എഡിറ്റോറിയൽ : “ഭൂമിക്ക് തിരികെ നൽകുക…” | ബിൻസൺ കെ. ബാബു
“എനിക്ക് മാലിന്യം കാണുമ്പോള്‍ മാത്രമേ ദേഷ്യം തോന്നൂ. ആളുകള്‍ വലിച്ചെറിയുന്നത് കാണുമ്പോള്‍ നമുക്ക് ഉപയോഗിക്കാന്‍ കഴിയും”- മദര്‍ തെരേസ

ഇന്ന് ലോക ഭൗമദിനം. ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ ആദ്യമായി ഭൗമദിനം ആചരിച്ചത്.1969ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ സമാധാന പ്രവര്‍ത്തകന്‍ ജോണ്‍ മെക്കോണലിന്‍റെ മുന്‍കൈയിലാണ് ഭൂമിയുടെ സുരക്ഷക്ക് ഭൗമദിനം എന്ന ആശയം മുന്നോട്ട് വരുന്നത്. പിന്നീട് ലോകത്തിലെ 141 രാഷ്ട്രങ്ങളിലേക്ക് ഭൗമദിനാചരണം വ്യാപിച്ചു. ‘നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ തീം.ഭൂമിയിലെ എല്ലാ വിഭവങ്ങളും പ്രധാനപ്പെട്ടവയാണ്.എന്നാൽ മനുഷ്യർ നാളയെ കുറിച്ച് ചിന്തിക്കാതെ ഉപയോഗിക്കുന്നു. സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ഇത് നമ്മുടെ വീടാണെന്ന് മനപൂര്‍വം മറക്കുന്നു. ഈ ഗ്രഹത്തിന് തിരികെ നല്‍കുകയെന്നതാണ് പ്രധാന സന്ദേശം കൊണ്ട് അർഥമാക്കുന്നത്. 52മത് ലോക ഭൗമ ദിനമാണ് ഈ വർഷം ആചരിക്കുന്നത്.
ഓരോ ദിവസവും പ്രകൃതി ചൂഷണങ്ങള്‍ നിരന്തരം തുടരുകയാണ്. കുന്നിടിച്ചും മരങ്ങള്‍ മുറിച്ചും കണ്ടല്‍ കാടുകള്‍ വെട്ടി നശിപ്പിച്ചും മനുഷ്യന്‍ പ്രകൃതിയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Download Our Android App | iOS App
ആഗോളതാപനവും അതുമായി ബന്ധപ്പെട്ട കാലാവസ്ഥ വ്യതിയാനവുമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ രീതിയില്‍ ആഗോളതാപനം മുന്നോട്ട് പോയാല്‍ 21-ാം നൂറ്റാണ്ടിന്‍റെ അവസാനമാകുമ്പോഴേക്കും അന്തരീക്ഷ താപനില 4 ഡിഗ്രി സെല്‍ഷ്യസ് വർധിക്കും എന്നാണ് പ്രവചനം. അന്തരീക്ഷ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വർധിച്ചാല്‍ തന്നെ ഭൂമിയിൽ ജീവനു കടുത്ത വെല്ലുവിളിയാകും.
മുമ്പ് പ്രകൃതിയുടെ സ്വാഭാവികമായ രീതികൾക്ക് അനുസരിച്ചാണ് മാറ്റങ്ങള്‍ വന്നിരുന്നതെങ്കില്‍ ഇന്നു മനുഷ്യന്‍റെ ഇടപെടലിനെ ആശ്രയിച്ചാണ് ഭൂമിയുടെ ഇന്നത്തെ നിലനില്‍പ്പ്. നാം അതിനെ മനസ്സിലാക്കി ഭൂമിയെ നശിപ്പിക്കാതെ വരും തലമുറയ്ക്കായി കരുതി വെയ്ക്കുകയെന്നതാണ് ഇന്ന് നമുക്ക് ചെയ്യാനുള്ളത്. ഇന്ത്യയില്‍ ഇന്ന് വര്‍ദ്ധിച്ചുവരുന്ന മലിനീകരണവും വനനശീകരണവും മൂലം വരള്‍ച്ച കൂടിവരുകയാണ്. പല സംസ്ഥാനങ്ങളും ഇന്ന് വരള്‍ച്ചയുടെ പിടിയിലാണ്. പുഴകളും കുളങ്ങളും വറ്റിവരണ്ടിരിക്കുന്നു. ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലങ്കില്‍ നാം നേരിടേണ്ടി വരുന്നത് വലിയ നാശം തന്നെയാകും.
നാളത്തെ തലമുറയ്ക്ക് വേണ്ടി കരുതുകയും, ഭൂമിയെ സംരക്ഷിക്കുകയുമാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങളും വനനശീകരണവും കുന്നിടിക്കലും എണ്ണമറ്റ ക്വാറികളും പരിസ്ഥിതി നശീകരണ പ്രവൃത്തികളും തടയാൻ പരിസ്ഥിതി സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളിൽ നാം സഹകരിക്കുകയും, നമ്മുടെ പ്രായോഗിക മേഖലകളിൽ കൊണ്ടുവരാൻ ശ്രമിക്കുകയും വേണം.
ബിൻസൺ കെ. ബാബു