ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ – കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷന് അനുഗ്രഹീത പരിസമാപ്തി
കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ , കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയൻന്റെ ആഭിമുഖ്യത്തിൽ നവംബർ 11, 12, 13 തീയതികളിൽ എൻ ഇ സി കെ ചർച്ച് & പാരിഷ് ഹാളിൽ സംഘടിപ്പിച്ച വാർഷിക കൺവെൻഷൻ അനുഗ്രഹീതമായി സമാപിച്ചു.

കെടിഎംസിസി പ്രസിഡന്റ് ബ്രദർ കുരുവിള ചെറിയാന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച കൺവെൻഷൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ രഞ്ചി എം. ജോൺ ഉദ്ഘാടനം ചെയ്തു.
കൺവെൻഷൻ പ്രഭാഷകനും മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ സെമിനാരി പ്രിൻസിപ്പലുമായ പാസ്റ്റർ നോബിൾ ജേക്കബ് മൂന്നു ദിവസങ്ങളിലെയും വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സമ്പന്നമായ ആത്മീയ സന്ദേശങ്ങളിലൂടെ വിശ്വാസിസമൂഹത്തെ ആത്മീയമായി പോഷിപ്പിച്ച അദ്ദേഹം, പ്രവാസജീവിതമാകുന്ന മരുഭൂമിയാത്രയിൽ വിശ്വാസികൾ അന്യരും പരദേശികളുമാണെന്നും അവരുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിലാണെന്നുമുള്ള തിരിച്ചറിവിന് ഊന്നൽ നൽകി.
ജീവിതത്തിലെ കഷ്ടതകളുടെയും ദുരുപദേശങ്ങളുടെയും പ്രതിസന്ധികളുടെയും മധ്യേ ക്രിസ്തുവെന്ന പാറയിൽ ഉറച്ചുനിൽക്കാനും, ബാഹ്യമായ ആത്മീയ പ്രകടനങ്ങൾക്കപ്പുറം നിർവ്യാജമായ വിശ്വാസത്തിലും വിശുദ്ധിയിലും വചനാധിഷ്ഠിതമായ ജീവിതത്തിലും വളരാനും സന്ദേശങ്ങൾ ആഹ്വാനം ചെയ്തു. ജീവനുള്ള കല്ലായ ക്രിസ്തുവിനോട് ചേർന്നുനിന്ന് ആത്മീയ ഫലം പുറപ്പെടുവിക്കേണ്ടതിന്റെയും ഹൃദയവാതിൽക്കൽ മുട്ടുന്ന കർത്താവിന്റെ ശബ്ദത്തിന് കാതോർക്കേണ്ടതിന്റെയും പ്രാധാന്യവും ഓർമ്മിപ്പിച്ചു. ലൗകികമായ നഷ്ടങ്ങളിലും പ്രതിസന്ധികളിലും തളരാതെ കർത്താവിലുള്ള ആശ്രയത്തോടെ മുന്നേറാനും, നിത്യതയെ ലക്ഷ്യമാക്കി ക്രിസ്തുവിന്റെ മടങ്ങിവരവിനായി ഒരുക്കത്തോടെ കാത്തിരിക്കാനും വിശ്വാസികളെ പ്രബോധിപ്പിക്കുന്നതായിരുന്നു സന്ദേശങ്ങളുടെ കാതൽ.
കൺവെൻഷനോടനുബന്ധിച്ച് നവംബർ 13 വെള്ളിയാഴ്ച രാവിലെ 6.30 മുതൽ 9.30 വരെ അനുഗ്രഹീതമായ സംയുക്ത സഭാരാധനയും നടന്നു. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, കുവൈറ്റ് റീജിയന്റെ സംയുക്ത ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പാസ്റ്റർ രഞ്ചി എം. ജോൺ (റീജിയൻ പ്രസിഡന്റ്), പാസ്റ്റർ സൈമൺ ജോസഫ്, പാസ്റ്റർ ബിജു ജോൺ (റീജിയൻ വൈസ് പ്രസിഡന്റുമാർ) എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കുവൈറ്റിലെ ഇതര പെന്തക്കോസ്ത് സഹോദരസഭകളിലെ ദൈവദാസന്മാരുടെയും എൻ ഇ സി കെ, കെടിഎംസിസി പ്രതിനിധികളുടെയും സാന്നിധ്യം കൺവെൻഷന് കൂടുതൽ അനുഗ്രഹമായി.
കുവൈറ്റിലെ വിശ്വാസിസമൂഹത്തിന്റെ നിരന്തരമായ പ്രാർത്ഥനയും പിന്തുണയും കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് വലിയ കരുത്തായി. സെക്രട്ടറി ബ്രദർ എം.ടി. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള റീജിയൻ കമ്മിറ്റിയുടെ കൂട്ടായ പരിശ്രമങ്ങളും ക്രമീകൃതമായ പ്രവർത്തനങ്ങളും കൺവെൻഷന്റെ സുഗമമായ നടത്തിപ്പിൽ നിർണായക പങ്കുവഹിച്ചു.
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ അലക്സ് കുര്യന്റെ സമാപന പ്രാർത്ഥനയോടും റീജിയൻ പ്രസിഡന്റ് പാസ്റ്റർ രഞ്ചി എം. ജോണിന്റെ ആശീർവാദത്തോടും കൂടി ത്രിദിന കൺവെൻഷന് അനുഗ്രഹീതമായ പരിസമാപ്തിയായി.
ആരാധനയും പ്രാർത്ഥനയും വചനശുശ്രൂഷയും കൂട്ടായ്മയും കൊണ്ട് സമ്പന്നമായ മൂന്നു ദിനങ്ങൾ വിശ്വാസികൾക്ക് ആത്മീയ നവോന്മേഷവും വിശ്വാസജീവിതത്തിൽ മുന്നേറാനുള്ള പുതിയ പ്രചോദനവും പകർന്നുനൽകി.

- Advertisement -


Comments are closed.