗത്തിൽ വരെ എത്തിനിൽക്കുന്നു. ഇവിടെ വെളിപ്പെടുന്നത് യഥാർത്ഥ സ്നേഹമല്ല; പ്രത്യുത മുഖംമൂടി സ്നേഹം മാത്രമാണ്. വ്യാജ സ്നേഹം ശാരീരികമായും മാനസീകമായും ചൂഷണം ചെയ്യുന്ന സ്നേഹമാണ്.
ദൈനംദിനം എത്രയെത്ര പ്രണയബന്ധങ്ങളാണ് തകരുന്നത്. എത്ര വാർത്തകൾ കാതുകളിൽ എത്തിയാലും അനുഭവത്തിൽ വന്നാലേ പഠിക്കൂ എന്ന് വന്നിരിക്കുകയാണ്. എല്ലാം നഷ്ടപെട്ടുകഴിയുമ്പോഴാണ് അത് കപട സ്നേഹമായിരുന്നു എന്ന് അറിയുന്നത്. ഇത്തരക്കാർ ഭാവനാന്തരീക്ഷത്തിൽ അസ്വസ്ഥരാണ്. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു കഴിയാൻ ആഗ്രഹിക്കും. ഇന്ന് സോഷ്യൽ മീഡിയകളിൽ തഴച്ചുവളരുന്ന പ്രണയം എതിർ കക്ഷിയെ കാണാതെ പോലും പ്രണയിക്കുന്ന രംഗങ്ങളുണ്ട്. ഒരു മിസ്ഡ് കോളിലോ എസ് എം എസ് ലോ തുടങ്ങുന്ന പ്രണയം കല്ലുകടിയായി മാറുമ്പോഴേക്കും ‘കാര്യങ്ങൾ’ കൈവിട്ടു പോയിട്ടുണ്ടാകും.
ഇവിടെ ശ്രദ്ധിക്കാൻ പലതുണ്ട്
ദൈവം നൽകിയ വിലപ്പെട്ട ജീവിതം തകർക്കാനുള്ളതല്ല. ആരോഗ്യകരമായ കുടുംബബന്ധങ്ങൾ നഷ്ടമാകുന്നതിന്റെ ഇന്നത്തെ കാരണവും ഇത്തരം തകരച്ച മൂലമാണ്. ഫലകരമായ ജീവിതശൈലി രൂപപ്പെടാൻ കൌമാരക്കാരെ സഹായിക്കേണ്ടത് മാതാപിതാക്കളാണ്.
ഉന്നത വിദ്യാഭ്യാസവും കൈ നിറയെ പണവും ഉണ്ടെങ്കിൽ എവിടെയും എങ്ങിനെയും ജീവിക്കാം എന്നുവന്നിരിക്കുന്നു. ഇവിടെ ഉപദേശങ്ങൾക്ക് പ്രസക്തിയില്ല. ആരെങ്കിലും ഉപദേശിച്ചാൽ അവർ പഴഞ്ചനാകും. ശരിയും തെറ്റും തിരിച്ചറിയുവാൻ മാധ്യമങ്ങൾ ഇവരെ പ്രേരിപ്പിക്കുന്നുവോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അവർ കാണുന്ന ചിത്രങ്ങളും സിനിമകളും അനുകരണ വിഷയങ്ങളായി മാറുന്നു.
മാതാപിതാക്കളെ നിങ്ങള്ക്ക് സമയമിലെന്നോ?
കുട്ടികളെ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്ക് ഇന്ന് സമയം ഇല്ല. ധാർമിക വിഷയങ്ങളോ വചനങ്ങളോ പഠിക്കാൻ മിനക്കെടാത്ത തലമുറ തകർചയിലെക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.മക്കളുടെ അപഥസഞ്ചാരത്തെക്കുറിച്ച് അറിവ് ലഭിച്ചാൽ അതിനെ തിരുത്താതെ മുന്നോട്ടു പോയാൽ നഷ്ടമാകുന്നത് പലതാണ്. അവരുടെ സുഹൃത്തുക്കൾ ആരാണെന്നും മൊബൈൽ ഇന്റർനെറ്റ്‌ വഴി ബന്ധപ്പെടുന്നത് ആരോടൊക്കെയാനെന്നും അറിഞ്ഞിരുന്നാൽ നന്ന്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കൈയില പോലും ഒന്നിലധികം മൊബൈൽ ഇന്നുണ്ട്. മക്കൾ ഇത് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് മാതാപിതാക്കകൾ അറിയാതെപോകരുത്. ഇവിടെ ബോധവൽകരണം നൽകേണ്ട സഭയും മൗനം പാലിക്കുന്നത് അദ്ഭുതാവഹം തന്നെ. ഇത് വഴി സ്വന്തം ശരീരവും മനസും വില്ക്കുന്ന തലമുറകൾ ഉണ്ടെന്നുകൂടി ഓർക്കുന്നത് നന്ന്.

