കഥ: നീർച്ചുഴി | സുബേദാർ സണ്ണി കെ. ജോൺ, രാജസ്ഥാൻ

‘ ചതിച്ചല്ലോ ദൈവമേ’

എന്ന് പറഞ്ഞ് കുട്ടിയമ്മ വീട്ടിൽ നിന്ന് ഇറങ്ങി ഓടി ! പുഴയരികെ കണാരനും കൃഷ്ണനും നിൽക്കുന്നത് കുട്ടിയമ്മ കണ്ടു. മുക്കടപ്പുഴ കുത്തിപ്പൊങ്ങി ഒഴുകുകയാണ്.

” ജെറി എന്തിയേടാ പിള്ളേരെ ”

അവര് പരുങ്ങുന്നത് കണ്ടതും കുട്ടിയമ്മ അപകടം മണഞ്ഞു. അട്ടക്കാട്ടിൽ നിന്നും തടിയും വാഴയും തേങ്ങയും ഒക്കെ മഴവെള്ളത്തിൽ ഒഴുകിവരുന്നത് അവളുടെ അനുജൻ ചാടി പിടിക്കാറുള്ളതാണ്. പക്ഷേ, ഇങ്ങനെ ഒരു വെള്ളപ്പൊക്കം തൊണ്ണൂറ്റിരണ്ടിലേ ഉണ്ടായിട്ടുള്ളൂ. അന്ന് പാപ്പി ചേച്ചിയുടെ അളുങ്കുമരത്തിന്റെ ചുവട് വരെ വെള്ളം കയറിയതാണ്. ഇന്നിപ്പോൾ വെള്ളം അതിലും ശക്തമായി ഹുങ്കാരത്തോടെ ഒഴുകുകയാണ്. കുട്ടിയമ്മ ചോദിച്ചു,

” അവൻ ഒഴുകിപ്പോയോ ; അതോ …? ”

കണാരൻ പറഞ്ഞു,

” വെണ്ടേക്ക് കണ്ട് ചാടീനി . കയറിട്ട് കെട്ടാൻ നോക്കുമ്പ പച്ചേങ്കില്, ”

കുത്തൊഴുക്കിൽ ഒരു വെണ്ടേക്ക് ഒഴുകിവരുന്നത് കണ്ട് കയറുമായി ജെറി വെള്ളത്തിൽ എടുത്ത് ചാടിയതാണ്. അടുത്ത് ചെന്ന് കെട്ടിയപ്പോഴേക്കും അത് കുഞ്ഞുട്ടിയുടെ വളവും കഴിഞ്ഞു മുതലക്കയത്തിന് അടുത്തേക്ക് എത്തിയിരുന്നു. പിന്നെ നീന്തി അക്കരയ്ക്ക് രക്ഷപെടുക മാത്രമേ മാർഗം ഉണ്ടായിരുന്നുള്ളൂ, കണാരൻ തുടർന്നു,

” അക്കരെ …!!”

കുട്ടിയമ്മക്ക് ഇനിയൊന്നും കേട്ടു നിൽക്കാൻ സമയമില്ലായിരുന്നു. അവൾ വെള്ളത്തിലേക്ക് എടുത്ത് ചാടി . കരയ്ക്ക് നിൽക്കുന്നവർ അലറിക്കരഞ്ഞില്ല. അവർക്കറിയാം. അവൾ ഉശിരുള്ളവളാണ്. അബ്ബാസിനേയും ജെറിയേയും നീന്തൽ പഠിച്ചിച്ചത് കുട്ടിയമ്മയാണ്. പുഴയിൽ മുങ്ങാംകുഴിയിട്ട് എത്ര വല്യ ഒഴുക്കിലും അടിയിലെ കല്ലിൽ പിടിച്ചു പുഴ കുറുകെ കടക്കുന്നത് കൗതുകത്തോടെ കൂരാംകുണ്ടുകാർ കണ്ടു നിൽക്കുന്നതാണ്. എന്തിന്, മുതലക്കയത്തിലെ അഗാധതയിൽ വരെ മുങ്ങിത്തപ്പുന്നവളാണവൾ….!

അവർ കാത്തു നിന്നു.
കുട്ടിയമ്മ പക്ഷേ മടങ്ങിവന്നില്ല !

മൂന്നാം ദിവസം പങ്കയത്തെ ആറ്റുവഞ്ചിയിൽ തടഞ്ഞ് മൃതദേഹം കിട്ടി. കണ്ണുകളിൽ അപ്പോഴും ചാരിതാർഥ്യത്തിന്റെ ഗഹനമായ ഭാവമുണ്ടായിരുന്നുവത്രേ!

