എഡിറ്റോറിയൽ : ലഹരിക്കെതിരെ അണിനിരക്കാം | ബിൻസൺ കെ. ബാബു

പുകവലി കൊല്ലുന്നു. നിങ്ങൾ അങ്ങനെ കൊല്ലപ്പെടുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം നഷ്‌ടപ്പെട്ടു.”- ബ്രൂക്ക് ഷീൽഡസ്

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് അവബോധം എല്ലാവരിലും സൃഷ്ടിക്കുന്നതിനാണ് ഈ ദിവസം പ്രത്യേകമായി ആചരിക്കുന്നത്. ഇപ്പോഴത്തെ കോവിഡ് -19 പകർച്ചവ്യാധി കാരണം ഇത്തവണ ദശലക്ഷക്കണക്കിന് പുകയില ഉപയോഗിക്കുന്നവർ പുകയില ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ഈ സമയങ്ങളിൽ “കമ്മിറ്റ് ടു ക്വിറ്റ്”(commit to Quit) എന്ന മുദ്രാവാക്യമുയർത്തി ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ നിരവധി പരിപാടികൾ ആരംഭിച്ചു. നിരവധി സംരംഭങ്ങളിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും 100 ദശലക്ഷം ആളുകളെ പുകയില ഉപയോഗം ഉപേക്ഷിക്കാൻ സഹായിക്കുക എന്നതാണ് ഈ കാമ്പെയ്‌നിന്റെ ലക്ഷ്യം.

ആരോഗ്യ, മാനുഷിക പ്രതിസന്ധികളിൽ മയക്കുമരുന്ന് ഉയർത്തുന്ന വെല്ലുവിളികൾ തുറന്നുകാട്ടുക’ എന്നതാണ് ഈ വർഷത്തെ വിഷയം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് പുകയില ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നത്. പുകവലി പൂർണമായും നിരോധിച്ചു കഴിഞ്ഞാൽ പുകയില മൂലം ഉണ്ടാകുന്ന അർബുദത്തിനായി മാത്രം ചികിത്സക്ക് ചിലവിടുന്ന പണം ഉണ്ടെങ്കിൽ മറ്റ് ആരോഗ്യ മേഖലയുടെ പുരോഗതിക്ക് ഇത് ഉപയോഗിക്കാൻ ആകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോർട്ട് പറയുന്നത്. അത്രമാത്രം ആരോഗ്യ പ്രശ്നമാണ് പുകയിലയും പുകവലി ഉൽപന്നങ്ങളും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്നതെന്നാണ് സൂചിപ്പിക്കുന്നത്.

നമ്മൾ ഗൗരവമായി ഇടപെടേണ്ട വിഷയമാണ് ഇത്. ക്രൈസ്തവ യുവജന സംഘടകൾ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കാൻ തയ്യാറാവണം. കഴിഞ്ഞ കാലങ്ങളിൽ തെരുക്കോണുകളിൽ വളരെ സജീവമായിരുന്നു ഈ ലഹരി വിരുദ്ധ സന്ദേശ റാലികൾ. എന്നാൽ ലോകത്തെ താറുമാറാക്കിയ കോവിഡ് എന്ന മഹാമാരി മൂലം അതിനുള്ള സാഹചര്യങ്ങൾ പരിമിതമായി. എന്നാലും നമ്മുക്ക് ലഹരിക്കെതിരെ പോരാട്ടം നടത്തേണ്ടത് ആവശ്യമാണ്‌. സാമൂഹ്യ മാധ്യമങ്ങൾ വഴി നമുക്ക് പറ്റുന്ന സാഹചര്യങ്ങൾ ഉപയോഗിച്ച് ലഹരിക്കെതിരെ പരിധിയില്ലാതെ പോരാട്ടം നടത്തുക.

ആരോഗ്യമുള്ള ജീവിതം നല്ല ശീലത്തിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ ഇടയാവണം എന്ന സന്ദേശം എല്ലായിടത്തും എത്തട്ടെ.. ആരോഗ്യമുള്ള നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ നമ്മുക്ക് ഒരുമിച്ച് പ്രവർത്തിക്കാം…

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.