ലേഖനം: അത്ഭുതങ്ങൾക്ക് അപ്പുറം | വർഗീസ് ജേക്കബ്ബ്

ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. ബൈബിളിൽ പറഞ്ഞിരിക്കുന്നതിലും അധികം അത്ഭുതങ്ങൾ ഇപ്പോളും ചെയ്യുവാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. വ്യക്തിപരമായി അത്‍ഭുതങ്ങൾ അനുഭവിച്ചു ജീവിക്കുന്ന ആളും ആണ്.

അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച കർത്താവിനെ മാത്രം അല്ല പന്ത്രണ്ട് കുട്ട മിച്ചം എടുത്തതും കൂടെ ആണ് എന്ന് പറഞ്ഞ് കവിഞ്ഞു ഒഴുകുന്ന അനുഗ്രഹത്തെകുറിച്ച് പറഞ്ഞാലോ? തീർച്ചയായും, അവിടം കൊണ്ടും നിർത്തരുത് സുവിശേഷങ്ങൾ കഴിഞ്ഞ് ലേഖനങ്ങളിലുംകൂടെ നമുക്ക് പോകണം.

സുവിശേഷങ്ങൾ പഠിച്ചപ്പോൾ യേശു ചെയ്ത അത്ഭുതങ്ങൾക്ക് കുറഞ്ഞത് രണ്ട് മാനദണ്ഡങ്ങൾ എങ്കിലും ഉണ്ടന്നാണ് മനസിലായത്. ഒന്ന്, compassion. യേശു മനസലിഞ്ഞു അവരെ സൗഖ്യമാക്കി. രണ്ട്, need. ഒരാളുടെ ആവശ്യം ആണ് യേശുവിനെ മനസ് അലിയിപ്പിച്ചത്. ഒരു performance ആയി യേശു എന്തെങ്കിലും അത്ഭുതം ചെയ്തതായി കാണുന്നില്ല.

എന്നാൽ ഇന്ന് നടക്കുന്ന എല്ലാ അത്ഭുതങ്ങളും ഇങ്ങനെ ആണോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഏകദേശം അറടിയോളം പൊക്കം ഉള്ള ആരോഗ്യം ഉള്ള ആളുടെ ഉയരം ഇനിയും എന്തിനു കൂട്ടണം?. മിനറൽ വാട്ടർ കൊണ്ടുവന്നു ഒരു ആവശ്യവും ഇല്ലാതെ കനാവിലെ കല്യണത്തിന്റെ പേര് പറഞ്ഞത് എന്തിന് വീഞ്ഞ് ഉണ്ടാക്കണം? ഇതൊക്കെ കേവലം ഒരു performance മാത്രം ആയി തോന്നിയാൽ, കുറ്റം പറയാൻ കഴിയുമോ? അത്ഭുതം നടന്നോ എന്നല്ല, തിരുവചനമായിരിക്കണം ശരി തെറ്റുകളെ തിരിച്ചറിയാൻ ഉള്ള മാനദണ്ഡം. മന്നയും കാടപക്ഷിയും യിസ്രായേൽ മക്കൾ കനാനിൽ പ്രവേശിച്ചപ്പോൾ നിന്ന് പോയി. ഭൂമിയിൽ മഴ പെയ്യുന്ന നാൾ വരെയാണ് വിധവയുടെ കലത്തിലെ മാവ് തീരാതയും ഭരണിയിലെ എണ്ണ കുറയാതയും ഇരുന്നത് (1 രാജാക്കന്മാർ 17:14).

