സ്ക്രിപ്റ്റ്: The Stranger (അപരിചിതൻ) | വര്‍ഗ്ഗീസ് ജോസ്

 

1 പകല്‍ | Heavens Rocks -മനോഹരമായ ഒരു മലമുകളില്‍, തനിച്ച്, ദൂരേക്ക് നോക്കി നിശ്ചലയായി നില്‍ക്കുന്ന, ഒരു യുവതി. അവളുടെ മുടിയിഴകളും, വസ്ത്രത്തിന്റെ തൊങ്ങലുകളും , കാറ്റില്‍, പാറിപ്പറക്കുന്നുണ്ട്. ആ മലമേടിന് താഴെ പശ്ചാത്തലത്തില്‍ ഒരു മേഘക്കടല്‍ തന്നെ കാണാം… അത്ര ഉയരെ…. Heavens Rocks’ – എന്ന് ആ മലമേടിന്റെ പേര് താഴെ ടൈറ്റില്‍ കാണാം.

2 . മലമുകളിലേക്ക് വളഞ്ഞ് തിരിഞ്ഞ് വിദൂരമായി നീണ്ടുപോകുന്ന, തീരെ തിരക്കില്ലാത്ത ഹെയര്‍പിന്‍ റോഡ്.. ( Areal View ). ഇപ്പോള്‍ ഒരേയൊരു കാറാണ് ആ വഴിയിലൂടെ വളഞ്ഞ് തിരിഞ്ഞ് സഞ്ചരിക്കുന്നത്…

3 കാര്‍‍ ഡ്രൈവ് ചെയ്ത്, ആ ഹെയര്‍പിന്‍ വഴിയിലൂടെ പോകുന്ന ചെറുപ്പക്കാരന്‍.. അയാള്‍ എന്തോ ചിന്തയിലാണ് ഡ്രൈവ് ചെയ്യുന്നത്..

കാറില്‍ അയാള്‍ തനിച്ചാണ് താനും..

4

മലമുകളിലെ പെണ്‍കുട്ടി. അതേ നില്‍പ്പില്‍, തന്റെ കൈവശമുള്ള മൊബൈല്‍ഫോണ്‍ ചെവിയോട് ചേര്‍ത്ത് പിടിച്ചാണ് നില്‍പ്പ്.. അങ്ങേത്തലക്കല്‍ നിന്ന് മറുപടി പ്രതീക്ഷിച്ചുള്ള നില്‍പ്പാണ്..

5 അങ്ങേത്തലക്കല്‍ ഒരു മൊബൈല്‍ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നുണ്ട്.

കൈനീട്ടി അതെടുത്ത് ചെവിയില്‍ വച്ച് മറ്റൊരു പെണ്‍കുട്ടി. ( കൂട്ടുകാരി )

( അടക്കിപ്പിടിച്ചെന്നപോലെയാണ് അവളുടെ സംസാരം ) ( അവള്‍ ഏതോ ഒരു റൂമിലോ ഹാളിലോ മറ്റോ ആണ് ഇരിക്കുന്നത്. )

” പറയെടാ.. ”

6

മലമുകളിലെ പെണ്‍കുട്ടി.. അതേ നില്‍പ്പ്.. ( മൗനം )
പിന്നെ പറഞ്ഞ് തുടങ്ങി.

” ഞാനിവിടെയുണ്ടെന്ന് പറഞ്ഞേര് ” . ….

( ചെറിയൊരു മൗനത്തിന് ശേഷം )

” ഞാനിവിടെത്തന്നെയുണ്ട്……

രാവിലെ മുതല്‍.. ”

7

അങ്ങേത്തലയ്ക്കല്‍ എന്ത് പറയണമെന്നറിയാതെ ആ കൂട്ടുകാരിയുടെ മുഖം..

പിന്നെ പറഞ്ഞു..

” അവന്‍ വന്നോണ്ടിരിക്കയാവും.. ”

( പിന്നെ മടിച്ച് മടിച്ച് ചോദിച്ചു )

” നിനക്കൊന്ന് നേരിട്ട് വിളിച്ചൂടേ ?

8

അവള്‍ ( അതേ നില്‍പ്പില്‍ )

” വേണ്ട….

തമ്മില്‍ കാണുന്നു.., bye പറയുന്നു ..
Thats all.

വേറൊന്നും ഇനി എനിക്ക് പറയാനില്ല…. കേള്‍ക്കാനും ”

9

കൂട്ടുകാരി ( എന്ത് പറയണമെന്നറിയാതെ ) മൗനം

10

അവള്‍ തുടര്‍ന്നു പറഞ്ഞു : ” മൂന്ന് മണി വരെ ഞാനിവിടെ കാണും. പിന്നെ ഞാന്‍ പോകും. ”

11

: ” ഡീ …വയ്ക്കല്ലേ, എനിക്കൊരു കാര്യം….

ശ്ശെ ! ( എന്തോ ചോദിക്കാന്‍ വന്നു )

” കാറ്റ് വീശുന്നുണ്ടോ ? ക്ലിയറല്ലടാ , കട്ടായിപ്പോകുന്നുണ്ട് പറയുന്നത്.. ”

അത് പറയുമ്പൊ അല്‍പ്പം ശബ്ദം കൂടിയോ എന്ന് ഭയന്ന് അവള്‍ താനിരിക്കുന്ന ഇടത്ത് നിന്ന് തിരിഞ്ഞ് നോക്കുന്നുണ്ട്.

പരിപൂര്‍ണ്ണ നിശബ്ദതയുള്ള ഒരു മുറിയിലാണ് അവള്‍ ഇരിക്കുന്നത്..

ഒരുപക്ഷേ അതൊരു ഹോസ്പിറ്റലോ, കോണ്‍ഫറന്‍സ് റൂമോ മറ്റോ ആകാം.
( ക്ലോസ് ഫ്രെയ്മില്‍ അതത്ര വ്യക്തമല്ല )

അവള്‍ ഭയന്നത് ശരി തന്നെയാവും.. അല്‍പ്പം ശബ്ദം കൂടിപ്പോയിരുന്നിരിക്കും..

അവള്‍ ഇരിക്കുന്നതിന് പിന്നിലായി വേറെയും ഒന്ന് രണ്ട് പേര്‍, ഇരിക്കുന്നതിന്റെ തോള്‍ഭാഗം കാണാം.. ( Suggestion Shot )

( അവള്‍ വേഗം ഫോണ്‍ കട്ട് ചെയ്ത് മറ്റേതോ നമ്പര്‍ സെര്‍ച്ച് ചെയ്യുന്നുണ്ട് )

12

മറ്റൊരു മോബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്.

( ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ബ്ലൂടൂത്ത് സ്പീക്കറിലാണ് കണക്റ്റാകുന്നത് )

കാര്‍ ഡ്രൈവ് ചെയ്ത്കൊണ്ട് തന്നെ അവന്‍ ആ കാള്‍ അറ്റന്റ് ചെയ്യുന്നുണ്ട്.

സ്പീക്കറിലൂടെ ആ കൂട്ടുകാരിയുടെ ശബ്ദം കേള്‍ക്കാം.

” എവിടെയാണ്.. ? കേള്‍ക്കാമോ ? ”

” ങാ ചെന്നോണ്ടിരിക്കുന്നു.. ഡ്രൈവിലാണ്.. ”

” ങാ.. അവള്‍… അവളവിടെയുണ്ട്. ”

” ഉം.. വിളിച്ചിരുന്നോ ?
……നീ അങോട്ട് വിളിച്ചതാണോ ? ”

അല്ല, എന്നെ വിളിച്ച് പറഞ്ഞതാ.. പറയാന്‍ പറഞ്ഞു. ”

” ഉം ”

” ഞാന്‍ …. ”

13

അതിനിടെ അവള്‍ ഇടക്ക് കയറി ചോദിക്കുന്നുണ്ട്

” ടാ, നീ… നീ തീരുമാനിച്ച് ഉറപ്പിച്ചോ ? ഇനിയൊരു മാറ്റം ഇല്ലേ അങ്ങിനാണോ ? ”

14

” ഏയ്.. അതിന്റെയാവശ്യം ഇല്ല. ഇനിയെന്ത് മാറ്റം ? ഇതിങ്ങനെ തീരട്ടെ ”

15

” മൂന്ന് മണിവരെ അവളവിടെ കാണുമെന്ന് പറഞ്ഞു. പിന്നെ അവള്‍ പോകുമെന്ന് പറയാന്‍ പറഞ്ഞു. ” വേഗം ചെല്ല് , വൈകണ്ട.

അവനൊന്നും മിണ്ടിയില്ല.

കൂട്ടുകാരി : ” നിനക്കൊന്ന് വിളിച്ചൂടേ ? ”

16

( അയാള്‍ ഇടക്ക് കയറി പറഞ്ഞു ) : ” ഡീ ഡ്രൈവിലാണ്. വക്കട്ടെ.. ”

അവന്‍ കട്ട് ചെയ്തു

കാറിന് മുന്നില്‍ വളഞ്ഞ് തിരിഞ്ഞ് വിദൂരതയോളം പോകുന്ന ആ ഹെയര്‍പിന്‍ കാട്ട് വഴി.

