ചെറു ചിന്ത: അജ്ഞത കൊന്ന പെൺകുട്ടികൾ | ബിജോ മാത്യു, പാണത്തൂർ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ അമേരിക്കയിൽ ന്യൂ ജേഴ്സിയിൽ ഒരു വാച്ച് കമ്പനി കുറെ പെൺകുട്ടികളെ റിക്രൂട്ട് ചെയ്തു. ഏതാണ്ട് 17 മുതൽ 22 വരെ പ്രായമുള്ളവരായിരുന്നു അവർ. വാച്ചിന്റെയും, ക്ളോക്കിന്റെയും സൂചിയിലും, എഴുത്തിലുമൊക്കെ രാത്രിയിൽ തിളങ്ങുന്ന ഒരു തരം പെയിന്റ് അടിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. ഇരുട്ടിലും പ്രകാശിച്ചിരുന്ന ഇത് ഒരത്ഭുതവസ്തുവായി ആളുകൾ കാണാൻ തുടങ്ങി. പത്രങ്ങൾ ഈ അത്ഭുത വസ്തുവിന്റെ പ്രസക്തി വാനോളം വർധിപ്പിച്ചു. ആളുകൾ വാചാലരായി.

ജലദോഷം മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾ സുഖപ്പെടുത്തുന്നതിനു ഇത് മരുന്നായി ഉപയോഗിക്കാമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു. കുടിക്കുന്ന വെള്ളത്തിലും, ലിപ്സ്റ്റിക്, സോപ്പ് എന്നിവയിലും എന്തിനേറെ കൊച്ചുകുട്ടികളെ പുതപ്പിക്കുന്ന പുതപ്പിലുമൊക്കെ റേഡിയം എന്ന ഈ മൂലകം അടക്കം ചെയ്ത് ആളുകൾ ഉപയോഗിച്ചു. പല്ലിനു തിളക്കം കിട്ടുന്നതിന് അനേകർ ഈ തിളങ്ങുന്ന പദർത്ഥം പല്ലിൽ പെയിന്റ് ചെയ്തു.

എന്നാൽ ഇരുട്ടത്ത് തിളങ്ങുന്ന ഈ വർണ വസ്തുവിന്റെ പാർശ്വഫലങ്ങളെക്കുറിച്ചു ആർക്കും അറിവില്ലായിരുന്നു. യഥാർത്ഥത്തിൽ ഇവിടെ നടന്നിരുന്നത് റേഡിയേഷൻ പോയ്‌സണിങ് ആയിരുന്നു. റേഡിയേഷൻ കൊണ്ട് മാത്രം തിളങ്ങുന്ന റേഡിയം എന്ന മൂലകം ആയിരുന്നു അത്. പൊളോണിയത്തെ പോലെയോ മറ്റു ആണവ ഐസോടോപ്പുകളെ പോലെയോ ശക്തമായ റേഡിയേഷൻ പുറത്തു വിടുന്ന മൂലകം.

ദിവസക്കൂലിക്കായി വാച്ചിന്റെ ഡയൽ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികൾ സത്യത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു. വൻതോതിൽ റേഡിയേഷൻ ആ പെയിന്റിൽ നിന്ന് പുറത്തു വന്നു. അത് അവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. 5 വർഷത്തിനുള്ളിൽ അവരിൽ ഭൂരിഭാഗം പേരും മരിച്ചു. ക്യാൻസറായിരുന്നു വില്ലൻ. പലരുടെയും താടിയെല്ലുകൾ ഊരിവീണു!!.
തിളങ്ങിയ വസ്തു അവരെ ചതിച്ചു. അജ്ഞത അവരെ കൊന്നു.

നാം പറയാറുണ്ട് “മിന്നുന്നതെല്ലാം പൊന്നല്ല”. വചനം പറയുന്നു പാപത്തിന്റെ തത്കാല ഭോഗത്തെ കുറിച്ച്. ആകർഷിച്ചു, വശീകരിച്ചു നാശത്തിലേക്ക് ആളുകളെ തള്ളിവിടുന്ന പാപവും, മുകളിൽ പറഞ്ഞ റേഡിയത്തെ പോലെ മാരകമാണ്‌. പാപത്തിന്റെ തിളക്കത്തിൽ ആകൃഷ്ടരായി വഞ്ചിക്കപെടുന്നവർ നിത്യമായ നരകത്തിലേക്ക് പ്രയാണം ചെയ്യുന്നു. വചനത്തെകുറിച്ചുള്ള അജ്ഞത അനേകരെ കൊല്ലുന്നു.പാപത്തിന്റെ കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള മരുന്ന് കാൽവരിയിലുണ്ട്. നമുക്ക് ക്രൂശിൽ കിടക്കുന്ന ക്രിസ്തുവിനെ ദർശിക്കാം.

എഴുത്ത്: ബിജോ മാത്യു പാണത്തൂർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like