അനുഭവ കുറിപ്പ്: എന്റെ കണ്ണാടി | രാജൻ പെണ്ണുക്കര

നിങ്ങൾളോട് സമസ്വാഭാവവും വികാരവും വിചാരവുമുള്ള വെറും പച്ചയായ മനുഷ്യൻ, പണത്തോടും പദവിയോടും അത്യാർത്തി ഇന്നുവരെ ഹൃദയത്തിൽ തോന്നിയില്ല എന്ന് സ്വന്തം മനഃസാക്ഷി സാക്ഷ്യം പറയുന്നു. ഔദ്യോഗിക ജീവിതത്തിലെ പെരുമാറ്റച്ചട്ടവും പരിശീലനത്തിന്റെയും (Discipline) ഭാഗമെന്നോണം എല്ലാം ഏറ്റവും ഭംഗിയായി ചിട്ടയോടും കൃത്യമായും സമയബദ്ധിതയോടെ നടക്കണമെന്ന നിർബന്ധവും നിസ്വാർത്ഥമായ ആഗ്രഹവും മാത്രം.

ഞാൻ ഒരിക്കലും ഇപ്രകാരം ആകാൻ ആഗ്രഹിച്ചില്ല. എന്നാൽ ഇങ്ങനെ ആക്കിയത് ചില സാഹചര്യങ്ങളും പിന്നെ ചിലവ്യക്തികളും ആകുന്നു. പലരും പലതും ചെയ്തുകൂട്ടി മറ്റൊരാളുടെ ജീവിതത്തെ മാറ്റിമറിച്ചിട്ട്‌ ഞാൻ ഒന്നും അറിഞ്ഞില്ല, പറഞ്ഞില്ല, ചെയ്തില്ല എന്ന് അഭിനയിച്ച് സ്വര്യമായി സ്വസ്ഥമായി സുഖിച്ചു കഴിയുന്ന ഒത്തിരി പേരെ നമ്മുടെ സമൂഹത്തിൽ പ്രത്യേകിച്ച് ആത്മീക ഗോളത്തിൽ ധാരാളം കാണാമെന്ന് പഠിച്ച നാളുകൾ. ഏതുമനുഷ്യനേയും മാറ്റുന്ന പല ഘടകങ്ങൾ ഉണ്ട്, എന്നാൽ അതിന്റെ സ്വാധീനം പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.

എഴുതുന്ന ഓരോ വാക്കുകളും അക്ഷരങ്ങളും ചുനുപ്പും വള്ളികളും പുള്ളികളും മായവും മാലിന്യവും ചേരാത്ത, കലർപ്പില്ലാത്ത സത്യങ്ങൾ ആണ് സങ്കടങ്ങൾ ആണ്. അത് ഇന്നത്തേ കാലത്തിനു അനിവാര്യമെന്ന് തോന്നുന്നുമുണ്ട്. സങ്കടം നൽകിയ കാലത്തെ മറക്കുക, പക്ഷേ അത് നൽകിയ പാഠം ഒരിക്കലും മറക്കരുത്. ഓരോ വേദനകളും ഓരോ പാഠങ്ങൾ ആണെന്ന് പറഞ്ഞ മഹാനെ ഓർത്തു പോകുന്നു.

ഒരിക്കലും ഒരെഴുത്തുകാരൻ ആകണമെന്ന് മനസ്സിൽപോലും ആഗ്രഹിച്ചില്ല ശ്രമിച്ചില്ല എന്നതാണ് സത്യം. കാരണമത് ഒരിക്കലും സാദ്ധ്യമല്ലെന്ന് മനസ്സ് എപ്പോഴും പറയുമായിരുന്നു. ഐയ്യോ ക്ഷമിക്കണം എഴുത്തുകാരൻ എന്നൊക്കെ പറഞ്ഞാൽ എത്രവലിയ അഹങ്കാര വാക്കായി തോന്നും അതുകൊണ്ട് വല്ലതുമൊക്കെ കുത്തികുറിച്ചു വെക്കുന്നവൻ എന്ന് പറയുന്നതല്ലേ ശരി. എന്നാലും ബല്യകാലം മുതൽ ഒരു കുഞ്ഞാഗ്രഹം ഉള്ളിൽ ഉണ്ടായിരുന്നു എന്നത് ആരും തിരിച്ചറിയാതെ പോയ വേറൊരു സത്യം തന്നേ. ഞാൻ എഴുത്തിനെ തിരഞ്ഞെടുത്തു എന്നു പറയുന്നതിനേക്കാൾ എഴുത്തെന്നെ തിരഞ്ഞെടുത്തു സ്നേഹിച്ചു നിർബന്ധിച്ചു എന്നു പറയുന്നതാണ് ഉത്തമം. ആ നിർബന്ധം ഇന്നും എന്റെ മേൽ കിടക്കുന്നു എന്നേ നിരന്തരം ഭരിക്കുന്നു.

