ദക്ഷിണാഫ്രിക്കയില്‍ വൈദികനെ അക്രമകാരികൾ വെടിവെച്ച് കൊലപ്പെടുത്തി
കേപ് ടൌണ്‍: ദക്ഷിണാഫ്രിക്കയിലെ പ്രെറ്റോറിയയിൽ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. സ്റ്റിഗ്മാറ്റിൻ സന്യാസ സമൂഹാംഗമായ ഫാ. പോൾ ടാറ്റുവാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നതിനു ദൃക്‌സാക്ഷിയായ ഫാ. പോളിനെ അക്രമികൾ കാറിൽ കടത്തി കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്റ്റിഗ്മാറ്റിൻ മിഷ്ണറിയായ ഫാ. ജാന്നി പിക്കോൽബോണി പറഞ്ഞു.
കൊല്ലപ്പെട്ട വൈദികന് നാല്പത്തിയേഴുവയസായിരുന്നു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ദേശീയ മെത്രാൻ സമിതിയുടെ മാധ്യമവിഭാഗം മേധാവിയായി പ്രവർത്തിച്ചിരുന്നു. ഫാ.പോൾ ടാറ്റുവിന്റെ കൊലപാതകത്തിൽ ദക്ഷിണാഫ്രിക്കൻ മെത്രാൻ സമിതി അനുശോചനം രേഖപ്പെടുത്തി. അർപ്പണബോധത്തോടെയും, സമർപ്പണത്തോടെയുമുള്ള അദ്ദേഹത്തിന്റെ ജീവിതശൈലി ഏറെ മാതൃകാപരമായിരുന്നുവെന്നു അനുശോചന സന്ദേശത്തിൽ മെത്രാൻ സമിതി പ്രസ്താവിച്ചു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ദക്ഷിണാഫ്രിക്കയിലെ സുരക്ഷയുടെയും ധാർമ്മികതയുടെയും അപചയത്തിൻ്റെ വേദനാജനകമായ ഉദാഹരണമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഫാ. പോൾ ടാറ്റു അംഗമായ സ്റ്റിഗ്മാറ്റിൻ സന്യാസ സമൂഹം 1960 നവംബർ 9ന് ദക്ഷിണാഫ്രിക്കയിലാണ് പ്രവർത്തനം ആരംഭിച്ചത്. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്സ്വാന, മലാവി, ടാൻസാനിയ തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റിഗ്മാറ്റിൻ സന്യാസ സമൂഹം പ്രവര്‍ത്തനനിരതമാണ്.




- Advertisement -