ലേഖനം: കഴുകാത്ത ദുർഗന്ധമുള്ള മുറിവുകൾ | രാജൻ പെണ്ണുക്കര
ഒരു ശമര്യക്കാരനോ വഴിപോകയിൽ മുറിവേറ്റവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി എന്നല്ലേ വായിക്കുന്നത്. അപ്പോൾ മുറിവ് ഉണങ്ങാനും സൗഖ്യമാകുവാനും മുറിവ് കെട്ടുന്നതിനു മുൻപായി ഉള്ളിൽ കടന്നുകൂടിയ അഴുക്കുകളും അണുക്കളും നിർജീവമായ രക്തതുള്ളികളും പൂർണമായും കഴുകി വൃത്തിയാക്കുന്ന പ്രക്രിയ ചെയ്യാതെ അതുപോലെ തുന്നിക്കെട്ടി എത്ര വിലകൂടിയ മരുന്ന് പുരട്ടി കാണാൻ ഭംഗിവരാൻ വെള്ളതുണി കൊണ്ട് പൊതിഞ്ഞു വെച്ചാലും അകത്തേ മുറിവ് ഒരിക്കലും ഉണങ്ങില്ല, രണ്ടു ദിവസം കഴിയുമ്പോൾ പഴുത്ത് ദുർഗന്ധം ഉണ്ടാക്കും അവസാനം മുറിച്ചു മാറ്റേണ്ട അവസ്ഥ വരും എന്നല്ലേ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നത്. ഒന്നാമത് മുറിവിനെ രോഗാണുവിമുക്തമാക്കുന്ന ശുദ്ധികരണ ക്രിയ നടക്കണം രണ്ടാമത് രോഗാണുക്കൾ വീണ്ടും പ്രവേശിച്ച് പഴുക്കാതിരിക്കാൻ റ്റെറ്റനസ്സിന്റെ കുത്തിവെപ്പ് എടുക്കുന്ന പ്രക്രിയ ചെയ്യണം. അതിനു വിരുദ്ധമായി ചെയ്യുന്ന ചികിത്സക്രമം ധർമത്തിനും, നീതിക്കും, സന്മാർഗ്ഗശാസ്ത്രത്തിനും (Ethics) ചേരാത്ത നിയമപരമായ കുറ്റകൃത്യം തന്നേ.

