എഡിറ്റോറിയാൽ: പച്ചക്കുപ്പായമണിഞ്ഞ കാവൽ മാലാഖമാർ | രാജേഷ് മുളന്തുരുത്തി

ജൂണ്‍ 26 – ലോക കണ്ടൽ ദിനം . തീരദേശത്തെ സംരക്ഷിക്കുവാൻ പച്ചക്കുപ്പായമണിഞ്ഞ് കാവൽനിൽക്കുന്ന കണ്ടൽ കാടുകൾക്കായി ലോകം മാറ്റിവെച്ച ദിനം. ലോക കണ്ടൽ ദിനാഘോഷം ആരംഭിച്ചിട്ട് 6 വർഷമേ ആകുന്നുള്ളു. 2015–ൽ പാരിസിൽ നടന്ന 38–ാമത് യുഎൻ എജ്യുക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (UNESCO) ജനറൽ അസംബ്ലിയിലാണ് ഇക്വഡോർ എന്ന ചെറു രാജ്യത്തിന്റെ അഭ്യർഥന പ്രകാരം യുഎൻ ജൂലൈ 26 രാജ്യാന്തര കണ്ടൽ ദിനമായി പ്രഖ്യാപിച്ചത്.ലോകപ്രശസ്ത ഗ്രീൻപീസ് ആക്ടിവിസ്റ്റായ ഹെയ്ഹന ഡാനിയേൽ നനോട്ടോ എന്ന പ്രകൃതിസ്നേഹി, ഇക്വഡോറിലെ മ്യൂസിൻ എന്ന പ്രദേശത്തെ കണ്ടൽ നശീകരണത്തെ പ്രതിരോധിക്കുന്നതിനിടയിൽ ഹൃദയാഘാതം വന്ന് മരിച്ചതിന്റെ ഓർമ്മയ്ക്കായാണ് ജൂലൈ 26 കണ്ടൽ ദിനമായി തിര‍ഞ്ഞെടുത്തത്.

ഈ ദിനം മറ്റൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. 2004 ഡിസംബർ 26 ലെ ആ വൻ ദുരന്തം ഒരു പക്ഷേ നമ്മിൽ പലരും മറന്നു പോയിരിക്കാം. പൊങ്ങി ഉയർന്ന സൂനാമി തിരമാലകൾ കേരളതീരത്ത് നാശം വിതച്ചപ്പോൾ തമിഴ്നാട്ടിലെ പിച്ചാവരം, മുത്തുപ്പെട്ട് തുടങ്ങിയ സ്ഥലങ്ങളെ വൻ ദുരന്തത്തിൽനിന്നും രക്ഷിച്ചത് കണ്ടൽ കാടുകളുടെ സാന്നിധ്യമായിരുന്നു. ജൈവവൈവിധ്യത്തിന്റെ കലവറയായ കണ്ടൽ കാടുകൾ മൽസ്യങ്ങളുടെ പ്രജനന സ്ഥലമാണ്. കണ്ടൽ വനങ്ങൾ നശിപ്പിച്ചാൽ മൽസ്യസമ്പത്തിനെയാണ് പ്രതികൂലമായി ബാധിക്കുക. മാത്രമല്ല, നിരവധി പക്ഷിമൃഗാതികളുടെ ആവാസ കേന്ദ്രമാണിത്. മലിനീകരണം തടയാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും മണ്ണൊലിപ്പ് തടയാനും വെള്ളം ശുദ്ധീകരിക്കാനും കാറ്റിനെയും തിരമാലകളെയും ചെറുക്കാനും പ്രളയത്തെ ലഘൂകരിക്കാനും കഴിവുള്ള കണ്ടൽ കാടുകൾ നിസ്സാരക്കാരനല്ല. കണ്ടലുകൾ നമ്മുടെ പ്രകൃതിയുടെ അമൂല്യ നിധിയാണ്. കടൽ കടന്നെത്തുന്ന പ്രകൃതിദുരന്തങ്ങളെ തുരുത്തുവാൻ പച്ചപ്പണിഞ്ഞ ഈ കാവൽക്കാരുടെ എണ്ണം ഇന്ന് കുറഞ്ഞു വരുന്നു. നമുക്കും കൂട്ടണ്ടേ ഈ സൈന്യബലം?
തീരം കാക്കാൻ, തിരകളെ നേരിടാൻ
നട്ടുവളർത്താം കണ്ടൽ കാടുകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.