ആ ഭാവത്തേക്കുറിച്ചാണ് ജെറിയും പറഞ്ഞത് ,

നീന്തി മുതലക്കയത്തിനക്കരെ എത്താനായപ്പോഴാണ്, കരിഞ്ചേരിന്റെ വേരിൽ കാൽ കുടുങ്ങി പോയത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ പിന്നേയും പിന്നേയും കുടുങ്ങിപ്പോയി.
അക്കരെ കുടചൂടി വെള്ളം കാണാൻ നിന്ന ജനക്കൂട്ടത്തിലൊരാൾക്ക് പോലും ഇത്ര ഭയാനകമായ വെള്ളത്തിൽ ഇറങ്ങാൻ ധൈര്യമുണ്ടായിരുന്നില്ല. ഇനി രക്ഷിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തന്നെ ദുർഭൂതങ്ങൾ കുടിയിരിക്കുന്ന കരിഞ്ചേരിന്റെ ചുവട്ടിൽ പൊയ്ക്കൂടാ ; കരിഞ്ചേരിന്റെ മുകളിലിരുന്ന് അവ വിഷാംമ്ലം കുടയും. അതിന്റെ ചൊറിച്ചിലും പൊള്ളലും അസഹനീയമാണ്.

അങ്ങനെ പ്രതീക്ഷ നഷ്ടപ്പെട്ട് മരണം സുനിശ്ചിതമായ ആ മുഹൂർത്തത്തിലാണ് കുട്ടിയമ്മ അടുത്ത് വന്ന് ജെറിയെ വലിച്ചെടുത്തത്! വെള്ളത്തിന്റെ ആ കുത്തൊഴുക്കിൽ കുട്ടിയമ്മ പറഞ്ഞത്രേ

” ജെറി മോനേ രക്ഷപെട്ടോ. ഉരുൾ പൊട്ടും ! പെട്ടെന്ന് , പെട്ടെന്ന് കരയ്ക്ക് കേറ്….”

കരിഞ്ചേരിന്റെ പൊള്ളലേറ്റങ്കിലും ജെറി രക്ഷപെട്ടു. കരയ്ക്ക് കേറ്റാൻ സഹായിച്ച കുട്ടിയമ്മയെ കല്ലും മരവും ചെളിയും വാരിവലിച്ചുതാഴ്ത്തി കൊണ്ട് പോയത് എങ്ങനെയെന്ന് ആദ്യം ആരും അറിഞ്ഞില്ല !! പെട്ടെന്ന് ആരോ ഉറക്കെ പറഞ്ഞു,

” ഉരുൾ പൊട്ടീനി !”

കുട്ടിയമ്മയുടെ മൃതശരീരം ദഹിപ്പിക്കും മുൻപ്, ശവസംസ്കാര ശുശ്രൂഷയിൽ കൂരാംകുണ്ടിന്റെ കാരണവർ , അമ്പു മൂസ്സാർ പറഞ്ഞു,

” ചേട്ടമ്മാർ¹ , സാധാരണ കുയികുത്തി² കുയിച്ചിടാറാന്ന് പതിവ്. പച്ചേങ്കില് ശ്ലോകം പാടാണ്ട് കുയിച്ചിട്ടാ ധർമം തെറ്റും. കുട്ടിയമ്മ മനുച്ചനല്ല. സ്ത്രീയല്ല. യേസുകിരിസ്തുവാന്നും! ബരീസം മാത്രം ,

വർഷത്തിന് മാത്രമേ മാറ്റമുള്ളൂ. അന്ന് ക്രിസ്തു കുരിശിൽ തൂങ്ങി പിശാചിന്റെ തല തകർത്ത് പാപത്തിന്റേയും ശാപത്തിന്റേയും സ്വഭാവത്തിൽ നിന്നാണ് മനുഷ്യനെ നിത്യജീവനിലേക്ക് വലിച്ചു കേറ്റിയത് ”

അമ്പു യേശുവിനേയും രക്ഷയേയും കുറിച്ച് കൂരാംകുണ്ട് നിവാസികളോട് പ്രസംഗിക്കുകയാണ്. കൂരാംകുണ്ടിലെ ഏക ക്രിസ്ത്യാനി കുടുംബമായിരുന്നു കുട്ടിയമ്മയുടേത്. എഴുപത് വർഷം മുൻപ് കൂരോപ്പടയിൽ നിന്നും കൂടിയേറിപ്പാർത്തതായിരുന്നു അവളുടെ അപ്പൻ മത്തായിച്ചനും ഭാര്യയും . തേറ്റപന്നിയും മലമ്പാമ്പും മലമ്പനിയും മലവെള്ളവും ഒക്കെയായി വന്ന് മരണം ഓരോരുത്തരെ പേർവിളിച്ച് കൊണ്ടുപോയി. ഇപ്പോഴിതാ കുട്ടിയമ്മയേയും! ഇനി അവശേഷിച്ചത് ബേബി മാത്രമാണ് .

