അനുഭവങ്ങളുടെ കലവറ സൂക്ഷിപ്പുകാരൻ

ജോളി ജോൺ ബാംഗ്ലൂർ

പാസ്റ്റർ ഭക്തവത്സലന്റെ അനുഭവങ്ങൾ ഒരു പുസ്തകരൂപത്തിൽ ആക്കണം എന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷവും ആവേശവും ആയിരുന്നു. കാരണം കാലങ്ങളായി നടക്കാതെ പോയ ആ ദൗത്യത്തിൽ പങ്കാളിയാകുവാനുള്ള ദൈവത്തിന്റെ നിയോഗം ഓർത്ത് ഞാൻ സർവ്വശക്തന് നന്ദി പറഞ്ഞു. ആ ദൗത്യത്തിൽ ഏർപ്പെട്ടപ്പോൾ മുതൽ അദ്ദേഹവുമായി കൂടുതൽ അടുക്കാനും ഒരുമിച്ച് സമയം ചെലവഴിക്കുവാനും കഴിഞ്ഞു.

ഒരു പുരുഷായുസ്സ് മുഴുവൻ അനുഭവിച്ചു തീർക്കുവാൻ കഴിയുന്നതിലും അപ്പുറത്തുള്ള തീഷ്ണമായ അനുഭവങ്ങളിൽ കൂടിയാണ് ഈ 74 കാരൻ കടന്നു പോയത് എന്ന് ഓർത്തപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. പാസ്റ്റർ ഷിനുവും പാസ്റ്റർ അലക്സും ഞാനുമടങ്ങുന്ന ദൗത്യസംഘത്തിന്റെ മുമ്പിലിരിക്കുമ്പോൾ എത്രയെത്ര പൊള്ളുന്ന അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. പലപ്പോഴും വൈകുന്നേരങ്ങളിൽ അദ്ദേഹം ക്ഷീണിതനായിരുന്നെങ്കിലും നിർബന്ധപൂർവ്വം ഞങ്ങൾ അദ്ദേഹത്തെക്കൊണ്ട് കഥകളുടെ ഭാണ്ഡക്കെട്ട് തുറപ്പിക്കുമായിരുന്നു. പുസ്തകം പ്രകാശനം ചെയ്ത് ഒരു കോപ്പി അദ്ദേഹത്തിന്റെ കൈകൊണ്ട് വാങ്ങുന്നത് കാണുവാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും ദൈവത്തിന്റെ നിയോഗം മറ്റൊന്നായിരുന്നു.

ഈ ലോകത്തിലെ ഭൗതിക നന്മകൾ ഒന്നും നേടുവാൻ ശ്രമിക്കാതെ, ലഭിക്കുന്നതു മുഴുവൻ സുവിശേഷത്തിന് സമർപ്പിച്ച്, അരുമനാഥന്റെ പിൻപേ പാട്ടുപാടി ഗമിച്ച് ഭക്തനങ്കിൾ ആ സവിധത്തിൽ അണഞ്ഞു.

അനുഭവങ്ങളുടെ അവസാനത്തെ ഖണ്ഡികയും ഞങ്ങൾക്ക് പറഞ്ഞു തന്ന് ഞങ്ങളെ തനിച്ചാക്കി, ഒരായുസിന്റെ ദൈവീക നിയോഗവും പൂർത്തിയാക്കി പ്രാണനാഥന്റെ അടുത്തേക്ക് അദ്ദേഹം പറന്നുപോയി.

ഈ വിയോഗം ഞങ്ങൾക്കൊരു തീരാനഷ്ടം തന്നെയാണ്. പുതിയ യുഗത്തിന്റെ പൊൻപുലരിയിൽ ആയിരമായിരം വിശുദ്ധന്മാരോടൊപ്പം മറുകരയിൽ അദ്ദേഹത്തിന്റെ തേജസ്സേറിയ മുഖം ഞങ്ങൾ ഇനിയും കാണും. അതുവരെ ഞങ്ങളുടെ പ്രിയ പ്രിയപ്പെട്ട ഭക്തൻ അങ്കിൾ വിശ്രമിക്കട്ടെ!!

-Advertisement-

You might also like
Comments
Loading...