ലേഖനം: എനിക്ക് ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് | സീബ മാത്യൂ കണ്ണൂർ

ഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. ഫിലിപ്പിയർ 1:12

ജീവിതത്തിൽ എന്തും സംഭവിക്കാം ഇന്നകാര്യമേ സംഭവിക്കാവും എന്നില്ല. ജീവിതത്തിൽ സംഭവിക്കുന്ന എല്ലാറ്റിലും ഓരോ കാരണങ്ങൾ ഉണ്ടാക്കാം എന്നാൽ പൗലോസ് അപ്പൊസ്തലന്റെ ജീവിതത്തിൽ നേരിട്ട പല സംഭവങ്ങളുടെയും അനന്തരഫലം സുവിശേഷത്തിന്റെ അഭിവൃദ്ധിയാണ്. ഒരുവന്റെ മുന്നോട്ടുള്ള വിജയകരമായ ഗമനത്തിന് മാർഗ്ഗ തടസ്സങ്ങളെ വെട്ടിനിരപ്പാക്കുന്നതു പോലെ പൗലോസ് തന്റെ ജീവിതത്തിൽ പലവിധമായ ആപത്തുകൾ, കല്ലേറുകൾ, കപ്പൽചേതങ്ങൾ, കൊട്ടയിലാക്കി മതിൽ വഴിയായി ഇറക്കിയ സന്ദർഭം,
അടി, ബന്ധനങ്ങൾ, തടവ്, വെല്ലുവിളികൾ, ഭീഷണി, പതിയിരിപ്പ് എന്നീ അസാധാരണ കാര്യങ്ങൾ സംഭവിച്ചപ്പോഴും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു പരിശുദ്ധാത്മാവിനാൽ വേർതിരിക്കപ്പെട്ടവൻ എബ്രായ ഗ്രീക്ക് ആരാമ്യ ഭാഷകളും അറിവും കഴിവുകളും വ്യക്തിബന്ധങ്ങൾ പ്രസംഗങ്ങൾ എഴുത്തുകൾ ആ കാലത്ത് ഉണ്ടായിരുന്ന യാത്ര സൗകര്യങ്ങൾ എന്നിവയും സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി ഫലപ്രദമായി ഉപയോഗിച്ചു.

മഹാപുരോഹിതന്റെ അധികാരപത്രവുമായി ദമസ്കൊസിലേക്ക് പോയവനെ ക്രിസ്തുവിന്റെ പത്രമാക്കി കർത്താവ് മാറ്റി. സമപ്രായക്കാരേക്കാൾ മുമ്പനായിരുന്നവൻ പിൽക്കാലത്ത് സുവിശേഷത്തിനു വേണ്ടി അപ്പൊസ്തലന്മാരിൽ ഒട്ടും കുറയാത്തവനായി പ്രയോജനപ്പെട്ടു. സ്വർഗ്ഗീയ ദർശനത്തിന് അനുസരണക്കേട് കാണിക്കാതെ ദമസ്കൊസിലും യെരുശലേമിലും യെഹൂദ്യ ദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും ചെറിയവരോടും വലിയവരോടും പുഴവക്കത്തും അഥേനയിലെ അരയോപഗയിലും രംഗ സ്ഥലത്തും ധർമ്മ സഭയിലും സ്ഥലകാല ഭേദമെന്യേ സുവിശേഷം പ്രസംഗിച്ചു പോരുകയും ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്നു പഠിച്ചവൻ കർത്താവിങ്കൽ നിന്ന് പ്രാപിക്കയും വളരെക്കാലം തുറന്നൊസിന്റെ പാഠശാലയിലും താൻ കൂലിക്കുവാങ്ങിയ വീട്ടിലും ദിനംപ്രതി പലരെയും ഉപദേശിച്ചു പോന്നു. വചനം പഠിച്ചവനു മാത്രമേ വചനം പഠിപ്പിക്കാൻ കഴിയും. സ്വർഗ്ഗീയ പൌരത്വം പ്രാപിച്ചവൻ റോമപൌരൻ എന്നനിലയിൽ തൻ്റെ പൗരാവകാശങ്ങൾ സുവിശേഷീകരണതിനായ് ഉപയോഗിച്ചു.