അവന്റെ മുഖം പെട്ടെന്ന് ചിന്തകളിലേക്ക് കൂപ്പ് കുത്തുന്നുണ്ട് ….

ചിന്തകള്‍….

17

പഴയത് പോലെ തന്നെ അവള്‍ മലമുകളില്‍ നില്‍ക്കുന്നു..

അവള്‍ക്ക് മുന്നിലേക്ക് അവന്‍ നടന്നടുക്കുന്നുണ്ട്…

പരസ്പരം നോക്കുന്നു..

അവള്‍ നിശ്ചയദാര്‍ഡ്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു..

അവന്റെ മുഖത്ത് ഒരു അപകര്‍ഷതാബോധം നിഴലിക്കുന്നുണ്ട്.

ഇരുവരും പരസ്പരം കൈനീട്ടി

കൈകള്‍ നിശ്ചയദാര്‍ഡ്യത്തോടെ മുറുകെ ചേര്‍ന്നു.

മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല.

ഒരു നീണ്ട മൗനം ഭേതിച്ച് അവളുടെ ചുണ്ടുകള്‍

” Bye ‘

എന്ന് മന്ത്രിച്ചതും

കാറിന് മുന്നിലേക്ക് ആ കൊടും വളവുതിരിഞ്ഞ് മറ്റൊരു വാഹനം പാളിക്കയറി വന്നതും ഒരുമിച്ചായിരുന്നു. !!

18 , 19

അവന്റെ മനസൊന്നു കലങ്ങി, കാറിന്റെ നിയന്ത്രണം ഒന്ന് തെറ്റി.

മലയോരത്തോട് ചേര്‍ന്ന ഒരു വശത്തെ ചെങ്കുത്തായ ചെരുവിലേക്ക് അവന്റെ കാര്‍ പാളിക്കയറി..

എതിരേ കടന്നുപോയ വാഹനം ഇതൊന്നും വകവയ്ക്കാതെ ദൂരേക്ക് പോയി മറയുന്നത് ആ കണ്ണാടിയില്‍ കാണാം.

അവന്‍ , സ്റ്റിയറിങ്ങില്‍ മുഖം‌
താഴ്ത്തി നിശ്ചലനായി കിടക്കുന്നത് കാണാം..

20

വിജനമായ കാട്ട് വഴി.

വഴിയോരത്തെ ചാലിലേക്ക് ഇടിച്ചിറങ്ങിയ നിലയില്‍ കാറിന്റെ ചക്രങ്ങള്‍..

വളഞ്ഞ് തിരിഞ്ഞ് ചെങ്കുത്തായി കടന്നുപോകുന്ന ആ കാട്ട് വഴിയുടെ വിദൂരദൃശ്യം വീണ്ടും. ( areal View )

21

സമയം കുറച്ച് കടന്ന് പോയിട്ടുണ്ട്, എപ്പോഴോ അവന്‍ സ്റ്റിയറിങ്ങില്‍ നിന്ന് തലയുയര്‍ത്തി കുറച്ച് നേരം നിശ്ചലനായി ഇരുന്ന ശേഷം, തന്റെ കഴുത്തില്‍ സ്ഥാനം തെറ്റി, അല്‍പ്പം മുറുകി കിടന്നിരുന്ന മഫ്ലര്‍ നിവിര്‍ത്തി, വീണ്ടും കഴുത്തില്‍ ചുറ്റിയ ശേഷം, പതിയെ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കുന്നുണ്ട്…

ആദ്യം അത് എളുപ്പം സ്റ്റാര്‍ട്ടായി കിട്ടുന്നില്ല. വീണ്ടും വീണ്ടും ശ്രമിക്കുമ്പോള്‍ കാര്‍ സ്റ്റാര്‍ട്ടാവുന്നുണ്ട്, പക്ഷെ …

22

വഴിയോരത്തെ ചാലിലേക്ക് ഇറങ്ങിയ നിലയില്‍ നിന്ന് മുന്നോട്ടോ പിന്നോട്ടോ ആ കാറിന്റെ ചക്രങ്ങള്‍ നീങ്ങിക്കിട്ടുന്നില്ല..

23

അവന്‍ ഡോര്‍ തുറന്ന് കാറിന് മുന്നിലേക്ക് വന്ന് കാറിന്റെ ചക്രങ്ങളുടെ നില നോക്കുന്നുണ്ട്.

കാറിന്റെ മുന്‍ഭാഗം ഒരുവശം തകര്‍ന്നിട്ടുണ്ട്.

കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് നോക്കുന്നു

പക്ഷെ പ്രയോജനമില്ല.

24

താഴ് വരകളില്‍ കോടക്കാറ്റ് വീശിയടിക്കുന്നുണ്ട്. കാറ്റില്‍ താളം തല്ലുന്ന ഇലകളും, നനുത്ത പുല്‍നാമ്പുകളും..

മലമുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇല കൊഴിഞ്ഞ ചില്ലകളില്‍ സിംഹവാലന്‍ കുരങ്ങും കുഞ്ഞും.

25

ഏതോ ഒരു കാര്‍ ആ കാട്ട് വഴിയിലൂടെ കയറ്റം കയറി വരുന്നത് കാറിന്റെ ഗ്ലാസിലൂടെ കണ്ട്, അവന്‍ തിടുക്കത്തില്‍ ഡോര്‍ തുറന്ന് ഇറങ്ങി, റോഡിന് മറുവശം വന്ന് നില്‍ക്കുന്നുണ്ട്.

26

ആ കാര്‍ തൊട്ടടുത്ത് എത്തുന്നതിന് മുന്നേ അവന്‍ ലിഫ്റ്റ് ചോദിച്ച് കൈ കാണിക്കുന്നുണ്ട്. പക്ഷെ ആ കാര്‍ അവനെ മറികടന്ന് മുന്നോട്ട് പോകുകയാണ്.

27

വഴിയോരത്തെ ചെറിയ വെള്ളച്ചാട്ടത്തിന്റെ ഒരരികില്‍ നിന്ന് അവന്‍ മുഖം കഴുകി തിരിയുമ്പോഴേക്കും മറ്റൊരു വാഹനം, ( ഒരു ചെറിയ ട്രക്ക് ) കയറ്റം കയറി വരുന്നത് കാണാം )

അവന്‍‍ ഓടി വന്ന് കൈ കാണിക്കുന്നത് ട്രക്കിന്റെ ഫ്രണ്ട് ഗ്ലാസിലൂടെ കാണാം..

അയാളുടെ ചാരെ എത്തി ആ ട്രക്ക് നിന്നു.

ഓടി ഡോറിനരികെ വന്ന് അകത്തേക്ക് നോക്കി

” ഹെവന്‍സ് റോക്സ് ‘ എന്ന് പറഞ്ഞു.

28

ആ സ്ഥലം മനസിലായിട്ടാവും സുന്ദരനായ, സ്റ്റൈലിഷായി വസ്ത്രധാരണം ചെയ്ത ആ ഡ്രൈവര്‍ അയാളോട് കയറിക്കോളാന്‍ ആംഗ്യം കാണിച്ചു.

29

അവന്‍ ഡോര്‍ തുറന്ന് കയറി . വാഹനം മുന്നോട്ട് നീങ്ങി.

30 യൂക്കാലി മരങ്ങള്‍ക്ക് ഇടയിലൂടെ കയറ്റം കയറി മുന്നോട്ട് പോകുന്ന ആ ട്രക്ക്.

31 പ്രസന്നതയോടെ വളരെ സ്മാര്‍ട്ടായി വാഹനം ഓടിക്കുന്ന, അപരിചിതനായ ആ സഞ്ചാരി.

32. കുറച്ച് ദൂരം പോകേണ്ടതിനാലാവും, തന്റെ സ്വകാര്യതയിലേക്ക് സ്വയം ഒതുങ്ങാനെന്ന വണ്ണം, അവന്‍ തന്റെ ear piece എടുത്ത് ഫോണില്‍ കണക്റ്റ് ചെയ്ത്, അതിന്റെ മറുവശം ഇരു ചെവികളിലേക്കും വയ്ക്കാന്‍ തുനിയുമ്പോള്‍, അയാളുടെ ഈ ചെയ്തികളെല്ലാം ശ്രദ്ധിച്ചിട്ടെന്നവണ്ണം ആ സഞ്ചാരി ഒരു പുഞ്ചിരിയോടെ പറഞ്ഞു

” ഹെവന്‍സല്ലേ പറഞ്ഞത് ?…..

മുകളിലെത്താന്‍ ഇനിയും ഒരുപാട് പോകണം..

എന്തെങ്കിലും പറയെന്നേ .. ”

അവന്‍ ( യാതൊരു താല്പര്യവുമില്ലാത്ത പോലെ , ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി )

: ” എന്ത് പറയാനാ …”

” എന്തെങ്കിലും….സംസാരിച്ചിരുന്നൂടേ അവിടെ വരെ..?

