ചെറുകഥ: വാഗ്ദത്വത്തിന്റെ മഞ്ഞ് | സജോ കൊച്ചുപറമ്പില്‍

 

 

ഉറക്കത്തിന്റെ കനത്ത പുതപ്പ് മനസ്സില്ലാ മനസ്സോടെ വലിച്ചു മാറ്റിയിട്ട ശേഷം വിമാനത്തിന്റെ ജാലകത്തിലൂടെ അയാള്‍ താഴെക്ക് നോക്കുമ്പോള്‍ ഹിമപ്പുതപ്പണിഞ്ഞ് ശാന്തമായുറങ്ങുന്ന ഭൂമിയെ ആണ് കാണുന്നത് .

വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടില്‍ വിരുന്നെത്തിയ ഉപദേശി തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുമ്പോളാണ് ആദ്യമായി അയാള്‍ ആ വാക്കു കേള്‍ക്കുന്നത് ,
” കുഞ്ഞെ ദൈവം നിന്നെ മഞ്ഞു പെയ്യുന്ന നാട്ടിലേക്ക് അയക്കും ”
ദാരിദ്ര്യം കുടപിടിച്ചുനില്ക്കുന്ന വീടിനുള്ളില്‍ നിന്നാണ് ഉപദേശി ആ വാക്കുകള്‍ പ്രവചനമായി പറയുന്നത് .

അന്ന് അതു കേട്ട അപ്പന്‍ കൂലിപ്പണി എടുത്ത് തഴമ്പിച്ച കൈകളാല്‍ കണ്ണുനീര്‍ പലതവണ തുടച്ചതും അമ്മയുടെ മുഖത്ത് പലഭാവങ്ങള്‍ വിരിയുന്നതും ആ കുഞ്ഞു കണ്ടു .
അതിനു ശേഷമാണ് അയാള്‍ അന്വേഷിച്ചു തുടങ്ങിയത് ,
ഏതാണ് മഞ്ഞുപെയ്യുന്ന ഭൂമി ?
ഇന്ത്യയില്‍ കാശ്മീരും ലോകത്ത് അമേരിക്കന്‍ ഐക്യനാടുകളും ക്യാനഡയും യൂറോപ്പും
എല്ലാം അയാളുടെ മുന്‍പില്‍ തെളിഞ്ഞു വന്നു ,
അവയെല്ലാം ഒാരോ ദിനരാത്രങ്ങളില്‍ അയാളിലേക്ക് സ്വപ്നമായി വിരുന്നെത്തി .

പക്ഷെ പ്രതീക്ഷയ്ക്കു വിപരീതമായി പഠനകാലയളവിനു ശേഷം കടംഭാരം ചുമലിലേറ്റി മരുഭൂമിയുടെ തീച്ചൂളയിലേക്ക് അയാള്‍ എടുത്തെറിയപ്പെട്ടു .
വീടും നാടും സൗഭാഗ്യങ്ങളും വിട്ട് അറബിനാട്ടില്‍ കാലങ്ങള്‍ എല്ലുമുറിയെ അയാള്‍ പണിയെടുക്കേണ്ടി വന്നു.
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനോടുവില്‍ കടം തനിക്കു മുന്‍പില്‍ കീഴടങ്ങി .
ഒരു വിധത്തി അത് ഒരുതരം അടിമത്വം ആയിരുന്നു .

അങ്ങനെ കടമെല്ലാം ഒഴിഞ്ഞവനായി ഇരിക്കെ പതിയെ അന്ന് ഉപദേശി പറഞ്ഞ വാക്കുകള്‍ ഒരു ഒാര്‍മ്മപെടുത്തലായി അയാളിലേക്ക് ഒഴുകി എത്തി .
ആ അറബിനാടിന്റെ മണ്ണിലിരുന്ന് മഞ്ഞുപെയ്യുന്ന നാടിനെ അയാള്‍ സ്വപ്നം കണ്ടു .
മിസ്രയിം നാട്ടില്‍ നിന്ന് വാഗ്ദത്വകനാനെ ഒരു ജനത സ്വപ്നം കണ്ടതുപോലെ അയാളും അന്നത്തെ ദിനരാത്രങ്ങള്‍ ദൈവസന്നിധിയില്‍ സങ്കടം ബോധിപ്പിച്ചു .

പിന്നീട് ഒരു പുറപ്പാടിന്റെ കാലമായിരുന്നു പരീക്ഷകളും പരീക്ഷണങ്ങളുമായി ആ പുറപാടുകാലം നീണ്ടുപോയി.
ഒടുക്കം കാത്തിരുന്ന് ആ ദിനമെത്തി വിസ കൈകളില്‍ ലഭിച്ചു .
അറബികടലിന്റെ റാണിയായ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് .
പണ്ട് യിസ്രയേല്‍ ജനതയ്ക്കു മുന്‍പില്‍ ചെങ്കടല്‍ വഴിതുറന്നതു പോലെ അന്ന് അയാള്‍ക്കു മുന്‍പിലും വാഗ്ദത്വത്തിലേക്കുള്ള വാതില്‍ തുറന്നു .

ഇപ്പോള്‍ ആ വിമാനം അയാളെ വഹിച്ച് ലണ്ടന്‍ എന്ന നഗരത്തില്‍ പറന്നിറങ്ങുകയാണ്,
Airport ന് വെളിയില്‍ ഇറങ്ങുമ്പോള്‍ ഹിമം അയാളിലേക്ക് പെയ്തിറങ്ങി .
ആ മഞ്ഞുകട്ടകള്‍ തന്റെ കൈവെള്ളയിലേക്ക് പതിക്കുമ്പോള്‍ കഴിഞ്ഞ കാലത്തിലെ മരുഭൂ പ്രയാണത്തിന്റെ തഴമ്പുകള്‍ ആ മഞ്ഞിനോപ്പം ഉരുകിമാറി .

ഒന്നു ചിന്തിച്ചാല്‍ ഇതുപോലെ വാഗ്ദത്വത്തിലേക്കുള്ള നമ്മുടെ ഏറ്റവും വലിയ പ്രചോദനമായ യോസഫിന് ദര്‍ശനം അവന്റെ വിജയത്തിന്റെ കിരീടമായിരുന്നില്ല ,
അത് ഒറ്റപ്പെടലിന്റെയും ,പൊട്ടക്കിണറിന്റെയും, കാരാഗ്രഹത്തിന്റെയും, പരീക്ഷണശാല ആയിരുന്നു .
നാമും വാഗ്ദത്വങ്ങളുടെ അവകാശികളാണ് പ്രതകൂലം മാത്രം നാള്‍ക്കുനാള്‍ നിന്നെ മൂടുമ്പോഴും നീ പതറരുത് ,
ഏതു മരുഭൂപ്രയാണത്തിന്റെ ശോധനകളെയും അലിയിക്കുന്നോരു മഞ്ഞുകണം നിന്റെ വരവുകാത്ത് പെയ്തുവീഴാന്‍ തയ്യാറായി നില്പ്പുണ്ട് !

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.