സൗദിയിൽ ചിൽഡ്രൻസ് ഫെസ്റ്റ് 2026 സമാപിച്ചു
'Twist & Tackle' ഗ്രാൻഡ് ഫിനാലെയിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി

ബുറൈദ: കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും നേതൃപാടവ വികസനത്തിനും ലക്ഷ്യമിട്ട് തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് കെ.എസ്.എ. ചാപ്റ്ററും ബുറൈദ പ്രയർ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ‘ചിൽഡ്രൻസ് ഫെസ്റ്റ് 2026 – ഗ്രാൻഡ് ഫിനാലെ: ദി ബിഗ് സെലിബ്രേഷൻ (Twist & Tackle)’ സമാപിച്ചു.
2026 സെപ്റ്റംബർ 25 മുതൽ തുടർച്ചയായ ആറ് വെള്ളിയാഴ്ചകളിലായി വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ഫെസ്റ്റിന്റെ സമാപന സമ്മേളനം ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ട് നാലിന് നടന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും സജീവ പങ്കാളിത്തം പരിപാടിയുടെ പ്രത്യേകതയായി.
തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്റർ കോർഡിനേറ്റർ ബ്രദർ ടിജോ തോമസ് കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ പരിശീലനം നൽകുകയും ഫെസ്റ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. ബ്രദർ ലിജു മത്തായി മേളയ്ക്ക് നേതൃത്വം നൽകി. പരിപാടികളുടെ നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങൾ ബ്രദർ സിബി ജോണിന്റെ നേതൃത്വത്തിൽ നിർവഹിച്ചു.
സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത പാസ്റ്റർ മനോജ് ജോൺ ആശംസാ സന്ദേശം നൽകി. ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബ്രദർ പ്രമോദ് കുര്യൻ കുട്ടികളുടെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് പ്രത്യേക ക്ലാസ് നയിച്ചു.
കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. പ്രദേശത്തെ വിവിധ കൂട്ടായ്മകളുടെയും കുടുംബങ്ങളുടെയും പിന്തുണയും സഹകരണവും പരിപാടിയുടെ വിജയത്തിന് സഹായകമായി.
ബ്രദർ സാജൻ ടി. സാമിന്റെ പ്രാർത്ഥനയോടെ ഫെസ്റ്റിന് സമാപനമായി. കുട്ടികളുടെ വ്യക്തിത്വവികസനത്തിനും ആത്മീയ വളർച്ചയ്ക്കും സാമൂഹിക അവബോധത്തിനും സഹായകമായ ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കണമെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.

- Advertisement -


Comments are closed.