അപ്പോസ്തോല പ്രവർത്തിയിലെ അത്ഭുതങ്ങളും അടയാളങ്ങളും ഇനിയും നടക്കട്ടെ. അപ്പോൾ തന്നെ പൗലോസ് അപ്പോസ്തോലൻ പഠിപ്പിച്ചതുപോലെ ഒന്നിനും മുട്ട് ഉണ്ടാകാതിരിക്കേണ്ടതിന് സ്വന്ത കൈ കൊണ്ട് വേല ചെയ്യാൻ അഭിമാനം തോന്നെണം എന്നുള്ളതുകൂടെ ചേർത്ത് നമ്മുടെ വിശ്വസം കൂടുതൽ balanced ആകട്ടെ (1തെസ്സലോനിക്യർ4:11,12). വേല ചെയ്യാൻ മനസില്ലാത്തവൻ തിന്നുകയും അരുത് (2തെസ്സലോനിക്യർ 3:8-12) എന്ന് വിശ്വാസികളോട് പൗലോസ് പറയുമ്പോൾ ശുശ്രുഷ ചെയ്യുന്നവരെക്കുറിച്ച് പറയുന്നത് ‘മെതിക്കുന്ന’ കാളയ്‌ക്ക്‌ മുഖക്കുട്ട കെട്ടരുതാത്തത്. ‘വേലക്കാരൻ’ ആണ് തന്റെ കൂലിക്ക് യോഗ്യൻ (1 തിമൊത്തിയോസ് 5:18) എന്നാണ്. ഇടയ ശുശ്രുഷ ചെയ്യുന്നവരും തങ്ങളെ ഏല്പിച്ച ഉത്തരവാദിത്തങ്ങളിൽ ജാഗ്രത ഉള്ളവർ ആയിരിക്കണമെന്നും, supernatural മാത്രം അല്ലാതെയുള്ള വഴികളിൽകൂടെയും ദൈവം കരുതും എന്ന് വ്യക്തം. സഭ വേലക്കാരുടെ ആവശ്യം അറിഞ്ഞു കരുതുന്നതിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്; സ്തോത്രകാഴ്ചയുടെ പേരിൽ കോടികൾ പിരിക്കുന്നതല്ല. “സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു” ( 1 തെസ്സലൊനീക്യർ 5 : 12,13 ). “നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.” ( 1 തിമോഥെയോസ് 5 : 17 ). പൗലോസ് അപ്പോസ്തോലൻ ആവശ്യം ഉള്ള സാഹചര്യങ്ങളിൽ സ്വന്തം കൈകൊണ്ട് വേല ചെയ്യുകയും ( 2 തെസ്സലോനിക്യർ 3:8,9) മറ്റ് അവസരങ്ങളിൽ സഹായങ്ങൾ സ്വീകരിക്കുകയും ചെയ്തു( ഫിലിപ്പിയർ 4:14-18). പ്രതിസന്ധിയിൽ ആയിരുന്ന സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക മാത്രം അല്ല ധന ശേഖരണം നടത്തുകയും ചെയ്തു (2 കോരിന്ത്യർ 8). ക്രിസ്തീയ വിശ്വാസം ഏതെങ്കിലും ഒരു കാര്യത്തിന്റെ extreme അല്ല, വളരെ സന്തുലിതം(balanced) ആണ്.

