ലേഖനം: അമിക്കയർ | രാജൻ പെണ്ണുക്കര

നാം വളരെ വിരളമായി ഉപയോഗിക്കുന്നതും, ദൈവവചനത്തിൽ ഒരുതവണ മാത്രം പ്രതിപാദിച്ചിരിക്കുന്ന മലയാള പദം ആണ് ‘അമിക്കയർ’ അഥവാ ‘നുകകയർ’.

നുകത്തേയും അതിൽ കെട്ടുന്ന മൃഗങ്ങളേയും തമ്മിൽ ദൃഢമായി ബന്ധിക്കുന്ന കയറിനെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇതൊരു അഴിയാ ബന്ധനമാണ്. മറ്റൊരാളാൽ കെട്ടപ്പെടുന്നതും പെട്ടെന്ന് അഴിച്ചു മാറ്റുവാനോ, സ്വയം അഴിച്ചു മാറ്റാനോ കഴിയാത്ത അവസ്ഥ എന്നു പറയുന്നതാണ് ഉത്തമം!. ഇതഴിക്കാൻ കെട്ടിയവനോ, അഴിക്കാൻ അറിയാവുന്നവനോ വേണം എന്നതും സത്യം.

വചനം പറയുന്നു “അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർ‍ക്കുക; (യെശ 58:6).

സൈക്കിൾ യജ്ഞക്കാരന്റെ കുട്ടികുരങ്ങന്റെ അവസ്ഥ കണ്ടിട്ടില്ലേ!. യജ്ഞക്കാരൻ പറഞ്ഞാൽ ചാടണം, ഞാണിന്മേൽ നടക്കണം അവൻ പറയുന്ന വികൃതികളെല്ലാം ചെയ്തു മറ്റുള്ളവരെ സന്തോഷിപ്പിക്കണം. കുരങ്ങ് മനസ്സോടെയല്ല ഇതെല്ലാം ചെയ്യുന്നത്, പക്ഷെ കുരങ്ങനെ കെട്ടിയിരിക്കുന്ന കയർ യജ്ഞക്കാരന്റെ കൈയ്യിൽ ഇരിക്കുന്നിടത്തോളം കാലം അവന്റെ ഇംഗിതത്തിനു വഴങ്ങിയേ നിവൃത്തിയുള്ളൂ.

ഇങ്ങനെ ആരെങ്കിലും കെട്ടപ്പെട്ടാൽ സ്വയം ഒന്ന് അനങ്ങുവാനോ, തീരുമാനങ്ങൾ എടുക്കാനോ, ചിന്തിക്കാനോ, പ്രവർത്തിക്കാനോ, പുറത്തു വരാനോ കഴിയുകയില്ല എന്നതല്ലേ സത്യം. കുരങ്ങന്റെ ദൈനംദിന കാര്യങ്ങൾ തെറ്റാതെ സമയാസമയം കിട്ടുന്നതു കൊണ്ട് അവൻ അതിനെക്കുറിച്ച് ബോധവാൻ ആകുന്നില്ല, അവന്റെ സ്വാതന്ത്ര്യത്തേ കുറിച്ച് ചിന്തിക്കുന്നില്ല എന്നതല്ലേ സങ്കടം.

ഇന്നു ആത്മികതയുടെ പേരിൽ ഒരിക്കലും അഴിക്കാൻ പറ്റാത്ത, ഊരി പോരാൻ പറ്റാത്ത ഭൗതീകവും ലൗകീകവും ആയ അമിക്കയറുകളുടെ ബന്ധനങ്ങളിൽ പെട്ടു കിടക്കുകയാണ് പലരും.

ചില ശുശ്രുഷക്കാർ വിശ്വാസികളുടെയും അതുപോലെ തിരിച്ചും അമിക്കയറിൽ കെട്ടപ്പെട്ടു പോകുന്നത് ധാരാളം കണ്ടിട്ടുണ്ട്. അങ്ങനെ അവർക്ക് അനങ്ങാനും വിട്ടുപിരിയാനും വിട്ടുപോകാനും, തള്ളിപ്പറയാനും, തള്ളിക്കളയാനും, കയിച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത രീതിയിൽ ഭൗതികത്തിന്റെയും, ദ്രവ്യാഗ്രഹത്തിന്റെയും, മാനുഷിക കടപ്പാടിന്റെയും അമിക്കയറിൽ പെട്ടുപോകുന്നു എന്നതല്ലേ സത്യം.