( അദ്ധേഹം വീണ്ടും ചിരിച്ചു )

” ചെന്നിട്ടല്‍പ്പം ധൃതിയുണ്ടെന്ന് തോന്നുന്നു.. അല്‍പ്പം ടെന്‍ഷനുണ്ടല്ലോ മുഖത്ത് ? ”

അവന്‍
” ഉം ” എന്ന് മാത്രം മൂളി

പിന്നെ കുറച്ച് നേരം ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു..

അല്‍പ്പം കഴിഞ്ഞ് പറഞ്ഞു

” നിങ്ങളെ കണ്ടാല്‍ ജീസസ് നെ പോലുണ്ട്. ”

( ശരിയായിരുന്നു. ആ സഞ്ചാരിക്ക് കാഴ്ച്ചയില്‍ അതുപോലൊരു മുഖമാണ് )

അത് കേട്ട് ആ സഞ്ചാരി ചിരിച്ചു .

എന്നിട്ട് തിരികെ ചോദിച്ചു

” ജീസസിനെ കണ്ടിട്ടുണ്ടോ ? ”

” ഇല്ല. പെയിന്റിങ്ങ്സിലും സ്റ്റാച്ച്യൂസിലും കണ്ടിട്ടുള്ള .. ഒരു ലുക്ക്… ”

” ഓ.. അങ്ങിനെ…
പക്ഷെ എല്ലാ പെയിന്റിങ്ങ്സിലും ഒരേ മുഖമല്ല…..

ഓരോരുത്തരുടെ മനസിലും ഓരോ മുഖമാവാം ഈശോയ്ക്ക് ”

അവന്‍ മൗനമായി കേട്ടിരുന്നു.

അദ്ധേഹം തന്നെ തുടര്‍ന്ന് ചോദിച്ചു

” അപ്പൊ ജീസസിന്റെ ശരിയായ മുഖം‌ ഏതാ ? ( വീണ്ടും ചിരി )

അവന് മറുപടിയുണ്ടായില്ല.

” സ്നേഹം …….. സ്നേഹമാണ് ഈശോയുടെ യഥാര്‍ത്ഥ മുഖം ”

യേശുവിനെ അറിഞ്ഞവന്‍ യഥാർത്ഥ സ്നേഹം തൊട്ടറിയുന്നു… ”

അവനത് മുഴുവന്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ടെങ്കിലും , ജനലിലൂടെ വെളിയിലേക്ക് കണ്ണോടിച്ച് ഇരിക്കുകയാണ്…

33

വനപാതയിലൂടെ കടന്നുപോകുന്ന ആ ട്രക്കിന്റെ ദൃശ്യങ്ങള്‍ക്ക് മേല്‍ ഇപ്പോഴും അയാളുടെ വാക്കുകള്‍ വ്യക്തമായി കേള്‍ക്കാം…

” സ്നേഹം അറിയാത്തവരായി ആരും ഇല്ല എന്നേ എല്ലാവരും പറയാറുള്ളൂ.. പക്ഷെ സ്നേഹം ഒരു മറ മാത്രമാണ് പലരുടെയും കാര്യത്തില്‍..

യഥാര്‍ത്ഥ സ്നേഹം എന്തെന്ന് പലരും തൊട്ടറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ”

34.
ആ ട്രക്കിനുള്ളില്‍ വീണ്ടും കുറേ നേരം മൗനം തളം കെട്ടി നിന്നു.

അദ്ധേഹം‌ ഡ്രൈവ് ചെയ്ത് കൊണ്ടേയിരുന്നു..

അവന്‍ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയും ഇരിക്കുന്നു…

Drive ചെയ്യുന്നതിനിടെ എന്തോ ഓര്‍ത്തെടുത്തിട്ടെന്ന വണ്ണം ആ മനുഷ്യന്‍ വീണ്ടും പറഞ്ഞുതുടങ്ങി.

” മുന്‍പ് ഒരിക്കല്‍ ഞാന്‍ ഇതുവഴി വരുമ്പൊ, ഒരാളെന്റെ വാഹനത്തില്‍ കയറി. അയാളും മലമുകളിലേക്കായിരുന്നു.

സ്നേഹം … അത് തന്നെയായിരുന്നു അയാളുടെ യാത്രയ്ക്കും കാരണം.. ”

( ഡ്രൈവ് ചെയ്യുന്നതിനിടെ അദ്ധേഹം ആ കഥ പറഞ്ഞുകൊണ്ടേയിരുന്നു )

” മലമുകളില്‍ ഒരിടത്ത് അയാളുടെ കൂട്ടുകാരി കാത്ത് നിന്നിരുന്നു. …”

അത് പറയുമ്പോള്‍ മുതല്‍ അവന്‍ അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കി അത് ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു…

എന്താണ് അദ്ധേഹം പറഞ്ഞുവരുന്നതെന്ന്….

അദ്ധേഹം തുടര്‍ന്നു..

” അവള്‍ അന്നാട്ട്കാരിയായിരുന്നു. അവനും അവളും ആദ്യമായി കണ്ട്മുട്ടിയത് ആ മലമുകളില്‍ വച്ചായിരുന്നു.

അവസാനമായി തമ്മില്‍ പിരിയാനും അവര്‍ തിരഞ്ഞെടുത്തത് അതേ മലമുകളായിരുന്നു ! ”

അത് പറഞ്ഞതും അവന്‍ ചോദിച്ചു

” വണ്ടിയൊന്ന് നിറുത്താമോ..? ”

പെട്ടെന്നാണ് അവനത് ചോദിച്ചത് ..

” ഒന്ന് റെസ്റ്റെടുത്താലോ … പുറത്തിറങ്ങി….”

അവനെന്തോ അസ്വസ്ഥനായത്പോലെ തോന്നിയിട്ടാവും, അദ്ധേഹം വാഹനം വഴിയോരം ചേര്‍ന്ന് നിറുത്തി.

” അപ്പൊ നിങ്ങളിനിയും വൈകില്ലേ ? ”

അദ്ധേഹം ചോദിച്ചു.

” ആ കാറ് തകര്‍ന്നപ്പൊഴേ ഞാന്‍ ഒരുപാട് വൈകിയതാ……”

അതും പറഞ്ഞാണ് അവന്‍ പുറത്തിറങ്ങാനായി ആ ഡോര്‍ തുറന്നത്.

” ചില തകര്‍ച്ചകള്‍ നല്ലതാണ്…
അത് ….
നമ്മുടെ മുന്നോട്ടുള്ള യാത്രയെ വഴിതിരിക്കും. ”

അതും പറഞ്ഞ്, അവനേക്കാള്‍ മുമ്പേ അദ്ദേഹമാണ് ആദ്യം പുറത്തിറങ്ങിയത്.

ആ വാക്ക് കേട്ട് അവന്‍ അല്‍പ്പനേരം അവിടെത്തന്നെയിരുന്നു.
പിന്നെ അദ്ധേഹത്തിനു പിന്നാലെ അവനും പതിയെ പുറത്തിറങ്ങി.

35

ഒരു താഴ് വരയ്ക്ക് മുന്നില്‍ ഒരു വ്യൂപോയിന്റ് പോലൊരു ഇടത്ത് അവര്‍ രണ്ടുപേരും.
വന്നപാടെ അദ്ധേഹം അവിടെ ഒരു കൈവരിയില്‍ കയറി ഇരിക്കുകയാണ്.

അവന്‍ ചാരേ വന്ന് ആ പ്രദേശം ഒന്ന് കണ്ണോടിച്ച് നിന്ന ശേഷം ആരോടെന്നില്ലാത്ത പോലെ ചോദിച്ചു

” അവരെന്തിനായിരുന്നു പിരിയാന്‍ തീരുമാനിച്ചത് ?

ആ ചോദ്യം പ്രതീക്ഷിച്ചതുപോലെ അദ്ധേഹം മറുപടി പറഞ്ഞു

” സ്നേഹക്കൂടുതല്‍ തന്നെ കാരണം..
അര്‍ത്ഥമറിയാത്ത സ്നേഹം അതിര് കടക്കുമ്പൊ അവിടെ സ്വാര്‍ത്ഥത കടന്നുവരും..
അത് പരസ്പരമുള്ള സ്വാതന്ത്ര്യങ്ങളെ തല്ലിക്കെടുത്തും.

ഇവിടെയും അത് തന്നെ. അവന് അവളുടെ സ്നേഹം പരിപൂര്‍ണ്ണമായി വിശ്വസിക്കുവാന്‍ കഴിയുന്നില്ലായിരുന്നു…
അവനാഗ്രഹിക്കുന്ന അളവില്‍ അവള്‍ക്കവനോട് സ്നേഹമില്ല എന്ന് തന്നെ അവന്‍ വിശ്വസിച്ചു ”

അവസാനം അവര്‍ പരസ്പരം പിരിയാന്‍ തീരുമാനിച്ചു.

