പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കൺവൻഷൻ ദുബായിൽ സമാപിച്ചു
ദുബായ്: ദൈവവചനത്തിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന സ്വഭാവപരിവർത്തനമാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്ന് ദി പെന്തെക്കോസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എസ്. ഏബ്രഹാം (ലാലു) പ്രസ്താവിച്ചു. ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്റ് ചർച്ച്) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കൺവൻഷന്റെ സമാപനദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പഴയനിയമ കാലഘട്ടത്തിൽ യിസ്രായേൽ ജനത്തിന് നഷ്ടപ്പെട്ടതെല്ലാം ദൈവം തിരികെ നൽകി പുനഃസ്ഥാപിച്ചതുപോലെ, ആത്മീയ യിസ്രായേലായ ഇന്നത്തെ വിശ്വാസസമൂഹത്തിനും നഷ്ടപ്പെട്ടുപോയ അനുഗ്രഹങ്ങൾ ദൈവം തിരികെ നൽകി പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അഡയാർ സെന്റർ പാസ്റ്റർ എം. ജോസഫിന്റെ പ്രാർഥനയോടെയാണ് സംയുക്ത ആരാധന ആരംഭിച്ചത്. മിഷൻ പ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിച്ചു.
ദുബായ് ഹെൽത്ത് കെയർ സിറ്റി മെട്രോ സ്റ്റേഷന് സമീപമുള്ള ഗ്രാൻഡ് ഹയാത്ത് ദുബായ് എക്സിബിഷൻ സെന്ററിൽ നവംബർ 12 മുതൽ നടന്ന കൺവൻഷനിൽ പൊതുയോഗം, ഉപവാസപ്രാർഥന, കാത്തിരിപ്പ് യോഗം, ഗാനശുശ്രൂഷ, സുവിശേഷയോഗം, സ്നാനശുശ്രൂഷ, സൺഡേ സ്കൂൾ അധ്യാപകരുടെ സംഗമം, യുവജനസംഗമം തുടങ്ങിയവ നടന്നു.
ദുബായ്, ഷാർജ, അബുദാബി, അലൈൻ, ഫുജൈറ, റാസൽഖൈമ, ജബൽ അലി എന്നിവിടങ്ങൾക്കു പുറമെ ബഹ്റൈൻ, ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മധ്യപൂർവദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും ഇന്ത്യയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്നും ശുശ്രൂഷകരും വിശ്വാസികളുമായി നിരവധിപേർ കൺവൻഷനിൽ പങ്കെടുത്തു.
മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ എസ്. ക്രിസ്റ്റഫർ എബനേസർ, അസിസ്റ്റന്റ് സെന്റർ ഇൻ ചാർജ് എൽഡർ രാജൻ ജോർജ് എന്നിവരും സഹശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകി.
വാർത്ത: ചാക്കോ കെ. തോമസ്

- Advertisement -


Comments are closed.