പിന്നെ അവർ പറയുന്നത് കേട്ടനുസരിച്ചും തലകുനിച്ചു നിന്നും, കൊടുത്തും വാങ്ങിയും പരസ്പരം മനുഷ്യരെ പ്രസാദിപ്പിച്ചും പ്രകീർത്തിച്ചും ദീർഘകാലം ഒരേ സഭയിൽ സുവിശേഷ വേലയുടെ പ്രധാന ഉദ്ദേശവും ലക്ഷ്യവും മറന്ന് ഒരു ജീവിതമാർഗം അഥവാ ഉദ്യോഗം പോലെ കഴിഞ്ഞു പോകുന്നു. പക്ഷെ അതിനെ ആത്മികതയുടെ പേരും വർണ്ണവും കൊടുക്കുന്നതുകൊണ്ട് ആരും ഒന്നും അറിയുന്നില്ല, സംശയിക്കുന്നില്ല, തിരിച്ചറിയുന്നില്ല എന്നതാണ് പരമാർത്ഥം.

ദൈവീക പദ്ധതികളുടെ പൂർത്തികരണത്തിന് ചില അമിക്കയറുകളുടെ ബന്ധങ്ങളും ബന്ധനങ്ങളും തടസ്സമായി നിൽക്കുന്നു. ആ ബന്ധനത്തിൽ നിന്നും നാം പുറത്തു വന്ന് പിതാവിന്റെ ഭവനത്തിൽ മടങ്ങി പോയേ മതിയാവൂ.

അതിന്റ മകുടോദാഹരണം ആണ് യാക്കോബിന്റെ ജീവിതം. ഏശാവിന്റെ ജ്യേഷ്ഠാവകാശവും അനുഗ്രഹവും അപഹരിച്ചു (രണ്ടു പ്രാവശ്യം ചതിച്ചിട്ട്‌) യാക്കോബ് ഓടിപ്പോകുമ്പോഴും വഴിയിൽ പ്രത്യക്ഷനായ ദൈവം ഒന്നാമത് കൊടുത്ത വാഗ്ദത്തം, ഉറപ്പ് സ്വർഗ്ഗം അടിവരയിട്ട് എഴുതിവച്ചിരുന്നു “ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ‘ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും’; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും” (ഉല്പ 28:15).

അത് ഒരിക്കലും അഴിക്കാനോ മാറ്റാനോ പറ്റാത്ത ദൈവീക വാഗ്ദത്തം അല്ലെ?. ആകാശവും ഭൂമിയും മാറിയാലും ദൈവം പറഞ്ഞ വാക്കുകൾ കളിവാക്കുകൾ ആയി മാറില്ലല്ലോ!. സ്വർഗ്ഗം ‘ചിലതൊക്കെ അടിവരയിട്ട് എഴുതിയാൽ’ അതിനു മാറ്റം വരില്ല എന്ന സത്യം നാം അറിഞ്ഞിരിക്കണം. അതിനെതിരായി നിൽക്കുന്ന ഏതു അമിക്കയറിൽ കുടുങ്ങിയാലും ഏതു നുകകയറിൽ കെട്ടപ്പെട്ടാലും അതിനെ പൊട്ടിക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു.

യാക്കോബ് ലാബാന്റെ വീട്ടിൽ പലരീതിയിൽ ബന്ധിക്കപ്പെട്ടിരുന്നു. എന്നാൽ ലാബാന്റെ വീട്ടിലെ പ്രലോഭനങ്ങൾക്കും, ഭൗതിക നന്മകൾക്കും, ദ്രവ്യത്തിനും വേണ്ടി കെട്ടപ്പെടുവാൻ അല്ല ദൈവം അവനെക്കുറിച്ച് ആഗ്രഹിച്ചത്. യഹോവ മുൻകൂട്ടി നിർണയിച്ച, ആരാലും മാറ്റുവാൻ കഴിയാത്ത ഒരു മാസ്റ്റർ പ്ലാൻ ഉണ്ടായിരുന്നു, അത് ദൈവത്തിന്റ സമയത്ത് നിറവേറേണ്ടത് അത്യാവശ്യം തന്നേ. അതങ്ങനെ ആയിതീർന്നാൽ മാത്രമേ അബ്രഹാമിൻെറയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന് വിളിക്കപ്പെടുവാൻ ഇടയാകൂ. അതിന്റ പൂർത്തികരണത്തിന് അവൻ പുറത്ത് വരേണ്ടിയതും അനിവാര്യം തന്നേ.