അദ്ധേഹം പറഞ്ഞ് നിറുത്തി.

ദൂരെ എവിടേക്കോ നോക്കി, അവന്‍ ഒന്നും മിണ്ടാതെ കേട്ട് നിന്നു.

അവന്റെ മനസില്‍ മുന്നമേ തെളിഞ്ഞ് മങ്ങിയ ആ പഴയ ദൃശ്യങ്ങള്‍ ഒരാവര്‍ത്തികൂടി തെളിഞ്ഞു…

ആ മലമുകളില്‍ അവളും അവനും വീണ്ടും കാണുന്നതും , കൈകള്‍ തമ്മില്‍ ചേരുന്നതും, അവന്റെ കണ്ണുകളില്‍ നോക്കി, നിശ്ചയദാര്‍ഡ്യത്തോടെ അവള്‍ Bye പറയുന്നതും എല്ലാം.

ഒരു മൗനം ഭേതിച്ചുകൊണ്ട് അദ്ധേഹം ഒന്ന് കൂടി പറഞ്ഞു.

” ഞാന്‍ മുന്നമേ പറഞ്ഞില്ലേ സ്നേഹം ഒരു മറമാത്രമാണ് എന്ന്.

പരസ്പരം പിരിയുന്നു എന്ന് മാത്രമേ അറിയുമായിരുന്നുള്ളൂ. പക്ഷെ, അവന്റെ മനസിലെന്താണെന്ന് അവള്‍ക്കറിയില്ലായിരുന്നു. അവള്‍ക്കെന്നല്ല, മറ്റാര്‍ക്കും… ”

അത് പറയുമ്പോള്‍ അവന്‍ ഒരു തരിപ്പോടെ അദ്ധേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി…

ആ നോട്ടത്തിലെ ചോദ്യം മനസിലാക്കിയിട്ടാവും അദ്ധേഹം പറഞ്ഞു.

ആ യാത്രപറച്ചിലിന് തൊട്ടുപിന്നാലെ അവളെ ….
അവളെ എന്നെന്നേക്കുമായി യാത്രയയക്കാന്‍ തന്നെ നിശ്ചയിച്ചൊരുങ്ങിയായിരുന്നു അവന്റെ വരവ്..!

അവളുടെ ജീവനെടുക്കാന്‍…!!

അത് കേള്‍ക്കുമ്പോള്‍ അവന്‍ വല്ലാതെ അസ്വസ്ഥനാവുന്നുണ്ട്. അവനറിയാതെ അവന്റെ കൈകള്‍ തന്റെ കഴുത്തില്‍ ചുറ്റിയ മഫ്ലറില്‍ അറിയാതെ പരതുന്നുണ്ട്.

അവന്റെ മനസില്‍ ആ ദൃശ്യങ്ങള്‍ ക്ഷണനേരത്തില്‍ മിന്നിമായുന്നുമുണ്ട്

ആ മഫ്ലര്‍ ഷാള്‍ അവളുടെ കഴുത്തില്‍ കുരുക്കുന്നതും, അവള്‍ കാല്‍വഴുതി ആ ഗര്‍ത്തത്തിലേക്ക് പതിക്കുന്നതിനിടെ എപ്പോഴോ ആ ഷാളില്‍ അവളുടെ പിടിവീഴുന്നതും, അവന്‍ തന്റെ കാലുകള്‍ കൊണ്ട് ബലമായി ആ പിടി വിടുവിക്കുന്നതും, ആ ഷാളില്‍ നിന്നും അവളുടെ പിടുത്തം വിട്ടുപോകുന്നതും, അവളുടെ നിലവിളിയും !!

ആ ദൃശ്യങ്ങള്‍ക്ക് മീതെ അദ്ധേഹം‌പറയുന്നതിന്റെ തുടര്‍ച്ചയും കേള്‍ക്കാം…

” എനിക്കില്ലെങ്കില്‍ മറ്റാര്‍ക്കും വേണ്ട. അത്ര തന്നെ.. ”
അവളുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ ഇനി കടന്ന് ചെന്നുകൂടാ ….. അത്രതന്നെ. ”
അദ്ധേഹം അത് പറഞ്ഞു നിറുത്തിയതും,

പൊടുന്നനെയാണ് അവന്റെ ഫോണ്‍ റിങ്ങ് ചെയ്തത് !

ഒരു ഞെട്ടലോടെ അവനാ ഫോണ്‍ അപ്പൊത്തന്നെ കട്ട് ചെയ്യുന്നുമുണ്ട്.

മരവിച്ചത് പോലെ നില്‍ക്കുകയാണ് അവന്‍..!

36

ഫോണും ചെവിയില്‍ വച്ച് നിശ്ചലയായി, മുന്നമേ ഇരുവരേയും വിളിച്ച ആ കൂട്ടുകാരിപ്പെണ്ണ്..

37

അവന്‍, അറിയാതെ തന്നെ പോക്കറ്റില്‍ നിന്ന് ഒരു സിഗററ്റ് തപ്പിയെടുത്ത് ചുണ്ടില്‍ വച്ച് തീ കൊളുത്താന്‍ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട് …

പിന്നെ ആ സിഗരറ്റ് ചുണ്ടില്‍ നിന്നെടുത്ത് ഒടിച്ച് താഴേക്ക് ഇടുന്നുമുണ്ട്.

അദ്ധേഹം, അവന്റെ ഈ അസ്വസ്ഥതകളെല്ലാം ശ്രദ്ധിക്കുന്നുണ്ട്.

” വലിച്ച് ശീലമില്ലാത്ത ആളാണല്ലേ.. ?

” കഥകേട്ടിട്ടാണോ … നിങ്ങള്‍ പെട്ടെന്ന് വല്ലാതെയായി… ”

” ഏയ് ..”

അവന്‍ ചുമ്മാ നിഷേധിച്ചു ..

” ഞാനിപ്പൊഴും ഒരു വശം മാത്രമേ പറഞ്ഞിട്ടുള്ളൂ…

അവന്റെ വശം മാത്രം.. ”

അദ്ധേഹം വീണ്ടും തുടര്‍ന്നു.

” അവളുടെ വശം കൂടി കേള്‍ക്കണ്ടേ ?

അവന്റെ അനുവാദത്തിന് കാത്ത് നില്‍ക്കാതെ അദ്ധേഹം അത് കൂടി പറഞ്ഞു..

” അവന്‍ ഒരിക്കലും വിശ്വസിച്ചില്ലെങ്കിലും, അവള്‍ക്കവനോടുള്ള സ്നേഹം ആത്മാര്‍ത്ഥമായിരുന്നു. അതുകൊണ്ടു തന്നെ…
അവനില്ലാത്ത ഒരു ജീവിതത്തിനും അവള്‍ തയ്യാറല്ലായിരുന്നു.

അവന്‍ യാത്ര പറഞ്ഞ് പിരിയുന്നതിനടുത്ത നിമിഷം അവള്‍ സ്വയം ജീവനൊടുക്കുമായിരുന്നു..!!

അതായിരുന്നു അവളുടെ തീരുമാനം ”

ഇപ്പോളവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി !

ആ ഭീതി അവന് മുന്നത്തെപ്പോലെ ഉള്ളിലൊതുക്കാന്‍ സാധിക്കുമായിരുന്നില്ല.

അവന്റെ മനസിലേക്ക് ആ കൂട്ടുകാരിയുടെ ശബ്ദം ഒരാവര്‍ത്തികൂടി കടന്നുവന്നു..

” മൂന്ന് മണിവരെ അവളവിടെ കാണുമെന്ന് പറഞ്ഞു. അത്കഴിഞ്ഞാല്‍ അവള്‍ പോകുമെന്ന് പറയാന്‍ പറഞ്ഞു !! ”

38

ആ ശബ്ദത്തോടൊപ്പം ആ പാറയ്ക്ക് മുകളില്‍ എന്തോ കരുതിയുറപ്പിച്ചത് പോലെ നിശ്ചയദാര്‍ഡ്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന അവളുടെ ദൃശ്യം കാണാം.

അതൊരു സൂയിസൈഡ് പോയിന്റാണ്..!

ഇപ്പോള്‍ മാത്രമാണ് അവളുടെ കാല്‍പാദങ്ങള്‍ നമുക്ക് വെളിവാകുന്നത്..

ആ മലയുടെ ഏറ്റവും ഉയര്‍ന്ന വിളുമ്പില്‍, ഒരു പാറയുടെ ഏറ്റവും അരികില്‍ കാല്‍വിരലുകള്‍ ആ പാറയ്ക്ക് വെളിയിലേക്ക് നീട്ടിയാണ് അവള്‍ നില്‍ക്കുന്നത് !!!

സ്വര്‍ണ്ണ നിറമാര്‍ന്ന മേഘക്കടലിന് മീതെ അഗാധതയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ വലിയ കൊടുമുടിയുടെ നെറുകയില്‍ ഒരു പൊട്ടുപോലെ അവള്‍ !

