കവിത: പഥികനും ശമര്യനും | പാസ്റ്റർ അനിൽ കെ സാം, ഹൈദരാബാദ്

 

പഥികനായ് പാതി വഴിയിൽ തളർന്നു ഞാൻ
ഒരു തണൽ വൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കവേ
അരികിൽ നിന്നെന്നെയാ കനക വൃക്ഷത്തിൻ ഫലം
അരുതാത്ത മോഹത്തിൻ വിവശനാക്കി തീർത്തു

പരിതാപമെന്നേ പറയേണ്ടതുള്ളൂ ഞാൻ
പരിണിതമായ് പാപ പ്രഹരത്തിനടിമയായ്
അടികൊണ്ട ഹൃദയവും മുറിവേറ്റ ദേഹവും
പിടയുന്നു വിടുതലിൻ പരിലാളനത്തിനായ്

കടന്നുപോയ് പലരുമെൻ ജീവിത പാതയിൽ
കരമൊന്ന് നീട്ടുവാൻ മനസില്ലതാർക്കുമേ
കനിഞ്ഞില്ലതാരും കനിവറ്റമുഖവുമായ്
തിരിഞ്ഞങ്ങു നിന്നോരു കല്ലിൻപ്രതിമപോൽ

അതിനിടെ വന്നൊരാ ശമരിയക്കാരനോ
മുറിവേറ്റൊരെൻ ദേഹം തഴുകി തലോടിനാൻ
പകർന്നു തൻ രക്തത്തിൻ പുതിയോരു ശക്തിയാൽ
കഴികിയെൻ ഹൃദയവും മനതാരിൻ പാപവും

മിഴിവെട്ടാതവനെ ഞാൻ നോക്കി നിന്നീടുമ്പോൾ
മിഴിയിണയിൽ നിന്നും മാഞ്ഞുപോയെങ്ങു നീ
അറിഞ്ഞു ഞാനവനെന്റെ യേശുതാനല്ലയോ
പിരിഞ്ഞിടാ സ്നേഹത്തിൻ നിറകുട ഭാജനം

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.