അതിനുള്ള പദ്ധതി ഉണ്ടാക്കേണ്ടിയത് ദൈവത്തിന്റ ചുമതല ആണ്. ദൈവം ആ ചുമതല ഏറ്റെടുക്കാതെ യാക്കോബിന് ലാബാന്റെ അമിക്കയറിൽ നിന്നും ഒരിക്കലും പുറത്തു വരാൻ സാധിക്കില്ല. ദൈവം ആ ചുമതല ഏറ്റെടുത്താൽ പിന്നെ ലാബാന്റെ ഒരു അമിക്കയറിനും യാക്കോബിനെ കെട്ടിയിടുവാനും സാധിക്കില്ല എന്നതും പരമസത്യം.

ഒരിക്കൽ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയ ലാബാന്റെ മുഖം ചില വർഷങ്ങൾക്ക് ശേഷം നീരസം കൊണ്ട് നിറഞ്ഞതായി കണ്ടപ്പോൾ, ഇരുപത് വർഷങ്ങൾക്ക് മുൻപേ (ഉല്പ 28:15) ഉറപ്പ് കൊടുത്ത യഹോവ രണ്ടാമതും “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; എന്ന് അരുളിച്ചെയ്തു” (ഉല്പ 31:3).

ചില നീരസങ്ങളും, ഗൂഡാലോചനകളും, ചർച്ചകളും, കരുനീക്കങ്ങളും, ചരടുവലികളും, മന്ത്രങ്ങളും തന്ത്രങ്ങളും രഹസ്യമായി പിൻവാതിലിൽ നിനക്കെതിരെ അരങ്ങേറുമ്പോൾ തന്നേ ദൈവവും ചിലകാര്യങ്ങൾ തീരുമാനിച്ച് മുൻവാതിലിൽ സമർത്ഥമായ ദൈവപ്രവത്തിയുടെ ആരംഭം കുറിക്കും എന്ന സത്യം പരിശുദ്ധത്മാവ് ഇവിടെ വ്യക്തമായി തെളിയിക്കുന്നു.

യാക്കോബിനെ അവന്റെ അപ്പന്റെ സ്വന്ത ഭവനത്തിൽ മടക്കി വരുത്തി അനുഗ്രഹങ്ങൾ കൊടുത്ത് വലിയ ജാതി ആക്കണമെങ്കിൽ ചില ബന്ധങ്ങളും, ബന്ധനങ്ങളും അഴിഞ്ഞു മാറി ചിലതിനെയൊക്കെ ഉപേക്ഷിച്ചു പോയേ മതിയാവൂ.

പ്രവാസത്തിൽ നിന്നും അപ്പന്റെ ഭവനത്തിൽ, സ്വന്തവീട്ടിൽ, സ്വന്ത ദേശത്ത്, സ്വന്ത ചാർച്ചക്കാരുടെ അടുത്ത് മടങ്ങി വന്നു ചേരുക എന്നത് ജീവിതത്തിലെ സൗഭാഗ്യങ്ങളിൽ പരമപ്രധാനമാണ്. അതൊരു പ്രത്യേക അനുകൂല്യവും, അവകാശവും, അനുഗ്രഹവും, ആശിർവാദവും ആകുന്നു.

അന്യദേശത്ത് മറ്റുള്ളവരുടെ മുന്നിൽ ഒടുങ്ങിയും ഒതുങ്ങിയും പോകുവാനല്ല ദൈവം നിന്നേക്കുറിച്ച് പദ്ധതി ഇടുന്നത്. നിന്നേ തള്ളികളഞ്ഞവരുടെയും നിന്റെ ജീവന് ഭീഷണി ആയിരുന്നവരുടെയും നിന്നെ ഒറ്റപ്പെടുത്തിയവരുടെയും, ശത്രു ആയി കരുതിയവരുടേയും, ചതിച്ചവരുടേയും, തക്കം പാർത്തിരുന്ന് ഒതുക്കുവാനും ഒടുക്കുവാനും പദ്ധതി ഇട്ടവരുടെയും മുന്നിൽ എല്ലാവിധത്തിലും അനുഗ്രഹിക്കാൻ ദൈവം പദ്ധതി ഇട്ടാൽ ആരാൽ തടയുവാൻ സാധിക്കും!. വചനം പറയുന്നു..

“അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും?”,
“അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും”.
“ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും”? (ഇയ്യോ 9:12, 23:13, യെശ 43:13).