സെക്സ് എന്ന ബോംബ്‌?
അനാരോഗ്യകരമായ പ്രണയബന്ധങ്ങൾ കൊണ്ടെത്തിക്കുന്നത് പലപ്പോഴും അരുതാത്ത ബന്ധങ്ങളിലെക്കാണ്. വിവാഹത്തിലൂടെ മാത്രം പങ്കാളിക്ക് കൈമാറാനായി ദൈവം വിഭാവനം ചെയ്ത ലൈംഗീകത സമയത്തിനുമുന്പേ പരീക്ഷിക്കുകയാണിവിടെ. ഇത് വഴി ശരീരങ്ങളും ഒന്നാവുകയാണ്. വിവിധ സന്നദ്ധ സംഘടനകളും സർകാരുകളും സുരക്ഷിത ലൈംഗീകത ശരിവയ്ക്കുന്ന തരത്തിൽ അനുകൂല സമീപനങ്ങൾ എടുക്കുന്നതും കൗമാരക്കാർക്കു വളമായി മാറുകയാണ്. അല്പനേരത്തേക്ക് ലഭിക്കുന്ന സുഖം ഒരിക്കൽ അറിഞ്ഞവരാരും തിരിച്ചുവരാത്ത നിലയിൽ ആഴത്തിൽ പെട്ടുപോകുന്നു. ഇവിടെ സുരക്ഷിത മാർഗങ്ങളല്ല ആവശ്യം, ദൈവീക വ്യവസ്ഥയെ കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. സ്കൂൾ പരിസരങ്ങളിലോ പീടികകളിലോ ലഭിക്കുന്ന പൈങ്കിളി മാസികകളിൽ കാണുന്ന ലൈംഗീകച്ചുവയുള്ള പരസ്യങ്ങളോ ചിത്രങ്ങളോ അത് പരീക്ഷിച്ചുനോക്കുവാൻ കൌമാരക്കാരെ നിർബന്ധിക്കുന്നു. യാതൊരു സങ്കോചവും ഇല്ലാതെയാണ് പലരും ഈ ബന്ധത്തിൽ ഏർപ്പെടുന്നത്. ഇത് കഴിഞ്ഞിട്ട് വളരെ കൂളായി വിവാഹത്തിലേക്ക് പ്രവേശിക്കുന്നതും അത്ഭുതപ്പെടുത്തുന്നതാണ്. ദൈവമുൻപാകെ കുറ്റമറ്റ മനസാക്ഷി അവകാശപ്പെടാൻ ഇവർക്കാവില്ല. ഇതുവഴി പങ്കാളിയെ കബ് കബളിപ്പിക്കാനാകും.

ഒരുവാക്കുകൂടി……….
മക്കളെ സമയാസമയങ്ങളിൽ ഉപദേശിക്കാതെ അവർ അബദ്ധത്തിൽ ചാടിപ്പോയല്ലോ എന്ന് പരിതപിച്ചിട്ട്‌ കാര്യമില്ല. അവരെ നടക്കേണ്ടുന്ന വഴിയിൽ അഭ്യസിപ്പിക്കേണ്ടാതാണ്. ദൈവഭയം അവരില ഉണ്ടാകണം. മുന്നിലുള്ള അപകടക്കെണിയെക്കുറിച്ച് ബോധ്യം നല്കണം. അതിലുപരി നിങ്ങൾ അവർക്കെന്നും മാതൃകയായിരിക്കണം.
കൌമാരക്കാരെ ദൈവം ദാനമായി നൽകിയ ജീവിതം പിശാചിന്റെ പനിപ്പുരയാക്കി മാറ്റരുത്. വഴിവിട്ട ജീവിതം ദൈവം വെറുക്കുന്നു. പ്രാർഥനയും വചനധ്യാനവും ഇല്ലെങ്കിൽ ജീവിതം തകരും എന്നുകൂടി മറക്കാതിരിക്കുക.

 

പ്രണയവും സെക്സും പിന്നെ കൗമാരവും
– ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.