ഭാവന: വെള്ള ധരിച്ച ഞാൻ | ദീന ജെയിംസ്, ആഗ്ര

വെള്ള ധരിച്ചതുകൊണ്ട് മാത്രം വിശുദ്ധരാകുന്നില്ല.
വെള്ളധരിക്കാത്തത് കൊണ്ട് മാത്രം വിശുദ്ധി നഷ്ടമാകുന്നതുമില്ല –

അനുഭവസ്ഥൻ
നരകത്തിൽ നിന്നും

ആദ്യമേ എഴുതട്ടെ, ആരേയും അപകീർത്തി പെടുത്താനോ കുത്തിനോവിക്കാനോ അല്ല ഈ കത്ത്, ഒരനുഭവസ്ഥൻ എന്ന നിലയിൽ ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്ന് മാത്രം.

post watermark60x60

വെള്ളവസ്ത്രം മാത്രം ധരിച്ച് സ്വയം വിശുദ്ധനെന്ന് കരുതിയിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. വെള്ള വിട്ടൊരു കാര്യം ഇല്ലായിരുന്നു ഭൂമിയിൽ എനിക്ക്, എല്ലാവർക്കും എന്നെ ബഹുമാനവും ആദരവും ഒക്കെയായിരുന്നെങ്കിലും വെള്ളവസ്ത്രധാരണത്തിന്റെ കാര്യം വരുമ്പോൾ സ്ഥിതിഗതികൾ മാറിമറിയുമായിരുന്നു.എന്റെ ഒരേയൊരു ചിന്ത വെള്ള ധരിച്ചില്ലേൽ വിശുദ്ധി പൂർണ്ണമാകുന്നില്ല എന്നതായിരുന്നു. എന്നാൽ അതൊഴിച്ചു വേറൊരു നന്മ പ്രവർത്തിയും ഞാൻ ചെയ്തിരുന്നില്ല. വെള്ളവസ്ത്രമേ സഭയിൽ ധരിക്കാവൂ എന്ന എന്റെ പിടിവാശി കാരണം സഭ രണ്ടായി പിരിഞ്ഞതും കുറെ പേർ പിന്മാറ്റത്തിലേക്ക് പോയതുമൊക്ക വേദനയോടെ ഞാനിന്നോർക്കുന്നു. അനേകദൈവദാസന്മാരുടെ ഭാര്യമാരെ ഞാൻ വിമർശിച്ചിരുന്നു വെള്ളവസ്ത്രത്തിന്റെ പേരിൽ. വെള്ളയപ്പച്ചൻ, വെള്ളതേച്ച ശവക്കല്ലറ എന്നൊക്കെ പലരുമെന്നെ സംബോധന ചെയ്യാറുണ്ടായിരുന്നു.

ആരാധനയ്ക്കും പ്രാർത്ഥനകൂട്ടങ്ങൾക്കുമൊക്കെ പോയാലും എന്റെ ഹൃദയം ഏകാ ഗ്രമായിരുന്നില്ല ആര് വെള്ളവസ്ത്രം ഇല്ലാതെ വന്നോ അവരെ വിമർശിക്കുകയായിരുന്ന എന്റെ ലക്ഷ്യം. എന്നെ അനുകൂലിക്കുന്നവരും ഉണ്ടായിരുന്നു, അവരായിരുന്നു എന്റെ ബലം.

എന്തിനേറെപ്പറയുന്നു മൂന്ന് മാസങ്ങൾക്കു മുൻപ് എന്റെ എൺപത്തിയൊന്നാം വയസ്സിൽ ഭൂമിയോട് ഞാൻ വിടപറഞ്ഞു. സ്വർഗമായിരുന്നു എന്റെ പ്രതീക്ഷ. “ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുന്നിൽ ഹാല്ലേലുയ്യ പാടിടും ഞാൻ ” എന്ന് ഞാൻ എപ്പോഴും പാടുമായിരുന്നു. മരണത്തിനു മുൻപും ഈ വരികൾ പാടിയാണ് മക്കൾ എന്നെ യാത്രയാക്കിയത്.മക്കൾക്ക് ഞാൻ നിർദേശം നൽകിയിരുന്നു ശവപ്പെട്ടിയുടെ നിറം വെള്ളയായിരിക്കേണം, മക്കളും കൊച്ചുമക്കളും ഒക്കെ വെള്ളവസ്ത്രം ധരിക്കണം എന്നൊക്കെ. അപ്പന്റെ അവസാനആഗ്രഹ മല്ലേ എന്ന് കരുതിയാവും ഇളയ മകൻ ജോണിക്കുട്ടി- അവൻ വെള്ളവസ്ത്രം ധരിക്കുന്നതിനെതിരെയിരുന്നു- വെള്ളധരിച്ചാണ് വന്നത്.ഞാനെത്ര സന്തോഷിച്ചെന്നോ… ശുഭ്രവസ്ത്രധാരികളുടെ ഒരു സംഘം നല്ലൊരു യാത്രയയപ്പുംനൽകി. എല്ലാപ്രതീക്ഷയ്ക്കും വിരാമമിട്ടുകൊണ്ട് നിത്യനരകത്തിലാണ് ഞാൻ എത്തപ്പെട്ടത്. ഇന്ന്‌ ഞാൻ പശ്ചാത്ത പിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ കണ്ടു വെള്ളവസ്ത്രത്തിന്റെ പേരിൽ സഭയിൽ നിന്നും പുറത്താക്കിയ തോമസ്കുട്ടിയുടെ ഭാര്യ സ്വർഗത്തിൽ നിൽക്കുന്നു. വെള്ളമാത്രം ധരിച്ചിരുന്ന എന്നെപോലൊരു മഹാൻ ദേ, രണ്ടുദിവസമായി ഇവിടെ എത്തിയിട്ട്. ആകെ നിരാശയിലാണ്.
ഇത് വായിക്കുന്ന ഓരോരുത്തരോടും എന്റെ ഉപദേശം :- വെള്ളവസ്ത്രമേ ധരിക്കാവൂഎന്ന പിടിവാശി നന്നല്ല. യോഗ്യവും മാന്യവുമായ ഏത് വസ്ത്രവും ധരിച്ചു ദൈവവചനം അനുസരിച്ച് അവന്റെ കല്പനകൾ പ്രമാണിച്ചു ജീവിച്ചാൽ സ്വർഗത്തി ലെത്താം.നിരവധിയാളുകൾ പ്രത്യേകിച്ച് ദൈവജനം ദിനംപ്രതി ഭൂമിയിൽ നിന്നും എത്തുന്നുണ്ട് അതിൽ ഭൂരിഭാഗം പേരും നരകത്തിലേക്കാണ് എത്തികൊണ്ടിരിക്കുന്നത്. എന്നെ വളരെ വേദനിപ്പിക്കുന്നു ഈ കാഴ്ച.അകയാൽ മക്കളേ,ഭൂമിയിൽ ലഭിക്കുന്ന ആയുസ്സെല്ലാം കർത്താവിനായി ജീവിക്കുക.സ്വർഗ്ഗം നഷ്ടമാക്കല്ലേ….

കൂടുതൽ എഴുതാൻ എനിക്കാവുന്നില്ല. തീയുടെ ചൂട് അധികഠിനമാണ്.
നിർത്തട്ടെ!

സ്നേഹത്തോടെ
നിങ്ങളെ സ്നേഹിക്കുന്ന ഒരപ്പച്ചൻ.

ദീന ജെയിംസ്, ആഗ്ര

 

-ADVERTISEMENT-

-ADVERTISEMENT-

You might also like