കവിത: ഗബ്ബഥയിലെ മൗനം | റിനു ജോൺസൺ
ഗബ്ബഥയുടെ മണ്ണിൽ മുഴങ്ങു
മനേകമുത്തരമില്ലാ ചോദ്യ
ശരങ്ങൾക്കുമുമ്പിൽ കുഴഞ്ഞൊരാ
പീലാത്തോസു നാഥനു ന്യായം തീർപ്പാക്കാനാ
നീചരാജനാവലിക്ക് വിട്ടുനൽകി.
ക്രൂശിക്ക… അവനെക്രൂശിക്ക
യെന്നാർക്കുമാ ജനസാഗരേ
ഉരിയാടാ ദേവസുതനോ –
രജംപോൽ നമ്രമുഖനായിനിലകൊള്ളവേ
യൂദരാമവർത്തൻ അധരം പൊഴിച്ചതാം
ക്രൂരവചസാൽ വരിച്ചൂ ശിരസ്സതിൽ
തലമുറയ്ക്കായുള്ള ദീർഘശാപം
ബന്ധിച്ചു പാണികൾ പിമ്പിലായ്,
അണിയിച്ചു പരിഹാസികൾ മുള്ളുകൾ
കിരീടമായ് – മസ്തകേ…
ഏൽപ്പിച്ചു മേനിയിൽ താഡനം…
ഉഴവുചാൽ പോൽ പിളർന്നൊഴുകുമാ-
ക്ഷതജം ആസ്വദിച്ചൂ കശ്മലർ.
പ്രവഹിക്കുമൊരു തടിനിപോൽ തിരുനിണം വപുസ്സിൽ
ഗബ്ബഥയിൻ ചത്വരമൊരുസാഗരമാകയിൽ –
പ്രതിവചിച്ചതില്ലേതുമേ നസ്രായൻ
സഹിച്ചേവം… അനന്തമാം
മാനവ പ്രണയത്തിനടയാളമായ്…
തുടരുമീ മൗനം… വെടിഞ്ഞീശൻ
ഗോൽ ഗോഥയിൽ, മൊഴിഞ്ഞതോ –
വൈരികൾക്കായുള്ള പ്രാർത്ഥനയാം മദ്ധ്യസ്ഥത!
വാഞ്ജിച്ചൂ പരൻ
മാനവർതൻ രക്ഷ…
ഇച്ഛിച്ചു മരണത്തെ പുല്കുവാൻ
ബന്ധുരാഗാത്രത്തെയവഗണിച്ചീശൻ
ക്രൂശി നേല്പ്പിച്ചു മാനവർക്കായ് സ്വയം
ഗബ്ബഥയിൽ ഒഴുകിയമൗനം
ദിവ്യ സ്നേഹമായ് നിറഞ്ഞതെൻ
ഹൃത്തടത്തിൽ…
അതെയെൻ ഹൃത്തടത്തിൽ ..!