ഒരു സത്യം കൂടി പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, പലപ്പോഴും എഴുതാൻ തുടങ്ങുമ്പോൾ ഓരോ വരികളും ഏതോ അദൃശ്യ വ്യക്തി പറഞ്ഞെഴുതിക്കുന്നതു (Dictation) പോലെ തോന്നി പോയിട്ടുണ്ട്. ചില വരികൾ തിരുത്താനും, ചേർക്കാൻ മറന്ന വരികൾ ആരോ പറഞ്ഞു തരുന്ന പ്രതീതി രാത്രിയിൽ തോന്നിയിട്ടുണ്ട്.. എനിക്കിന്നും അതിന്റെ പിന്നിലെ രഹസ്യം അറിയില്ല.

എന്റെ പേനയുടെ തുമ്പിലെ ഓരോ വാക്കുകളും വരികളും ഞാൻ നേരിൽ കണ്ട, രുചിച്ച എന്റെ ജീവിതത്തിലെ കയ്പ്പും മധുരവും ഇടകലർന്ന അനുഭവങ്ങൾ തന്നേ എന്ന് പറയുന്നതിൽ ലജ്ജയില്ല. ഓരോ തുള്ളി മഷി എൻെറ കണ്ണുനീരും ഓരോ വരികളുടെ ജീവൻ എൻെറ നെടുവിർപ്പും ഹൃദയത്തിന്റെ തുടിപ്പും നൊമ്പരവും ആകുന്നു. ആ ജീവിതത്തെ ഒരു കണ്ണാടിയിൽ നോക്കി കൃത്രിമം കാട്ടാതെ പകർത്താൻ വരച്ചെടുക്കാൻ ഞാൻ ആവതും സ്വയം ശ്രമിക്കുന്നു എന്നതാണ് ഏറ്റവും വലിയ സത്യം. അതിൽ ഇന്നുവരെ ഭാവനയും കൃത്രിമ ചായവും നിറങ്ങളും കലർത്തിയിട്ടില്ല എല്ലാം തികച്ചും പച്ചയായ പരമ സത്യവും യാഥാർഥ്യവും ആകയാൽ ആർക്കും അതിനെ നിരാകരിക്കാനും നിഷേധിക്കാനും വിമർശിക്കാനും കഴിയില്ലാ എന്നതാണ് പരമാർത്ഥം. പലരുടേയും എഴുത്തുക്കൾ സങ്കല്പങ്ങളും ഭാവനക്കളും, ഊഹങ്ങളും, മിഥ്യയും, കെട്ടുകഥകളും, അനുമാനങ്ങളും ആകുമ്പോൾ അത് തെറ്റെന്നോ ശരിയെന്നോ വാദിക്കാൻ ഞാൻ മുതിരുന്നില്ല, ചിലപ്പോൾ വായനക്കാർക്ക് തോന്നിപ്പോകാം. എന്നാൽ ജീവിതമെന്ന കളരിയിൽ പഠിച്ച പാഠങ്ങൾ, ചില നഗ്നസത്യങ്ങൾ, അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതുന്നത് ഒരിക്കലും ഊഹങ്ങളും മിഥ്യയും ഭാവനയും ആകില്ല.