ക്രിസ്തു ഭക്തന് ആപത്തുകളും അനർത്ഥങ്ങളും വരികയില്ല എന്നല്ല എന്നാൽ അവയിൽ കർത്താവിന്റെ കരുതലുണ്ട് എന്നത് സത്യമാണ്. പൗലോസിന്റെ ജീവിതത്തിൽ ആപത്തുകളുടെ നീണ്ട നിര തന്നെ കാണാം. നദികളിലെയും കടലിലെയും ആപത്ത്, പട്ടണത്തിലെയും കാട്ടിലെയും ആപത്ത്, കള്ളന്മാരാലും കള്ളസഹോദരന്മാരുള്ള ആപത്ത്, സ്വജനത്താലും ജാതികളാലുമുള്ള എണ്ണമറ്റ ആപത്തുകളുടെ നടുവിൽ സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി കർത്താവിന്റെ കൃപയിൽ ആശ്രയിച്ചു.

സ്തെഫാനൊസിനെ ഒരു കോടതിയും ശിക്ഷ വിധിക്കാതെ കല്ലേറിനാൽ വധിക്കപ്പെട്ട ആദ്യത്തെ ക്രൈസ്തവ രക്ത സാക്ഷിയാണ്. അതിന് സമ്മതനും സാക്ഷിയും ആയിരുന്ന പൗലോസിനെ പിൽക്കാലത്ത് സുവിശേഷം നിമിത്തം കല്ലേറുകൊണ്ട് മരണത്തോളം ആയിപ്പോയി. നഗരത്തിന്റെ അകത്തും പട്ടണത്തിന്റെ പുറത്തും ഉപദ്രവങ്ങൾ നേരിടാം. സുവിശേഷം നിമിത്തം കഷ്ടതയുടെ കഠിന ശേധനയിൽ കടന്നു പേകുമ്പോൾ പൗലൊസിനെ ജീവിതത്തിലോക്ക് മടക്കി കൊണ്ടുവരുവൻ ചുറ്റു നില്ക്കാൻ സഹോദരന്മർ കാണും
എന്നാൽ കഷ്ടതയിൽ സ്തെഫാനെസിനെ ജീവിതത്തിൽ നിന്നു മടക്കി വിളിക്കാൻ , സ്വീകരിക്കാൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്ന യേശുവിനെ ദർശിക്കാൻ കഴിയും. നാം എല്ലവരും ഒരോ കഷ്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ അതിന്റെ കാഠിന്യവും ദൈർഘ്യവും അതിൽ ദൈവത്തിന്റെ ഇടപെടലുകളും വ്യത്യസ്തമായിരിക്കും.

