കനഡു: നൈജീരിയയിലെ എഡോയിൽ കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയി. ഉറോമിയിലെ സെന്റ് പാട്രിക് കത്തോലിക്ക പള്ളിയിലെ ഫാ. പീറ്റർ ഉഡോയെയും ഉഗ്ബോഹയിലെ സെന്റ് ജോസഫ് റിട്രീറ്റ് സെന്ററിൽനിന്നുള്ള ഫാ. ഫിലേമോൻ ഒബോയെയുമാണ് ശനിയാഴ്ച തട്ടിക്കൊണ്ടുപോയത്.
ബെനിൻ-എക്പോമ എക്സ്പ്രസ്വേയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ സായുധസംഘം ആക്രമിക്കുകയായിരുന്നു. ബെനിനിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ഉറോമിയിലേക്കുള്ള യാത്രയിലായിരുന്നു വൈദികർ. കത്തോലിക്ക വൈദികർക്കെതിരേ എഡോയിൽ ആക്രമണം പതിവായിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന കത്തോലിക്ക വൈദികനെ സായുധസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
വൈദികരെ തട്ടിക്കൊണ്ടുപോയ വിവരം സ്ഥിരീകരിച്ച എഡോയിലെ പോലീസ് തലവൻ, ഫാ. അമോസ് അബ്ഹുലിമാൻ എന്ന വൈദികൻ സ്റ്റേഷനിലെത്തി വൈദികരെ കാണാതായ വിവരം അറിയിക്കുകയായിരുന്നുവെന്നും പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഫാ. ഇമ്മാനുവേൽ സിലാസ് എന്ന വൈദികനെ തട്ടിക്കൊണ്ടുപോയതായി കഫൻചാൻ രൂപത പറഞ്ഞു.