അതേ, അങ്ങനെ ദൈവം നമ്മേക്കുറിച്ച് പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ അതിനു അനുയോജ്യമായ മുഖാന്തിരങ്ങൾ ഉണ്ടാക്കിയെടുക്കുന്ന ദൈവീക പദ്ധതികൾക്കായ് സ്തോത്രം. അതുകൊണ്ട് ജീവിതത്തിൽ സംഭവിക്കുന്നതൊന്നും തികച്ചും അവിചാരിതം അല്ല, മറിച്ച് ദൈവീക പ്ലാൻ എന്നു കരുതുക. എല്ലാത്തിനും ഒരു അവസാന ഫലം (Final Result) ഉണ്ട്.

ഇവിടെ യാക്കോബിന്റെ ജീവിതം മുന്നറിയിപ്പായി വിളിച്ചുപറയുന്ന ചില സത്യങ്ങൾ നാം കാണാതെ പോകരുത്. നീ രണ്ടു പ്രാവശ്യം ചതിച്ചെങ്കിൽ നീയും രണ്ടുവട്ടം ചതിക്കപ്പെടും, രണ്ടു പ്രാവശ്യമാണ് അങ്ങനെ ചെയ്തെങ്കിൽ അതിന്റ പത്തു മടങ്ങ് (ഇരുപതു വർഷം) നിനക്കും അന്യന്റെ സേവ ചെയ്യേണ്ടി വരും. നീ രണ്ടു പ്രാവശ്യം ചതിച്ചെങ്കിൽ അതിന്റ അഞ്ചുമടങ്ങ് (പത്തു പ്രാവശ്യം) നിന്റെ പ്രതിഫലം മാറ്റിമറിക്കും. ഇതു ഒരിക്കലും പിഴക്കാത്ത കണക്കുകൾ ആകുന്നു എന്ന സത്യം ആരും മറക്കരുത്.

യാക്കോബിന്റെ ജീവിതത്തിലെ ചില ഇഷ്ടങ്ങൾക്കും അഭിലാഷങ്ങൾക്കും വേണ്ടി പതിനാലുവർഷവും, ഭൗതീക നന്മകൾക്കുവേണ്ടി വീണ്ടും ആറുവർഷവും അങ്ങനെ ഇരുപത് വർഷം ലാബാന്റെ അമിക്കയർ എന്ന ബന്ധനത്തിൽ ആയി തീർന്നെങ്കിൽ അവിടെ നിന്നും അവനെ പുറത്തുകൊണ്ടുവരുവാൻ ചില തിരിച്ചറിവുകളും, തീരുമാനങ്ങളും, വെളിപ്പെടുത്തലുകളും, നീരസങ്ങളും, അനിഷ്ടങ്ങളും, കൃത്രിമങ്ങളും, കൗശല പ്രക്രിയകളും കാരണമായി ഭവിക്കുന്നു. യഹോവ അങ്ങനെ ചെയ്യിച്ചില്ലായിരുന്നെങ്കിൽ അവൻ ലാബാന്റെ ആടിനെയും, മക്കളെയും കൊച്ചുമക്കളെയും പോറ്റി വളർത്തി കാലം കഴിച്ചു കൂട്ടി ആ മണ്ണിൽ അലിഞ്ഞു ചേരുമായിരുന്നു.

അപ്പോൾ ഇതൊന്നും വെറുതെ ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല, മറിച്ച്, ദൈവമായി ചെയ്തെടുത്ത മുൻനിർണ്ണയമായി വേണം വിശ്വസിക്കാൻ. അതിനു ലാബാനെയോ മറ്റാരേയും കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. അതേ ചിലരെ ചില അമിക്കയറിൽ നിന്നും പുറത്തു കൊണ്ടുവരാൻ ദൈവമായി ചിലരെ മനഃപൂർവം ഉപയോഗിച്ച് ചില പദ്ധതികൾ ചെയ്യുമ്പോൾ പലരും അതിനെ ദുർവ്യാഖ്യാനം ചെയ്തു സന്തോഷിക്കുന്നത് ഒരുപക്ഷെ പാപം ആയി സ്വർഗ്ഗം കണക്കിടാൻ സാധ്യതകൾ ഏറെയാകുന്നു. അതുകൊണ്ട് ദൈവപ്രവർത്തിക്കായി നമ്മേ ഏൽപ്പിച്ചു കൊടുക്കാം.

 

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.