പല മേഖലകളിലും പല ആശയങ്ങളും എഴുതുവാൻ തോന്നുന്നു എങ്കിലും കൈവിറയ്ക്കാറുണ്ട് അധരങ്ങൾ വിതുമ്പാറുണ്ട്. മാത്രവുമല്ല, ചില പ്രേത്യേക നിബന്ധനകളും വേലികളും ഉള്ളതിനാൽ അതിനെ ചാടികടന്ന് അതിർവരമ്പ് ലംഘിക്കാനും പറ്റാത്ത കൈവിലങ്ങുകൾ ഉണ്ട്… എന്നാലും പറയട്ടെ ഒരു വ്യക്തിക്കെങ്കിലും നമ്മുടെ എഴുത്തുകൊണ്ട് മാറ്റാം വന്നാൽ, പരിവർത്തനം ഉണ്ടായാൽ എഴുത്തിന്റ ഉദ്ദേശം സാഫല്യമായി എന്നുവേണം കരുതാൻ.. ഒരെഴുത്തുപോലും മനപ്പൂർവം ആരെയും വേദനിപ്പിക്കാനോ മുറിക്കാനോ അല്ല, അത് ആരെയെങ്കിലും കുത്തി നോവിക്കുന്നെങ്കിൽ തികച്ചും സ്വാഭാവികം മാത്രം. ചിലപ്പോൾ അതിനേയായിരിക്കാം ദൈവീക ഇടപെടീൽ, ദൈവീക സന്ദർശനം, ദൈവപ്രവർത്തി എന്നൊക്കെ ആത്മീക ഭാഷയിൽ നാം വിളിക്കുന്നത്. നശിപ്പിച്ചു പോകുന്ന ഒരു കുഞ്ഞടിനെ തേടി പോകുന്ന കർത്താവ്. ആരും നശിച്ചു പോകാൻ ആഗ്രഹിക്കാത്ത കർത്താവ്.

സത്യങ്ങൾ ഇഷ്ടപെടാത്ത ഒത്തിരി പേരുണ്ടെന്ന് എഴുത്തിന്റെ തുടക്കത്തിലേ നന്നായി മനസ്സിലാക്കി, അത് ചിലരെ മുറിക്കുണ്ടെന്നും നോവിക്കുന്നുണ്ടെന്നും നന്നായി അറിയാം. മാനുഷിക രീതിയിൽ അതിന്റെ പ്രതികരണവും പ്രത്യാഘാതവും അനുഭവിക്കുണ്ട്. ചിലർ കീറമുട്ടിപോലെ, തടങ്കൽ പാറ പോലെ മാർഗ്ഗതടസ്സമായി എഴുന്നേറ്റതും, നിന്നതും നന്നായി അറിയാം. എപ്പോഴും ജീവിതത്തിൽ നമ്മേ അസഹ്യപ്പെടുത്താൻ ഒരു പ്രതിയോഗി ആവശ്യമാണ്, അപ്പോഴാണ് നാം കൂടുതൽ ദൈവത്തോടെ അടുക്കുന്നത്. അതിനെയെല്ലാം വകവെക്കാതെ മുന്നോട്ട് ഗമിക്കുക അതാണ് ഒരു യോദ്ധാവിന്റെ ലക്ഷണം. പക്ഷെ ദൈവം അനുകൂലമെങ്കിൽ പ്രതികൂലം ആര്. അപ്പോഴാണ് സത്യത്തെ മറക്കാനോ, മറയ്ക്കാനോ മറിച്ചിടാനോ ആരാലും സാദ്ധ്യമല്ലെന്ന് മനസ്സിലാകുന്നത്. എന്നാൽ ഒരു കാര്യം സത്യം തന്നേ മിത്രങ്ങളെക്കാൾ ശത്രുക്കളാണ് ഏറ്റവും കൂടുതൽ. വചനം പറയുന്നു “നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ?.. ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കയും പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.” (ഗലാ 4:16, ആമോ 5:10, യോഹ 8:45).. എത്ര സത്യമാണ് ഈ വാക്യങ്ങൾ.

പലപ്പോഴും മാനുഷിക നിലയിൽ മനസ്സുമടുത്തിട്ട്, ക്ഷീണിച്ച് തളർന്നിട്ട് ഇനിയും ഒന്നും എഴുതണ്ടായെന്നുപോലും തീരുമാനിച്ച് കടലാസും പേനയും മാറ്റിവെച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് , ഉറക്കം പോലും ഇല്ലാതെ സകല വ്യഥകളും മാറാപ്പിൽ ഏന്തി ഒറ്റയ്ക്ക് കൊണ്ടുനടന്ന് നെടുവീർപ്പിട്ട നാളുകൾ നിരവധി.. എങ്കിലും തളരാതെ നിർത്തിയതോ ദൈവകൃപ ഒന്നുമാത്രം.. എല്ലാത്തിന്റെയും കാരണഭൂതർ പശ്ചാത്താപമോ കുറ്റബോധമോ ഇല്ലാതെ ഒന്നും അറിയാത്തവരെ പോലെ അഭിനയിച്ച് മറ്റുള്ളവരെക്കൊണ്ട് ആയുധം എടുപ്പിച്ച് യുദ്ധം ചെയ്യിപ്പിച്ച് വിജയിക്കുന്ന അഥവാ കണ്ട് രസിക്കുന്ന പലരേയും കാണുവാൻ കഴിയും, അങ്ങനെയുള്ള പലരും ഇന്നും നമ്മുടെ ചുറ്റിലും ഉണ്ട്. എന്നാൽ ദൈവത്തിൽ കോട്ടയുണ്ട് ദൂതന്മാർ കാവലുണ്ട് അതാണ് സത്യം. ഇത് എന്റെ മാത്രം സാക്ഷ്യവും അനുഭവവും അല്ല, ഇങ്ങനെ അല്ലെങ്കിൽ വേറെ രീതിയിൽ എല്ലാവരുടെയും സാക്ഷ്യം ഇതൊക്കെയാണ് എന്നതല്ലേ സത്യം. എല്ലാത്തിനും ഓരോ നിമിത്തങ്ങൾ ഉണ്ടെന്നത് വാസ്തവം അല്ലേ.