39

അവന്‍ പെട്ടെന്ന് വാച്ചിലേക്ക് നോക്കുന്നുണ്ട്…

അവള്‍ പറഞ്ഞ സമയത്തിന് ഇനി ഏഴ് മിനിറ്റുകളേയുള്ളൂ..

” സര്‍ വണ്ടിയെടുക്കൂ…. എനിക്ക് പോണം… എത്രയും വേഗം ”

അത് പറയുന്നതിനൊപ്പം അവന്‍ ഓടി ആ ട്രക്കിലേക്ക് കയറി വാതിലടക്കുന്നുണ്ട്.

40.

കൂട്ടുകാരിയുടെ സെല്‍ഫോണ്‍ വീണ്ടും വൈബ്രേറ്റ് ചെയ്യുന്നുണ്ട്.

പെട്ടെന്ന് അവളാ ഫോണ്‍ അറ്റന്റ് ചെയ്ത് ചെവിയില്‍ വച്ച്

( അവളുടെ മുഖത്തും ഭീതിയുണ്ട് )

” ഡാ കേള്‍ക്കാമോ ? ”

41

അവന്‍

” നീ നീയെന്താ വിളിച്ചത് ? എന്തെങ്കിലും…

42.

അവള്‍ ( അടക്കിയ ശബ്ദത്തില്‍ )

” നീ എത്തിയില്ലേ ? നീയെന്താ ഫോണെടുക്കാത്തത് ? ഞാന്‍ അവളെയും വിളിച്ചു, പലവട്ടം…. ഒരുപാട് തവണ..

നേരത്തേ പലതവണ റിങ്ങുണ്ടായിരുന്നു… ഇപ്പൊ പക്ഷെ.. അതും…

എനിക്കെന്തോ പേടിയാകുന്നു ! ”

43

അവന് എന്ത് പറയണമെന്നറിയില്ല…

അവന്‍ ആ ഫോണും ചെവിയില്‍ വച്ച് അതേ ഇരിപ്പ് .. ആകെ തളര്‍ന്നതുപോലെ..

44

മലമുകളിലെ പാറയില്‍ അവളുടെ ബാഗും, ഫോണും ഇരിപ്പുണ്ട്.

അവള്‍ നിന്നിരുന്ന കല്ലും ഇപ്പോള്‍ ശൂന്യമാണ്..!

45

ചക്രവാളം ചുവന്ന് തുടങ്ങിയിരിക്കുന്നു..

താഴ് വരകളിലെ മേഘങ്ങള്‍ക്ക് മുന്നത്തേക്കള്‍ തിളക്കമാര്‍ന്ന സ്വര്‍ണ്ണശോഭ…

നേരം ഏറെ വൈകി അസ്തമയത്തോട് അടുത്തിരിക്കുന്നു..

ദൂരെ പര്‍വ്വത ശിഖിരങ്ങള്‍ക്ക് മുകളില്‍ രണ്ടോ മൂന്നോ പേരടങ്ങുന്ന വരയാടിന്‍ കൂട്ടം. പശ്ചാത്തലത്തില്‍ അസ്തമയ വര്‍ണ്ണം..

46

അവന്റെ കയ്യിലെ വാച്ചില്‍ സമയം 5.25 കഴിഞ്ഞു എന്ന് കാണാം

47

സന്ധ്യയോട് അടുത്ത സമയം.

ഓടിയകലുന്ന ട്രക്കിന്റെ ചില്ലിലൂടെ കാണാം , തിടുക്കപ്പെട്ട്
അവന്‍ ആ കാട്ടുവഴിയില്‍ നിന്ന് മലമുകളിലേക്കുള്ള വഴിയിലൂടെ തിരിഞ്ഞുപോലും നോക്കാതെ ഓടിപ്പോകുന്നത്..

ആ കാടും, മലഞ്ചെരിവും, പിന്നെ,
കാട്ട് വഴിയിലൂടെ വീണ്ടും മുന്നോട്ട്, ദൂരേക്ക് ഓടിമറയുന്ന ട്രക്കും.. ( Areal View )

മറ്റൊരു ദിക്കിലേക്ക് മലഞ്ചെരുവിലൂടെ ഓടി മറയുന്ന അവന്റെ രൂപവും കാണാം പൊട്ടുപോലെ….

47

പാറപ്പുറത്തെ ചരുവിലൂടെ എങ്ങിനെയൊക്കെയോ ഓടിപ്പാഞ്ഞ്
ആ മലമുകളിലേക്ക് കയറി വരുന്ന അവനെക്കാണാം…

അവന്‍ മലമുകളില്‍ വന്ന് നിന്ന് വല്ലാതെ അണക്കുന്നുണ്ട് … അവന്റെ കണ്ണുകള്‍ ചുറ്റും തിരയുന്നുമുണ്ട് അവളെ..

ആ വരയാടിന്‍ കൂട്ടവും , ഉണങ്ങിയ ചില്ലകളുമല്ലാതെ ആ കൊടുമുടിത്തലപ്പില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മറ്റ് രൂപങ്ങളൊന്നും കാഴ്ച്ചയില്‍ കാണപ്പെടുന്നില്ല.

അവന്‍ ആകെ തളര്‍ന്നത് പോലെയായി..

കാലുകള്‍ ആകെ തളര്‍ന്നത് പോലെ..

പെട്ടെന്നാണ് അവന്‍ കണ്ടത്…

തൊട്ടപ്പുറമുള്ള പാറയോട് ചേര്‍ന്ന്,, അവനെത്തന്നെ ഉറ്റുനോക്കി അവള്‍ അവിടെയിരിക്കുന്നത് കാണാം.

” പേടിച്ചോ ? ”

അവളുടെ ചോദ്യം..

അവനൊന്നും മിണ്ടാന്‍ പറ്റിയില്ല. പകരം അവള്‍ക്കരികിലേക്ക് വന്ന് അവന്‍ ആ പാറമേല്‍ ഇരുന്നു.

( തോളിലെ ക്രോസ് ബാഗ് അഴിച്ച് നിലത്ത് വച്ച് അതില്‍ നിന്നും ഒരു വാട്ടര്‍ ബോട്ടിലെടുത്ത് വായിലേക്ക് കമിഴ്ത്തി…
അത്രയും പരവശപ്പെട്ടാണ് അവന്‍ കയറി വന്നിരിക്കുന്നത്..

അവനെന്തോ പറയണമെന്നുണ്ട്…

” പറയണ്ട.. ആദ്യം അണപ്പൊന്ന് മാറട്ടെ. ”

അവള്‍ തന്നെ പറഞ്ഞു..

ആ കുപ്പിവെള്ളം അവള്‍ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു..

” ഞാന്‍ കരുതിയില്ല നീയിത്ര നേരം കാത്ത് നില്‍ക്കുമെന്ന്… അതും തനിച്ച്.. ”

അവള്‍ ആ വാട്ടര്‍ ബോട്ടില്‍ വാങ്ങിക്കൊണ്ട് മെല്ലെ എഴുന്നേല്‍ക്കുന്നതിനിടെ പറഞ്ഞു.

” അതിന് ഞാന്‍ തനിച്ചായിരുന്നില്ലല്ലോ.. ”

പിന്നെ ? എന്നുള്ള അര്‍ത്ഥത്തില്‍ അവന്‍ നോക്കി

” ഞാന്‍ പോവാന്‍ തുനിഞ്ഞതാണ്..പക്ഷെ ഇവിടെ എനിക്കൊരു സുഹൃത്തിനെ കിട്ടി. ഏതോ ഒരു സഞ്ചാരി ”

ഞാന്‍ … ഞാനാകെ തകര്‍ന്ന് നില്‍ക്കുകയായിരുന്നു..

പക്ഷെ ആ മനുഷ്യന്‍ പറഞ്ഞ ഒരു വാചകം എന്റെ ചിന്തകളെ മാറ്റിക്കളഞ്ഞു ‘

” എന്താ പറഞ്ഞത് ? ” അവന്‍ ആകാംഷയോടെ ചോദിച്ചു

വിദൂരതയിലേക്ക് നോക്കി അവളങ്ങിനെ നിന്നു.

പിന്നെ പറഞ്ഞു

” ചില തകര്‍ച്ചകള്‍ നല്ലതാണ്.. അത് ജീവിതത്തെ അതിന്റെ വഴികളില്‍ നിന്ന് തിരിച്ചു നടത്തും ”

അതുവരെയില്ലാത്ത ഒരു തിളക്കമായിരുന്നു അവന്റെ കണ്ണുകളില്‍ അത് കേള്‍ക്കുമ്പൊള്‍ …

ഒരു സ്വപ്നത്തിലെന്ന വണ്ണം അവനങ്ങിനെ നിന്നു.