ദൈവത്തിന് സകലവും സാധ്യം എന്നുള്ളത് അലസതയ്ക്കും മടിക്കും കാരണം ആകാതിരിക്കട്ടെ. കഷ്ടതകളും രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുന്നതും വിശ്വാസത്തിന്റെ എന്തോ കുറവ് പോലെ അവതരിപ്പിക്കുന്നതും, അത്ഭുതങ്ങളുടെ പേരിൽ ലോക മോഹങ്ങൾ കുത്തി നിറയ്ക്കുന്നതും biblical അല്ല. ഒന്നാം നൂറ്റാണ്ടിലെ സഭയിൽ തന്നെ വിത്യസ്ത സാഹചര്യങ്ങളിൽ ഉള്ളവർ ഉണ്ടായിരുന്നു എന്നും, അതും ദൈവത്തിന്റെ സമഗ്രമായ പദ്ധതിയുടെ ഭാഗം ആയിരുന്നു എന്നും തിരുവെഴുത്ത് കാണിച്ചു തരുന്നു. അതുകൊണ്ടാണ് ആവിശ്യത്തിലിരുന്ന യെരുശലേം സഭയെ സഹായിക്കാൻ, പ്രാപ്തി ഉണ്ടായിരുന്ന കൊരിന്ത്യ സഭയെ ഉദ്ബോധിപ്പിക്കുന്നത് (2 കൊരിന്ത്യർ 8). ഇവിടെ തെളിയുന്നത് സഹായിക്കാൻ ഉള്ള വരത്തിന്റെ പ്രയോഗിതയാണ്. മാത്രമല്ല ഈ അദ്ധ്യായം ശ്രദ്ധയോടെ പഠിക്കുമ്പോൾ കൊടുക്കുകയും സ്വീകരിക്കുകയും (giving and receiving) ചെയുന്ന ദൈവ വ്യവസ്ഥയുടെ ശ്രേഷ്ഠത കാണുവാൻ കഴിയും. യെരുശലേം സഭയ്ക്കുവേണ്ടി ഒരു അത്ഭുതത്തിന് പ്രാർത്ഥിക്കാമായിരുന്നു എങ്കിലും ധർമ്മ കാര്യത്തിൽ മുന്തി വരുവാൻ, പ്രാപ്തിയ്ക്ക് അനുസരിച്ച് കൊടുക്കാൻ ശീലിപ്പിക്കാനും അങ്ങനെ അവർക്കിടയിൽ സമത്വം ഉണ്ടാകുവാനും ധന ശേഖരണം ആണ് നടത്തിയത്. കൊരിന്ത്യാ സഭയുടെ ഇപ്പോഴുള്ള സുഭിക്ഷം (plenty) യെരുശലേം സഭയുടെ ദുർഭിക്ഷത്തിനും (need) പിന്നീട് ഇവരുടെ സുഭിക്ഷം കൊരിന്ത്യരുടെ ദുർഭിക്ഷത്തിന്(need) ഉതകും എന്ന് പറയുന്നു (8:14). ഒരു വിശ്വാസിക്ക് രണ്ട് അവസ്ഥയിൽ കൂടെയും പോകാം എന്നുള്ളത് ഇവിടെ വ്യക്തം. മാത്രമല്ല പൗലോസ് ഈ പഠിപ്പിക്കൽ അവസാനിപ്പിക്കുന്നത്, കൂട്ടായ്മയുടെ ഔദാര്യം നിമിത്തം വാങ്ങുന്നവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും കാണാൻ ആഗ്രഹിക്കുകയും ചെയ്യും (9:14) എന്ന് പറഞ്ഞാണ്. കൊടുക്കൽ വാങ്ങലുകളിൽകൂടെ നടുക്കുന്ന ഇങ്ങനെയുള്ള പറഞ്ഞു തീരാത്ത ദാനം( ദൈവ പ്രവർത്തികൾ) നിമിത്തം ദൈവത്തിന് സ്തോത്രം (9:15).

ഇതേ അദ്ധ്യായത്തിൽ പറയുന്ന, “എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ” എന്നുള്ളതും “അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിൽക്കുന്നു” (2 കൊരിന്ത്യർ 9 : 9 ) എന്നുള്ളതും “അങ്ങനെ നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും” എന്നുള്ളതും ഈ രണ്ട് അദ്ധ്യായങ്ങളുടെയും പശ്ചാത്തലത്തിൽ വേണം മനസിലാക്കാൻ. അടർത്തി എടുത്ത് കേവലം ഭൗതികതയ്ക്ക് വേണ്ടി ഉപയോഗിക്കരുത്.

ഏത് അവസ്ഥയിലും സംതൃപ്തിയോടെ ഇരിക്കുന്നതും, ജയിലിൽ കിടന്നുകൊണ്ട് ഇപ്പോൾ എനിക്ക് വേണ്ടുന്നത് എല്ലാം ഉണ്ട്, സമൃദ്ധി ആയും ഇരിക്കുന്നു (Phil. 4:18) എന്ന് പറയാൻ അടുത്ത ‘level’ വിശ്വാസം തന്നെ നമുക്ക് വേണം. കഷ്ടതയുടെ നടുവിൽ കുലുങ്ങി പോകുമോ എന്ന് ഭയപ്പെട്ട പൗലോസിന് തെസ്സലോനിക്യർ കൊടുത്ത മറുപടിപോലെ, വിശ്വസത്തിലും കർത്താവിലും നിലനിൽക്കുന്നു (1Thess. 3:6-8), എന്ന ധീരമായ ‘വിശ്വസത്തിന്റെ’ മറുപടികൾ നമുക്ക്‌ വേണം. ഇവിടെ അത്ഭുതം അല്ല പ്രശ്നം ബൈബിളിന്റെ ഈ balancing ഇല്ലാതെ പോകുന്നു എന്നതാണ് അപകടം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.