എഡിറ്റോറിയൽ:വെല്ലുവിളിയും സാധ്യതയും l ജെ പി വെണ്ണിക്കുളം, ചീഫ് എഡിറ്റർ, ക്രൈസ്തവ എഴുത്തുപുര

2021 നമ്മോടു യാത്ര പറഞ്ഞു. ഒരുപാട് സംഭവങ്ങൾ നടന്ന ഒരു വർഷം. എന്നാൽ ദൈവീക പരിപാലനം നാം ആവോളം അനുഭവിച്ചു. ലോകവ്യാപകമായി പടർന്നു പിടിച്ച മഹാമാരി വിവിധ വക ഭേദങ്ങളിൽ സംഹാരതാണ്ഡവമാടിയപ്പോൾ നമ്മെ ദൈവം സൂക്ഷിച്ചു. അനേകരുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീണു. മറ്റനേകം കുടുംബങ്ങൾ അനാഥമായി. ആരാധനാലയങ്ങളിൽ ഭാഗികമായെങ്കിലും ഒരുമിച്ചു കൂടാൻ കഴിഞ്ഞു എങ്കിലും വർഷാവസാനം വീണ്ടും സ്ഥിതികൾ മാറി. എങ്കിലും നാം നിരാശപ്പെടാതെ ദൈവസന്നിധിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. ഇക്കാലയളവിൽ വിവിധ മാധ്യമങ്ങളിലൂടെ അനുഗ്രഹീത കൂട്ടായ്മകൾ നമുക്ക് ലഭിച്ചു എന്നത് സന്തോഷകരമായ വസ്തുതയാണ്.വ്യക്തി ശുചിത്വത്തിന്റെയും സാമൂഹിക അകലത്തിന്റെയും പ്രാധാന്യം നാം കൂടുതൽ മനസിലാക്കി. ഒരു മഹാമാരിക്ക് മുന്നിൽ നാം ഒന്നുമില്ല എന്ന ബോധ്യം മനുഷ്യരിലുണ്ടായി. ദൈവത്തോട് കൂടുതൽ അടുക്കുവാൻ മഹാമാരി കാരണമായി. ഇപ്പോഴും ദേശം രോഗവിമുക്തമായിട്ടില്ല. ഒമിക്രോണിനെയും ഡെൽമിക്രോണിനെയും ഒക്കെ സൂക്ഷിക്കേണ്ട സമയമാണിപ്പോൾ. അപ്പോഴും നമുക്ക് പ്രാർത്ഥന തുടരാം. ദൈവം തന്നെ ദേശത്തിനു സൗഖ്യം നൽകട്ടെ. അപ്പോൾ തന്നെ പ്രളയം,വർഗീയ-രാഷ്ട്രീയ കലാപങ്ങൾ, കർഷകസമരം, ന്യൂനപക്ഷ പീഡനങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളും പോയ വർഷം നാം കണ്ടു.
ആവർത്തന പുസ്തകത്തിൽ ഇങ്ങനെ നാം വായിക്കുന്നു:”…ആണ്ടിന്റെ ആരംഭം മുതൽ അവസാനം വരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു”. ഹബക്കൂക്ക് പ്രവചനത്തിൽ വായിക്കുന്നതു പോലെ “ആണ്ടുകൾ കഴിയും മുന്നേ ദൈവമേ അവിടുത്തെ പ്രവർത്തിയെ ജീവിപ്പിക്കേണമേ” എന്നു നമുക്കും പ്രാർത്ഥിക്കാം. അതെ, അവിടുന്നു നമ്മോടു കൂടെ എന്നും ഉണ്ടായിരുന്നു, ഇനിയും ഉണ്ടാകും. നമുക്ക് പ്രിയരായവർ പലരും നമുക്ക് നഷ്ടമായെങ്കിലും പ്രത്യാശയോടെ ജീവിക്കാം. പ്രതിസന്ധികളിലും സാധ്യതകൾ കണ്ടെത്തുക. ഒരു വെല്ലുവിളിയും നമ്മെ തളർത്തുന്നതാകരുത്. പ്രതീക്ഷയുടെയും അനവധി സാധ്യതകളുടെയും പുതിയൊരു വർഷം നമുക്ക് ലഭിച്ചിരിക്കുമ്പോൾ വെല്ലുവിളികൾക്കിടയിലും സാധ്യതകളെ കണ്ടെത്തി പ്രവർത്തിക്കാൻ നമുക്ക് കഴിയട്ടെ. ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാ വായനക്കാർക്കും അനുഗ്രഹ സമ്പൂർണ്ണവും നന്മ നിറഞ്ഞതുമായ പുതുവൽസരം ആശംസിക്കുന്നു.

post watermark60x60

ജെ പി വെണ്ണിക്കുളം
ചീഫ് എഡിറ്റർ
ക്രൈസ്തവ എഴുത്തുപുര

-ADVERTISEMENT-

-ADVERTISEMENT-

You might also like