ദൂരെ മലമേടുകളുടെ നെറുകയിലെ വരയാടുകളെ നോക്കിനിന്ന് ഒരു ചെറു ചിരിയോടെ അവള്‍ പറഞ്ഞു

” വരയാടാണെന്നാണ് കരുതിയതത്രെ…. ആ മലമേടിന്റെ തലപ്പില്‍ എന്നെ ആദ്യം കണ്ടപ്പോള്‍ .. അതും പറഞ്ഞാണ് ആ മനുഷ്യന്‍ എന്റെയടുക്കല്‍ വന്നത്…( അവള്‍ ചിരിച്ചു )

( ചിരിച്ചുകൊണ്ടാണ് അവള്‍ തുടര്‍ന്നതും ) എന്നെക്കാണാന്‍ വരയാടിനെപ്പോലാണോന്ന് ചോദിച്ചപ്പൊ പറഞ്ഞു..

” അവരല്ലാതെ മനുഷ്യരാരും ഭയം കൂടാതെ ഇവിടെ വന്ന് നില്‍ക്കില്ല. ഇത്രയൂം ഓരത്ത്.. ”

( അവന്‍ അത് കേള്‍ക്കുന്നതിനിടെ ആ വാട്ടര്‍ ബോട്ടില്‍ അവിടെ നിലത്ത് വച്ച്, ബാഗില്‍ നിന്ന് ഒരു ബുക്കോ കടലാസോ എന്തോ എടുത്ത് അലസമായി എന്തോ എഴുതുകയോ , കുത്തിക്കോറി വരക്കുകയോ ചെയ്യുന്നുണ്ട് )

അവള്‍ അതേ നില്‍പ്പില്‍ തുടര്‍ന്നു…

ഞാന്‍ പറഞ്ഞു : ” ഞാനും അവയെപ്പോലെ ഒരു ഡെയ്ഞ്ചര്‍ സോണിലാണ്..മരണത്തിന്റെ വക്കില്‍ ”

അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു.

” നിനക്ക് തെറ്റി…അവര്‍ക്കത് ഡെയ്ഞ്ചര്‍ സോണല്ല.. അതവരുടെ സെയ്ഫ് സോണാണ്. ”

അവരുടെ കാലുകള്‍ക്ക് മാത്രം ദൈവം കൊടുത്തിരിക്കുന്ന ഒരു കഴിവാണത്.
ശത്രുവിന് അവിടെ കയറിവന്ന് അവയെ പിടിക്കാന്‍ എളുപ്പമല്ല… ‘

He makes my feet like the feet of a deer; he causes me to stand on the heights

അവനെന്റെ കാലുകളെ മാന്‍പേടക്കാലുകള്‍ക്ക് തുല്യമാക്കി, എന്റെ ഗിരികളില്‍ എന്നെ നിറുത്തുമാറാക്കുന്നു …

പിന്നെ ചോദിച്ചു

” മാന്‍ നില്‍ക്കുന്നത് രക്ഷയുടെ പാറയിലാണ്… നീയോ ? ”

അദ്ധേഹം അവളോട് ചോദിച്ച ഒരു ചോദ്യമായിരുന്നു അത്.

അത്രയും പറഞ്ഞ് അവള്‍ നിറുത്തി.
എന്നിട്ട് അവനോടായി പറഞ്ഞു.

” ഞാനീ പറഞ്ഞത് വല്ലതും നീ ശ്രദ്ധിച്ചോന്ന് എനിക്കറിയില്ല…, ഇനി കേട്ടാത്തന്നെ, നീയിതൊന്നും വിശ്വസിക്കുമോന്നും അറിയില്ല ”

അത് പറഞ്ഞ് നിറുത്തിയിട്ട്
തിരിഞ്ഞ് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ആ നേരം അവന്‍ എഴുന്നേറ്റു.. വിശ്വസിച്ചു എന്നോ, ഇല്ലെന്നോ അവന്‍ പറഞ്ഞില്ല, പകരം അവന്‍ തന്റെ കയ്യിലിരുന്ന കടലാസ് കീറി അവള്‍ക്ക് നീട്ടി..

അവളത് വാങ്ങി നോക്കുമ്പൊള്‍…..

48

അവനെ ഇവിടെ എത്തിച്ച ആ സഞ്ചാരിയുടെ മുഖം അവന്‍ ആ കടലാസില്‍ കുത്തിക്കോറി വരച്ചിരിക്കുന്നു..

49

ആ ചിത്രം കണ്ട് അവള്‍ വല്ലാതെ വിസ്മയിച്ചു. പെട്ടെന്ന് ആശ്ചര്യത്തോടെ അവന്റെ മുഖത്ത് നോക്കി അവള്‍

“ഇത് നിനക്കെങ്ങിനെ…

പെട്ടെന്ന് എന്തോ ഓര്‍ത്തത് പോലെ അവള്‍ പറഞ്ഞു

” ഞാനത് പറയാന്‍ മറന്നു… ആ മനുഷ്യന് …

യേശുവിന്റെ മുഖമായിരുന്നു ആ മനുഷ്യന് !

50

ഇപ്പോള്‍ മാത്രമാണ് അവളും, ആ അപരിചിതനായ സഞ്ചാരിയും തമ്മിലുള്ള സംഭാഷണം നമുക്ക് മുന്നില്‍ തെളിയുന്നത്..

അത് അദ്ധേഹം തന്നെയായിരുന്നു.. ക്രിസ്തുവിന്റെ മുഖമുള്ള സഞ്ചാരി..
അവനെ ഇവിടെ കൊണ്ടുവന്ന് എത്തിച്ച അതേ ആള്‍..

എങ്ങിനെ കണക്കാക്കിയാലും, അന്നേ ദിവസം, ഒരേ സമയം ആയിരിക്കണം അദ്ധേഹം അവരിരുവരോടും രണ്ട് വ്യത്യസ്ത ഇടങ്ങളില്‍ , രണ്ട് വ്യത്യസ്ഥ പരിതസ്ഥിതികളില്‍ നിന്നുകൊണ്ട് സംസാരിച്ചത്..

ഇപ്പോള്‍ നമുക്ക് മുന്നിലും ആ ദൃശ്യത്തിന്റെ ബാക്കിപത്രം..

അവള്‍ പറയുന്നുണ്ട്

” യേശുവിന്റെ മുഖം.. അങ്ങയെക്കണ്ടാല്‍ .. ”

അദ്ധേഹം ചിരിച്ചു

” എന്താ ചിരിക്കുന്നത് ? ”

അദ്ധേഹം ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു

” അല്ലാ ഞാനോര്‍ക്കുകയായിരുന്നു.
ഏതോ ഒരു ചിത്രകാരന്‍ വരച്ച അന്ത്യ അത്താഴത്തില്‍ യേശുവിനും യൂദാസിനും ഒരേ മുഖമായിരുന്നെന്നാണ് കേട്ടിട്ടുള്ളത് ”
” അതോര്‍ത്ത് ചിരിച്ചതാ *

അവളൊന്നും മിണ്ടാതെ നിന്നപ്പോള്‍ അദ്ധേഹം ചോദിച്ചു..

” യൂദാസിനെ അറിയില്ലേ ? ”

” അറിയാം.. കര്‍ത്താവിനെ ഒറ്റുകൊടുത്ത കൊടും പാപി ! ”

” പക്ഷെ അതിനേക്കാള്‍ വലിയൊരു പാപം കൂടെ അവന്‍ ചെയ്തിരുന്നു. ”

ഒന്ന് നിറുത്തി അവളുടെ കണ്ണുകളില്‍ തീഷ്ണമായി നോക്കി അദ്ധേഹം അത് പറഞ്ഞു പൂര്‍ത്തിയാക്കി

” ആത്മഹത്യ ”

” മറ്റേതൊരു പാപത്തിനും തെറ്റ് ഏറ്റ് പറയാന്‍, പാപക്ഷമയാചിക്കാന്‍, പശ്ച്ചാത്തപിക്കാന്‍ ഇനിയൊരവസരമുണ്ട്.
ഇവിടെ അത് സാധ്യമല്ല. ആത്മഹത്യയോടെ എല്ലാം അവസാനിച്ചു.

അത് പറഞ്ഞപ്പോളാണ് വാസ്തവത്തില്‍ അവളുടെ അകക്കണ്ണുകള്‍ തുറന്നത്…

അവള്‍ വിതുമ്പുന്നുണ്ട്…
അവളുടെ കണ്ണുകള്‍ നിറയുന്നുണ്ട്…

ആത്മഹത്യാമുനമ്പില്‍ നിശ്ചയദാര്‍ഡ്യത്തോടെ അതുവരെ ഉറപ്പിക്കപ്പെട്ടിരുന്ന അവളുടെ പാദങ്ങള്‍ വിറച്ചു….

അദ്ധേഹം നോക്കിത്തന്നെ നിന്നു…

അവള്‍ പൊടുന്നനെ ആ പാറയില്‍ നിന്ന് അവളുടെ പാദങ്ങള്‍ പിന്‍വലിച്ചു..

താന്‍ സ്വയം തിരഞ്ഞെടുത്ത മരണത്തില്‍ നിന്നവള്‍ പിന്മാറി.