യാത്ര സൗകര്യങ്ങൾ കുറവായിരുന്ന കാലത്തും കരമാർഗ്ഗവും, ജലമാർഗ്ഗവും പൗലോസ് സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി ഉപയോഗിച്ചു . നമുക്ക് ഇന്ന് കരമാർഗ്ഗവും ജലമാർഗ്ഗവും വായുമാർഗ്ഗവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. പൗലോസ് യാത്ര വാഹനമായി കുതിരയെ ഉപയോഗിച്ച് എങ്കിൽ എത്ര മടങ്ങ് കുതിരശക്തിയുള്ള വാഹനം നമുക്ക് ഉണ്ടെങ്കിലും സുവിശേഷത്തിന്റെ അഭിവൃത്തിക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ എന്ത് പ്രയോജനം. പൗലോസ് മൂന്ന് വട്ടം കപ്പൽ ചേതത്തിൽ അകപ്പെട്ടു. യാത്രാ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ ചിലപ്പോൾ പെട്ടെന്നുള്ള അനർത്ഥങ്ങൾ സംഭവിക്കാം. റോമിലേക്കുള്ള പ്രയാണത്തിൽ ശതാധിപൻ മാലൂമിയുടെയും കപ്പൽ ഉടമസ്ഥന്റെയും വാക്ക് അധികം വിശ്വാസമായി കരുതുമ്പോൾ എന്നാൽ ക്രിസ്തു ഭക്തനെ സംബന്ധിച്ച് ദൈവശബ്ദമാണ് അവന് വലുത് . കപ്പൽ യാത്രയിൽ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകയും വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയുള്ള യാത്രയിൽ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി ഭയപ്പെട്ട് വളരെ പട്ടിണി കിടക്കുമ്പോൾ പൗലോസ് കർത്താവിൽ ധൈര്യപ്പെട്ട അവരോട് സംസാരിക്കുകയും അപ്പം നുറുക്കി ഭക്ഷിക്കുകയും കൂടെയുള്ളവർക്ക് നൽകുകയും ചെയ്തു. കപ്പൽ അപകടത്തിൽ കപ്പലിൽ ഉള്ളവരോട് കൂടെ നീ നശിക്കുകയല്ല, അവരെല്ലാം നശിച്ചിട്ട് നീ മാത്രം രക്ഷപ്പെടുകയും അല്ല മറിച്ച് നിന്നോട് കൂടെ യാത്ര ചെയ്യുന്ന 276 പേരെയും ദൈവം നിനക്ക് ദാനം ചെയ്തിരിക്കുന്നു. തലയിലെ ഒരു രോമം പോലും നഷ്ടമാകിയില്ല നിശ്ചയം എന്ന് പറയുവാനുള്ള വെളിപ്പാട് താൻ കർത്താവിങ്കൽ നിന്നും പ്രാപിച്ചു.

അസാധാരണ ദയ കാണിച്ച മെലിത്ത ദ്വീപുകാർ അണലി പൗലോസിന്റെ കൈക്ക് പറ്റിയപ്പോൾ കടലിൽ നിന്നും രക്ഷപ്പെട്ടിട്ട് നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല ഈ മനുഷ്യൻ കുലപാതകൻ എന്ന് പറഞ്ഞെങ്കിലും കുറെ
കഴിഞ്ഞ് അവന് മറ്റെന്നും സംഭവിക്കത്തതു കൊണ്ട് അവരുടെ മനസ്സുമാറി എന്നാൽ ഭാഷ അറിയാത്തവരുടെ നടുവിലും മറ്റൊന്നും ചെയ്യുവാൻ കഴിയത്തില്ല എങ്കിലും ഭാഷകൾക്ക് അതീതമായി തനിക്ക് അറിയാവുന്ന ഭാഷയിൽ പ്രാർത്ഥിച്ചപ്പോൾ ദ്വീപുപ്രമാണി പുബ്ലിയോസിന്റെ അപ്പനും ദ്വീപിലെ മറ്റു ദീനക്കാരും സൗഖ്യം പ്രാപിച്ചു. സുവിശേഷത്തിന്റെ അഭിവ്യദ്ധിക്കായി നാം പ്രാർത്ഥിക്കാൻ തയ്യാറായാൽ ഭാഷ അറിയാത്തവരുടെ നടുവിലും എവിടെയും അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന കർത്താവ് ഉണ്ട് നിശ്ചയം.

സുവിശേഷം നിമിത്തം ഒന്നു കുറേ 40 അടി അഞ്ചു വട്ടം യഹൂദന്മാരാൽ അതുകൂടാതെ കോലിനാൽ മൂന്നുവട്ടം അടികൊണ്ടതിന് ഒരു കണക്കുമില്ല. അന്യായം ചെയ്തിട്ടല്ല കഷ്ടനുഭവങ്ങളിൽ സന്തോഷിച്ചു കിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി.