എന്താ ഇത് ആത്മീക വിഷയത്തിൽ ബാധകമല്ലേ അതോ ശരീരത്തിന് വേണ്ടി മാത്രം പ്രയോഗിക്കേണ്ട തത്വമോ എന്നതാണ് ചോദ്യം. ആത്മീക ഗോളത്തിലെ മാതൃക ഇല്ലാത്ത പ്രവർത്തനം, സംസാരം എന്നി “ശരം” കൊണ്ട് നിന്റെ കൂട്ടു വിശ്വസിക്ക് ഒരിക്കലും ഉണങ്ങാത്ത മുറിവ് ഉണ്ടായാൽ എന്തു ചികിത്സ ചെയ്യണം എന്ന് സ്വയം ശോധന ചെയ്യുന്നത് നല്ലതല്ലേ!. ഒരാളുടെ ആക്ഷേപവാക്കോ കൗശലമോ കുതന്ത്രമോ വൈരാഗ്യമോ മത്സര ചിന്താഗതിയൊ മൂലം മറ്റൊരാൾക്ക് ആഴത്തിൽ മുറിവേൽക്കാം. ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് ഇന്നല്ലെങ്കിൽ നാളെ ഉണങ്ങും എന്നാൽ മനസ്സിൽ ഉണ്ടാകുന്ന മുറിവുകൾ മരുന്നു കൊണ്ട് ഉണങ്ങില്ല എന്ന് ആദ്യമേ മനസ്സിലാക്കണം. അങ്ങനെ ശരം മൂലം ആഴത്തിൽ മുറിവേറ്റ് നൊന്ത് പിടയുമ്പോഴും നീ മാത്രമാണ് ആ മുറിവിന് കാരണക്കാരൻ എന്ന് നന്നായി അറിഞ്ഞിട്ടും ഞാനൊന്നും കണ്ടില്ല ഞാനൊന്നും ചെയ്തില്ല എന്ന വ്യാജഭാവത്തിൽ ശുഭ്രവസ്ത്രധാരിയായി മുന്നിൽ നടക്കുന്നതും നിൽക്കുന്നതും ഇരിക്കുന്നതും പരിശുദ്ധത്മാവ് ക്ഷമിക്കാത്ത അപരാധം ആണെന്ന സത്യവും മറക്കരുത്. ഇങ്ങനെ ഉണ്ടാകുന്ന മുറിവുകൾ സാരമില്ല എന്ന ഭാവത്തിൽ കഴുകാതെയും വൃത്തിയാക്കാതെയും വെച്ചുകെട്ടി ആത്മീകൻ ആകാൻ ശ്രമിക്കുന്നതും വെളുത്ത തുണികൊണ്ട് കെട്ടി ഒളിപ്പിക്കുന്നതും പാപമല്ലേ!. മുറിവിന്റെ ഉള്ളിലെ പഴുപ്പും ദുഷിച്ച രക്തവും ഞെക്കി കളഞ്ഞ് ശുദ്ധിയാക്കാതെ പുറമേ വെളുത്ത തുണികൊണ്ട് മുറിവ് കെട്ടി മാന്യത ചമഞ്ഞ് ഞെളിഞ്ഞ് നടക്കുമ്പോൾ ആരും അറിയുന്നില്ല അതിന്റെ ഉള്ളിൽ ദുർഗന്ധം ഉണ്ടാക്കുന്ന പഴുത്ത മുറിവിൽ നിന്നും ഒലിക്കുന്ന ചലവും വിങ്ങുന്ന അതിവേദനയും ഉണ്ടെന്ന സത്യം. കൂടാതെ ആലയത്തിന്റെ ഉള്ളിൽ സുഖം പ്രാപിക്കാത്ത മുറിവും ചതവും പഴുത്തവ്രണവും ദുർഗന്ധവും കെട്ടുപോയ വിളക്കും ആലയം വിട്ട് ഇറങ്ങിപ്പോയ പരിശുദ്ധത്മാവിന്റെ അവസ്ഥയും ആരും കാണുന്നില്ല, എന്നിട്ടും ആത്മാവിന്റെ സാന്നിധ്യം ആലയത്തിൽ ഉണ്ടെന്ന് കരുതി കൈയടിച്ചും സുഗന്ധദ്രവ്യങ്ങൾ കത്തിച്ച് ദുർഗന്ധം അകറ്റാൻ ശ്രമിക്കുന്ന ഭക്തന്മാരും.
എന്നാൽ യിരേമ്യാവു പറയുന്നു “സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു പറഞ്ഞു നിന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി കാണുന്നു, അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു; കിണറ്റിൽ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവർച്ചയുമേ അവിടെ കേൾപ്പാനുള്ളു; എന്റെ മുമ്പിൽ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു. എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്തു വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊൾക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരെ വരും. അവരെല്ലാവരും മഹാ മത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവർത്തിക്കുന്നു. തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; യഹോവ അവരെ ത്യജിച്ചുകളഞ്ഞതു കൊണ്ടു അവർക്കു കറക്കൻ വെള്ളി എന്നു പേരാകും.
ഇവിടെ യെശയ്യാ പ്രവാചകനും പറയുന്നത് കേൾക്കൂ.. “അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല”. അവസാനമായി ഒന്ന് ചോദിക്കട്ടെ, മറ്റൊരാളിൽ ഉണ്ടായ അഥവാ നീ ആഴത്തിൽ ഉണ്ടാക്കിയ മുറിവുകൾ എത്ര പ്രഹരം ഉണ്ടാക്കി എന്ന് ശോധന ചെയ്യാതെയും കൂട്ടുസഹാദരനോട് വൈരാഗ്യം വെച്ചുപുലർത്തി വ്യക്തിഹത്യ ചെയ്‌തും വെല്ലുവിളിച്ചും തോൽപ്പിച്ചിട്ട് മേശമേൽ കൈനീട്ടുന്നതും പേരിനൊരു സ്നേഹചുംബനവും കൊടുത്ത് മുറിവ് വൃത്തിയാക്കതെ ഉപവാസമാകുന്ന മരുന്നും പ്രാർത്ഥന എന്ന ലേപം പുരട്ടുന്നതും ആരാധന എന്ന ധൂപകലശം നാവിൽ എടുക്കുന്നതും ദൈവസന്നിധിയിൽ ഉചിതമോ ന്യായമോ പ്രസാദമോ എന്ന് പരിശോധിക്കണം.
ആരെ തോൽപ്പിക്കാനും ആരോട് ജയിക്കാനും ആണ് നമ്മുടെ മത്സര ഓട്ടവും പ്രയത്നവും. നിന്റെ കൂട്ടുസഹാദരനോട് വൈരാഗ്യം വെച്ചുപുലർത്തി തോൽപ്പിക്കാനും ക്രൂശിക്കാനും നശിപ്പിക്കാനും ദിനരാത്രങ്ങൾ തന്ത്രങ്ങൾ മെനഞ്ഞ് ഹൃദയത്തിൽ നിരപ്പിന്റെ അവസ്ഥ വരാതെ ഉള്ളിൽ മാസങ്ങൾ ആയി സ്പർദ്ധ വെച്ചുകൊണ്ട് മേശമേൽ കൈനീട്ടി യൂദയുടെ ചുംബനവും കൊടുക്കാൻ മടികാണിക്കാത്ത മനുഷ്യർ നിരവധിയുണ്ട്. ഇങ്ങനെ ഉള്ളവർ അബദ്ധവശാൽ സ്വർഗ്ഗരാജ്യത്തു വെച്ച് കണ്ടുമുട്ടിയൽ പരസ്പരം മിണ്ടുമോ എന്നു പോലും ചിന്തിച്ചു പോകുന്നു. അല്ല പിന്നെ അവിടെ പോയിട്ട് വേണ്ടേ കാര്യങ്ങൾ ചിന്തിക്കാൻ. ചില മുറിവുകൾ തലോടലിലും, ചിലത് മരുന്നുകൊണ്ടും, ചിലത് തുന്നൽ കൊണ്ടും, ചിലത് മുറിച്ചു മാറ്റിയാൽ മാത്രം സുഖം ആകും എന്നതല്ലേ സത്യം. നിന്റെ കഴിവും പണവും സാമർഥ്യം കൊണ്ട് മറ്റുള്ളവരിൽ മുറിവ് ഉണ്ടാക്കി പരിശുദ്ധത്മാവിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിനു തുല്യം എന്ന സത്യം മറന്നുപോകരുത്.
രാജൻ പെണ്ണുക്കര

- Advertisement -


Comments are closed.