ആ മനുഷ്യന്റെ മുമ്പില്‍ തലകുനിച്ച് നില്‍ക്കുമ്പോള്‍ അവളറിയാതെ വിതുമ്പിപ്പോകുന്നുണ്ട്.

കരൂണാര്‍ദ്രമായി അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്ന് അദ്ധേഹം പറഞ്ഞ് പൂര്‍ത്തിയാക്കി..

” അത്രയും കാലം കൂടെ നടന്നിട്ടും ആ ഗുരുനാഥന്റെ സ്നേഹം അവന്‍ തിരിച്ചറിഞ്ഞില്ല.

അതുകൊണ്ടാണ് നിരാശ എന്ന പാപത്തിന് മുന്നില്‍ അവന്‍ തോറ്റുപോയത്. ”

അസ്തമയ വര്‍ണ്ണങ്ങള്‍ ചിതറിവീണ ആ കൊടുമുടിത്തലപ്പില്‍ അവളും ആ സഞ്ചാരിയും..

51

അദ്ധേഹത്തിന്റെ വാക്കുകള്‍ അവനോട് വിവരിക്കുമ്പോഴും അവള്‍ കരയുന്നുണ്ടായിരുന്നു..

ഒന്നും മിണ്ടാതെ അവന്‍ അവളെ ചേര്‍ത്ത് പിടിച്ച് അങ്ങിനെയിരുന്നു…

കണ്ണ് തുടച്ച് ശാന്തത വരുത്തി, അവള്‍ അവനോട് ചോദിച്ചു

” നീ വല്ലാതെ പേടിച്ചല്ലേ… ഞാന്‍ …

ഞാന്‍ പോയിക്കാണുമെന്ന്.. ”

അവന്‍ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു

” പക്ഷെ എന്നോട് പറഞ്ഞിരുന്നു…

മുകളിലെത്താന്‍ ഇനിയും ഒരുപാട് ദൂരം പോാവാനുണ്ടെന്ന്.. ”

” ആര് ? ”

അതിനവന്‍ മറുപടി പറഞ്ഞില്ല..

കയ്യിലെ കടലാസിലേക്ക് ഒരിക്കല്‍ കൂടി നോക്കി, ആശ്ചര്യത്തോടെ അവള്‍ ചോദിച്ചു

” ന്നാലും നീയെങ്ങനെ ഈ മുഖം….

പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പേ അവളുടെ ഫോണ്‍ റിങ്ങ് ചെയ്തു.

52

കൂട്ടുകാരിയാണ് ഫോണില്‍..
അവള്‍ സംസാരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു ഗാനം കേള്‍ക്കാം.. പതിഞ്ഞ ശബ്ദത്തില്‍..

( അവളല്‍പ്പം നീരസപ്പെട്ടാണ്.. ( ഭയം കലര്‍ന്ന് )

” ഡീ നീയിതെവിടെയാ ? ഞാനെത്ര തവണ വിളിച്ചു.. എവിടാ നീ ? ”

53

അവള്‍ (ശാന്തമായി ) ” ഡാ ഞാന്‍ …ഞാനിവിടെത്തന്നെയുണ്ട്.. സേഫ്.. പേടിക്കണ്ട…ഞാന്‍ തനിച്ചല്ല. ”

അതും പറഞ്ഞ്, അവളാ ഫോണ്‍ അവന്റെ കയ്യിലേക്ക് കൊടുത്തു..

അവനത് വാങ്ങി ചെവിയില്‍ വച്ച്

” പേടിക്കണ്ട…..ഞാനുണ്ട് കൂടെ…
ഞാനുണ്ടാവും.. ”

54

കൂടുതല്‍ പറയാതെതന്നെ ആ കൂട്ടുകാരിക്ക് കാര്യങ്ങള്‍ വ്യക്തമാണ്..
മനസ് നിറഞ്ഞ്, അവളുടെ കണ്ണുകള്‍ അറിയാതെ കൂമ്പി, ചുണ്ടുകള്‍ അറിയാതെ മന്ത്രിക്കുന്നുണ്ട്…

” Thank you LORD, Thank you Savior ”

ഫോണ്‍ കട്ട് ചെയ്തിട്ടില്ല…

55

അവന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങിച്ച് അവള്‍ ഒന്നുകൂടി പറഞ്ഞു

” ഡീ, നീ വിളിച്ച വിളിയൊന്നും ഞാന്‍ കേട്ടില്ലെന്നേയുള്ളൂ… പക്ഷെ അത് കേള്‍ക്കേണ്ടയാള്‍ കേട്ടിട്ടുണ്ട്. ”

56

അങ്ങേത്തലയ്ക്കല്‍ ആ കൂട്ടുകാരി…

ഇപ്പോഴാണ് , അവള്‍ ഇതുവരെ ഇരുന്നിരുന്ന ഇടം നമുക്ക് വ്യക്തമാകുന്നത്.. ( Wide Frame )

കോറിഡോറില്‍ വാതിലിനരികെ നിന്ന് ഫോണ്‍ കട്ട് ചെയ്ത്, അവള്‍ പഴയ സ്ഥലത്ത് തന്നെ വന്നിരിക്കുന്നുണ്ട്.

ഒരു ചാപ്പലിനുള്ളിലാണ്. അവളിത്ര നേരവും ഉണ്ടായിരുന്നത്. എന്ന് വ്യക്തം.

അവള്‍ക്ക് പിന്നില്‍ അവിടവിടങ്ങളിലായി ബഞ്ചുകളില്‍ ചിലര്‍ ഇരിപ്പുണ്ട്..

കുറച്ച് മുന്നിലായി പ്രായം ചെന്ന ഒരു പുരോഹിതന്‍ അടുത്ത സര്‍വീസിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നുണ്ട്.

സര്‍വീസിനുള്ള കൊയര്‍ പ്രാക്റ്റീസ് ചെയ്യുന്ന ഗായക സംഘം ..

അവര്‍ പാടുന്നത് ഇപ്പോള്‍ വ്യക്തമായി
കേള്‍ക്കാം..

57 ( Choir Scene )

” സ്നേഹമാം നിന്നെ കണ്ടവര്‍ നിന്നെ സ്നേഹിക്കാതെയിരിക്കുമോ…
ദഹിപ്പിക്കണം എന്നെ അശ്ശേഷം സ്നേഹം നല്‍കേണം എന്‍ പ്രഭോ.. ”

അവള്‍ – ആ കൂട്ടുകാരി ഇരിക്കുന്നതിന്റെ രണ്ടുമൂന്ന് ബഞ്ചിന് പിറകിലെ നിരയില്‍ ഇരിക്കുന്നത് രണ്ട് പുരുഷന്മാരാണ് എന്ന് നമുക്ക് ഏതാണ്ട് വ്യക്തമാണ്

58

അവള്‍ പെട്ടെന്ന് എന്തോ ഒരു സംശയം തോന്നി, ഒരുവട്ടം ഒന്ന് തിരിഞ്ഞു നോക്കി.
വീണ്ടും പഴയപടി ഇരുന്നു..

എന്നാലും എന്തോ ഒരു ആശയക്കുഴപ്പം തോന്നിയിട്ടാവും ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി. പക്ഷെ അവളാകെ ആശ്ചര്യപ്പെട്ടു. അവിടെ നിന്ന് തിടുക്കത്തില്‍ എഴുന്നേറ്റ് വന്ന് ആ സീറ്റിലിരിക്കുന്ന ആളോട് ചോദിക്കുന്നുണ്ട്.

” ഇത്രനേരം ഇവിടിരുന്ന ആളെവിടെ ? ”

( ഇപ്പോള്‍ നമുക്ക് കാണാം, ആ ബഞ്ചില്‍ ഒരേയൊരു ആളേയുള്ളൂ എന്നത് )

അയാള്‍ : ” ഇല്ലല്ലോ, ഈ ബഞ്ചില്‍ ഞാന്‍ തനിച്ചായിരുന്നല്ലോ ഇത്ര നേരവും ”

അവള്‍ ആ പള്ളിയുടെ കവാടത്തോളം ഓടി വന്ന് വെളിയിലേക്ക് കണ്ണോടിക്കുന്നുണ്ട്.

അവിടെ പ്രത്യേകിച്ച് അങ്ങിനെ ആരുമില്ല..

59

അതൊരു കുന്നിന്‍ മുകളിലെ, ഒരു പുരാതന ദേവാലയമാണ്..

ചെമ്പട്ടണിഞ്ഞ ആകാശച്ചെരുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ പഴയ പള്ളിയും, കുരിശും, ഇലകൊഴിഞ്ഞ മരവും..

( പശ്ചാത്തലത്തില്‍ ഇപ്പോഴും ആ കൊയര്‍ ഗാനത്തിന്റെ തുടര്‍ച്ച കേള്‍ക്കാം ദൂരെയായി )

60

ഉയരെ ആകാശത്ത് വെട്ടിപ്പറക്കുന്ന ഫ്ലൈ കാച്ചേഴ്സ് ( പക്ഷികള്‍…

മലമുകളിലെ പുല്‍മേടില്‍ നന്നായി കാറ്റ് വീശുന്നുണ്ട്..

