ഫീച്ചർ: മിഷ്ണറി മിസ്സ്‌ എമി ബ്രിയാട്രിസ് കാർമൈക്കിൾ | ബിജോയ്‌ തുടിയൻ

1867 ഡിസംബർ 16 ന് നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിന്നും 34 കിലോമീറ്റർ അകലെ ഐറിഷ് കടൽ തീരത്തുള്ള മില്ലൈൽ എന്ന ചെറിയ ഗ്രാമത്തിൽ ഭക്തരായി ജീവിച്ച ഡേവിഡ് കാർമൈക്കിളിന്റെയും കാതറിന്റെയും ഏഴ് മക്കളിൽ മൂത്തവളായി എമി ബിയാട്രിസ് കാർമൈക്കൾ ജനിച്ചു. ചെറുപ്രായത്തിൽ തന്നെ എമി കാർമൈക്കളിനു ഭക്തരായ മാതാപിതാക്കളിൽ നിന്ന് ബൈബിൾ പഠിക്കുവാനും കർത്താവിൽ വിശ്വസിക്കുവാനും ദൈവം കൃപ ചെയ്തു.

1887-ൽ കെസ്‌വിക്ക് കൺവെൻഷനിൽ പങ്കെടുത്ത എമി കാർമൈക്കൾ, അവിടെ വെച്ച് ചൈന ഇൻലാൻഡ് മിഷന്റെ സ്ഥാപകനായ ഹഡ്‌സൺ ടെയ്‌ലർ സുവിശേഷ പ്രവർത്തനത്തിന്റെ ആവശ്യത്തെക്കുറിച്ചു സംസാരിക്കുന്നത് കേൾക്കുവാൻ ഇടയായി. അത് മൂലം സുവിശേഷ പ്രവർത്തനത്തിന് വേണ്ടിയുള്ള ദൈവവിളി എമി കാർമൈക്കിളിന് ബോധ്യപ്പെട്ടു. ലണ്ടനിൽ ചൈന ഇൻലാൻഡ് മിഷൻ സഹോദരിമാർക്ക് വേണ്ടി നടത്തുന്ന മിഷനറി പരിശീലനത്തിൽ പഠിക്കുവാൻ എമി കാർമൈക്കിളിനു അവസരം ലഭിച്ചിരുന്നു . അവിടെ വെച്ച് ചൈനയിലെ മിഷനറിയായ മേരി ജെറാൾഡിൻ ഗിന്നസിനെ കണ്ടുമുട്ടി, അവർ മിഷനറി പ്രവർത്തനങ്ങൾക്കു പോകുവാനുള്ള പ്രോത്സാഹനവും നൽകി .
തന്റെ ആരോഗ്യപരമായ കാരണങ്ങളാൽ ചൈനയിലേക്കുള്ള യാത്ര സാധിക്കാതെ വന്നു . പിന്നീട് അവർ ചർച്ച് മിഷനറി സൊസൈറ്റിയിൽ ചേരുകയും അവരോടുള്ള ബന്ധത്തിൽ എമി കാർമൈക്കൾ ജപ്പാനിലേക്ക് പോയി. അവിടെ പതിനഞ്ച് മാസത്തോളം താമസിച്ചു പ്രവർത്തനങ്ങളിൽ വ്യാപൃതയായി . പക്ഷേ പിന്നെയും രോഗ ബാധിതയാകുകയും തിരിച്ചു നാട്ടിലേക്ക് മടങ്ങി വരേണ്ടിയതായി വന്നു. പിന്നീട് ശ്രീലങ്കയിൽ കുറച്ചുകാലം സേവനമനുഷ്ഠിച്ചു . അവിടെ വെച്ചും രോഗബാധിതയാകുകയും ചികിത്സക്കായി എമി കാർമൈക്കൾ ബാംഗ്ലൂരിലേക്ക് വരുകയും ചെയ്തു .
ബാംഗളൂരിൽ വെച്ച് തമിഴ് ഭാഷ പെട്ടെന്ന് പഠിക്കുവാൻ ദൈവം കൃപ ചെയ്തു . എന്നാൽ തന്റെ രോഗം ഇന്ത്യയിലെ കാലാവസ്ഥയ്ക്കും ഭക്ഷണത്തിനും യോജിച്ചതല്ലായിരുന്നു. തന്റെ കൂടെ ഉണ്ടായിരുന്നവർ 6 മാസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിക്കുവാൻ സാധിക്കുകയില്ലെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തികൊണ്ടിരുന്നു.
ഊട്ടിയിൽ നടന്ന ഒരു മിഷനറി സമ്മേളനത്തിൽ പങ്കെടുക്കുവാൻ എമി കാർമൈക്കിളിനു അവസരം ലഭിച്ചു . അവിടെ വെച്ച് തമിഴ് നാട്ടിലെ തിരുന്നെൽവേലിയിൽ നിന്ന് വന്ന മിഷനറി വാക്കറിനെ പരിചയപ്പെട്ടു . എമി തമിഴ് ഭാഷ നന്നായി സംസാരിക്കുന്നത് കേട്ടപ്പോൾ മിഷനറി വാക്കറും ഭാര്യയും എമിയെ തിരുന്നെൽ വേലിയിലേക്കു വരുവാൻ സ്വാഗതം ചെയ്തു. അതിൻ പ്രകാരം എമി കാർമൈക്കൾ അവരോടൊപ്പം തിരുന്നെൽ വേലിയിലേക്കു പോയി.