പൗലോസ് യെരുശലേമിൽ ബന്ധിക്കപ്പെട്ടത് നിമിത്തമാണ് തന്നോടുള്ള പ്രവചന നിവർത്തിക്ക് വിസ്താരങ്ങളിൽ തന്റെ മാനസാന്തരവും യേശുവിനെ കുറിച്ചുള്ള സുവിശേഷവും പങ്കുവെക്കുന്നതിന് കാരണമായി. ബന്ധിക്കപ്പെട്ടവനായി നിൽക്കുമ്പോൾ ബന്ധനമില്ലാത്ത വചനം അറിയിക്കുന്നതിൽ പൂർണ്ണ പ്രാഗത്ഭ്യം കാണിച്ചു. അപ്പോസ്തോലൻ തൻെറ ബന്ധനങ്ങളും വിസ്താരങ്ങളും തടവുകളും സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി ഉപയോഗിച്ചു. തൻ്റെ ബന്ധനങ്ങളാണ് പടയാളികളും ശതാധിപന്മാരും സഹസ്രാധിപനും യെഹൂദായിലെ റോമൻ ഗവർണ്ണർ ഫേലിക്സും തന്റെ ഭാര്യ ദ്രുസില്ലയും , ഫേലിക്സിന്റെ പിൻവാഴിയായി ഫെസ്തൊസ് , അഗ്രിപ്പാ രാജാവും ബെർന്നീക്കും അവർ എല്ലാവരും സുവിശേഷം കേൾക്കാൻ കാരണമായത് തൻ്റെ ബന്ധനത്തിന്റെ ഫലമാണ്. ഒരുകൂട്ടം സഹോദരന്മാർ കർത്താവിൽ ധൈര്യപ്പെട്ട് സുവിശേഷം പ്രസംഗിച്ചു. ചില സഹോദരന്മാർ അസൂയ പിണക്കം എന്നിവ നിറഞ്ഞവരായി കാരാഗൃഹത്തിൽ കിടക്കുന്ന സുവിശേഷകന് ക്ലോശം അധികം ഉളവാകുവാൻ പരിശ്രമിച്ചു കൊണ്ട് പ്രസംഗിച്ചു. ഇന്ന് സോഷ്യൽ മീഡിയ വഴി യേശുവിനെ സ്നേഹിക്കാത്ത പലരും സ്വന്തം ഐഡി വെളിപ്പെടുത്താതെ വ്യാജ സന്ദേശങ്ങൾ പരത്തുന്നു. എന്നാൽ ദൈവമക്കൾ എന്ന് അവകാശപ്പെടുന്ന പലരുടേയും ചർച്ചകളും എഴുത്തുകളും സുവിശേഷത്തിന്റെ അഭിവൃദ്ധിയെക്കാൾ ദുഷിക്കപ്പെടുന്നതിന് കാരണമാകുന്നു.

വെളിച്ചപ്പാടത്തിയുടെ ലക്ഷണവിദ്യ ഈ ലോകക്കാരായ പലർക്കും ലാഭം വരുത്തുന്നതാണ് എന്നാൽ സുവിശേഷകൻ അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. അത് നിമിത്തം കഷ്ടങ്ങൾ വരാം എന്നാൽ വന്നു ഞങ്ങളെ സഹായിക്ക എന്ന മക്കെദോന്യ ദർശനം നിറവേറുവാൻ രക്ഷപ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്ന് ചേദിക്കുന്നവനെ കാണുവാൻ കഴിയും. ഒരു വിടുതലിന്റെ പിന്നിലെ കഷ്ടതകൾ വലിയതാകാം. വസ്ത്രം പറിച്ചുരിഞ്ഞു കോൽ കൊണ്ടു അടിപ്പിച്ചു അകത്തെ തടവിൽ കാൽ ആമത്തിൽ പൂട്ടി സൂക്ഷമത്തോടെ കാക്കുമ്പോൾ അവർ അർദ്ധരാത്രിക്കും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു. അപ്പോൾ കാരാഗൃഹത്തിന്റെ അടിസ്ഥനം കുലുങ്ങി, വാതിലുകൾ തുറന്ന്, ചങ്ങലകൾ അഴിഞ്ഞു വീണു. തുടർന്ന് കാരാഗൃഹ പ്രമാണിയുടെ ഹൃദയ വാതിലും ഭവനത്തിന്റെ വാതിലും സുവിശേഷത്തിനായി തുറക്കപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യം ഇല്ലത്ത കാരാഗൃഹത്തിൽ പാടുന്നതിനും പ്രാർത്ഥിക്കുന്നതിനും സുവിശേഷം പങ്കു വെയ്ക്കുന്നതിനും എഴുതുന്നതിനും പൌലോസിന് കഴിഞ്ഞു. തടവിൽ ലഭിച്ച എല്ലാ സാധ്യതകളും സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി പ്രയോജനപ്പെടുത്തി.

