സഹായം നൽകിയതിന് കേസെങ്കില്‍ തുടരും: സർക്കാരിനെതിരെ ബെംഗളൂരു ആർച്ച് ബിഷപ്

ബെംഗളൂരു: ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്‍റെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിനു കേസെടുക്കുമെങ്കിൽ, താന്‍ ഇനിയും അതു തുടരുമെന്ന് പീറ്റർ മച്ചാഡോ തുറന്നടിച്ചു. ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് പുറത്തുവിടാനും ബിഷപ്പ് സര്‍ക്കാരിനെ വെല്ലുവിളിച്ചു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ, ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബെംഗളൂരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ.

ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയ്ക്ക് ബെംഗളൂരുവില്‍ നല്‍കിയ സ്വീകരണച്ചടങ്ങിലാണ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സഭയുടെ നിലപാടിലേക്കുള്ള സൂചന കൂടിയായ പരാമര്‍ശങ്ങള്‍. ബെംഗളൂരു ക്ലാരൻസ് സ്കൂളിൽ ബൈബിൾ നിർബന്ധമാക്കിയെന്ന തരത്തിൽ തീവ്ര ഹിന്ദു സംഘടനകളുടെ ആരോപണങ്ങളെ തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെയും ആര്‍ച്ച് ബിഷപ്പ് രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളെ ലക്ഷ്യമിട്ടാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുന്ന മേഖലകളിൽ ബിഷപ്പിന്‍റെ വാക്കുകൾ സ്വാധീനം ചെലുത്തുമെന്നാണ് നിഗമനം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.