പുസ്തക നിരൂപണം : ‘നാസികൾക്ക് മാപ്പ് കൊടുത്ത കോരി’; ആഷേർ മാത്യു
ചില നാളുകളുടെ ഇടവേളക്ക് ശേഷമാണ് ഒരു ജീവചരിത്രം വായിക്കുന്നത്. ‘നാസികൾക്ക് മാപ്പ് കൊടുത്ത കോരി’ – പ്രിയ സുഹൃത്ത് പ്രകാശ് പി കോശിയാണ് ഗ്രന്ഥകാരൻ.
പുസ്തകത്തിൻ്റെ ‘വൺ ലൈൻ’ എന്താണെന്ന് ചോദിച്ചാൽ ഉത്തരം പുസ്തകത്തിൻ്റെ പേരിൽ തന്നെയുണ്ട്.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഹോളണ്ടിലെ നാസി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകയായിരുന്ന കോരി ടെൻ ബൂമിൻ്റെ കഥ പറയുന്ന മനോഹരമായ ഒരു പുസ്തകം.
രണ്ടാം ലോകമഹായുദ്ധകാലത്തെപ്പറ്റിയും നാസികളുടെ അതിക്രൂരമായ പ്രവർത്തികളെപ്പറ്റിയും മറ്റുമുള്ള നിരവധി പുസ്തകങ്ങളും പലരുടെയും അനുഭവങ്ങളും നമ്മൾ വായിച്ചിട്ടുണ്ടെങ്കിലും ഒരു നവാനുഭവത്തിലേക്ക് നമ്മെ കൊണ്ടുപോകുകയാണ് ഗ്രന്ഥകാരൻ.
ആദ്യ അധ്യായം മുതൽ മുതൽ അവസാനം വരെ ആകാംക്ഷയോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കുക സാധ്യമല്ല. ഒരു പക്ഷെ ഒരു ‘സർവൈവൽ ത്രില്ലർ’ പോലെ. ക്രിസ്തു സ്നേഹത്തെപ്പറ്റിയും ക്രിസ്തുവിൻ്റെ പാത പിന്തുടർന്ന പല ശിഷ്യന്മാരുടെയും ജീവിതാനുഭവങ്ങൾ നാം വായിച്ചിട്ടുണ്ടെങ്കിലും കോരി ടെൻ ബൂം അക്ഷരാർത്ഥത്തിൽ നമ്മെ തൻ്റെ ജീവിതാനുഭവങ്ങൾ കൊണ്ട് ഞെട്ടിക്കുകയാണ്. എന്തുകൊണ്ട് മലയാളഭാഷയിൽ കോരിയുടെ കഥ നാം വായിക്കുവാൻ വൈകി എന്ന ചോദ്യം വായനക്ക് ശേഷം ഒരു നഷ്ടബോധത്തോടെ നാം ചോദിച്ചു പോയേക്കാം.
പുസ്തകത്തിൻറെ ആദ്യ ഭാഗങ്ങളിൽ കൂടി കടന്നു പോകുമ്പോൾ പ്രശസ്ത കഥാപാത്രം ടോട്ടോ ചാനിന്നെ അനുസ്മരിപ്പിക്കുന്ന കുസൃതിക്കുട്ടിയായ ‘കൊച്ചു കോരി’ യുടെ ബാല്യകാലം നമുക്ക് കാണാം. പിന്നീട് യൗവനത്തിലേക്ക് കടക്കുമ്പോഴും കോരി നമ്മെ പലതരത്തിൽ സ്വാധീനിക്കുന്നുണ്ട്. പിന്നീടുള്ള അധ്യായങ്ങൾ ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്. ഒരിക്കലും ആവർത്തിക്കപ്പെടുവാൻ ആഗ്രഹിക്കാത്ത ഒരു പേടി സ്വപ്നം പോലെ കോരിയുടെ ജീവിതം നമുക്ക് കാണാം.
