ഭക്തച്ചായൻ: ഡൽഹിയുടെ ഏറെ പ്രീയൻ

_അനീഷ് വലിയപറമ്പിൽ (വൈസ് പ്രസിഡന്റ്, ഡൽഹി ചാപ്റ്റർ)_

ആഗോള ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ചാപ്റ്ററായ ഡൽഹി ചാപ്റ്ററിന് ഏറെ പ്രീയപ്പെട്ടവനായിരുന്നു ഭക്തച്ചായൻ,ഭക്തനങ്കിൾ എന്നൊക്കെ വളരെ സ്നേഹത്തോടും ആദരവോടെയും വിളിച്ചിരുന്ന പാസ്റ്റർ ഭകതവത്സലൻ. ക്രൈസ്തവ എഴുത്തുപുരയുമായി അദ്ദേഹം സജീവപങ്കാളി ആയതിനുശേഷം പല ഘട്ടങ്ങളിലും ചാപ്റ്ററിന്റെയും ചാപ്റ്റർ ഭാരവാഹികളുടെയും ഏറെ പ്രീയനും അടുപ്പക്കാരനുമായി അദ്ദേഹം മാറി. കണക്കുകൂട്ടലുകൾക്കപ്പുറമായി അദ്ദേഹത്തിന്റെ സ്നേഹസഹകരണം ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. കോവിഡ് കാലഘട്ടത്തിൽ ഒരു പക്ഷെ സ്വന്തം സഭകളിൽ ആരാധനകളും മറ്റ് കൂട്ടായ്മകളും ഓൺലൈനിൽ കൂടി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കർണാടക ചാപ്റ്റർ നടത്തിയ ആരാധനകളിൽ സഹകരിക്കുവാൻ ഏവരും ഒരു പ്രത്യേക മമത കാണിച്ചത് ഈ സമയത്ത് ഓർക്കുന്നു.

ഓരോ മീറ്റിംഗ് നടത്തുമ്പോഴും ഡൽഹി ചാപ്റ്ററിനോട് അദേഹം പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.ദൈവദാസന്മാരുൾപ്പെടെ പല സഹോദരങ്ങൾക്കും അദ്ദേഹം അവസരങ്ങൾ നൽകി ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്തത് ഈ സമയം ഓർക്കുന്നു. സൂം മീറ്റിംഗ് കഴിഞ്ഞാലും പിന്നേയും ഓരോ പ്രീയപ്പെട്ടവരുമായി വ്യക്തിപരമായി കുശലാന്വേഷണം നടത്തി, സുഖവിവരങ്ങൾ ആരാഞ്ഞ് അദ്ദേഹവും ബീന ആന്റിയും ചേർന്ന് പാട്ടുകൾ പാടി ആ മീറ്റിംഗുകൾ അവസാനിച്ചിരുന്നത് ഓർക്കുന്നു.ഒരു മീറ്റിംഗിൽ കണ്ടില്ലെങ്കിൽ അദേഹം വ്യക്തിപരമായി വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു, പ്രോത്സാഹിപ്പിക്കുന്ന ഒരു നല്ല സംഘാടകനായിരുന്നു.മിഷൻ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എന്നും മുൻതൂക്കം നൽകിയിരുന്നു. മാസത്തിൽ ഒരു ഞായറാഴ്ച ‘മിഷൻ സൺഡേ’ ആയി നടത്തി അധികം ആർക്കും അറിവില്ലാത്ത അനേകം മിഷനറി കുടുംബങ്ങൾക്ക്, വിശേഷാൽ ഉത്തരേന്ത്യയിലുള്ളവർക്ക് അവസരം നൽകി അവരെ പ്രോത്സാഹിപ്പിക്കുക പതിവായിരുന്നു. ഡൽഹി ചാപ്റ്റിന്റെയും ഒട്ടുമിക്ക മീറ്റിംഗുകളിൽ സജീവസാന്നിധ്യവും ആശിർവാദങ്ങളും ഞങ്ങൾക്ക് പ്രോത്സാഹനമായിട്ടുണ്ട്.

സ്നേഹമുള്ള ഒരു പിതാവിന്റെ കരുതലും വാത്സല്യവും സ്നേഹവും അദ്ദേഹം എക്കാലവും പ്രകടമാക്കി.വിശേഷാൽ ഞങ്ങൾ കുടുംബമായി കോവിഡ് പിടിയിലായി വളരെ ക്ലേശകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോൾ ഒരു നല്ല പിതാവിന്റെ കരുതലും സ്നേഹവും ഞങ്ങൾ കുടുംബമായി അനുഭവിച്ചു.മിക്കവാറും വിളിച്ചു ആരോഗ്യ സ്ഥിതികൾ അന്വേഷിച്ചു പ്രാർത്ഥിക്കുമായിരുന്നു.ആശ്വാസഗീതങ്ങൾ മിക്കപ്പോഴും പാടി അയച്ചു തന്ന് ഞങ്ങൾക്ക് ഏറെ ബലവും ധൈര്യവും ആയിരുന്നു. പ്രീയ ദൈവദാസന്റെ വിടവ് ഏറെ വേദനിപ്പിക്കുന്നതാണെങ്കിലും വേദനയില്ലാത്ത, ദുഃഖമില്ലാത്ത മറുകരയിൽ നമ്മുക്ക് വീണ്ടും കാണാം. മാനുഷികമായി പാടുവാൻ ആ ശബ്ദം ഇല്ലെങ്കിലും ക്രൈസ്തവ കൈരളി ഉള്ള കാലത്തോളം അദ്ദേഹവും അദ്ദേഹത്തിന്റെ ഓർമ്മകളും ഗാനങ്ങളും ജീവിക്കും.പ്രീയ ബീന ആന്റിയെ,കുഞ്ഞുങ്ങളെ,സഹോദരങ്ങളെ ദൈവം അധികം ആശ്വസിപ്പിച്ചു സഹായിക്കട്ടെ.ഡൽഹി ചാപ്റ്ററിന്റെയും എന്റെയും കുടുംബത്തിന്റെയും എല്ലാ ദുഃഖങ്ങളും അനുശോചനങ്ങളും ഇവിടെ അറിയിക്കുന്നു.പ്രീയ ദൈവദാസൻ ഞങ്ങളോട് കാണിച്ച എല്ലാ സ്നേഹത്തേയും കരുതലിനെയും പ്രോത്സാഹനങ്ങളെയും ഏറെ നന്ദിയോടെ സ്മരിക്കുന്നു. ദൈവം ഏവരെയും ആശ്വസിപ്പിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.