ഇന്ത്യയിലെ മതസ്വാതന്ത്ര്യം: ആശങ്ക പങ്കുവച്ച് അമേരിക്ക
ന്യൂഡൽഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്കയിലെ രാജ്യാന്തര മതസ്വാതന്ത്ര്യ സംഘടന (യുഎസ്സിഐആർഎഫ്).
വിദ്വേഷ പ്രസംഗങ്ങളും മതസ്ഥാപനങ്ങൾ നശിപ്പിക്കലും മതംമാറ്റ നിരോധന നിയമങ്ങളും ചൂണ്ടിക്കാട്ടിയാണ് യുഎസ്സിഐആർഎഫ് ആശങ്കകൾ പങ്കുവച്ചത്. നരേന്ദ്ര മോദി സർക്കാർ മൂന്നാം വട്ടവും അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിടുന്പോഴാണ് സംഘടനയുടെ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
മുസ്ലിം, ക്രൈസ്തവ, ദളിത്, ജൂത, ആദിവാസി വിഭാഗങ്ങളെ ബാധിക്കുന്ന വർഗീയ സംഘർഷങ്ങൾ നേരിടുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ചില മതവിഭാഗങ്ങളുടെ നേർക്ക് ആക്രമണങ്ങൾ വർധിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മതപരിവർത്തനം നിയമംമൂലം നിരോധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
റിപ്പോർട്ടുമായി ബന്ധപ്പെടുത്തി മാധ്യമപ്രവർത്തകരോടു സംസാരിക്കവെ, ഇന്ത്യയിൽ വർധിച്ചുവരുന്ന മതപരിവർത്തന നിരോധന നിയമം, വിദ്വേഷപ്രസംഗം, മതന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും തകർക്കൽ തുടങ്ങിയവയിൽ തങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
കഴിഞ്ഞ മേയ് മാസത്തിൽ സമാനമായ ഒരു അമേരിക്കൻ റിപ്പോർട്ട് ഇന്ത്യ തള്ളിയിരുന്നു. രാഷ്ട്രീയ അജൻഡയുടെ ഭാഗമായി സംഘടന പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു ഇന്ത്യ അന്ന് ആരോപിച്ചത്. യുഎസ്സിഐആർഎഫ് എല്ലാ വർഷവും ലോകത്തെ എല്ലാ രാജ്യങ്ങളിലെയും മതസ്വാതന്ത്ര്യത്തെക്കുറിച്ച് സർവേ നടത്തി റിപ്പോർട്ട് പുറത്തുവിടാറുണ്ട്.