ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കൺവൻഷന് അനുഗ്രഹ സമാപ്തി

ദുബായ്: ആത്മനിറവിന്റെ നാല് ദിനങ്ങൾക്ക് ദുബായിൽ അനുഗ്രഹ സമാപ്തി. ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഗൾഫ് രാജ്യങ്ങളിലെ പ്രധാന ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കൺവൻഷൻ നവംബർ 9 ചൊവ്വാഴ്ച മുതൽ 12 വെള്ളിയാഴ്ച വരെ ദുബായി അൽ നാസർ ലെഷർ ലാൻഡിൽ (ഐസ് റിങ്ക്) നടന്നു.
യഹോവ നമ്മുടെ സഹായകൻ എന്ന് ധൈര്യത്തോടെ പറയുവാൻ സാധിക്കണം എന്ന് മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ തമ്പി തുരൈ പ്രസ്താവിച്ചു. സെന്റർ കൺവൻഷന്റെ സമാപനദിന സംയുക്ത ആരാധനയിൽ സങ്കീ. 54:4 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർത്താവാണ് നമ്മുടെ സഹായകൻ നാം ആരുതന്നെയായാലും, ദൈവത്തിൽ നിന്നും സഹായം ലഭിക്കുന്നില്ലെങ്കിൽ, നമ്മൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും മനുഷ്യരുടെ സഹായങ്ങൾ വ്യർത്ഥമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡർ രഞ്ജിത് (സൗദി), പാസ്റ്റർ റോയി മാത്യു (മസ്കറ്റ്), പാസ്റ്റർ തോമസ് ജോർജ് (ദോഹ) എന്നിവർ വൈകിട്ട് നടന്ന യോഗങ്ങളിലും എൽഡർ ഫെലിക്സ് (ബഹറിൻ), പാസ്റ്റർ ചാൾസ് ഡെന്നിസ് (അസിസ്റ്റന്റ് സെന്റർ പാസ്റ്റർ, മിഡിൽ ഈസ്റ്റ്) എന്നിവർ പകൽ നടന്ന യോഗങ്ങളിലും പ്രസംഗിച്ചു. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
സുവിശേഷ പ്രസംഗം, പൊതുയോഗം എന്നിവ അൽ നാസർ ലെഷർ ലാൻഡിലും കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലും നടന്നു. സമാപന ദിവസമായ ഇന്ന് നടന്ന സംയുക്ത ആരാധനയിൽ ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യു.എ.ഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു ഗൾഫ് രാജ്യങ്ങളിലെ സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. കൺവൻനിൽ 13 സഹോദരൻമാരും 14 സഹോദരിമാരും ജലസ്നാനമേറ്റു. ശിശു പ്രതിഷ്ഠ ശുശ്രൂഷയും ഉണ്ടായിരുന്നു.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ തമ്പി തുരൈ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ചാൾസ് ഡെന്നിസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.