ദൂരെ വിസില്‍ ത്രഷ്സ് ( ഹില്‍ സ്റ്റേഷന്‍സില്‍ മാത്രം കാണാറുള്ള പക്ഷികള്‍ ) മനോഹരമായി പാടുന്ന താളം..

” തിരികെ പോകണ്ടേ നമുക്ക് ”

ആ മലമുകളില്‍ വീണ്ടും അവന്റെ ചോദ്യം.

” ഉം ”

പോകാന്‍ മടിയുള്ളത് പോലെ അവനോട് കുറച്ചുകൂടെ ചേര്‍ന്ന് തന്നെയിരിക്കുമ്പോള്‍ അവള്‍ വിറക്കുന്നുണ്ട്…

” തണുത്ത കാറ്റ്.. ”

അവന്‍ കഴുത്തില്‍ കിടന്ന ആ മഫ്ലര്‍ പോലുള്ള ഷാള്‍ എടുത്ത് അവളെ പുതപ്പിക്കുന്നുണ്ട്..

അതിനിടെ ചോദിച്ചു.

” ശരിക്കും …. ആ മനുഷ്യന് യേശുവിന്റെ മുഖമായിരുന്നോ ? ”

” ഉം … ആ മനുഷ്യന് മാത്രമല്ല….

ഒന്ന് നിറുത്തി, മുഖമുയര്‍ത്തി അവന്റെ കണ്ണുകളില്‍ നോക്കിയിട്ട് പറഞ്ഞു

” ഇപ്പൊ നിനക്കും ”

അവനതൊരു തമാശയായി തോന്നിയില്ല..

പകരം അവനൊരു ആത്മഗതം പോലെ അത് അംഗീകരിച്ച് പറഞ്ഞു..

” എനിക്കറിയാം… ”

അതിനൊരു കാരണമുണ്ട്. അവനുമാത്രമറിയാവുന്ന ഒരു കാരണം..

വിലയേറിയ ഒരു മര്‍മ്മം.
അവളോട് പോലും അവന്‍ പറഞ്ഞിട്ടില്ലാത്ത രഹസ്യം..

ഇപ്പോഴാണ് ആ രംഗം നമുക്ക് മുന്നില്‍
വെളിവാകുന്നത്.

61

അന്നേ ദിവസത്തെ സായാഹ്നം.

Heavens Rocks ലേക്കുള്ള വഴിയില്‍ വന്ന് നിന്ന ട്രക്കില്‍ നിന്ന് അവന്‍ തിടുക്കപ്പെട്ട് ചാടിയിറങ്ങിയ നേരം.. കയ്യിലിരുന്ന Ear Piece, വാട്ടര്‍ ബോട്ടിലും, ഡയറിയും ഒക്കെ ബാഗില്‍ കുത്തി നിറച്ച് ആ ക്രോസ് ബാഗ് തലവഴി ദേഹത്തേക്ക് ചാര്‍ത്തി ……

” Thank you sir… thank you… Thank you.. ”

എന്നൊക്കെ പുലമ്പിക്കൊണ്ട് തിരിഞ്ഞ് നോക്കാന്‍ പോലും സമയമില്ലാതെ അവന്‍ വെപ്രാളപ്പെട്ട് ഓടിയ ആ സമയം..

” ഏയ്… ”

ആ സഞ്ചാരി പിന്നില്‍ നിന്ന് വിളിച്ചു.

ആ വിളി കേട്ട് അവന്‍ നിന്നുപോയി..

തിരിഞ്ഞ് നോക്കുമ്പോള്‍ അദ്ധേഹം ആ ട്രക്കില്‍ ഇരുന്ന് കൊണ്ട് തന്നെ തല വെളിയിലേക്ക് ചായിച്ച് പറഞ്ഞു..

” ഇതുകൂടെ കേട്ടോളൂ.. ”

അവന്‍ ഉറ്റുനോക്കി നിന്നു..

ഒരു പുഞ്ചിരിയോടെ അദ്ധേഹം പറഞ്ഞു

” യേശു എന്നാണ് നിങ്ങളെന്നെ വിളിച്ചത്.. ഒരു കാര്യം കൂടി പറയാനുണ്ട് യേശുവിന് നിങ്ങളോട്..

( ഒരു താക്കീത് പോലെ അദ്ധേഹം പറഞ്ഞു )

ഏറ്റവും പ്രധാനപ്പെട്ട കാര്യം

” ജീവന്‍ എടുക്കുന്നതല്ല… ജീവന്‍ കൊടുക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹം ! ”
പറഞ്ഞറിയിക്കാനാവാത്ത ഒരു ശോഭ നിറയുന്നുണ്ടാവാം അവന്റെ മനസില്‍…

അവന്റെ കണ്ണുകള്‍ നിറഞ്ഞു വരുന്നുണ്ട്…

ദൂരേക്ക് ഓടി മറയുന്ന ആ സഞ്ചാരിയുടെ ട്രക്ക്….

മലമുകളിലെ അസ്തമയ വര്‍ണ്ണങ്ങളിലേക്ക് ലയിച്ച് ചേരുന്ന ആ ദൃശ്യം..

62

” എന്താ ആലോചിക്കുന്നത് ? ”

അവളുടെ ചോദ്യമാണ് അവനെ ആ ഓര്‍മ്മയില്‍ നിന്ന് തിരിച്ചു വിളിച്ചത്..

” ഏയ്.. …. ( അവന്‍ എണീറ്റു. )

അവളെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു..

” വാ …. നമുക്ക് തിരിച്ച് നടക്കാം.. സമയം ഇപ്പൊത്തന്നെ കുറേ വൈകി..”

അവളും പൊടി തട്ടി എഴുന്നേറ്റ്…

അസ്തമയ വര്‍ണ്ണങ്ങളുടെ പശ്ചാത്തലത്തിന് മുന്നില്‍

ഇരുവരും കൈകോര്‍ത്ത് പിടിച്ച് മലയിറങ്ങി നടക്കുന്നത് അരണ്ട നിഴല്‍ പോലെ കാണാം..

ആ പാറയുടെ നെറുകയില്‍ നിന്ന് നടക്കുന്നതിനിടെ താന്‍ കുറേ മുന്നേവരെ നിന്നിരുന്ന ആ പാറയിലേക്ക്

അവളൊന്ന് കണ്ണോടിക്കുന്നുണ്ട്..

ഇതൊരു തിരിച്ച് നടത്തമാണ്… മരണത്തില്‍ നിന്ന് ജീവനിലേക്ക്..
പുതിയൊരു ജീവിതത്തിലേക്ക്..

” നീ പേര് ചോദിച്ചില്ലേ ആ മനുഷ്യനോട് ? ”

തിരികേ മലയിറങ്ങുമ്പോള്‍ അവന്‍ ചോദിക്കുന്നത് കേള്‍ക്കാം…

കൂടെ അവളുടെ മറുപടിയും…

” ഉം…. പിരിയുന്നതിന് തൊട്ടുമുമ്പ്…”

വര്‍ണ്ണാഭമായ ആ മലമുകളില്‍ നിന്ന് പൊട്ടുപോലെ.., അവര്‍ ഇരുവരും മലയിറങ്ങിനടക്കുന്ന ആ ദൃശ്യത്തിലേക്ക് ആ മനുഷ്യന്റെ മുഖം ഒരിക്കല്‍ കൂടി ലയിച്ച് ചേരുന്നുണ്ട്..

61

മൗനമായ ഒരു യാത്രപറച്ചില്‍ പോലെ, അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് ആ മനുഷ്യന്‍ നടന്നകലാന്‍ തുടങ്ങുമ്പോ

അവള്‍ വിളിച്ച് ചോദിച്ചു

” പേരന്താന്ന് മാത്രം പറഞ്ഞില്ലല്ലോ ”

അദ്ധേഹം തിരിഞ്ഞു നിന്നു.

കുസൃതികലര്‍ന്ന സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു.

” ഇഷ്ടമുള്ള പേര് വിളിച്ചോ ”

അവള്‍ നിശബ്ദമായി നിന്നു..

പിന്നെ ഒരു പുഞ്ചിരിയോടെത്തന്നെ ചോദിച്ചു

” a Stranger ? ”

ചിരിച്ചുകൊണ്ട് അദ്ധേഹം അത് ശരിവച്ചു.. എന്നിട്ട് കൂട്ടിച്ചേര്‍ത്തു..

” Yes….. The one who saves you from the avenger ”

അതും പറഞ്ഞ് അദ്ധേഹം ദൂരേക്ക് നടന്നകന്നു…..

Title –

– The Stranger –

By Varghese Jose

-ADVERTISEMENT-

-Advertisement-

Leave A Reply

Your email address will not be published.