എ.ജി. യു.എ.ഇ. റീജിയന്റെ സംയുക്ത ആരാധനാ സമ്മേളനം അനുഗ്രഹമായി സമാപിച്ചു
ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യു.എ.ഇ. റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ സംയുക്ത ആരാധനാ സമ്മേളനം അനുഗ്രഹീതമായി സമാപിച്ചു. നവംബർ 15 ഞായറാഴ്ച രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഷാർജ യൂണിയൻ ചർച്ചിലെ ഹാൾ നമ്പർ 11-ൽ നടന്ന സമ്മേളനത്തിൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ബ്ലെസ്സൻ ചെറിയാന്റെ പ്രാരംഭ പ്രാർത്ഥനയോടും സ്വാഗത പ്രസംഗത്തോടും കൂടി ആരംഭിച്ച സമ്മേളനത്തിൽ റീജിയൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകർ ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.

പാസ്റ്റർ ഡോ. റീജു തരകൻ സങ്കീർത്തന വായനയും സന്ദേശവും നിർവഹിച്ചു. പാസ്റ്റർ റെജി സാം വിവിധ സഭകളുടെ പരിചയപ്പെടുത്തി. അതിഥികളുടെ പങ്കാളിത്തം, പ്രാർത്ഥന എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. മുഖ്യാതിഥിയായി പങ്കെടുത്ത റവ. ബിനോയ് എബ്രഹാം ദൈവവചനത്തിൽ നിന്നുള്ള മുഖ്യസന്ദേശം നൽകി. പാസ്റ്റർ പി.ഡി. ജോയ്കുട്ടിയുടെ നേതൃത്വത്തിൽ കർത്താവിന്റെ മേശ ശുശ്രൂഷയും അനുഗ്രഹീതമായി നടന്നു. വിവിധ ശുശ്രൂഷകരുടെ പ്രാർത്ഥനകളും ആരാധനാഗാനങ്ങളും സമ്മേളനത്തിന് ആത്മീയ നിറവ് പകർന്നു. റീജിയൻ സെക്രട്ടറി ബ്രദർ ജോൺ ജോർജ് നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റർ സാം ജോർജ് സമാപന പ്രാർത്ഥനയ്ക്കും ആശീർവാദത്തിനും നേതൃത്വം നൽകി. തുടർന്ന് പങ്കെടുത്തവർക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ആത്മീയ ഉണർവിന്റെയും അനുഭവമായി മാറിയ ഈ സംയുക്ത ആരാധനാ സമ്മേളനം പങ്കെടുത്ത എല്ലാവർക്കും അനുഗ്രഹത്തിന്റെ ഓർമ്മയായി.

- Advertisement -

Comments are closed.