തലച്ചോറിൽ ചിപ്പ്: ന്യൂറോലിങ്ക് പരീക്ഷണം വിജയമെന്ന് ഇലോൺ മസ്‌ക്
സാൻഫ്രാൻസിസ്കോ: മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും ന്യൂറാലിങ്ക് സ്ഥാപകൻ ഇലോൺ മസ്ക്. മനുഷ്യ മസ്തിഷ്കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ശതകോടീശ്വരനായ ഇലോൺ മസ്ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിൻ ചിപ്പ് മനുഷ്യനിൽ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളിൽ പരീക്ഷിച്ചത് അമേരിക്കയിൽ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും നീങ്ങിയിരുന്നു.
അഞ്ച് നാണയങ്ങൾ ഘടിപ്പിച്ചു വെച്ചതുപോലുള്ള ലിങ്ക് എന്നറിയപ്പെടുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ പ്രധാന ഭാഗം. ഇത് തലച്ചോറിനകത്ത് സർജറിയിലൂടെ സ്ഥാപിക്കും. ഇതുവഴിയാണ് കമ്പ്യൂട്ടറുമായുള്ള ആശയവനിമയം സാധ്യമാകുന്നത്.
ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചയാൾ സുഖം പ്രാപിച്ചു വരുന്നതായും ഇലോൺ മസ്ക് അറിയിച്ചു. ചിന്തിക്കുമ്പോൾ തന്നെ ഫോണോ കമ്പ്യൂട്ടറോ അതു നിയന്ത്രിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാൾക്ക് പ്രവർത്തിപ്പിക്കാനാകുമെന്ന് മസ്ക് എക്സിൽ കുറിച്ചു.
നേരത്തേ ഈ പരീക്ഷണം നടത്തിയ കുരങ്ങുകൾ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളടക്കം ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ നേരിട്ടത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ന്യൂറാലിങ്കിന് മനുഷ്യ മസ്തിഷ്കത്തിൽ പരീക്ഷണം നടത്താനുള്ള അനുമതി ലഭിച്ചത്.