കുട്ടിയമ്മയുടെ രക്ഷപ്പെടുത്തലും യേശുവിന്റെ രക്ഷയും സാമ്യപ്പെടുത്തി അമ്പു ഹൃദ്യമായി സംസാരിച്ചു കൊണ്ടിരുന്നു..

സദസ്സ് ആദ്യമായി യേശുവിനെ കേൾക്കുകയാണ്. അമ്പു തുടർന്ന് പറഞ്ഞു,

‘ ഇപ്പോഴാകട്ടെ കരിഞ്ചേരിന്റെ ഇടതൂർന്ന നിൽക്കുന്ന വേരുകളുടെ ഇടയിൽ നിന്ന് , പെരുവള്ളത്തിൽ നിന്ന് തന്നെ, ഒരു മനുഷ്യനെ വലിച്ചൂരിയെടുത്തിരിക്കുന്നു. അതൊരിക്കലും കുട്ടിയമ്മയല്ല!! കുട്ടിയമ്മയ്ക്ക് എങ്ങനെ ഒരാളെ രക്ഷിക്കാൻ _?’

പെട്ടെന്ന് അമ്പു മൂസ്സാറ് നിശബ്ദമായി. സദസ്സിൽ നിന്ന് ഒരാളുറക്കെ പറഞ്ഞു,

” യേശുനപ്പറ്റി ഇനിയും പറയറോ”

അമ്പു പോക്കറ്റിലും അരയിലും തപ്പി നോക്കി. ഇല്ല; ബാക്കി എഴുതിയത് കാണുന്നില്ല! മീറ്റിങ്ങിൽ ഇത്തിരി വെയിറ്റോടെ സംസാരിക്കാൻ കൊച്ചുമകൻ എഴുതി കൊടുത്ത പ്രസംഗമായിരുന്നു, അത് !

യേശുക്രിസ്തുവിനേക്കുറിച്ചോ രക്ഷയെക്കുറിച്ചോ വല്യ ധാരണയില്ല. മകന്റെ മകൻ സിറ്റിയിലാണ് പഠിക്കുന്നത്. വല്ലപ്പോഴുമൊക്കെ വരുമ്പോഴാണ് യേശുവിനേക്കുറിച്ച് വളരെ രഹസ്യമായി മുത്തച്ഛന് പറഞ്ഞു കൊടുക്കാറ്. അമ്പു മൂസാറ് ഒടുവിൽ സത്യം തുറന്ന് പറഞ്ഞു,

” പെയ്പറ്³ ഏടയോ ബീണ് പോയിനി . യേസു കിരിസ്തൂനപ്പറ്റി ജെറി പറയട്ടും. ഓൻ ഓറ⁴ ആളാണോല്ലോന്നും.'”

ജെറി കുറ്റബോധത്തോടും കൊടിയ നിരാശ ബോധത്തോടെയും കൂടെ പറഞ്ഞു,

” എനിക്ക് കുരിശു വരയ്ക്കാൻ മാത്രമേ അറിയൂ. പഠിക്കാൻ പറ്റീല്ല !. ”

എന്നാൽ അമ്പുവിന്റെ കൊച്ചുമകൻ വന്നിട്ട് ബാക്കി കേൾപ്പിക്കട്ടേയെന്ന് സദസ്സ് പറഞ്ഞു.

” എണേ,⁵ ”

അമ്പു മൂസാറ് ബാല്യക്കാരിയോട് പറഞ്ഞു,

” ചെക്കന ബിളി. രച്ച⁶ എങ്ങനേന്ന് ഓൻ പറയട്ടും…”

കൂരാംകുണ്ടിലെ ജനം സുവിശേഷം കേൾക്കാൻ ദാഹത്തോടെ കാത്തിരുന്നു.

അന്നേരം ആകാശത്തിന്റെ അനന്തതയിൽ നിന്ന് അലൗകീകമായ ഒരു പ്രകാശം അവരുടെ മേൽ പതിയുന്നുണ്ടായിരുന്നു….

——-
1. ചേട്ടന്മാർ = ക്രിസ്ത്യാനികൾ
2. കുയി = കുഴി
3. പെയ്പറ് = പേപ്പർ
4. ഓൻ ഓറ = അവൻ/ അദ്ദേഹത്തിന്റ
5. എണേ = എടോ / എടീ
6. രച്ച = രക്ഷ

——

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.