എമി തിരുന്നെൽ വേലിയിലെ ഗ്രാമപ്രദേശങ്ങളിൽ സഞ്ചരിച്ചു സുവിശേഷം സ്ത്രീകളോടും കുട്ടികളോടും പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം എമി ഒരു ക്ഷേത്രത്തിനടുത്തു സുവിശേഷം അറിയിച്ചു കൊണ്ടിരുന്നപ്പോൾ ഏഴ് വയസുള്ള പ്രീനാ എന്ന പെൺകുട്ടി അത് ശ്രദ്ധയോടെ കേട്ടു. എല്ലാവരെയും സ്നേഹിക്കുന്ന ദൈവമാണ് യേശു എന്ന് ഒരു വെള്ളക്കാരി തമിഴ് ഭാഷയിൽ പറയുന്നത് കേട്ടപ്പോൾ പ്രീനയ്ക്ക് വളരെ താൽപ്പര്യമുണ്ടായി. എമിയുടെ ആ വാക്കുകൾ തന്റെ ഹൃദയത്തെ സ്പർശിച്ചു .
അർദ്ധരാത്രിയിൽ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ പ്രീനാ ക്ഷേത്രത്തിൽ നിന്ന് ഓടി എമി താമസിക്കുന്ന വീട്ടിൽ എത്തി വാതിലിൽ മുട്ടി “ദയവായി എന്നെ സഹായിക്കൂ! ദയവായി എന്നെ രക്ഷിക്കൂ എന്ന് നിലവിളിച്ചു പറഞ്ഞു . പെൺകുട്ടിയുടെ നിലവിളി കേട്ട് വാതിൽ തുറന്നു. എന്നെ തിരിച്ചയക്കരുത്!” എന്ന് പറഞ്ഞു കൊണ്ട് എമി കാർമൈക്കിളിന്റെ മടിയിലേക്ക് ചാടി കഴുത്തിൽ കെട്ടിപ്പിടിച്ചുകൊണ്ട് പ്രീന പൊട്ടി കരഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് എമിക്ക് മനസിലായില്ല . എന്നാൽ ഈ ചെറിയ പെൺകുട്ടിക്ക് സ്നേഹവും സംരക്ഷണവും ആവശ്യമാണെന്ന് എമി മനസിലാക്കി .
ആ കാലഘട്ടങ്ങളിൽ ദൈവപ്രസാദം ലഭിക്കുവാൻവേണ്ടി മാതാപിതാക്കൾ പെൺകുട്ടികളെ ദേവദാസികളായി ക്ഷേത്രങ്ങൾക്ക് സമർപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഈ കാര്യം മനസിലാക്കിയ എമി പ്രീനയെ അതിനായി വിട്ടുകൊടിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു. ക്ഷേത്ര പൂജാരികളും ഗ്രാമവാസികളും ആ കുഞ്ഞിന്റെ മാതാപിതാക്കളും കുഞ്ഞിനെ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു . ഭീഷണിയുടെയും അക്രമത്തിന്റെയും മുൻപിൽ കർത്താവിൽ ആശ്രയിച്ചു ശക്തമായി ഈ തിന്മക്കെതിരെ പോരാടി. എമി കാർമൈക്കൾ ആ കുഞ്ഞിനെ അവർക്കു വിട്ടു നൽകിയില്ല .
പിന്നീട് എമി കാർമൈക്കൾ അങ്ങനെയുള്ള കുട്ടികളെ പല സ്ഥലങ്ങളിൽ നിന്നും രക്ഷിക്കുകയും, അവരുടെ താമസത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി 1901—- ൽ തിരുന്നെൽ വേലിയിൽ നിന്ന് 43 കിലോമീറ്റർ അകലെയുള്ള ദോനാവൂർ എന്ന ഗ്രാമത്തിൽ പെൺകുട്ടികൾക്ക് വേണ്ടി ആരംഭിച്ച ഒരു പ്രവർത്തനമാണ് ദോനാവൂർ ഫെലോഷിപ്പ് .
എമി കാർമൈക്കിൾ നല്ലൊരു എഴുത്തുകാരിയായിരുന്നു .35 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൻറെ ലേഖനങ്ങളും ജീവിതവും അനേകർക്ക്‌ സുവിശേഷപ്രവർത്തനങ്ങളിൽ പ്രചോദനവും ആയിട്ടുമുണ്ട്. അതിൽ ഒരു പ്രധാനിയായിരുന്നു ജിം എലിയറ്റ് . ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് ഒരു അമ്മയുടെ കരുതലും സ്നേഹവും സംരക്ഷണവും ആകുവാൻ എമി കാർമൈക്കിളിന് സാധിച്ചിട്ടുണ്ട് .
ഇന്ന് അവിടെ ശിശു വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, പ്രകൃതി സംരക്ഷണം എന്നീ മേഖലകളിൽ സമഗ്ര വികസന പദ്ധതികൾ നടക്കുന്നു വരുന്നു .
ഭാരതത്തിൽ 55 വർഷം ദൈവീക പദ്ധതിക്ക് അനുസരിച്ചു ജീവിച്ച എമി ഒരു പ്രാവിശ്യം പോലും തിരിച്ചു തന്റെ സ്വദേശത്തേക്കു മടങ്ങി പോയിട്ടില്ല. കർത്താവിനോടുള്ള സ്നേഹത്തിൽ പലവിധ മാനസീകവും ശാരീരികവുമായ കഷ്ടതയും ഉപദ്രവങ്ങളും വേദനകളും സഹിച്ചു കൊണ്ട് ഒരു ഉത്തമ ഭക്തയായി മാതൃകാ ജീവിതം നയിച്ച എമി കാർമൈക്കിൾ 1951 ജനുവരി 18 ന് നിത്യതയിൽ ചേർക്കപ്പെട്ടു .
പൗലോസ് അപ്പോസ്തലൻ പറഞ്ഞതുപോലെ എമി കാർമൈക്കിളിനും പറയുവാൻ കഴിയും “ ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.