ക്രിസ്തു യേശുവിന്റെ ബദ്ധനായിരിക്കുന്ന പൗലോസ് സുവിശേഷ വചനത്താൽ വീണ്ടും ജനിപ്പിച്ച തന്റെ മകനാണ് ഒനോസിമോസ് എന്ന് സാക്ഷീകരിക്കുകയും സഹതടവുക്കരനായ ഒനോസിമോസ് തന്റെ യജമാനൻ ഫിലേമോനോട് വല്ല അന്യയം ചെയ്തിട്ടോ കടം പെട്ടിട്ടോ ഉണ്ടെങ്കിൽ തന്റെ പേരിൽ കണക്കിട്ടുകൊൾക. ആത്മിയ പിതാവ് എന്ന നിലയിൽ പൌലൊസ് തന്നു തീർക്കാം എന്നു പറയുന്നു. സുവിശേഷകൻ എന്ന നിലയിൽ യജമനായ ഫിലോമോന് ഒനോസിമോസ് ഇനി ദാസനായി അല്ല ക്രിസ്തുവിൽ പ്രിയ സഹോദരൻ ആയി കണവാനും ക്ഷമിക്കുവാനും ചേർത്തു കൊൾവാനും എഴുതുന്നു. സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായ് തടവറയിലും ആത്മിക ജനനം സാധ്യമാക്കി.

പൗലോസിന്റെ ജീവിതത്തിൽ സംഭവിച്ച കാരാഗൃഹവാസം സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായ് തൻ്റെ അനുഗ്രഹീത തൂലികയിലൂടെ സഭയ്ക്ക് നൽകപ്പെട്ട അതിവിശിഷ്ട സമ്മാനമാണ് കാരാഗൃഹലേഖനങ്ങളായ എഫെസ്യർ, ഫിലിപ്പിയർ , കൊലെസ്യർ, ഫിലേമോൻ എന്നിവ. സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായ് ക്രിസ്തുവിന്റെ സഭയാം ശരീരത്തിന്റെ അംഗമായിരിക്കാൻ എഫെസ്യ ലേഖനവും, സഭയാം ശരീരം തലയായ ക്രിസ്തുവിനോടുള്ള ബന്ധം പുലർത്താൻ കൊലെസ്യ ലേഖനവും, കർത്താവിലുള്ള സന്തോഷത്തോടെ സുവിശേഷകന് സമ്പത്തിക്ക കൂട്ടായ്മ കാണിച്ചു എന്ന് ഫിലിപ്പിയ ലേഖനവും, സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് ഭവന സഭയിലെ ശുശ്രൂഷകൻ തന്റെ അളിനോട് ഹൃദയ പൂർവ്വം ക്ഷമിക്കുക കൈകൊള്ളുക എന്ന് ഫിലോമോൻ ലേഖനത്തിലും പൗലോസ് രേഖപ്പെടുത്തുന്നു. നമ്മുടെ ശബ്ദ തരംഗത്തെ അക്ഷർക്കൂട്ടങ്ങളായി പകർത്തുവാനും സൂക്ഷിക്കുവാനും പല മാർഗങ്ങൾ ഉള്ള ഈ ആധുനിക യുഗത്തിൽ ജീവിക്കുന്ന നമുക്ക് ആത്മീയ വർദ്ധനവിനായി നാലുവരി കുത്തിക്കുറിക്കുവാൻ കഴിയാതെ പോകരുത് ….. സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായ് നമ്മുടെ തൂലിക ചലിക്കട്ടെ .

