സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ വംശജൻ

200 വർഷം ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ ഇനി ഇന്ത്യക്കാരൻ ഭരിക്കും!

KE NEWS Desk | London, UK

ലണ്ടൻ(യു.കെ): ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ 42കാരൻ ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടു. ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ.ആർ നാരായണാമൂർത്തിയുടെ മരുമകനാണ് ഇന്ത്യയിൽ നിന്ന് ബ്രിട്ടണിലേക്ക് കുടിയേറിയ മാതാപിതാക്കളാൽ ബ്രിട്ടണിൽ ജനിച്ചു വളർത്തപ്പെട്ട ഋഷി. അക്ഷതാ മൂർത്തിയാണ് ഭാര്യ. രണ്ട് പെണ്മക്കളാണ് ഇവർക്കുള്ളത്, കൃഷ്ണയും അനുഷ്കയും.

വിൻചെസ്റ്റർ കോളേജിലെ ബെസ്റ്റ് സ്റ്റുഡന്റ്, ലിങ്കൻ കോളേജ്, ഓക്‌സ്‌ഫോർഡിൽ നിന്നും പൊളിറ്റിക്‌സ്, ഫിലോസഫി, ഇക്കണോമിക്‌സ് ബിരുദങ്ങൾ. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ. ലോകപ്രശസ്തമായ ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പും ഋഷിക്ക് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് അദ്ദേഹം ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാച്ച്സിനും ഒരു ഹെഡ്ജ് ഫണ്ടിനും വേണ്ടി പ്രവർത്തിച്ചിരുന്നു, തുടർന്ന് ഒരു നിക്ഷേപ സ്ഥാപനം സ്ഥാപിച്ചു.

സുനകിന്റെ അച്ഛൻ യശ് വീർ ഡോക്ടറും അമ്മ ഉഷ ഫാർമസിസ്റ്റും ആണ്.

ഋഷി സുനകും കുടുംബവും

100 കൺസർവേറ്റീവ് എംപിമാരുടെ പിന്തുണ നേടാനാകാതെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്നും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിന്മാറിയത്. ഇന്നലെ രാത്രി വൈകിയാണ് ബോറിസ് മത്സരത്തിൽനിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്. 102 എംപിമാരുടെ പിന്തുണയുള്ള തനിക്ക് മത്സരിക്കാൻ സാധിക്കുമെങ്കിലും പാർട്ടിയിൽ സമ്പൂർണ ഐക്യമില്ലാതെ മികച്ച ഭരണം സാധ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്നാണ് ബോറിസ് വിശദീകരിച്ചത്. എന്നാൽ ഇന്നലെ രാത്രിവരെ കേവലം 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസിന് നേടാനായതെന്ന് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൂടുതൽ എംപിമാരുടെ പിന്തുണ എളുപ്പമല്ലെന്നു വിലയിരുത്തിയാണ് അവസാന ദിവസത്തിനു മുൻപേയുള്ള തന്ത്രപരമായ പിന്മാറ്റം. ബോറിസ് മത്സരത്തിൽനിന്നും പിന്മാറിയതോടെ ഇന്ത്യൻ വംശജനായ മുൻ ചാൻസലർ ഋഷി സുനക് പ്രധാനമന്ത്രിയാകാനുള്ള സാധ്യതയേറി. 357 കൺസർവേറ്റീവ് എംപിമാരിൽ 154 പേർ ഋഷിക്ക് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. മത്സരരംഗത്ത് അവശേഷിക്കുന്ന ഹൗസ് ഓഫ് കോമൺസ് അധ്യക്ഷ പെന്നി മോർഡന്റിന് ആകെ നേടാനായത് 24 എംപിമാരുടെ പിന്തുണ മാത്രമാണ്.

ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനിൽ ആദ്യമായി ഒരു ഏഷ്യക്കാരൻ അങ്ങനെ പ്രധാനമന്ത്രി പദത്തിലെത്തി. ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായതിനു സമാനമായ ചരിത്രസംഭവമാണ് ഇതും.

ലിസ് ട്രസ് രാജിവച്ചതിനെത്തുടർന്ന് മുൻ പ്രധാനമന്ത്രി ബോറിസിനെ പ്രധാനമന്ത്രി പദത്തിലേക്ക് തിരികെ വിളിക്കണമെന്ന് കൺസർവേറ്റീവ് പാർട്ടിയിലെ വലിയൊരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. ഇതു സാധ്യതയായി കണ്ടാണ് കരീബിയൻ ദ്വീപായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധി ആഘോഷത്തിലായിരുന്ന ബോറിസ്, യാത്ര വെട്ടിച്ചുരുക്കി ലണ്ടനിൽ പറന്നെത്തിയത്. രണ്ടുദിവസത്തെ ലോബിയിംങ്ങിനു ശേഷവും മത്സരത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ നേടാനാകാതെ വന്ന സാഹചര്യത്തിലാണ് പാർട്ടി താൽപര്യവും രാജ്യതാൽപര്യവുമെല്ലാം പറഞ്ഞു മത്സരത്തിൽനിന്നുള്ള മുൻ പ്രധാനമന്ത്രിയുടെ പിന്മാറ്റം.

ഇതിനിടെ മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് ആദ്യമായി ഋഷി സുനകും രംഗത്തെത്തി. ഒട്ടേറെ എംപിമാർ പിന്തുണച്ചിട്ടും മത്സരത്തെക്കുറിച്ച് പ്രതികരിക്കാൻ ഇന്നലെ രാത്രിവരെ ഋഷി തയാറായിരുന്നില്ല. എന്നാൽ മഹാഭൂരിപക്ഷം പാർട്ടി എംപിമാരും അനുകൂലമാണെന്നു കണ്ടതോടെയാണ് ഇന്നലെ മത്സരരംഗത്ത് ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ബോറിസ്‌ ജോൺസൺ രാജിവച്ചതിനെത്തുടർന്ന്‌ ഇക്കഴിഞ്ഞ സെപ്തംബര്‍ ആറിനായിരുന്നു ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റത്. പാര്‍ട്ടിയില്‍ 57 ശതമാനം പേരുടെ പിന്തുണ നേടിയാണ്‌ ലിസ്‌ ട്രസ്‌ പ്രധാനമന്ത്രിപദം നേടിയത്‌. എന്നാൽ അധികാരമേറ്റ് 44-ാം ദിവസം ലിസ് ട്രസ് രാജി പ്രഖ്യാപിച്ചു. സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളാണ് ലിസ് ട്രസിനെ രാജിയിലേക്ക് നയിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.