നാസികൾ ഹോളണ്ട് പിടിച്ചെടുത്തുപ്പോൾ പിതാവിനൊപ്പം വാച്ച് കട നടത്തിയിരുന്ന, സുവിശേഷത്തെയും യേശുവിനെയും സ്നേഹിച്ചിരുന്ന കോരി ജൂതവംശജരെ രക്ഷിക്കുകയും ഒളിപ്പിക്കുകയും ചെയ്യുന്ന നാസിവിരുദ്ധ രഹസ്യപ്രസ്ഥാനത്തിന്റെ പ്രമുഖ പ്രവർത്തകയായിരുന്നു.
അവസാനം കോരിയും കുടുംബവും ഒറ്റുകൊടുക്കപ്പെട്ടു. ഭീകരമായ നാസി ക്യാമ്പിൽ കുടുംബമായി അടയ്ക്കപ്പെട്ട കോരി മോചിതയായെങ്കിലും തന്റെ പിതാവും സഹോദരിയും സഹോദരപുത്രനും കോൺസെൻട്രേഷൻ ക്യാമ്പിലെ കഠിനമായ ജീവിതസാഹചര്യം താങ്ങാനാകാതെ മരണപ്പെടുന്നു.
എന്നാൽ കോരി തന്നെ ക്രൂരമായി ഉപദ്രവിച്ചവർക്കും തന്നെ ഒറ്റുകൊടുത്തവർക്കും മാപ്പ് നൽകി ക്രിസ്തു വിഭാവനം ചെയ്ത ക്ഷമയുടെയും സ്നേഹത്തിന്റെ ഉത്തമമാതൃകയായി മാറുകയാണ്. ആ സന്ദേശവുമായി ലോകമെങ്ങും കോരി യാത്ര ചെയ്തു. അറുപതിലധികം രാജ്യങ്ങളിലാണ് കോരി സുവിശേഷവുമായി സഞ്ചരിച്ചത്.
നാസി ക്യാമ്പുകളിലെ അതിക്രൂരമായ രംഗങ്ങൾ ഒരു അഭ്രപാളിയിൽ എന്നപോലെ വാക്കുകൾകൊണ്ട് ചിത്രീകരിക്കുവാൻ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ചില സമയങ്ങളിൽ അറിയാതെ കണ്ണുനീര് പൊഴിഞ്ഞു പോയി. വായനക്ക് ശേഷം കോരി എന്ന ധീരവനിതയെപ്പറ്റി അറിയുവാൻ താമസിച്ചതിലുള്ള കുറ്റബോധവും അവർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഒരിക്കൽ എങ്കിലും ഒന്ന് കാണുവാൻ കഴിഞ്ഞിരുന്നേനേം എന്ന ആഗ്രഹവും ബാക്കിയാകുന്നു.
ചരിത്രാന്വേഷികൾക്കും, ക്രൈസ്തവ ആശയങ്ങൾ പിന്തുടരുന്നവർക്കും, പലവിധ പീഡനങ്ങളിലൂടെ കടന്നു പോകുന്നവർക്കും ഒക്കെ ഒരു മുതൽക്കൂട്ടാണ് ആണ് ‘നാസികൾക്ക് മാപ്പ് കൊടുത്ത കോരി’. അനേകായിരങ്ങളിലേക്ക് കോരിയുടെ ജീവചരിത്രം എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ജീവചരിത്ര ശാഖയിൽ മാത്രമല്ല മലയാളസാഹിത്യത്തിലെ തന്നെ വിലപിടിച്ച ഒരു പുസ്തകമായി, അനേകരെ പ്രത്യേകിച്ച് സുവിശേഷകരെ ആവേശം കൊള്ളിക്കുന്ന കാരണമായി ആയി ഈ പുസ്തകം മാറുമെന്ന് ഉറപ്പാണ്.




- Advertisement -