ഓരോന്നും എഴുതുമ്പോഴും ഒന്ന് മാറ്റി ചിന്തിക്കാൻ പലവട്ടം വിചാരിച്ചിട്ടുണ്ട് ശ്രമിക്കുന്നുണ്ട്, പക്ഷെ എഴുതിവരുമ്പോൾ ഞാൻ അറിയാത്ത ഞാൻ നിനക്കാത്ത, കോണിലേക്ക് (Angle) അത് അറിയാതെ ചെന്നു ചേരുന്നു എന്നതാണ് വാസ്തവം. അത് മനഃപൂർവം ചെയ്യുന്നതല്ല, നേരത്തെ പറഞ്ഞതുപോലെ ആരോ ചെയ്യിക്കുന്ന പോലെ ആയിത്തിരുന്നു. ഒരെഴുത്ത് ആയിരം പ്രസംഗത്തേക്കാൾ മൂർച്ച ഉള്ളതും ശക്തിയുള്ളതും ആകുന്നു. ഓരോ എഴുത്തും നാളേക്കുള്ള വരും തലമുറയുടെ പാഠപുസ്തകം തന്നേ.

എന്റെ അനുഭവം വെച്ച് പറഞ്ഞാൽ ക്രൈസ്തവ എഴുത്തുപുരയെ (KE) മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്ന ഘടകം പല സത്യങ്ങളും മുൻവിധി കൂടാതെ എഡിറ്റ്‌ ചെയ്യാതെ അതുപോലെ സ്വീകരിക്കുന്നു പ്രസിദ്ധപെടുത്താൻ ആർജ്ജവം കാണിക്കുന്നു എന്നത് തന്നേ. പലരും പറയുന്നത് കേട്ടിട്ടുണ്ട് ഞങ്ങൾക്ക് സ്ഥിരം എഴുതുന്നവർ ഉണ്ട് പിന്നെ സ്ഥലം ഉണ്ടെങ്കിൽ പരിഗണിക്കാം. എന്നാൽ പിന്നെ എന്ന സമയം ഒരിക്കലും വരില്ല എന്നതാണ് ദുഃഖം. ആന കൊടുത്താലും ആശ കൊടുക്കരുതെന്ന പഴഞ്ചൊല്ല് ഓർത്തു പോകുന്നു. എന്നാൽ KE തുടക്കാർ എന്നോ തഴക്കവും പഴക്കവും വന്നവരെന്നോ വേർവ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒരുപോല പരിഗണിക്കുന്നു വളരാൻ അവസരങ്ങൾ കൊടുക്കുന്നു എന്ന വലിയ സൽ‍മനസ്സ് വളരെ ശ്ലാഘനീയമായ കാര്യം തന്നേ. പത്താം വാർഷികം കൊണ്ടാടുന്ന KE യുടെ പ്രവർത്തനത്തിൽ 2020 വർഷം മുതൽ ഒരംശമായി മാറാൻ എനിക്കും അവസരം ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം ആയി കരുതുന്നു. KE ക്ക് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവിധ നന്ദിയും അറിയിച്ചുകൊണ്ട് ഹൃദയത്തിന്റ ആഴങ്ങളിൽ നിന്നുള്ള ആശംസകളും അനുഗ്രഹങ്ങളും നേരുന്നു, ഒരുമിച്ച് കൈകോർത്തു പിടിച്ച് യാത്ര ചെയ്യാം..

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.