സുവിശേഷം അറിയിക്കുന്നവൻ സുവിശേഷത്താൽ ഉപജീവിക്കണം എന്നാൽ തൻ്റെ അഭിവൃദ്ധിക്ക് ഒരു മാർഗ്ഗമായി സുവിശേഷത്തെ കണ്ടില്ല. എനിക്ക് എന്ത് കിട്ടും എന്നല്ല ഇന്ന് സുവിശേഷം കൊണ്ട് സ്വന്തം അഭിവൃത്തി ഉണ്ടാക്കുന്നവർ സ്ഥലവും വീടുകളും സമ്പാദിക്കാൻ നയമാന്റെ രഥത്തിന് പിന്നാലെ ഓടിയ ഹേഗസിയെ പോലെയാണ്. എനിക്കു ലാഭമായിരുന്നതു ഒക്കെയും ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയവനു സ്വർഗ്ഗരാജ്യം നിമിത്തം സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവനായി നിൽക്കാൻ കഴിയും. അപ്പോസ്തോലനായ പൗലോസ് എല്ലാം ഉപേക്ഷിച്ച് ചവറു എന്ന് എണ്ണി പിന്നിലുള്ളത് മറന്നു പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടി …. ഓട്ടം തികയ്ക്കുമ്പോൾ തൻ്റെ സമ്പാദ്യം എന്നു പറയുവാൻ പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും സ്വന്തം എന്ന് പറയുവാനുണ്ട്. തൻ്റെ ഓട്ടവും അധ്വാനവും സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി ഉപയോഗിച്ചു. 21 ആം നൂറ്റാണ്ടിൽ സുവിശേഷ നിമിത്തം ഒരു ബാഗ്ഗുമായി ഇട്ടവസ്ത്രങ്ങളുമായി വീട്ടിൽ നിന്ന് ഇറങ്ങിയവരും ഇറക്കി വിടപ്പെട്ടവരിൽ പലരും പിൽക്കാലത്ത് സമ്പന്നരായി സുവിശേഷത്തിന് വേണ്ടി പലരെയും ചേർത്ത് നിർത്തത്തക്കവണ്ണം സുവിശേഷത്തിന്റെ അഭിവൃദ്ധിക്കായി കർത്താവ് ഇന്നും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.
കർത്താവിന്റെ നാമം നിമിത്തം നിങ്ങൾ പഴി ഉപദ്രവം നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറയുകയും, കഷ്ടത , സങ്കടം, പട്ടിണി, നഗ്നത, ആപത്ത്, വാൾ, ഉദ്ധാരണം കൈക്കൊള്ളാതെയുള്ള ഭേദ്യം, പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു, കല്ലേറു, മൃഗങ്ങളുടെ തോൽധരിച്ചുള്ള ബുദ്ധിമുട്ട് , ഉഴന്നു വലഞ്ഞ അനുഭവനങ്ങൾ …….. ആദ്യ നൂറ്റാണ്ടിലെ പോലെ ഇങ്ങനെ എന്തു ഭവിച്ചാലും !

എനിക്ക് ഭവിച്ചതും ……..
എനിക്ക് ഭവിക്കുന്നതും ……
സുവിശേഷത്തിന്റെ അഭിവൃദ്ധിക്ക് കാരണമാകട്ടെ .

Zeeba Mathew.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.